Monday, February 19, 2018

പ്രവൃത്തി കര്‍മമെന്തും തന്നെ ജന്മമരണങ്ങള്‍ ആവര്‍ത്തിപ്പിക്കുന്നതാണ്. ഇഷ്ടവും പൂര്‍ത്തവും ശ്രേഷ്ഠംതന്നെയെന്നു കരുതി, അവയുടെ പിന്നാലെ പോകുന്നവര്‍, ഉപരിലോകത്തെത്തിയാല്‍ക്കൂടി പുണ്യഫലം ഒടുങ്ങുന്നതോടെ താഴെ ഇതേ മനുഷ്യലോകത്തോ, അതിലും താണതിലോ തിരിച്ചെത്തുന്നുവെന്നു മുണ്ഡകോപനിഷത്ത് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.
മറിച്ച്, നിവൃത്തി കര്‍മ്മമനുഷ്ഠിയ്ക്കുന്നവരോ? അമൃതത്ത്വമാണ് കൈവരിക്കുക. നി:ശ്രേയസഫലകരമാണ് നിവൃത്തികര്‍മം. 
അഗ്നിഹോത്രത്തില്‍നിന്നും തുടങ്ങി ദര്‍ശനം, പൗര്‍ണമാസ്യം, ബലി വൈശ്വദേവം എന്നിങ്ങനെ ദ്രവ്യമുപയോഗിച്ചു ചെയ്യുന്ന യജ്ഞയാഗങ്ങളെല്ലാംതന്നെ 'ഇഷ്ട'ത്തില്‍പ്പെടുന്നു; ദേവാലയങ്ങള്‍, ഉദ്യാനം, പൊതുകിണര്‍, പൊതുനിരത്ത്, വഴിയമ്പലം, അത്താണി എന്നീ ജനോപകാരപ്രവൃത്തികളാകട്ടെ, 'പൂര്‍ത്ത'ത്തിലും. 
ഇവ രണ്ടും ചെയ്തു ഫലം പ്രതീക്ഷിയ്ക്കുന്നവര്‍ക്കുള്ള ഗതിയാണ് ദക്ഷിണായനം. പുകയും ഇരുട്ടും, വികസിച്ചുചുരുങ്ങി ഇല്ലാതാകുന്ന ചന്ദ്രനും പോലെയാണ് ഇത്, അതേ, ആവര്‍ത്തനം ഉറപ്പുവരുത്തുന്നത്. ഭഗവദ്ഗീതയില്‍ കൃഷ്ണനും ധൂമോ രാത്രിസ്തഥാ കൃഷ്ണഃ (8.25) എന്നിങ്ങനെ ഈ മാര്‍ഗത്തെ സാക്ഷ്യപ്പെടുത്തിയിരിയ്ക്കുന്നു. നശ്വരമാണ് ദക്ഷിണായനം.
നിവൃത്തികര്‍മത്തിനത്രേ ശാശ്വതഫലം 
നിവൃത്തികര്‍മങ്ങളെല്ലാം തന്നെ അവനവനില്‍ നിക്ഷിപ്തമാണ്. ഇന്ദ്രിയങ്ങള്‍കൊണ്ടുചെയ്യുന്ന എല്ലാ കര്‍മങ്ങളേയും, പദാര്‍ത്ഥങ്ങളെ അഗ്നിയിലെന്നപോലെ, ഇന്ദ്രിയങ്ങളില്‍ത്തന്നെ ഹോമിയ്ക്കുന്നതാണ് അതിന്റെ തുടക്കം. 
ഇന്ദ്രിയങ്ങളെയാകട്ടെ അവയെ പ്രേരിപ്പിയ്ക്കുന്ന മനസ്സിലും. മനസ്സിനെ പടിപടിയായി വാക്കിലും അക്ഷരത്തിലും, അവസാനം പ്രാണനിലും പരബ്രഹ്മത്തിലും സമര്‍പ്പിക്കുക. ഇങ്ങനെ വന്നാല്‍ അന്തരാത്മീയമായ സംലയനം സംഭവിക്കും. അഭ്യാസവും അഭ്യാസഫലവും ഇവിടെത്തന്നെ  ഉറപ്പുവരുത്തുന്നതാണിത്. 
അവസ്ഥാത്രയത്തെച്ചൊല്ലിയുള്ള തത്ത്വവിചാരം
ദ്രവ്യപ്രപഞ്ചത്തെ ഉണര്‍ത്തിയുദ്‌ബോധിപ്പിയ്ക്കുന്നതാണ് ജാഗ്രദവസ്ഥ. അത് എങ്ങനെ സംഭവിയ്ക്കുന്നുവെന്ന് ആരും ചിന്തിക്കാറില്ല. ഇവിടെയാണ് അധ്യാത്മതത്ത്വവിചാരത്തിന്റെ പ്രസക്തി. 
ജാഗ്രത്തിനു മുമ്പുംപിമ്പുമായുള്ള അവസ്ഥയാണ് സുഷുപ്തി. സുഷുപ്തിയാണ് വാസ്തവത്തില്‍ ജാഗ്രദവസ്ഥയുടെ ഉദ്ഭവസ്ഥാനം.  അവിടെത്തന്നെയാണ് അതു ലയിച്ചുചേരുന്നതും.  ഇതിനര്‍ഥം, സുഷുപ്തിയാണ് ജാഗ്രത്തിനെ വിടര്‍ത്തി വെളിവാക്കിത്തരുന്നത്. 
ഈ രണ്ടിനുമിടയില്‍ ഉയര്‍ന്നുതാഴുന്ന പ്രതിഭാസമത്രേ സ്വപ്‌നം. 
വിശ്വന്‍, പ്രാജ്ഞന്‍, തൈജസന്‍ എന്നീ മൂന്നിന്റെ  പ്രകടനമാണ് ഈ മൂന്നവസ്ഥകള്‍. ഈ മൂന്നിന്റേയും ഉദ്ഭവവും ലയവും ഒന്നുതന്നെ. ആഗന്തുകങ്ങളാണിവ. 
അധിഷ്ഠാനവും അചഞ്ചലവുമായി പ്രകാശിയ്ക്കുന്നതത്രേ തുരീയം, നാലാമത്തേത്. മൂന്നവസ്ഥകളേയും അതില്‍ ലയിപ്പിച്ചു ശുദ്ധാത്മാവായിത്തീരുന്നതാണ് നിവൃത്തിനിഷ്ഠയുടെ ശരിയായ ലക്ഷ്യം. മാര്‍ഗവും ലക്ഷ്യവും ഒരേപോലെ അവനവന്റെ തന്നെ വ്യക്തിത്വത്തിലാണ് നില്‍ക്കുന്നത്. 
ഈ സത്യം ശരിക്കും ഉണരണം, തുടര്‍ന്നു പിന്തുടരണം,  അതിന്റെ സ്വാധീനത്താല്‍ ഇന്ദ്രിയങ്ങളും മനസ്സും  ബുദ്ധിയും ശുദ്ധമാകണം. അനന്തരം അവസാനവും ആദ്യവുമായ ഉള്‍ച്ചേതനയില്‍ എത്തിച്ചേര്‍ന്ന്, അലിഞ്ഞ് അതായിത്തീരണം. അപ്പോള്‍ വേദങ്ങളനുശാസിക്കുന്ന നിവൃത്തികര്‍മാനുഷ്ഠാനം സഫലസമ്പൂര്‍ണമായി.
ദേവയാനമെന്ന ആത്മോപാസനപഥമാണിത്. ഉപശമത്തിലേയ്ക്കു നയിക്കുന്ന ഈ ദിവ്യമാര്‍ഗം ഒരുവനെ ആത്മജ്ഞനും ആത്മസ്ഥിതനും സ്ഥിതപ്രജ്ഞനുമാക്കിത്തീര്‍ക്കുന്നു.
കാലേകൂട്ടിത്തന്നെ ഈ രണ്ടുമാര്‍ഗങ്ങളേയും, അവയുടെ വ്യത്യസ്തഫലങ്ങളേയും വിശകലനംചെയ്തു മനസ്സിലാക്കണമെന്നാണ് ജ്ഞാപകമായ വേദത്തിന്റെ ഉദ്ദേശ്യം. വിവേകം തെളിഞ്ഞു ശോകമോഹങ്ങള്‍ നീങ്ങി, മനുഷ്യന്‍ ഉദ്ബുദ്ധനും, സുഖിയുമാകുന്നത് അപ്പോഴാണ്. അല്ലാതെ മുന്‍പിന്‍ചിന്തിക്കാതെ, വെറും കാമ്യകര്‍മങ്ങളുടെ പിന്നാലെ അന്ധപ്രയാണം നടത്തുമ്പോഴല്ലെന്നാണ് ഭാഗവത കഥനത്തിന്റെ സാരാംശം.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍

No comments: