Thursday, December 28, 2017

പ്രപഞ്ചം രണ്ടുവിധത്തിലാണ് നിലകൊള്ളുന്നത്. നാം വസിക്കുന്ന ഈ ഭൂലോകത്തിനുപരി, ഭുവര്‍ലോകം, സ്വര്‍ലോകം മഹര്‍ലോകം ജനലോകം, തപോലോകം, സത്യലോകം എന്നീ ദിവ്യലോകങ്ങളാണുള്ളത്. അവ ഭഗവച്ചൈതന്യംകൊണ്ടു തിളങ്ങുന്നവയാണ്; ദിവ്യലോകങ്ങളാണ്. നമ്മുടെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയാത്തവയുമാണ്. ദേവന്മാരും യോഗികളും സിദ്ധന്മാരും ജ്ഞാനികളും ദിവ്യശരീരങ്ങള്‍ സ്വീകരിച്ച് ആ ലോകങ്ങളില്‍ താമസിക്കുന്നു.
ഭൂമിയിലും അധോലോകങ്ങളായ അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാതലം, പാതാളം എന്നീ ലോകങ്ങളിലും സത്വഗുണ-രജോഗുണ തമോഗുണ പ്രധാനികളായ മനുഷ്യ, മൃഗ, പക്ഷി, കീടാദികല്‍ വസിക്കുന്നു. അസുരന്മാരും രാക്ഷസന്മാരും സര്‍പ്പങ്ങളുടെ ദാനവന്മാരും തക്ഷകകാളിയ പ്രധാനരായ നാഗങ്ങളും മറ്റും താമസിക്കുന്നു. അവ ഇരുട്ടുനിറഞ്ഞ തമോലോകങ്ങളാണ്. ഈ ലോകങ്ങളെ ഭൗതികമായ പ്രാകൃത പ്രപഞ്ചം എന്ന് പറയുന്നു.
ഈ രണ്ടുതരം പ്രപഞ്ചവും ഉള്‍ക്കൊള്ളുന്ന ബ്രഹ്മാണ്ഡത്തെ ‘വിശ്വം’ എന്ന് പറയുന്നത്. ഈ വിശ്വത്തില്‍ ഭഗവച്ചൈതന്യാംശം ഉള്‍ക്കൊള്ളുന്നതിനാല്‍ സചേതനവും അചേതനവും ആയ എല്ലാ വസ്തുക്കളും ഭഗവാന്റെ വിഭൂതികളാണ് എന്ന വസ്തുതയാണ്. കഴിഞ്ഞ അധ്യായത്തില്‍ ഭഗവാന്‍ വിസ്തരിച്ചത്. അതുകേട്ടപ്പോള്‍ സന്തോഷഭരിതനായ അര്‍ജ്ജുനന്‍ ഭഗവാന്റെ വിഭൂതികളായ ആ രൂപങ്ങളെ സ്വന്തം കണ്ണുകള്‍കൊണ്ടു കാണാന്‍ ആഗ്രഹിക്കുന്നു. ഭഗവാന്‍ സ്വന്തം ശരീരത്തില്‍ അവ കാട്ടിക്കൊടുക്കുന്നു.
വാസ്തവത്തില്‍ അര്‍ജ്ജുനന്‍ ഭഗവാന്റെ ദിവ്യരൂപങ്ങള്‍ മാത്രമേ കാണാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ.
‘ദ്രഷ്ടുമിച്ഛാമി തേ രൂപം
ഐശ്വരം പുരുഷോത്തമ!” (11-3)
(അങ്ങയുടെ ഈശ്വരീയമായ രൂപംകാണാന്‍ ആഗ്രഹിക്കുന്നു)എന്നു മാത്രമേ പറയുന്നുള്ളൂ.
എല്ലാത്തിന്റെയും സൃഷ്ടിയും സംഹാരത്തിലും നിലനില്‍പ്പിനും സുഖദുഃഖഭോഗ വിതരണങ്ങളിലും കാരണഭൂതങ്ങളായ ഭഗവദ്‌രൂപങ്ങള്‍ മാത്രമേ അര്‍ജ്ജുനന്‍ കാണാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ എന്നാണ് ഐശ്വരം എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നത് ഭാഷ്യകാരന്മാരായ ആചാര്യന്മാര്‍ പറയുന്നു. പക്ഷേ ഭഗവാന്‍ കാട്ടിക്കൊടുക്കുന്നത് ഇങ്ങനെയാണ്:
‘ഇഹൈകസ്ഥം ജഗത്കൃത്സ്‌നം
പശ്യാദ്യ സചരാചരം” (11-7)
(ഇവിടെ എന്റെ ദേഹത്തില്‍ ദിവ്യവും പ്രാകൃതവുമായ മുഴുവന്‍ പ്രപഞ്ചവും ഇളകുന്നതും ഇളകാത്തതുമായ (സചരാചരം) സര്‍വ വസ്തുക്കളും ഉള്‍പ്പെടെ നീ കണ്ടോളൂ എന്നുപറഞ്ഞുകൊണ്ടാണ് വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നത്.
അര്‍ജ്ജുനന്‍ ചോദിക്കാത്ത വസ്തുക്കളും ഭഗവാന്‍ കാട്ടിക്കൊടുത്തു എന്ന് വ്യക്തമാണ്. ഭഗവാന്റെ തന്റെ ഭക്തന്മാര്‍ക്ക് അവര്‍ ആവശ്യപ്പെടാത്ത വസ്തുക്കളും കൊടുക്കും എന്ന് നമ്മളെ മനസ്സിലാക്കിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.
വിശ്വരൂപ പ്രദര്‍ശനത്തിന് മറ്റൊരു ഉദ്ദേശവും കൂടിയുണ്ട്
ഒരു ഉത്തമ ഭക്തന്‍ ഭഗവാന്റെ വിശ്വരൂപം കാണാന്‍ ആഗ്രഹിക്കുകയേ ഇല്ല. ഭഗവാന്റെ വേണുഗോപാല സ്വരൂപത്തെയാണ് കാണാന്‍ ആഗ്രഹിക്കുക. എത്രയോ ഭക്തന്മാരുടെ പ്രാര്‍ത്ഥനാ ഗീതങ്ങളില്‍-
”ഉണ്ണിയെ കണികാണാറാകേണം
കണ്ണനെക്കൊണ്ടല്‍വര്‍ണ്ണനെ”
എന്ന വരികളുടെ അര്‍ത്ഥം മുഴങ്ങുന്നതു കേള്‍ക്കാം. ഭഗവാന്റെ വിശ്വരൂപം ഉത്തമഭക്തനെ ആകര്‍ഷിക്കുകയില്ല. സഖ്യഭക്തിയുടെ ഉത്തമോദാഹരണമായ അര്‍ജ്ജുനന്‍തന്നെ ഈ അധ്യായത്തിന്റെ ഒടുവില്‍ വ്യക്തമാക്കുന്നുണ്ട്. ഉപനിഷത്തുകളിലും വൈദിക സൂക്തങ്ങളിലും
”സഹസ്രശീര്‍ഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാല്‍”
(=ആയിരക്കണക്കിന് തലകളും കണ്ണുകളും കാലുകളും ഉള്ള പുരുഷന്‍) എന്ന് വിവരിച്ചതായി കാണാം. അവയെല്ലാം ശ്രീകൃഷ്ണഭഗവാനില്‍ ഭക്തിയുണ്ടാവാന്‍ വേണ്ടി ഭഗവാന്റെ യോഗശക്തിയും ഐശ്വര്യാദി ഗുണങ്ങളും നമ്മെ ഉദ്‌ബോധിപ്പിക്കാന്‍ വേണ്ടി, മഹാകാരുണികന്മാരായ ഋഷിമാര്‍ ചെയ്തതാണ് പുരുഷസൂക്തത്തിലെ അവസാനഘട്ടത്തില്‍
”വേദാഹമേതം പുരുഷം മഹാന്തം
ആദിത്യവര്‍ണം തമസഃ പരസ്താല്‍”
(മഹാനും ആദിത്യന്റെ ശോഭ പ്രവഹിക്കുന്നവനുമായ ആ പുരുഷനെ ഞാന്‍ അറിയുന്നു) എന്നിങ്ങനെ ഒരു പുരുഷനെയാണ് അറിയേണ്ടത് എന്ന് പറയുന്നുമുണ്ട്. ശ്രീകൃഷ്ണഭഗവാന്റെ മഹത്വം നമ്മെ ബോധപ്പെടുത്തുവാന്‍ വേണ്ടി, അര്‍ജ്ജുനന്റെ ഹൃദയത്തില്‍ വിശ്വരൂപ ദര്‍ശനത്തിനുള്ള ആഗ്രഹം ഭഗവാന്‍ തന്നെ ഉളവാക്കി എന്ന് ഓര്‍മിച്ചുകൊണ്ട് നമുക്ക് തുടരാം.


ജന്മഭൂമി: http://www.janmabhumidaily.com/news758895#ixzz52bCtzlIJ

No comments: