Friday, February 09, 2018

മുണ്ഡകോപനിഷത്ത്-16
മൂന്നാം മുണ്ഡകം- ഖണ്ഡം 1
അക്ഷരപുരുഷനെ അറിയാനുള്ള പരവിദ്യയേയും ദര്‍ശിക്കാനുള്ള ഉപായമായ യോഗവും പറഞ്ഞുകഴിഞ്ഞു. കൂടെ വേണ്ടതായ സത്യം മുതലായവ പറയാനാണ് ഇനിയുള്ള ഭാഗം. പരമാര്‍ത്ഥ വസ്തുവിനെ മനസ്സിലാക്കാന്‍ തത്വനിര്‍ണയത്തെ പ്രത്യേക രീതിയില്‍ അവതരിപ്പിക്കുന്നു-
ദ്വാ സുപര്‍ണ്ണാ സയുജാ സഖായാ
സമാനം വൃക്ഷം പരിഷ സ്വജാതേ
തയോരന്യാ പിപ്പലം സാദ്വത്തി
അനശ്‌നന്നന്യോ അഭിചാകശീതി
എപ്പോഴും ഒരുമിച്ചിരിക്കുന്നവയും ഒരുപോലെയുള്ളവയുമായ രണ്ടു പക്ഷികള്‍ ഒരു വൃക്ഷത്തിലിരിക്കുന്നു. അവയില്‍ ഒന്ന് പല രസങ്ങളോടുകൂടിയ പിപ്പല പഴത്തെ കഴിക്കുന്നു. മറ്റേത് ഒന്നും കഴിക്കാതെ നോക്കിയിരിക്കുന്നു.
സുപര്‍ണ്ണന്‍മാര്‍ എന്നാല്‍ നല്ല പതനമുള്ളവ. പക്ഷികള്‍ അഥവാ പക്ഷികളോട് സാമ്യമുള്ളവ എന്നര്‍ത്ഥം. ഒരുപോലെയുള്ളവയും ഒരേ വേരോടുകൂടിയവയുമായതിനാല്‍ സഖാക്കള്‍. ഇവ ഇണക്കിളികളാണ്. ഒന്നു കഴിക്കുന്നു, മറ്റേത് സാക്ഷിയായി ഇരിക്കുന്നു. ജീവാത്മാവിനെയാണ് പിപ്പലപഴം കഴിക്കുന്ന പക്ഷിയായി വരച്ചുകാട്ടിയത്. ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം അതാണ്. ഒന്നും ചെയ്യാതെ സാക്ഷിയായി അന്തര്യാമിയായി ഇരിക്കുന്ന പരമാത്മാവ് അഥവാ ഈശ്വരനാണ് മറ്റേ പക്ഷി. രണ്ടു കിളികളും ഒരുപോലെ ഒന്നിച്ച് ഒരു വൃക്ഷത്തിലിരിക്കുന്നു. ശരീരമാണ് മരം. ഈ ശരീരത്തില്‍ കുടികൊള്ളുന്ന ആത്മസ്വരൂപത്തെയാണ് നാം സാക്ഷാത്കരിക്കേണ്ടത് എന്നതിനാല്‍ ശരീരമാകുന്ന വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയുന്നു. രണ്ട് കിളികളായി പറയുന്നത് ആത്മാവിന്റെ രണ്ട് ഭാവങ്ങളായതിനാലാണ്. ജീവാത്മാവ് അവിദ്യയെത്തുടര്‍ന്ന് കാമകര്‍മ്മങ്ങള്‍ക്കധീനനായി വൃക്ഷത്തിന്റെ പഴങ്ങളെ എന്നപോലെ ദേഹവുമായി ബന്ധപ്പെട്ട സുഖദുഃഖങ്ങളായ കര്‍മ്മഫലങ്ങളെ അനുഭവിക്കുന്നു. പരമാത്മാവ് അവിദ്യക്ക് അതീതനായതിനാല്‍ കര്‍മ്മമോ കര്‍മ്മലങ്ങളോ ഇല്ല. ഒട്ടും ആസക്തിയില്ലാതെ സാക്ഷിയായി ഇരിക്കുന്നു. ഒരേ ചൈതന്യംതന്നെയാണ് രണ്ടെന്നപോലെ ഇരിക്കുന്നത്. ഉപാധികളോട് ചേര്‍ന്നിരിക്കുമ്പോള്‍ ജീവാത്മാവായും ഉപാധി നശിക്കുമ്പോള്‍ പരമാത്മാവായും വെളിവാകും. ജീവനാകുന്ന കിളി കഴിക്കുന്ന പഴങ്ങള്‍ സുഖദുഃഖങ്ങളാകുന്ന അനേകം രസങ്ങളോടുകൂടിയവയാണ്. അവിവേകം നിമിത്തമാണ് ഈ അനുഭവം. എന്നാല്‍ നിത്യസാക്ഷിയായ പരമാത്മാവ് തന്റെ നോട്ടത്തിലൂടെ മാത്രം രാജാവിനെപ്പോലെ ഇതിനെയൊക്കെ പ്രേരണ ചെയ്യുന്നുവെന്ന് കരുതണം.
സമാനേ വൃക്ഷേ പുരുഷോ നിമഗ്‌നോ
അനീശയാ ശോചതി മുഹ്യമാനഃ
ജൂഷ്ടം യദാ പശ്യത്യന്യമീശം
അസ്യ മഹിമാനമിതി വീത ശോകഃ
ജീവാത്മാവ് ഒരേ വൃക്ഷത്തിലിരുന്ന് നിമഗ്‌നനായി അസ്വാതന്ത്ര്യത്താല്‍ ദീനനായി അവിവേകം മൂലം ചിന്താകുലനായി സങ്കടപ്പെടുന്നു. ജ്ഞാനികളാല്‍ സേവിക്കപ്പെടുന്ന അന്യനായ ഈശ്വരനേയും അദ്ദേഹത്തിന്റെ മഹിമകളെ കാണുമ്പോള്‍ ജീവന്‍  ശോകമില്ലാത്തവനായിത്തീരുന്നു.
അവിദ്യമൂലം ആത്മാവ് അന്തകരണമാകുന്ന ഉപാധിയോടുകൂടി ശരീരവുമായി ചേര്‍ന്നിരിക്കുമ്പോഴാണ്  അവിവേകത്താല്‍ ജനനം, മരണം, ബന്ധുക്കളുടെ വേര്‍പാട്, ധനനാശം തുടങ്ങിയവയാല്‍ അനര്‍ത്ഥങ്ങളും ദുഃഖങ്ങളുമുണ്ടാകുന്നത്. കര്‍മ്മങ്ങളില്‍ കുടുങ്ങിപ്പോകുന്ന ജീവന്‍ സുകൃതംകൊണ്ട് ഗുരുവിനടുത്തെത്തുകയും ഗുരുവിന്റെ ഉപദേശം കൈക്കൊണ്ട് സാധനകളിലൂടെതന്നെ താന്‍ തിരിച്ചറിയുന്നു. ഒന്നും പ്രവര്‍ത്തിക്കാനില്ലാത്തവനും അനുഭവിക്കാനില്ലാത്തവനും സാക്ഷിയുമായ പരമാത്മാവ് തന്നെയാണ് താന്‍ എന്ന് ബോധ്യമാകുന്നു. അപ്പോള്‍ ധര്‍മ്മ അധര്‍മ്മങ്ങള്‍ക്കും സുഖദുഃഖങ്ങള്‍ക്കും അപ്പുറത്തെത്തുന്നു. ഒരേ ശരീരത്തില്‍തന്നെ രണ്ട് ഭാവങ്ങളും ആത്മാവിനുണ്ടാകുന്നതിനാലാണ് രണ്ട് പക്ഷികളും ഒരേ വൃക്ഷത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് പറഞ്ഞത്.
ജീവാത്മാവ് ശരീരരൂപമാകുന്ന വൃക്ഷത്തില്‍ മുങ്ങിപ്പോകുന്നത് കടലില്‍ ചുരയ്ക്കാ വീണപോലെയാണത്രേ. അവിദ്യ, കാമം, കര്‍മ്മം, ഫലം, രാഗം മുതലായ കനമേറിയ ഭാരങ്ങള്‍ വഹിച്ച് വലഞ്ഞ് മുങ്ങുന്നു. ദേഹം തന്നെയാണ് ഞാന്‍ എന്ന് അജ്ഞാനത്താല്‍ ഉറപ്പിക്കുന്നു. അപ്പോള്‍ ജനിക്കുകയും മരിക്കുകയും ബന്ധുക്കളോട് ചേരുകയും പിരിയുകയും ചെയ്യുന്നു. അയ്യോ എനിക്ക് വയ്യാതായി. എന്തിന് ജീവിക്കണം? ആരു തുണയുണ്ട് തുടങ്ങി ദീനതയോടെ നിരന്തരം സങ്കടപ്പെടുന്നു. ആ ജീവാത്മാവ് അനവധി യോനികളില്‍ നിന്ന് വീണ് താഴേക്ക് പതിക്കുന്നു. മുജ്ജന്മ സുകൃതമുണ്ടെങ്കില്‍ ഗുരുവിനെ കിട്ടും. യോഗികള്‍ യോഗത്തെ കൊണ്ടും കര്‍മ്മികള്‍ കര്‍മ്മത്തെക്കൊണ്ടും സേവിക്കുന്നു. ജഗത്തിന്റെ മുഴുവനും ഈശനുമായ പരമാത്മാവിനെ അദ്ദേഹത്തിന്റെ ഉപദേശത്താല്‍ അറിയും. അത് താന്‍തന്നെയാണ് മനസ്സിലാകും. പരമാത്മാവായ അതുതന്നെയാണ് സര്‍വ ജഗത്തും ഇക്കാണുന്ന വിഭൂതകളെല്ലാം എന്നും ഉറപ്പാകും. അങ്ങനെ അറിയുന്നയാള്‍ ദുഃഖങ്ങള്‍ തീര്‍ത്ത് കൃത്യകൃത്യനായിത്തീരും.
ജീവിതപ്രഹരങ്ങള്‍ കിട്ടുമ്പോഴാണ് ജീവാത്മാവായ പക്ഷി പരമാത്മാവായ പക്ഷിയോട് കൂടുതല്‍ അടുക്കുക. അതുവരെ മധുരവും പുളിയും കയ്പ്പും ചവര്‍പ്പുമൊക്കെയുള്ള കര്‍മ്മഫലങ്ങളാകുന്ന പഴങ്ങള്‍ കൊത്തിത്തിന്ന് ആസ്വദിച്ചുകൊണ്ടേയിരിക്കും. പരമാത്മാ ഭാവത്തിലേക്ക് അടുക്കും തോറും വലിയ മാറ്റമാകും ഉണ്ടാകുക. അതിലേക്ക് വിലയിച്ചുപോകും. വാസ്തവത്തില്‍ പഴം തിന്നുന്ന പക്ഷി ഇല്ലായിരുന്നു എന്ന് പറയാം. സാക്ഷിയായ പക്ഷിയുടെ പ്രതിഫലനമായിരുന്നു. പരമാത്മാവിന്റെ പ്രതിഫലനമാണ് ജീവാത്മാവ്. രണ്ടെന്ന ഭാവം വെടിഞ്ഞ് നമ്മെ കേവലം ഒന്നു മാത്രമേ ഉള്ളൂ എന്നതിലേക്ക് നമ്മെ കൊണ്ടെത്തിക്കുകയാണ് ഉപനിഷത്ത്. ദ്വൈത ദര്‍ശനം മാറി അദ്വൈത ദര്‍ശനത്തിലെത്തണം. പരമാത്മാവ് മാത്രം- അതാകണം കാഴ്ചപ്പാട്. പിന്നെ യാതൊരു സങ്കടവുമുണ്ടാകുകയില്ല.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍  9495746977)

No comments: