Friday, February 02, 2018

വിത്തേഷണ സമ്പത്തിനോടുള്ള ആസക്തി. നിങ്ങള്‍ സമ്പത്തിനെക്കുറിച്ച് തന്നെ ചിന്തിക്കുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ അവ എണ്ണിതിട്ടപ്പെടുത്തുന്നതില്‍ സന്തോഷിക്കുന്നു. നിങ്ങള്‍ക്ക് എത്ര പണം വേണം? എത്ര പണമുണ്ടായാല്‍ നിങ്ങള്‍ സന്തോഷിക്കും. പത്തുകോടി? അമ്പതുകോടി? ഇത്രയും പണംകൊണ്ട് നിങ്ങള്‍ എന്തുചെയ്യും? എത്ര വസ്ത്രങ്ങള്‍ വാങ്ങിയാലും, എത്രതന്നെ ഭക്ഷണം കഴിച്ചാലും ഇത്രയും പണം ജീവിതത്തില്‍ ചെലവഴിക്കുകപോലും സാധ്യമല്ല. കൂടുതല്‍ ചെലവഴിക്കുന്നതുകൊണ്ട് കൂടുതല്‍ സന്തോഷവും സമാധാനവും നേടാന്‍ കഴിയുമോ? ഒരിക്കല്‍ ഒരു സ്ത്രീ എന്നോടു പറഞ്ഞു, ''ഗുരുജീ, എനിക്ക് ഒരുപാടു മുറികളുള്ള വലിയ വീട് വേണം''ഞാന്‍ പറഞ്ഞു, ''നല്ലതാണ് വാങ്ങിക്കൂ.'' അവര്‍ വലിയവീട് വാങ്ങി ആറുമാസത്തിനുശേഷം, എന്നോടു വന്നു പറഞ്ഞു- ''ഗുരുജീ, ഇനി എന്തു ചെയ്യും? ഒന്നുരണ്ടാളുകള്‍ മാത്രമുള്ളതുകൊണ്ട് ഈ വലിയ വീട് ശൂന്യമായിരിക്കുന്നു. മാത്രമല്ല, അത് വൃത്തിയാക്കുന്നതും വളരെ പ്രയാസം. വില്‍ക്കാനും സാധിക്കുന്നില്ല.'' പണം ആവശ്യമാണ്. പക്ഷേ, പണത്തോടുള്ള ആസക്തി മനസ്സിനെ ഗ്രസിക്കുമ്പോള്‍ ജീവിതത്തില്‍ സൗന്ദര്യബോധവും സ്‌നേഹവും നഷ്ടപ്പെടുന്നു. പണം നിങ്ങളെ ബന്ധിക്കുന്നു. നിങ്ങളതില്‍ സുരക്ഷിതത്വം കാണുന്നു. ആഗ്രഹിക്കുന്നതെന്തും പണത്തിലൂടെ നേടാമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. ഒരുതരത്തിലുള്ള സുരക്ഷിതത്വബോധം ഉണ്ടാകുന്നു. പണത്തോടുള്ള ആര്‍ത്തി മനസ്സിലാക്കുക. അത് ജീവിതത്തെ അധഃപതിപ്പിക്കുന്നു. അതുകൊണ്ട് സമ്പത്തിനോടുള്ള ആര്‍ത്തിയെ അതിജീവിക്കാന്‍ കഴിയണം.

No comments: