Thursday, December 28, 2017

മറ്റുളളവര്‍ ചെയ്യുന്ന (അതായത് അച്ഛനും അമ്മയും ബന്ധുജന വൃന്ദവും ) കര്‍മ്മങ്ങളുടെ ഫലം നാം അനുഭവിക്കേണ്ടി വരുമോ? അതും പിന്നെ പ്രാരബ്ധമായിമാറുന്നില്ലേ?
ഉത്തരം : സച്ചിദാനന്ദസ്വരൂപിയാണ് ഞാനെന്ന വാസ്തവ ബോധ്യമാണ് ലക്ഷ്യം എന്ന് വ്യക്തമാക്കപ്പെട്ടത് വീണ്ടും ചിന്തിക്കണം. അനാദിയായി ഇക്കാര്യം ‘ഞാന്‍’ വിസ്മരിച്ചു പോയതാണ് എന്റെ സങ്കടസങ്കീര്‍ണ്ണതകള്‍ക്ക് കാരണമെന്ന കാര്യവും യുക്തിപൂര്‍വ്വം ആലോചിച്ച് ഉറപ്പാക്കണം. തത്ത്വ വിസ്മൃതി എപ്രകാരമാണ് ദുഃഖ ദുരിതങ്ങള്‍ സമ്മാനിക്കാന്‍ പാകത്തില്‍ നാനാപ്രകാരം പരിലസിക്കുന്ന ബാഹ്യലോകമായി വിരിഞ്ഞതെന്നും ചിന്തിക്കണം. ( ലോകം പരമസത്തയുടെ ബഹുപ്രകാരമുള്ള ആവിഷ്‌കാര വിലാസമാണ്. സ്വയം മാറാതെ പലതുമാകാനുള്ള സത്യവസ്തുവിന്റെ ശേഷി ഒരു ലീലയായി ഗണിക്കപ്പെടേണ്ടതായിരുന്നു. മറിച്ച് സങ്കുചിത ആത്മ താദാത്മ്യ തലത്തില്‍ നിന്ന് വീക്ഷിച്ചു തുടങ്ങിയപ്പോള്‍ ദുഃഖം അനിവാര്യമായി മാറിപ്പോയി.)
ജ്ഞാനപ്രാപ്തിയുടെ പാതയില്‍ അന്തഃകരണത്തിലെ അലോസരങ്ങളാണ് പ്രശ്‌നമാവുന്നത്. ചലന നിയമമനുസരിച്ച് പുറത്ത് പലവിധം പരിണമിക്കുന്ന ഭൂതജാലം വാസ്തവത്തില്‍ എന്നെ ബാധിക്കുന്നില്ല. എന്നാല്‍ അവക്ക് സുഖദുഃഖദായക സാമര്‍ത്ഥ്യം കല്‍പ്പിച്ചു നല്‍കിയതു കാരണം പ്രബലമായ ഇഷ്ടാനിഷ്ടങ്ങള്‍ തോന്നിത്തുടങ്ങി. ഈ രാഗദ്വേഷങ്ങള്‍ ആണ് പ്രശ്‌നമെന്ന് ഗ്രഹിക്കണം.
പുറം ലോകത്തെ കല്‍പിതമൂല്യങ്ങള്‍ക്കനുസരിച്ച് വിലയിരുത്തുമ്പോള്‍ അന്തഃകരണത്തിലുണ്ടാവുന്ന ഓര്‍മ്മകളുടെ പാടാണ് കര്‍മ്മഫലം എന്ന് മനസ്സിലാക്കണം. പുറത്തു സംഭവിക്കുന്ന ചലനഫലങ്ങള്‍ ( അത് അച്ഛനമ്മമാരോ, ബന്ധുജനങ്ങളോ ആരുസൃഷ്ടിക്കുന്നതുമാകട്ടെ ) നമ്മുടെ അശ്രദ്ധകൊണ്ടേ കര്‍മ്മഫലമായി അന്തഃകരണത്തില്‍ സമാഹരിതമാകുകയുള്ളൂ. ചലന ഫലങ്ങളെ സുഖദുഃഖപ്രദായകമെന്ന് വിലയിരുത്തിപ്പോകാതെ വിവേകപൂര്‍വ്വം വര്‍ത്തിച്ചാല്‍ പുറം ലോകം നമ്മെ ബാധിക്കില്ല. കര്‍മ്മയോഗ പാതയില്‍ ഈ കരുതലിന്റെ കുശലതയാണ് നാം പുലര്‍ത്തേണ്ടത്.
‘ഞാന്‍ കാര്യങ്ങളൊക്കെ യഥോചിതം ഗ്രഹിച്ച് നേര്‍വഴിയില്‍ ചരിച്ചു പോവുന്നു. പക്ഷേ എന്റെ മാതാപിതാക്കളുടേയും മറ്റും കര്‍മ്മസ്വാധീനത്തില്‍ നിന്ന് മുക്തനാകാന്‍ എനിക്കു കഴിയില്ലല്ലോ എന്ന വ്യാകുലത യുക്തിരഹിതമാണ്. കര്‍മ്മഫലത്തെ (പുറത്ത് ഉരുത്തിരിയുന്ന ചലനഫലം) സംബന്ധിച്ചുള്ള വിലയിരുത്തല്‍ സമ്മാനിക്കുന്ന ഓര്‍മ്മക്കുറിപ്പുകളാണ് അപലപിക്കപ്പെടേണ്ടുന്ന ‘കര്‍മ്മഫലം ‘
അതായത് സംഭവഗതികളുടെ നിസ്സഹായരായ ഇരകളല്ല നാം. അവയെ ശ്രേയസ്‌കരമാം വിധം വിലയിരുത്തി പ്രയോജനപ്പെടുത്താന്‍ കഴിവുള്ള യജമാനന്മാരാണ് നാം. യോഗ്യമായ വിലയിരുത്തലുകള്‍ക്കു വേണ്ടുന്ന വിജ്ഞാന -വിവേക പക്വത- ഉറപ്പാക്കിയാല്‍ നിര്‍ഭയം ലക്ഷ്യപ്രാപ്തിയുടെ പാതയില്‍ സഞ്ചരിക്കാം.


ജന്മഭൂമി: http://www.janmabhumidaily.com/news758888#ixzz52bBjncNr

No comments: