Thursday, February 08, 2018



ആത്മനിയന്ത്രണം പരിശീലിച്ചിട്ടുള്ളവനെ ബാഹ്യ ലോകത്തിലുള്ള യാതൊന്നും ബാധിക്കുന്നില്ല. അയാള്‍ക്കു പിന്നെ അടിമത്തമില്ല. അയാളുടെ മനസ്സ് സ്വതന്ത്രമായിരിക്കുന്നു. അങ്ങനെയുള്ള ഒരുവന്‍ മാത്രമേ ലോകത്തു സസുഖം ജീവിക്കാന്‍ അര്‍ഹനാകുന്നുള്ളു. ലോകത്തെപ്പറ്റി സാധാരണയായി രണ്ടുതരം അഭിപ്രായമുള്ളവരെ കാണാം. ഒരുകൂട്ടര്‍ അശുഭ ദൃക്കുകള്‍, അവര്‍ പറയും; 'ലോകം എത്ര ഭയങ്കരം! എത്ര ദുഷ്ടം!' മറ്റേ കൂട്ടര്‍ ശുഭദൃക്കുകള്‍. അവര്‍ പറയും; 'ഈ ലോകം എത്ര മനോഹരം! എത്ര വിസ്മയാവഹം!' മനോജയം വന്നിട്ടില്ലാത്തവര്‍ക്ക്, ഈ ലോകം ദോഷഭൂയിഷ്ഠമോ, കൂടിയപക്ഷം, ഗുണദോഷസമ്മിശ്രമോ ആയിരിക്കും. നാം നമ്മുടെ മനസ്സുകളുടെ നാഥന്മാരാകുമ്പോള്‍, ഈ ലോകം ശുഭാത്മകമാകും. പിന്നീട് നന്മയുടേയോ തിന്മയുടേയോ നിലയില്‍ ഒന്നും നമ്മുടെ മേല്‍ പ്രവര്‍ത്തിക്കുകയില്ല; എല്ലാ വസ്തുക്കളും യഥാസ്ഥാനത്തു തന്നെ ഇണങ്ങിയിരിക്കുന്നതായി അപ്പോള്‍ നാം കാണും. തുടക്കത്തില്‍ ലോകം നരകമാണെന്നു പറയുന്ന ചിലര്‍ തന്നെ, മനോനിയന്ത്രണം കൈവരുന്നതോടുകൂടി അവസാനത്തില്‍ ലോകം സ്വര്‍ഗ്ഗമാണെന്നു പറയും. ഈ അവസ്ഥയിലെത്തത്തക്കവണ്ണം നമ്മെ പരിശീലിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആത്മാര്‍ത്ഥതയുള്ള കര്‍മ്മയോഗികളാണ് നാമെങ്കില്‍, നമ്മുടെ അഭ്യസനം തുടങ്ങുന്നത് എവിടെ നിന്നായാലും, ഒടുവില്‍ തീര്‍ച്ചയായും പൂര്‍ണ്ണമായ അഭിമാന നിര്‍മ്മാര്‍ജ്ജനത്തില്‍ വന്നുചേരും. ഈ അഹംബുദ്ധി നശിക്കുന്ന നിമിഷത്തില്‍, മുമ്പു തിന്മ നിറഞ്ഞിരുന്നതായി തോന്നിയിരുന്ന ഈ ലോകം മുഴുവന്‍ സൗഭാഗ്യ പൂര്‍ണ്ണമായ ആനന്ദം നിറഞ്ഞ സാക്ഷാത് സ്വര്‍ഗ്ഗമായി തോന്നും, അതിലെ അന്തരീക്ഷം തന്നെ ദിവ്യമായിരിക്കും. അവിടെയുള്ള ഓരോ മനുഷ്യമുഖവും ശുഭമായിരിക്കും. ഇതാണ് കര്‍മ്മയോഗത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും. പ്രായോഗികജീവിതത്തില്‍ അതിന്റെ മാഹാത്മ്യം അത്രയ്ക്കുണ്ട്.
ഞങ്ങളുടെ ശാസ്ത്രങ്ങളില്‍ പറയുന്ന വിവിധയോഗങ്ങള്‍ക്കു തമ്മില്‍ സംഘട്ടനമില്ല. അവ ഓരോന്നും നമ്മെ ഒരേ ലക്ഷ്യത്തിലേയ്ക്ക് - പൂര്‍ണ്ണതയിലേയ്ക്ക് - നയിക്കുന്നു. എന്നാല്‍ ഏതു യോഗമായാലും തീവ്രമായി അഭ്യാസം ചെയ്യേണ്ടതുണ്ട്. അഭ്യാസമാണ് സിദ്ധിയുടെ രഹസ്യം. ആദ്യം ശ്രവണം. പിന്നെ മനനം, പിന്നെ നിദിദ്ധ്യാസനം (അഭ്യാസം). ഏതു യോഗത്തിലും അങ്ങനെതന്നെയാണ്, ഒന്നാമത് അതിനെപ്പറ്റി പ്രതിപാദിച്ചു കേട്ട് അത് ഇന്നതാണെന്നു മനസ്സിലാക്കണം; ആദ്യം മനസ്സിലാകാത്ത പല സംഗതികളും നിരന്തരമായ ശ്രവണമനനങ്ങള്‍ വഴി വ്യക്തമാകും. കേട്ടപാടെ എല്ലാം ഗ്രഹിക്കാന്‍ പ്രയാസമുണ്ട്. എല്ലാത്തിന്റേയും വിശദീകരണം, അവസാനം നിങ്ങളില്‍ത്തന്നെ; ഒരാള്‍ മറ്റൊരാളെ പഠിപ്പിക്കുക എന്നുള്ളത് വാസ്തവത്തില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. ഓരോരുത്തരും താന്താങ്ങളെത്തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശ്രമം നടത്തുന്നതിന്ന് ആന്തരഗുരുവിനെ ഉണര്‍ത്താന്‍ പ്രേരണ നല്കുക മാത്രമാണ് ബാഹ്യഗുരു ചെയ്യുന്നത്. അപ്പോള്‍, നമ്മുടെ സ്വന്തം ഗ്രഹണശക്തികൊണ്ടും ആലോചനാശക്തികൊണ്ടും കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വിശദമായി വരികയും അവയെ നാം നമ്മില്‍ത്തന്നെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു. ആ സാക്ഷാത്കരണം ദൃഢമായ ഇച്ഛാശക്തിയായി വളരുകയും ചെയ്യുന്നു.
ആദ്യം അതു വികാരരൂപത്തിലാണ്; പിന്നീട് ഇച്ഛാരൂപത്തിലാവുന്നു. ആ ഇച്ഛയില്‍നിന്ന്, ശരീരത്തിലെ ഓരോ സിരയിലും നാഡിയിലും പേശിയിലുംകൂടി പ്രവഹിക്കുന്ന ഉഗ്രമായ കര്‍മ്മശക്തിയുണ്ടാകുന്നു. തത്ഫലമായി, നിങ്ങളുടെ ശരീരപിണ്ഡമാകെ നിഃസ്വാര്‍ത്ഥകര്‍മ്മയോഗാചരണത്തിനുള്ള ഉപകരണമായി മാറുകയും നിങ്ങള്‍ കാംക്ഷിക്കുന്ന പൂര്‍ണ്ണമായ അഹന്താനിരസനവും സ്വാര്‍ത്ഥരാഹിത്യവും അചിരേണ കൈവരികയും ചെയ്യുന്നു. ഈ സംസിദ്ധി ഏതെങ്കിലും സിദ്ധാന്തത്തേയോ മതത്തേയോ വിശ്വാസത്തേയോ ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. നിങ്ങള്‍ ക്രിസ്ത്യാനിയായാലും യഹൂദനായാലും മറ്റു ജന്റ്റൈലായാലും (അവിശ്വാസിയായാലും) വേണ്ടില്ല, നിങ്ങള്‍ സ്വാര്‍ത്ഥരഹിതനാണോ? അതുമാത്രമാണു ചോദ്യം. ആണെങ്കില്‍, ഒരൊറ്റ മതഗ്രന്ഥവും വായിക്കാതെയും ഒരൊറ്റ പള്ളിയിലോ ക്ഷേത്രത്തിലോ പോകാതെയും നിങ്ങള്‍ക്ക് ഒരു സിദ്ധപുരുഷനാവാം. ഓരോ യോഗവും മറ്റേതു യോഗത്തിന്റേയും അവലംബമില്ലാതെ മനുഷ്യനെ പൂര്‍ണ്ണാവസ്ഥയിലെത്തിക്കാന്‍ പര്യാപ്തമാകുന്നു; എന്തെന്നാല്‍ എല്ലാ യോഗങ്ങള്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്. കര്‍മ്മയോഗവും ജ്ഞാനയോഗവും ഭക്തിയോഗവും ഓരോന്നും മോക്ഷത്തിലേയ്ക്കു നയിക്കാന്‍ ത്രാണിയുള്ള സ്വതന്ത്രമാര്‍ഗ്ഗങ്ങളാകുന്നു. ജ്ഞാനവും കര്‍മ്മവും ഭിന്നങ്ങളാകുന്നു എന്ന് ബുദ്ധിശൂന്യന്മാരേ പറയൂ; പണ്ഡിതന്മാര്‍ പറയില്ല. ബാഹ്യഭാവത്തില്‍ ഭിന്നങ്ങളായിരുന്നാലും അവ ഒടുവില്‍ മനുഷ്യനെ പരിപൂര്‍ണ്ണതയെന്ന ഒരേ ലക്ഷ്യത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് പണ്ഡിതന്മാര്‍ക്കറിയാം.
വിവേകാനന്ദ സാഹിത്യ 
സര്‍വ്വസ്വത്തില്‍ നിന്ന് 


No comments: