Saturday, December 30, 2017

പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ കൃഷ്ണൻ തന്നെ ഇരുവരോടും താനേത് പക്ഷത്ത് ചേരണം എന്ന് തീരുമാനിക്കണം എന്നാവശ്യപ്പെട്ടു. കൃഷ്ണനുമായി ആത്മബന്ധം പുലർത്തിയിരുന്ന പാണ്ഡവർ നിരായുധനായ അദ്ദേഹത്തേയും, കൗരവർ അദ്ദേഹത്തിന്റെ സൈന്യത്തേയും തിരഞ്ഞെടുത്തു. യുദ്ധസമയത്ത് കൃഷ്ണൻ അർജ്ജുനന്റെ തേരാളിയായാണ് രംഗത്തിറങ്ങിയത്.
എന്നാൽ യുദ്ധസമയത്ത് തന്റെ മറുപക്ഷത്ത് യുദ്ധോത്സുകരായി നിൽക്കുന്ന ബന്ധുജനങ്ങളെ കണ്ട അർജ്ജുനൻ മനസ്താപത്തോടെ താൻ യുദ്ധത്തിനില്ലെന്നും, ബന്ധുജനങ്ങളുടെ രക്തമൊഴുക്കിക്കൊണ്ട് നേടുന്ന സൗഭാഗ്യങ്ങളൊന്നും തനിക്കുവേണ്ടെന്നും കൃഷ്ണനെ അറിയിക്കുന്നു. ഈ സമയത്ത് സ്വധർമ്മമനുഷ്ഠിക്കാൻ അർജ്ജുനനെ നിർബ്ബന്ധിച്ചുകൊണ്ട് കൃഷ്ണൻ ഉപദേശിച്ചതെന്നു കരുതപ്പെടുന്നതാണ് ശ്രീമദ് ഭഗവദ് ഗീത[24]
ഭഗവാൻ കൃഷ്ണന്റെ ജന്മോദ്ദേശം തന്നെ , ഭയങ്കരമായ യുദ്ധത്തിലൂടെ ഭൂമിയുടെ ഭാരത്തെ ഹരിക്കുക എന്നതായിരുന്നു . അതിനായിട്ടാണ് അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കുരുക്ഷേത്രയുദ്ധം നടന്നത് . ഭയാനകമായ ഈ മഹായുദ്ധത്തിൽ മൊത്തം നൂറ്റി അറുപത്തിയാറ്‌ കോടി ഇരുപതിനായിരം (1660020000 ) പേരാണ് കൊല്ലപ്പെട്ടത് .[മഹാഭാരതം , സ്ത്രീപർവ്വം , അദ്ധ്യായം 26 , ശ്ളോകം 9] . -(പതിനെട്ട് അക്ഷൗഹിണി ഉൾപ്പെടെയുള്ള കണക്കാണിത് . പതിനെട്ട് അക്ഷൗഹിണികളിൽ ഉൾപ്പെടാതെയും അനേകർ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു .) അത്തരത്തിൽ ഭൂമണ്ഡലത്തിലെ ദുഷ്ട ക്ഷത്രിയരെല്ലാം ഒടുങ്ങുകയും ലോകത്തിനും പ്രകൃതിക്കും രക്ഷയുണ്ടാവുകയും ചെയ്തു . കൃഷ്ണന് വാസ്തവത്തിൽ ബന്ധുവെന്നോ സ്വന്തമെന്നോ ആരുമില്ല . അദ്ദേഹത്തിന് അവതരിക്കേണ്ട ആവശ്യവുമില്ല . സർവതന്ത്ര സ്വതന്ത്രനായ അദ്ദേഹം ലോകത്തിന്റെ നന്മയെ ഉദ്ദേശിച്ചും ഭക്തരായ മുനിമാരെ അനുഗ്രഹിക്കാനുമായി ഓരോരോ അവതാരങ്ങളെടുക്കുന്നുവെന്ന് ഭഗവദ്ഗീതയിൽ പറയുന്നുണ്ട് . അർജ്ജുനനും പാണ്ഡവരും കൗരവരും മറ്റു യോദ്ധാക്കളും അദ്ദേഹത്തിൻറെ തന്നെ ഇച്ഛയാൽ ലോകത്തിൽ ഭൂഭാരഹരണാർത്ഥം ജന്മം കൊണ്ടവരാണ് . അവരെക്കൊണ്ട് ഭഗവാൻ തന്റെ ഉദ്ദേശം നേടിയെടുക്കുകയായിരുന്നു . തനിക്കും പാണ്ഡവർക്കും പ്രിയങ്കരരായ ഘടോൽക്കചനും അഭിമന്യുവുമൊക്കെ മരിച്ചിട്ടും കൃഷ്ണന് ഒരു സങ്കോചവുമുണ്ടാകാത്തതും അതുകൊണ്ടാണ് . ഉദ്ദേശം സാധ്യമാക്കിയ ശേഷം അദ്ദേഹം ബ്രാഹ്മണശാപമെന്ന കാരണമുണ്ടാക്കി ഭൂലോകം ഉപേക്ഷിച്ചു .അദ്ദേഹം ലോകമുപേക്ഷിച്ചു പോകുമ്പോൾ അദ്ദേഹത്തിന്റേതായി ഒന്നും ഭൂമിയിൽ ബാക്കിയുണ്ടായിരുന്നില്ല . [വിഷ്ണുപുരാണം , അംശം 5 , അദ്ധ്യായം 38 -വ്യാസവാക്യം ].
ഭഗവാൻ കൃഷ്ണന്റെ വാക്കുകൾ നോക്കുക . അർജ്ജുനനോട് അദ്ദേഹം ഇങ്ങനെ പറയുന്നു . ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 32 )
കാലോസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ
ലോകാൻ സമാഹർത്തുമിഹ പ്രവൃത്തഃ
ഋതേ (അ )പി ത്വാം ന ഭവിഷ്യന്തി സർവ്വേ
യേ (അ ) വസ്ഥിതാഃ പ്രത്യനീകേഷു യോധാഃ
(ഭാഷാ അർത്ഥം ) ഞാൻ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു . ഇപ്പോൾ ലോകത്തെ സംഹരിക്കാനുള്ള പ്രവൃത്തിയിലാണ് വ്യാപൃതനായിരിക്കുന്നത് . യുദ്ധത്തിൽ നീ എതിരിടുന്ന യോദ്ധാക്കളിൽ നീയൊഴിച്ച് മറ്റാരും ശേഷിക്കുകയില്ല . ഇനി നീ യുദ്ധം ചെയ്തില്ലെങ്കിൽ പോലും ഈ നിൽക്കുന്ന യോദ്ധാക്കളിൽ ആരും ജീവനോടെ ശേഷിക്കുകയില്ല .
പിന്നീട് പറയുന്ന ഒരു ശ്ളോകത്തിൽ , മയൈവേതേ നിഹതേ പൂർവ്വമേവ - എന്നും ഭഗവാൻ പറയുന്നുണ്ട് ( ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ) . അതായത്- "ഇവരെയെല്ലാം ഞാൻ നേരത്തെ തന്നെ കൊന്നു വിട്ടതാണ് " -എന്നാണു ഭഗവാൻ പറയുന്നത് . എന്നിട്ടു അർജ്ജുനനോട് യുദ്ധത്തിൽ പാപചിന്ത വേണ്ടെന്നും , അർജ്ജുനൻ വെറുമൊരു നിമിത്തം മാത്രമാണെന്നും കൃഷ്ണൻ പറയുന്നു . ( നിമിത്തമാത്രം ഭവ സവ്യസാചിൻ ) [ ഭഗവദ്ഗീത -വിശ്വരൂപദർശനയോഗം , ശ്ളോകം 33 ]

No comments: