Friday, December 29, 2017

ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും
മരണാനന്തരം എവിടെപ്പോകുമെന്ന് ഞാന്‍ പറഞ്ഞു തരാം.”..
യാജ്ഞവല്‍ക്യമഹര്‍ഷി ജനകമഹാരാജാവിനോട് പറയുന്നു
“തീര്‍‍ച്ചയായും അവിടുന്ന് ഉപദേശിച്ചാലും.”
“ദക്ഷിണ അക്ഷിയില്‍ ഒരു പുരുഷന്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇവനെ ഇന്ധന്‍ എന്നു പറയുന്നു. പരോക്ഷമായിട്ട് ഇന്ദ്രന്‍ എന്നും പറയാറുണ്ട്. ദേവന്‍മാര്‍ പൊതുവേ പ്രത്യക്ഷത്തെ വെറുക്കുന്നവരാണ്. പരോക്ഷമാണ് അവര്‍ക്കിഷ്ടം! പിന്നെ ഇടത്തെക്കണ്ണില്‍ കാണുന്ന പുരുഷരൂപം ഈ ഇന്ദ്രന്റെ പത്നിയായ വിരാട്ടാണ്. ഹൃദയാന്തര്‍ഭാഗത്തുള്ള ആകാശത്തിലാണ് ഇവര്‍ സംഗമിക്കുന്നത്. ഹൃദയത്തിനുള്ളിലെ രക്തം ഇവരുടെ ആഹാരമാണ്. ഹൃദയത്തിനുള്ളില്‍ വലപോലെ കാണപ്പെടുന്നത് ഇവരുടെ പുതപ്പാണ്. ഇവര്‍ക്ക് സഞ്ചരിക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. ഹൃദയത്തില്‍ നിന്ന് മുകളിലേയ്‍ക്കു പോകുന്ന നാഡിയാണ്. ഒരു തലമുടി നാര് ആയിരമായി ഭേദിക്കപ്പെട്ടതുപോലെ അനേകം ചെറിയചെറിയ നാഡികള്‍ ഹൃദയത്തിനുള്ളില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇവകളില്‍ക്കൂടിയാണ് അന്നരസം ഒഴുകുന്നത്. അതുകൊണ്ട് ഇത് ശരീരമാകുന്ന ആത്മാവിനേക്കാള്‍‍ സൂക്ഷ്മതരമായ ആഹാരത്തോടു കൂടിയതാകുന്നു. പ്രാജ്ഞനുമായി താദാത്മ്യം പ്രാപിച്ച ജ്ഞാനിക്ക് കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക്, മുകളില്‍‍‍ , താഴെ എന്നീ ദിക്കുകള്‍ ഓരോ പ്രാണനാകുന്നു. എല്ലാ ദിക്കുകളും പ്രാണനാണ്. ‘ഇതല്ല ഇതല്ല’ എന്ന് എല്ലാത്തിനേയും നിഷേധിച്ച് ഒടുക്കം ഗ്രഹിക്കപ്പെടുന്നതാണ് ആത്മാവ്. അക്ഷി പുരുഷനായി അറിയപ്പെടുന്നത് ആത്മാവാണ്.
ഈ ആത്മാവ് മറ്റാരാലും ഗ്രഹിക്കപ്പെടാത്തതാണ്. പൊടിഞ്ഞു പോകാത്തതാണ്. ഒന്നിനോടും സംഗമില്ലാത്തതാണ്. ഒരിക്കലും ദുഃഖിക്കുന്നില്ല ഒരിക്കലും നശിക്കുന്നില്ല. ആത്മാവിന് മരണമില്ല.”
യാജ്ഞവല്ക്യന്‍ ആത്മാവിന്റെ സ്വരൂപത്തെപ്പറ്റിയും മറ്റും. വിസ്തരിച്ചു തുടങ്ങി.
ദക്ഷിണാക്ഷിയിലുള്ള ഇന്ദ്രനായി പറഞ്ഞത് ജാഗ്രദാവസ്ഥയിലുള്ള വൈശ്വാനരനെയാണ്. ഇന്ദ്രന്റെ ഭാര്യയായ ഇന്ദ്രാണിയായി സൂചിപ്പിച്ചത് സ്വപ്നത്തിലുള്ള തൈജസനെയുമാണ്. സ്വപ്‍നാവസ്ഥയില്‍ വൈശ്വാനര-തൈജസന്‍മാര്‍ ഒന്നാകുന്നു. പിന്നീട് സുഷുപ്‍തിയില്‍ പ്രാജ്ഞനായി അനുഭവപ്പെടുന്നതും ഈ വൈശ്വാനരന്‍ തന്നെയാണ്. ഇവ മുന്നിനേയും അറിഞ്ഞു കഴിഞ്ഞവന്‍ ജാഗ്രത്-സ്വപ്ന-സുഷുപ്തി അവസ്ഥകളെ കടന്ന് തുരീയാവസ്ഥയെ പ്രാപിക്കുന്നു. വൈശ്വാനരന്‍, തൈജസന്‍, തുരീയന്‍ എന്നിങ്ങനെയാണ് അവസ്ഥകളില്‍ ആത്മാവ് അനുഭവപ്പെടുന്നത്. തുരീയാവസ്ഥയില്‍ എത്തിയ വ്യക്തി ആത്മസാക്ഷാത്ക്കരിച്ച് ഒരു ജ്ഞാനിയുടെ തലത്തിലേയ്ക്കുയരുന്നു. വൃഷ്ടിയായ ജീവാത്മാവും സമഷ്ടിയായ പരമാത്മാവും ഒന്നാണെന്ന് അറിയുവാന്‍ മരണത്തെ അതിജീവിക്കുന്നു. അവന് മരണമില്ല. മൃത്യുവിനെ അവന്‍ തോല്പിക്കുന്നു. ‍ജ്ഞാനികള്‍ മരണത്തെ ഭയക്കുന്നില്ല .
യാജ്ഞവല്ക്യന്റെ ഉപദേശാനുസരണം ഉപാസനകളും വിചാരവും അനുഷ്ഠിച്ച ജനകന്‍ ആത്മാവിനെ തന്നില്‍ തന്നെ സാക്ഷാത്ക്കരിച്ചു. മൃത്യുഭയം ജനത്തില്‍ നിന്ന് അകന്നുപോയി. ജനനം, മരണം എന്നീ ഭയങ്ങളില്ലാത്ത അവസ്ഥയില്‍ ജനകന്‍ എത്തിച്ചേര്‍ന്നു. പരമമായ ആനന്ദാനുഭൂതിയില്‍ ജനകന്‍ മുങ്ങിക്കുളിച്ചു.
“ജനകാ, നീ ഇതാ ഭയമില്ലാത്തതിനെ പ്രാപിച്ചിരിക്കുന്നു!” യാജ്ഞവല്ക്യന്‍ തന്റെ മഹാനായ ശിഷ്യന് കൈവന്നു ചേര്‍ന്ന പരമാവസ്ഥയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു.
ജനകമഹാരാജാവ് കൃതാര്‍ത്ഥനായി! യാജ്ഞവല്ക്യനുമുമ്പില്‍ തന്റെ രാജാധികാരം എത്ര നിസ്സാരമാണെന്ന് അദ്ദഹം വിചാരിച്ചു. തന്റെ ഗുരു എല്ലാം പരിത്യജിച്ച ഒരു സന്ന്യാസിയായിട്ടിരിക്കുമ്പോള്‍ താന്‍ സിംഹാസനത്തില്‍ രാജാവായിരിക്കുന്നത് എന്തിന് ? എങ്ങനെ?
ജനകരാജാവ് വേഗം ഗുരുപാദങ്ങളില്‍ നമിച്ചു.
“ഗുരുദേവാ! എനിക്ക് അഭയത്തെ അറിയിച്ചു തന്ന അങ്ങേയ്ക്കും അഭയം പ്രാപ്തമാകട്ടെ. അവിടുത്തെ പാദാരവിന്ദങ്ങളില്‍ കോടാനുകോടി പ്രണാമങ്ങള്‍‍ . അനുഗ്രഹിച്ചാലും. ഉപാധികൃതമായ അജ്ഞാനമറകള്‍ നീക്കി ആത്മാവിനെ അനുഭവിപ്പിച്ചു നല്‍കിയ അങ്ങേയ്ക്ക് പ്രതിഫലമായി ഞാന്‍ എന്താണ് നല്‍കേണ്ടത് എന്ന് എനിക്കറിയില്ല. എന്തെല്ലാം നല്‍കാന്‍ അടിയനു കഴിയുമോ അതെല്ലാം അല്പം മാത്രമായിരിക്കും അതിനാല്‍ ഞാന്‍ ചിലത് നിശ്ചയിച്ചു കഴിഞ്ഞു. ഈ നിമിഷം ഞാന്‍ എന്റെ ചക്രവര്‍ത്തി പദവി ഉപേക്ഷിക്കുകയാണ്. ഈ വിദേഹ രാജ്യവും ഇവിടുത്തെ സര്‍വ്വ സമ്പത്തുകളും പ്രജകള്‍ സഹിതം ഞാന്‍ എന്റെ ഗുരുനാഥന്റെ പാദങ്ങളില്‍ ഗുരുദക്ഷിണയായി സമര്‍പ്പിച്ചു കൊള്ളുന്നു. ഈ വിദേഹരാജ്യം അങ്ങ് യഥേഷ്ടം അനുഭവിച്ചു കൊള്ളുക. എല്ലാം ഇഷ്ടംപോലെ ഭരിച്ചു കൊള്ളുക. ഇതാ ഞാന്‍ അങ്ങയുടെ ദാസനെന്ന നിലയില്‍ നിലകൊള്ളുന്നു. ഒരു ഭൃത്യനോ ആയി ഈ ശിഷ്യനെ അങ്ങയോടെപ്പം വസിക്കാന്‍ കനിവു കാട്ടിയാലും!” ജനകന്‍ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് യാജ്ഞവല്ക്യന്റെ പാങ്ങളില്‍ തന്നെയും തന്റേതായിട്ടുള്ള സര്‍വ്വത്തെയും സമര്‍പ്പിച്ചു. ഗുരു പൂജ ചെയ്ത് ആരതി നടത്തി നമസ്ക്കരിച്ചു.
ഭൂമിയില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു കിടക്കുന്ന ജനകന്റെ ചുമലില്‍ യാജ്ഞവല്ക്യന്‍ സാവധാനം തലോടി. ജനകനു സമീപം ഇരുന്നിട്ട് പിടിച്ചെഴുന്നേല്പിച്ചു. ജനകന്‍ ഉടനെതന്നെ തന്റെ തീരുമാനം വിളംബരമായി പ്രഖ്യാപിച്ചു മന്ത്രിമാരോടും മറ്റെല്ലാവരോടുമായി അദ്ദേഹം നിര്‍ദ്ദേശിച്ചു.
“ബഹുമാന്യരേ, ചക്രവര്‍ത്തിയെന്ന ചക്രവര്‍ത്തിയെന്ന “നിലയില്‍ നമ്മുടെ അവസാനത്തെ ആജ്ഞ കേട്ടാലും ! നാം നിങ്ങളിലൊരുവനായിത്തീര്‍ന്നിരിക്കുന്നു. നമ്മുടെ രാജ്യം ഇനി ഗുരുനാഥനായ യാജ്ഞവല്ക്യമഹര്‍ഷിയുടെ സ്വന്തമാണ്. അവിടുത്തെ യഥേഷ്ടം പോലെ വിദേഹരാജ്യം എല്ലാ വിധത്തിലും അനുഭവിക്കപ്പെടും. നാം ഗുരുവിന്റെ ദാസനായി ആജ്ഞാനുവര്‍ത്തിയായി നില കൊള്ളുന്നു ! വാര്‍ത്ത നാടൊട്ടുക്കും വിളംബരം ചെയ്യുക!!”
ജനകന്റെ പ്രഖ്യാപനം എങ്ങും വിളംബരം ചെയ്യപ്പെട്ടു. കൊട്ടാരത്തിനുമുമ്പിലും തലസ്ഥാന നഗരിയിലുമായി വന്‍ ജനപ്രവാഹം ഉണ്ടായി. എല്ലാവരും യാജ്ഞവല്ക്യനും ഒരുപോലെ സ്തുതിഗീതങ്ങള്‍ പാടി. ജയജയശബ്ദങ്ങളും ഭേരീനാദവും കൊണ്ട് വിദേഹരാജ്യം ശബ്ദമുഖരിതമായി. അനേകം നാടുകളില്‍നിന്ന് രാജാക്കന്‍മാരും പണ്ഡിതന്മാരും മഹര്‍ഷിമാരും വാര്‍ത്തയറിഞ്ഞ് വിദേഹരാജ്യത്ത് എത്തിച്ചേര്‍ന്നു. സഭാമണ്ഡപത്തിലാകെ വിശിഷ്ടവ്യക്തികളെക്കൊണ്ട് നിറഞ്ഞു.
ജനകനാല്‍ പരിത്യജിക്കപ്പെട്ട വിദേഹരാജ്യത്തിന്റെ ഭാവിയില്‍ സര്‍വ്വര്‍ക്കും ജിജ്ഞാസയായി. എന്താണ് ഇനി സംഭവിക്കുന്നത് എന്നറിയാന്‍ സര്‍വ്വരും കാത്തിരുന്നു. ജനകനാകട്ടെ എല്ലാവിധ രാജാധികാര ചിഹ്നങ്ങളും ഉപേക്ഷിച്ച് ശുഭ്രവസ്ത്രധാരിയായി ശിഷ്യഭാവത്തില്‍ യാജ്ഞവല്‌ക്യന്റെ പിന്നില്‍ നിന്നു.
ജനകനോടൊപ്പം രാജസഭയില്‍ സിംഹാസനത്തിനരികിലെത്തിയ യാജ്ഞവല്‌ക്യന്റെ മാസ്മരികശബ്ദം എല്ലാവരും കേട്ടു.
“അല്ലയോ ജനകാ! വിദ്യാദാനത്തിനു പകരമായി ശിഷ്യന്‍ നല്‍കിയ ഗുരുദക്ഷിണയെ നിരസിക്കുവാന്‍ പാടില്ലാത്തതിനാല്‍ നിന്റെ ഈ ദക്ഷിണ ഞാന്‍ സ്വീകരിക്കുന്നു. ശിഷ്യന്റെ ദക്ഷിണ സ്വീകരിക്കാതെ വിദ്യാദാനം ഒരിടത്തും പൂര്‍ണമാകുകയില്ല.”
“അടിയന്‍ സംതൃപ്തനായി പ്രഭോ!”
“ആത്മസമര്‍പ്പണത്തിലൂടെ നമ്മുടെ ദാസനായി സ്വയം മാറിയ നീ എക്കാലവും മഹാജ്ഞാനികള്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും കൂടി ഉത്തമ മാതൃകയായി ഭവിക്കുന്നതാണ്. വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളിലും നിന്റെ നാമവും പ്രവൃത്തിയും കീര്‍ത്തിക്കപ്പെടും. മൃത്യുവിനെ അതിക്രമിച്ച നീ മരണമില്ലാത്തവനായി ഭവിക്കും. ലോകത്തിനു മാതൃകയും ശാസ്ത്രത്തിനു ദൃഷ്ടാന്തവും ആകുന്നതിനു വേണ്ടി നിസ്സംഗനായി നീ തുടര്‍ന്നും വിദേഹരാജാവായിത്തന്നെ അറിയപ്പെടും. കര്‍ത്തൃത്വമോ ഭോക്തൃത്വമോ, കര്‍മത്തില്‍ ഫലാസക്തിയോ തീരെ ഇല്ലാത്തവനായിത്തീര്‍ന്ന നിന്നെ കര്‍മങ്ങള്‍ ഒരുകാലത്തും ബാധിക്കുകയില്ല. വാസനാബീജങ്ങളുടെ നേര്‍ത്ത വേരുകള്‍ കൂടി കത്തിയെരിഞ്ഞു പോയ നീ ജ്ഞാനികളില്‍ വെച്ച് മഹാജ്ഞാനിയായിരിക്കുന്നതാണ്. നമ്മുടെ ദാസരിലും ശിഷ്യഗണങ്ങളിലും പ്രമുഖനും പ്രഥമനുമായി നിന്നെ നാം നിശ്ചയിക്കുന്നു. ഗുരുപദേശത്തിനും വിദ്യാ ദാനത്തിനുമുള്ള അധികാരവും നല്‍കുന്നു. ഏവര്‍ക്കും നീ ആശ്രയമായിരിക്കട്ടെ. മഹാജ്ഞാനികള്‍ക്കും വിരക്തന്മാര്‍ക്കും കൂടി ഗുരുവായി ഭവിക്കട്ടെ. ഇതാണ് നമ്മുടെ ഇഷ്ടം. ഇത് ഗുരുകല്പനയാണ്. ശിഷ്യധര്‍മ്മം നിറവേറ്റിയാലും.”
യാജ്ഞവല്‌ക്യന്റെ കല്പനയ്ക്ക് മുന്നില്‍ ജനകന്‍ വിഷണ്ണനായി.
“പ്രഭോ! എല്ലാം അറിയുന്ന മഹാഗുരോ! ഈ ലോകഭാരം ഇനിയും അടിയന്റെ ശിരസ്സില്‍ തിരികെ വയ്ക്കുകയാണോ ?” ജനകന്‍ പൊട്ടിക്കരഞ്ഞുപോയി.
“ഭരിക്കുകയോ ഭരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന സത്യം വിസ്മരിക്കാതിരിക്കുക. ലോകത്തിനു മാതൃകയും ദൃഷ്ടാന്തവുമായിരിക്കാന്‍ ജനകമാഹാരാജാവ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അറിവിനാല്‍ നീ അനുഭൂതനായിരിക്കുക. വിചാരത്താല്‍ വിവേകനായിട്ടിരിക്കുക.”
യാജ്ഞവല്‍ക്യന്‍, ജനകന്റെ കരം പിടിച്ച് സിംഹാസനത്തിലിരുത്തി. ശിരസ്സില്‍ കൈവെച്ച് അനുഗ്രഹിച്ചിട്ട് രാജകിരീടമെടുത്തു തലയില്‍ വെച്ച് കൊടുത്തു.
സഭാവാസികള്‍ അത് കണ്ടും കേട്ടും ആഹ്ലാദചിത്തരായി. അവര്‍ ജയഭേരി മുഴക്കി. സ്തുതിഗീതങ്ങള്‍ പാടി. മംഗളഗാനങ്ങള്‍ ആലപിച്ചു.
ഓം തത് സത്യം
അവലംബം – ബൃഹദാരണ്യകോപനിഷത്ത്. sreyas

No comments: