Thursday, February 15, 2018

"നിത്യഃ സർവ്വഗതഃ സൂക്ഷ്മഃ സദാനന്ദോ നിരാമയഃ വികാരരഹിതസ്സാക്ഷീ സർവ്വവ്യാപീ സദാശിവഃ"
( വാതുലശുദ്ധാഖ്യതന്ത്രം)
നിത്യനും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നവനും അതേസമയം സൂക്ഷ്മസ്വരൂപനും സദാനന്ദമൂർത്തിയും നിർവ്വികാരനും സാക്ഷിയും എങ്ങും നിറഞ്ഞു നിൽക്കുന്നവനുമാണ് സദാശിവൻ. "ആജ്ഞാരൂപോ ഗുരുഃ സ്മൃതഃ" എന്ന മറ്റൊരു നിർവചനം പ്രസക്തമാണ്. ആജ്ഞാസ്വരൂപനാണ് ഗുരു. അതായത് ശരിയും തെറ്റും വേർതിരിച്ച് മാർഗ്ഗത്തിലേക്ക് നയിക്കുന്ന ആചാര്യനാണ് ഗുരു.
ഇച്ഛാ - ക്രിയാ - ജ്ഞാനശക്തികളിൽ, ജ്ഞാനശക്തിയുടെ അഭാവം (ഗുരുവിന്റെ) മറ്റുരണ്ടു ശക്തികളേയും നിഷ്ക്രിയമാക്കുന്നു. അന്തഃസാരശൂന്യമക്കുന്നു. ജ്ഞാനശക്തിയാകുന്ന ഗുരുവിന്റെ സാന്നിദ്ധ്യവും അനുഗ്രഹവും എപ്പോഴും എവിടെയും അത്യാവശ്യമാണെന്നു വരുന്നു. പല ക്രിയകളുടെയും പരാജയകാരണം ഗുരുവിന്റെ അനുഗ്രഹത്തിന്റെ അഭാവമാണെന്നു കരുതാൻ ന്യായമുണ്ട്.
കാരണം അതാതു ദേവന്റെ (ദേവത) പ്രതിബിംബാത്മകമൂർത്തിയായി. കർമ്മസാക്ഷിയായി; സദാ അഭയപ്രദനായി ഗുരു സ്ഥിതി ചെയ്യുന്നു. മന്ത്രമൂർത്തിയുടെ അനിഷ്ട്ത്തെപ്പോലും തിരുത്താൻ കെൽപ്പുള്ള പൂർണ്ണകൃപാനിധിയാണ് ഗുരു.
"ദേവേ രുഷ്ടേ ഗുരുസ്ത്രാതാ ഗുരോരുഷ്ടേന കാശ്ചന" (കുലാർണ്ണവം)
ദേവൻ കോപിച്ചാൽ ഗുരു രക്ഷിക്കും. ഗുരു കോപിച്ചാൽ പിന്നെ ആരുംതന്നെ രക്ഷിക്കാനില്ല.
ഗുരു കർമ്മസാക്ഷിയാണ് ആ നിലയ്ക്ക് കർമ്മഫലദാതാവെന്ന നിലയിലും ഗുരു വലിയ പങ്കു വഹിക്കുന്നുണ്ട്. ഗുരു ദേവാധിദേവനാണ്.
ശ്രീകൃഷ്ണൻ ഒരിടത്തു പറയുന്നു.
“ആചാര്യം മാം വിജാനീയാന്നാവമന്യേവകർഹിചിത്
ന മർത്ത്യബുദ്ധ്യാ സൂയതേ സർവ്വദേവമയോ ഗുരു"
എന്നെ ആചാര്യൻ തന്നെയായി കാണുക. മനുഷ്യനായി കാണാതിരിക്കുക, ഞാൻ സർവ്വദേവമയസ്വരൂപനായ ഗുരുവല്ലാതെ മറ്റൊന്നല്ല എന്ന് പ്രത്യേകം മനസ്സിലാക്കുക....
.
കുലാർണവത്തിൽ ഗുരുകൽപന ഇപ്രകാരമാണ്;
"ദേശികാകൃതിമാസ്ഥായ പാശുപാശാനശേഷതഃ സർവ്വാനുഗ്രഹകർതൃത്ത്വാദീശ്വരഃ കരുണാനിധിഃ ആചാര്യരൂപമാസ്ഥായ ദീക്ഷയാ മോക്ഷയേത് പശൂൻ.
ഗുരുസ്വരൂപനായി, എല്ലാവിധ പാശങ്ങളെയും (ബന്ധനങ്ങളെയും) ഇല്ലാതാക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കണമെന്ന ഉദ്ദേശ്യത്തിൽ കരുണാനിധിയായ ഈശ്വരൻ തന്നെയാണ് ആചാര്യസ്വരൂപം കൈകൊണ്ട് ദിവ്യമായ ജ്ഞാനോപദേശം നൽകി മോക്ഷത്തിലേക്ക് നയിക്കുന്നത്. ഗുരുവിൽ സർവ്വദേവതാസാന്നിദ്ധ്യമുണ്ടെന്ന് കുലാർണ്ണവം.
"ഗുരുഃ സർവ്വസുരാധീശോ, ഗുരുഃ സാക്ഷീകൃതാകൃതേ സംപൂജ്യ സകലം കർമ്മം കുര്യാത്തസ്യജ്ഞായാ സദാ" (കുലാർണ്ണവം)
ഗുരു എല്ലാ ദേവന്മാരുടെയും അധീശനാണ്. നാം എന്തെല്ലാം ചെയ്യുന്നുവോ (ഗുണവും ദോഷവും) അതിന്റെയെല്ലാം സാക്ഷിയാണ് ഗുരു. അതുകൊണ്ട് ആദ്യം തന്നെ ഗുരുവിനെ പൂജിച്ചു സന്തോഷിപ്പിച്ച്, ഗുരുവിന്റെ അനുവാദത്തോടും ആശിർവാദത്തോടും കൂടി വേണം എല്ലാകർമ്മങ്ങളും അനുഷ്ഠിക്കുവാൻ " ഗുരുദൈവതമന്ത്രാണാമൈക്യം സഞ്ചിന്തയേദ്ധിയാ" . ഗുരുവും ദേവനും മന്ത്രവും എല്ലാം ഒന്നാണെന്ന ഭാവം പ്രത്യേകം ഓർമ്മയുണ്ടായിരിക്കണം . മന്ത്രമൂർത്തിയും ഗുരുവും താനും എല്ലാം ഒന്നെന്ന ഭാവത്തിൽ എത്തിയ സാധകന് "അസ്മൽ പരതരോ ഗുരു" - തന്നിൽ നിന്ന് അന്യമായിട്ട് ഒരു ഗുരുവില്ല എന്ന ഉന്നതപദത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നു.
“പ്രവൃത്തിശ്ച നിവൃത്തിശ്ച ദ്വൗ ഭാവൗ ജീവസംജ്ഞിതൗ പ്രവൃത്തി ഭാവശ്ചിന്തായാമധോവക്രാണി പാർവ്വതീ നിവൃത്തിര്യോഗമാർഗ്ഗേഷു സദൈവോർദ്ധ്വമുഖാനി ച
യേ നേവന്യാസമാത്രേണ ദേവവൽ ജാതതേ നരഃ
( ശാക്താനന്ദതരംഗിണി)
മനുഷ്യർക്ക് പ്രവൃത്തിമാർഗ്ഗമെന്നും നിവൃത്തിമാർഗ്ഗമെന്നും രണ്ടു പദ്ധതികൾ ഉണ്ട്. പ്രവൃത്തി മാർഗ്ഗം ചിന്തയെ ആശ്രയിച്ചിരിക്കുന്നതും അധോമുഖമായതും ആണ്. നിവൃത്തിമാർഗ്ഗം പ്രവൃത്തിമാർഗ്ഗത്തിനു വിപരീതവും യോഗമാർഗ്ഗത്തെ ആശ്രയിച്ചിരിക്കുന്നതും ഊർദ്ധ്വമുഖമായതും ആണ്. ഈ രണ്ട് മാർഗ്ഗങ്ങളുടെയും വിന്യാസ - ക്രമീകരണത്തിലൂടെ മനുഷ്യൻ ദേവനെപ്പോലെ ആയിത്തീരുന്നു.
പ്രവൃത്തി + നിവൃത്തി = ദേവഭാവം
ദേവഭാവത്തെ പ്രകാശനം ചെയ്യുന്ന മനുഷ്യാവതാരമാണ് ഗുരു.
കേരളഹിന്ദുവും ആത്മീയതയും

No comments: