കൊച്ചി: മധ്യപ്രദേശിലെ ഓംകാരേശ്വരത്ത് സ്ഥാപിക്കുന്ന ശ്രീശങ്കരപ്രതിമയുടെ ശിലാസ്ഥാപനത്തിനു മുന്നോടിയായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഏകാത്മ യാത്ര ശ്രീശങ്കര ജന്മസ്ഥാനമായ കാലടിയില്‍ നിന്ന് തുടങ്ങി. പ്രതിമാ നിര്‍മ്മാണത്തിന് ജന്മസ്ഥാനത്തു നിന്നുള്ള ലോഹവും മണ്ണും ചൗഹാന്‍ ഏറ്റുവാങ്ങി.
ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമയാണ് ഓംകാരേശ്വരത്ത് നര്‍മ്മദാനദിക്കരയില്‍ സ്ഥാപിക്കുന്നത്. കാലടിയില്‍ നിന്ന് ശേഖരിച്ച മണ്ണ് പ്രതിമയുടെ അടിസ്ഥാനത്തില്‍ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശിലാസ്ഥാപനം ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും.
കാലടി, ഉഡുപ്പി, ധര്‍മസ്ഥല, ശൃംഗേരി എന്നിവിടങ്ങളിലൂടെയാണ് യാത്ര. പ്രതിമാ നിര്‍മ്മാണം ഡിസംബര്‍ 19-നാണ് ആരംഭിച്ചത്. മധ്യപ്രദേശിലെ എല്ലാ പഞ്ചായത്തില്‍ നിന്നും കൊണ്ടുവരുന്ന മണ്ണും ലോഹവും അതത് ജില്ലാ ആസ്ഥാനത്ത് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ നേരിട്ട് ഏറ്റുവാങ്ങി നര്‍മദാ തീരത്തുള്ള ഓംകാരേശ്വരത്ത് ജനുവരി 22ന് മുമ്പ് എത്തിക്കും. ചിന്മയ മിഷനുമായി ചേര്‍ന്ന് ശ്രീശങ്കരാചാര്യരുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന മൊബൈല്‍ മ്യൂസിയം ‘ആദിശങ്കര സന്ദേശവാഹിനി’ ശങ്കരാചാര്യരുടെ മാതൃഗൃഹമായ ആരക്കുന്നം വെളിയനാട്ടെ ആദിശങ്കര നിലയത്തില്‍ ഇന്നലെ രാവിലെ ചൗഹാന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
കാലടി ശ്രീശങ്കര കീര്‍ത്തിസ്തംഭത്തിലും ശൃംഗേരി മഠത്തിലും ചൗഹാനെ പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. കീര്‍ത്തി സ്തംഭത്തില്‍ മാനേജര്‍ കെ.എസ്. വെങ്കിടേശ്വരന്റെ നേതൃത്വത്തില്‍ വേദവിദ്യാര്‍ത്ഥികളാണ് പൂര്‍ണ്ണകുംഭം നല്‍കിയത്. കാഞ്ചി മഠത്തെ പ്രതിനിധീകരിച്ച് ടി.എസ്. വെങ്കിട്ടരാമന്‍ സ്തൂപത്തില്‍ നിന്നുള്ള മണ്ണ് നല്‍കി. ശൃംഗേരി മഠത്തിലെ ആദിശങ്കര ക്ഷേത്രത്തിനുമുന്നില്‍ ശൃംഗേരി മഠം അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഗൗരിശങ്കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ജന്മസ്ഥാനത്തെ മണ്ണ് അദ്ദേഹം കുംഭത്തില്‍ നിറച്ച് സ്വീകരിച്ചു. കന്യാകുമാരി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ശ്രീമൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലെ മണ്ണും പ്രതിമാസ്ഥാപനത്തിനായി നല്‍കി. ചടങ്ങില്‍ ഏകാത്മയാത്രാ സങ്കല്പ പത്രം മുഖ്യമന്ത്രി വായിച്ചു.
ഭാര്യ സാധനാ സിങ്, മകന്‍ കാര്‍ത്തിക് ചൗഹാന്‍, ഏകാത്മ യാത്രാ സംയോജക് സ്വാമിപരമാത്മാനന്ദ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി ചൗഹാന്‍ എത്തിയത്. ചടങ്ങുകളില്‍ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സഹ പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സാമൂഹ്യസരസത സംസ്ഥാന പ്രസിഡന്റ് വി.കെ. വിശ്വനാഥന്‍, എം.കെ. കുഞ്ഞോല്‍, കെ.എസ്.ആര്‍. പണിക്കര്‍, കെ.പി. ശങ്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ശ്രീശങ്കരന്‍ ഭാരതത്തെ സാംസ്‌കാരികമായി ഒന്നിപ്പിച്ചു: ചൗഹാന്‍
കൊച്ചി: നാലു ദിശകളില്‍ നിന്നും ഭാരതത്തെ സാംസ്‌കാരികമായി യോജിപ്പിച്ച മഹാത്മാവാണ് ശ്രീ ശങ്കരാചാര്യരെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ശങ്കരാചാര്യരുടെ ചിന്തകളില്‍ ലോകത്തെ എല്ലാ സംസ്‌കാരവും നിഴലിക്കുന്നു. ലോകത്തെ സംബന്ധിച്ച എല്ലാ ദര്‍ശനങ്ങളുടെയും ഉത്തരം അദ്ദേഹത്തിന്റെ ചിന്തയിലുണ്ട്. എല്ലാവരെയും ഒരു കുടുംബമായി കാണുന്നതാണ് ആചാര്യരുടെ ദര്‍ശനമെന്നും ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശിലെ ഓംകാരേശ്വരത്ത് സ്ഥാപിക്കുന്ന ശ്രീശങ്കരപ്രതിമയുടെ ശിലാസ്ഥാപനത്തിനു മുന്നോടിയായി നടത്തുന്ന ഏകാത്മ യാത്രയ്ക്ക് ശ്രീശങ്കര ജന്മസ്ഥാനമായ കാലടിയില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാര്‍വലൗകിക ഐക്യത്തെയും ദാര്‍ശനിക ചിന്തയെയും സങ്കുചിത ചിന്തകള്‍ക്കപ്പുറത്ത് ആദിശങ്കരാചാര്യരുടെ തത്വചിന്ത പ്രചോദിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മികച്ച വ്യക്തികളെയും സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും രൂപീകരിക്കാന്‍ ഇത് സഹായിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ആധ്യാത്മിക രംഗത്ത് കേരളത്തിന്റെ സംഭാവന മികച്ചതാണ്. ശ്രീശങ്കരന്‍ തന്നെയാണ് അതിന്റെ മികച്ച മാതൃകയെന്നും ചൗഹാന്‍ പറഞ്ഞു.
ജന്മഭൂമി: http://www.janmabhumidaily.com/news760318#ixzz52hCgq3PG
No comments:
Post a Comment