Saturday, December 30, 2017

ഗീതാദര്‍ശനം
സഞ്ജയന്‍ ആ രൂപം രണ്ടു ശ്ലോകത്തില്‍ പറയുന്നു. ആ രൂപം ഏതു തരക്കാരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഏതൊരു അണുവിലും ആശ്ചര്യം തുടിക്കുന്നു. സര്‍വാശ്ചര്യമയം എന്നു പറയാം. എല്ലാം തന്നെ പ്രകാശം പൊഴിയുന്നതാണ് …….. ആരംഭമോ അവസാനമോ ഇല്ലാതെ എല്ലായിടത്തും- ദേശം, കാലം, അവസ്ഥ ഇവ ഇല്ലാതെ വിളങ്ങുന്നു. (അനന്തം), എല്ലായിടത്തും മുഖങ്ങളാണ് (വിശ്വതോന്മുഖം)
എണ്ണമറ്റ വായകളും കണ്ണുകളും കാണാം. ധാരാളം അദ്ഭുതങ്ങളും കാണാം. കാണപ്പെടുന്ന ദിവ്യരൂപികള്‍ എല്ലാവരും ദിവ്യമായ ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അനേകം ദിവ്യായുധങ്ങളും എടുത്തുനില്‍ക്കുന്നു. ദിവ്യമാലകളും വസ്ത്രങ്ങളും അണിഞ്ഞു, ദിവ്യഗന്ധം സര്‍വ്വത്ര വീശുന്ന കുറിക്കൂട്ടുകളും പൂശി നില്‍ക്കുന്നു.
ആ ദിവ്യരൂപത്തിന് ഉപമയില്ല; എങ്കിലും (11-12)
ഭഗവാന്റെ വിശ്വരൂപത്തിന്റെ ഒരു ഏകദേശ ചിത്രീകരണം നടത്തുകയാണ് സഞ്ജയന്‍. മഹാത്മാവായ ശ്രീകൃഷ്ണന്റെ അപ്പോഴത്തെ പ്രഭാപൂരം ആവര്‍ത്തിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന കാഴ്ചയാണിത്. പാര്‍ത്ഥന്‍, ഭഗവാന്റെ ദേഹത്തിലാണ് വിശ്വരൂപം ദര്‍ശിക്കുന്നത് എന്ന വസ്തുത നാം മറക്കാന്‍ പാടില്ല. അതുകൊണ്ട് ഭഗവാന്റെ ആ തേജോരാശിക്കു ഒരു ഉപമ വേണമെങ്കില്‍ പറയാം. ആകാശത്തില്‍ ആയിരക്കണക്കിന് സൂര്യഗോളങ്ങള്‍ ഉദിച്ചുയര്‍ന്നാല്‍ തുല്യമായി തീര്‍ന്നേക്കാം. അങ്ങനെ ഒരിക്കലും സംഭവിക്കുകയില്ല. അതിനാല്‍ അഭൂതോപമ-എന്ന് അലങ്കാര ശാസ്ത്രജ്ഞന്മാര്‍ നാമം നല്‍കിയിരിക്കുന്നു.
പാണ്ഡവര്‍ ഭഗവാന്റെ ശരീരത്തില്‍ പ്രപഞ്ചങ്ങള്‍ എല്ലാം കണ്ടു (11-13)
ഭഗവാന്റെ ദിവ്യദേഹത്തില്‍ എല്ലാ ബ്രഹ്മാണ്ഡങ്ങളും ഒരിടത്തുതന്നെ, ആ പാണ്ഡവര്‍ കണ്ടു. ഏതുതരത്തിലാണ് കണ്ടത്?
”അനേകധാ പ്രവിഭക്തം
ബ്രഹ്മാവ് തുടങ്ങിയ ദേവന്മാര്‍, മൃഗങ്ങള്‍, മനുഷ്യര്‍ പര്‍വതം മുതലായ സ്ഥാവരങ്ങള്‍, ഭൂമി, അന്തരീക്ഷം, നദികള്‍, സ്വര്‍ഗ്ഗം, പാതാളം തുടങ്ങിയവ അനേകവിധത്തില്‍ കണ്ടു. ജീവനുള്ളവയെയും ജീവനില്ലാത്തവയെയും കണ്ടു. ഭഗവത് പ്രസാദംകൊണ്ട് കിട്ടിയ കണ്ണുകള്‍ ദിവ്യചക്ഷുസ്സുകള്‍ കൊണ്ടാണ് പാണ്ഡുപുത്രനായ അര്‍ജ്ജുനന് വിശ്വരൂപം കാണാന്‍ കഴിഞ്ഞത്.
ഭഗവദ് ഭക്തനായ- ഭഗവാന്റെ ഉത്തമ സുഹൃത്തായ അര്‍ജ്ജുനന്റെ പിതാവായ പാണ്ഡുവിന്റെ ഭാഗ്യാതിശയം അഹോ! അവര്‍ണനീയം തന്നെ. ഈശ്വരനോട് ഒരു ആഭിമുഖ്യവുമില്ലാത്ത ദുര്യോധനന്റെ പിതാവായ അങ്ങയുടെ ദൗര്‍ഭാഗ്യം അപാരം തന്നെ. ഇത് ഓര്‍ത്തുപോയതുകൊണ്ടാണ് ഞാന്‍ പാര്‍ത്ഥനെ പാണ്ഡവന്‍ എന്ന് വിശേഷിപ്പിച്ചത്.
അര്‍ജ്ജുനന് കൃഷ്ണനോടുണ്ടായിരുന്ന സുഹൃദ് ഭാവം മാറി (11-14)
ഭഗവാന്റെ വിശ്വരൂപം കണ്ടപ്പോള്‍ അര്‍ജുനന്‍ ഭയപ്പെടുകയോ കണ്ണുകള്‍ അടയ്ക്കുകയോ പിന്തിരിഞ്ഞുപോവുകയോ അല്ല ചെയ്തത്. വിസ്മയംകൊണ്ട് സന്തോഷം വര്‍ധിച്ച് രോമാഞ്ചം കൊള്ളുകയാണുണ്ടായത്. വിശ്വരൂപം കാട്ടിത്തന്ന ഭഗവാനെ നമസ്‌കരിച്ചു,തൊഴുതു, വീണ്ടും വീണ്ടും എത്രയോ തവണ. മാത്രമല്ല, ഇങ്ങനെ പറയുകയും ചെയ്തു.


ജന്മഭൂമി: http://www.janmabhumidaily.com/news760717#ixzz52n1DgB7Z

No comments: