Thursday, December 28, 2017

അര്‍ജ്ജുനന്‍ പറയുകയാണ്: യുദ്ധം ആരംഭിക്കാന്‍ തയ്യാറായപ്പോള്‍ എനിക്ക് ദുഃഖമുണ്ടായിരുന്നു. എന്റെ സഹോദരന്മാര്‍ മരിച്ചുപോകുമല്ലോ, ഞാന്‍ എങ്ങനെ ഇവരെ കൊല്ലും? യുദ്ധത്തിനുശേഷം ഇവരെ കാണാന്‍ കഴിയുകയില്ലല്ലോ. ഗുരുനാഥന്മാരെയും പിതാമഹന്മാരെയും വധിച്ചാല്‍ ഞാന്‍ നരകത്തില്‍ വസിക്കേണ്ടിവരില്ലേ? രാജ്യത്തില്‍ സ്ത്രീകള്‍ വിധവകളായിത്തീര്‍ന്ന്, കുലധര്‍മ്മം നശിച്ച്, സങ്കരവര്‍ഗങ്ങള്‍ നിറയുകയില്ലേ? ക്ഷത്രിയധര്‍മ്മാനുഷ്ഠാനം എന്ന വ്യാജേന യുദ്ധം ചെയ്യുന്ന എനിക്ക് പരമപദപ്രാപ്തി ഉണ്ടാവുമോ? എന്നിങ്ങനെ ദുഃഖംകൊണ്ടും ധര്‍മ്മാധര്‍മ്മങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത മാനസികാവസ്ഥ കൊണ്ടും വിവശനായിരുന്നു ഞാന്‍!
ആ സന്ദര്‍ഭത്തില്‍, ഭഗവാനേ, അങ്ങയുടെ വാക്കുകള്‍ എനിക്ക് അനുഗ്രഹമായിത്തീര്‍ന്നു. ഗുഹ്യം എന്നും അധ്യാത്മം എന്നും ആ വാക്കുകളെ വിശേഷിപ്പിക്കാം. ഗുഹ്യം എന്നാല്‍ യോഗ്യത ഇല്ലാത്തവര്‍ക്ക് ഉപദേശിച്ചുകൊടുക്കാന്‍ പാടില്ലാത്തത് എന്നര്‍ത്ഥം. അധ്യാത്മ സംജ്ഞിതം എന്നാല്‍ ആത്മാവിനെയും പരമാത്മാവിനെയും വേര്‍തിരിച്ച് അറിയാന്‍ സഹായിക്കുന്നത് എന്നര്‍ത്ഥം. അങ്ങയുടെ വാക്കുകള്‍ പരമമാണ്. അത്യുത്കൃഷ്ടങ്ങളാണ്. ”പരോ മാ ഇതി പരമ”- എന്ന് വ്യുത്പത്തി. അതിനാല്‍ എന്റെ ധര്‍മ്മമോഹങ്ങള്‍ തീര്‍ന്നു.
(”മോഹം” എന്ന വാക്കിന് മലയാളഭാഷയില്‍ ‘ആഗ്രഹം’ എന്നാണ് അര്‍ത്ഥം. സംസ്‌കൃത ഭാഷയില്‍, ”ഉറച്ച തീരുമാനമെടുക്കാന്‍ കഴിയാത്ത മാനസികാവസ്ഥ” എന്നാണ്. ഇക്കാര്യം വായനക്കാര്‍ മറക്കരുത്.)
അങ്ങ് വസുദേവന്റെ പുത്രനോ സാധാരണ
മനുഷ്യനോ അല്ല (11-2)
അങ്ങ് സാധാരണ മനുഷ്യനാണ്, അമ്മാവന്റെ മകനാണ് എന്ന തെറ്റിദ്ധാരണയും ഇപ്പോള്‍ നീങ്ങി.
”അഹം സര്‍വ്വസ്യ പ്രഭവഃ
മത്തഃ സര്‍വ്വം പ്രവര്‍ത്തതേ” (10-8)
(=എല്ലാം എന്നില്‍നിന്ന് ആവിര്‍ഭവിക്കുന്നു. എന്നില്‍നിന്ന് പ്രവര്‍ത്തന ശക്തിയും നേടുന്നു.)
”അഹം കൃത്സ്‌നസ്യ ജഗതഃ
പ്രഭവഃ പ്രളയ സ്തഥാ” (7-6)
(ഞാനാണ് മുഴുവന്‍ പ്രപഞ്ചത്തിന്റെയും ഉത്പത്തി സ്ഥാനം. എന്നിലാണ് എല്ലാം ലയിക്കുന്നതും.)
എന്നിങ്ങനെ അങ്ങു എല്ലാം വിസ്തരിച്ചു തന്നെ (വിസ്തരശഃ) പറഞ്ഞു തന്നിരിക്കുന്നു. ഞാന്‍ കേള്‍ക്കുകയും ചെയ്തു.
”കമല പത്രാക്ഷാ” എന്ന് ഞാന്‍ അങ്ങയെ വിളിക്കട്ടെ. അങ്ങയുടെ കണ്ണുകള്‍ താമരപ്പൂവിന്റെ ദളങ്ങള്‍പോലെ മനോഹരങ്ങളാണ്. കണ്ണുകള്‍ മാത്രമല്ല, സ്വരൂപം മുഴുവനും സൗന്ദര്യം, ലാവണ്യം, സൗകുമാര്യം, സൗരഭ്യം മുതലായ അപ്രാകൃത ഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരം, പുരുഷാവതാരങ്ങള്‍, ഗുണാവതാരങ്ങള്‍, ലീലാവതാരങ്ങള്‍-ഇവ ചെയ്യുന്നുവെങ്കിലും ഒരിക്കലും ലേശംപോലും ന്യൂനത ഇല്ലാതെതന്നെ ശോഭിക്കുന്ന അങ്ങയുടെ മാഹാത്മ്യവും ഞാന്‍ അങ്ങയില്‍നിന്നു തന്നെ കേട്ടു.

ജന്മഭൂമി: http://www.janmabhumidaily.com/news759400#ixzz52Yl98W8K

No comments: