Friday, February 02, 2018

മുണ്ഡകോപനിഷത്ത്-9
രണ്ടാം മുണ്ഡകം ഖണ്ഡം 1
പരമാര്‍ത്ഥ വസ്തുവായ പരബ്രഹ്മത്തില്‍നിന്നാണ് ഈ സംസാരം ജനിക്കുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും. അക്ഷരവും പുരുഷനുമായ അതിനെ അറിയലാണ് പരവിദ്യയുടെ വിഷയം. രണ്ടാം മുണ്ഡകം ഇതിനെ കാണിക്കുന്നു.
തദേതത് സത്യം, യഥാ സുദീപ്താത് പാവകാത്
വിസ്ഫുലിംഗാഃ സഹസ്രശഃ പ്രഭവന്തേ സരൂപാഃ
തഥാക്ഷരാത് വിവിധാഃ സോമ്യ ഭാവാഃ
പ്രജായന്തേ തത്ര ചൈവാപിയന്തി
നന്നായി കത്തി ജ്വലിക്കുന്ന അഗ്‌നിയില്‍നിന്ന് അേത രൂപത്തിലുള്ള തീപ്പൊരികള്‍ ആയിരക്കണക്കിന് ഉണ്ടാവുന്നതുപോലെ അക്ഷര ബ്രഹ്മത്തില്‍നിന്ന് പലതരത്തിലുള്ള ഭാവങ്ങള്‍ ഉണ്ടായി അതില്‍തന്നെ ലയിക്കുന്നു. ഇത് സത്യമാണ്.
കത്തുന്ന തീയില്‍നിന്ന് അനേകം തീപ്പൊരികള്‍ മുകളിലേക്കും ചുറ്റിലേക്കും പാറിപ്പറന്ന് അല്‍പനേരം മിന്നിത്തെളിഞ്ഞ് മറയുന്നു. അല്ലെങ്കില്‍ ആ തീയില്‍തന്നെ കെട്ടടങ്ങുന്നു. അതുപോലെയാണ് അക്ഷരബ്രഹ്മത്തില്‍നിന്ന് അനേകം നാമരൂപങ്ങളാകുന്ന ദേഹത്തോടെ ജീവന്‍മാര്‍ ഉണ്ടായി നിലനിന്ന് നശിക്കുന്നത്. ദേഹം എന്ന ഉപാധി നശിക്കുമ്പോള്‍ എല്ലാം ബ്രഹ്മത്തില്‍തന്നെ ലയിക്കും. ഉപാധികള്‍ പലതാണ്, എന്നാല്‍ അതിലെ ചൈതന്യം ഒന്നുമാത്രമാണ്. ഒരേ വൈദ്യുതിതന്നെ പല വൈദ്യുതോപകരണങ്ങളില്‍ പ്രവര്‍ത്തിക്കുംപോലെയാണിത്.
അപരവിദ്യയെക്കുറിച്ച് പറഞ്ഞപ്പോഴും അത് സത്യമാണ് എന്നു പറഞ്ഞിരുന്നു. കര്‍മ്മകാണ്ഡം സത്യമാണെന്നു പറഞ്ഞപോലെ ഇപ്പോള്‍ പരവിദ്യ സത്യമാണെന്ന് പറയുന്നു. ആദ്യം പറഞ്ഞത് ആക്ഷേപിക സത്യവും ഇപ്പോള്‍ പറഞ്ഞത് പാരമാര്‍ത്ഥിക സത്യവുമാണ്. കര്‍മ്മാനുഷ്ഠാനത്തിലൂടെ ചിത്തശുദ്ധി കൈവരിച്ചെങ്കില്‍ മാത്രമേ ജ്ഞാനത്തിന് അധികാരിയാവൂ. കര്‍മ്മത്തിലേക്ക് തല്‍പ്പരരാകാന്‍ വേണ്ടിയാണ് ആദ്യമേതന്നെ സത്യം എന്ന് പറഞ്ഞത്. വിദ്യാ വിഷയമായതിനാല്‍ പരവിദ്യ സത്യവും അവിദ്യാ വിഷയമായതിനാല്‍ അപരവിദ്യ അസത്യമോ സത്വത്വം അത്രതന്നെ ഇല്ലാത്തതോ എന്ന് അറിയണം.
പരവിദ്യയിലൂടെ നേടുന്ന അക്ഷര പുരുഷ സ്വരൂപത്തെ പറയുന്നു-
ദിവ്യോഹ്യമൂര്‍ത്തഃ പുരുഷഃ
സബാഹ്യഭ്യന്തരോ ഹ്യജഃ
അപ്രാണോഹ്യമനാഃ ശുഭ്രോ
ഹ്യക്ഷരാത് പരതഃ പരഃ
അക്ഷര പുരുഷന്‍ പ്രകാശസ്വരൂപനും രൂപമില്ലാത്തവനും എല്ലായിടത്തും നിറഞ്ഞ് പൂര്‍ണ്ണനായിരിക്കുന്നവനും അകത്തും പുറത്തും ഉള്ളവനും ജന്മമില്ലാത്തവനും പ്രാണനോ മനസ്സോ ഇല്ലാത്തവനും ശുദ്ധനും അവ്യകൃതത്തേക്കാള്‍ ഉത്കൃഷ്ടനാകുന്നു.
ദിവ്യന്‍ എന്നാല്‍ സ്വയം പ്രകാശിക്കുന്നവന്‍ എന്നോ ലൗകികമല്ല എന്നോ കരുതണം. അമൂര്‍ത്തന്‍- മൂര്‍ത്തി അഥവാ ശരീരം ഇല്ലാത്തവന്‍ രൂപമില്ലാത്തത് എന്നര്‍ത്ഥം. പൂര്‍ണനായതിനാല്‍ പുരുഷന്‍. എല്ലാറ്റിലും അന്തര്യാമിയായി എങ്ങും നിറഞ്ഞ് പൂര്‍ണനായവന്‍. അകത്തും പുറത്തും ഒരുപോലെ ഒന്നായിരിക്കുന്നവനാണ്. അജന്‍ എന്നതുകൊണ്ട് ഉല്‍പത്തി, ഉണ്‍മ, വളര്‍ച്ച, മാറ്റം, ക്ഷയിക്കല്‍, നാശം എന്നിങ്ങനെയുള്ള 6 വികാരങ്ങളെ നിഷേധിച്ചിരിക്കുന്നു. പരമാത്മാവിന് ഇതൊന്നുമില്ല. അപ്രാണന്‍ എന്നാല്‍ പ്രാണന്‍ തുടങ്ങിയ വായുഭേദങ്ങളോ അതേത്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന കര്‍മ്മേന്ദ്രിയങ്ങളോ അവയുടെ വിഷയങ്ങളോ അല്ല എന്ന് പറയുന്നു. അമനാഃ എന്നാല്‍ അന്തക്കരണവും ജ്ഞാനേന്ദ്രിയങ്ങളും മനസ്സുമൊക്കെ അല്ലെന്ന് പറയുന്നു. ഉപാധികളുമായി ബന്ധമില്ലാത്തതിനാല്‍ ശുഭ്രന്‍ അഥവാ ശുദ്ധന്‍. പ്രപഞ്ചത്തിന് കാരണമായ അവ്യാകൃതത്തിന് അഥവാ അവിദ്യക്ക് കാരണമായതിനാല്‍ പരനുമാണ് അക്ഷരപുരുഷന്‍.
അക്ഷരപുരുഷന്‍ അപ്രാണനും അമനസ്സുമായതെങ്ങനെയെന്ന് പറയുന്നു.
ഏതസ്മാജ്ജയതേ പ്രാണോ മനഃ സര്‍വ്വേന്ദ്രിയാണി ച
ഖാ വായുര്‍ജ്യോതിരാപഃ പൃഥിവീ വിശ്വസ്യ ധാരിണി
അക്ഷരപുരുഷനില്‍നിന്നാണ് പ്രാണനും മനസ്സും എല്ലാ ഇന്ദ്രിയങ്ങളും ആകാശവും വായുവും അഗ്‌നിയും ജലവും എല്ലാറ്റിനും ആധാരമായ ഭൂമിയും ഉണ്ടായത്.
അക്ഷരപുരുഷനില്‍നിന്ന് മായാവൈഭവംകൊണ്ട് ഉണ്ടാകുന്നതാണ് സത്വത്വം ഇല്ലാത്ത പ്രാണനും മനസ്സു എല്ലാം. പത്ത് ഇന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും പുരുഷനില്‍നിന്നും ഉണ്ടാകുന്നു. പുരുഷനില്‍ മായാതത്വം ഊടും പാവും പോലെ ഇഴചേര്‍ന്നിരിക്കുകയാണ്. ഉല്‍പത്തിക്കു മുമ്പോ ലയത്തിനു ശേഷമോ പുരുഷനില്‍ പ്രാണാദികള്‍ ഇല്ല. സ്വപ്‌നത്തില്‍ മാത്രം കാണുന്ന മകന്‍ വാസ്തവത്തില്‍ ഇല്ലാത്തതുപോലെ അവിദ്യ നിമിത്തമുള്ള പ്രാണനും മനസ്സുമൊക്കെ അക്ഷരപുരുഷനില്‍ ഇല്ലെന്ന് അറിയണം.

No comments: