Thursday, February 08, 2018

മൂലപ്രകൃതി മഹാവിഷ്ണുവിന്റെ രൂപത്തില്‍ അവതരിച്ചപ്പോള്‍ ആ ഭഗവാന് സൃഷ്ടിക്കുന്നതിനുള്ള ആഗ്രഹം ഉദിച്ചു. ഉടന്‍തന്നെ ഭഗവാനിലുള്ള ദേവ്യംശങ്ങള്‍ ദുര്‍ഗ, ലക്ഷ്മി, സരസ്വതി, സാവിത്രി, രാധ എന്ന പഞ്ചരൂപങ്ങളില്‍ ആവിര്‍ഭവിച്ചു. ഈ അഞ്ചുരൂപങ്ങളെ പഞ്ചദേവിമാര്‍ എന്നു പറയുന്നു.
പഞ്ചരൂപങ്ങള്‍ക്കു പുറമേ ദേവിയുടെ അംശത്തില്‍നിന്നു രൂപംകൊണ്ട ആറ് ദേവികളുണ്ട്.
ഗംഗാദേവി
വിഷ്ണുവിന്റെ ദേഹത്തുനിന്ന് ഉദ്ഭവിച്ചവളും ജലരൂപത്തില്‍ പ്രവഹിക്കുന്നവളും മനുഷ്യന്റെ പാപങ്ങളെ നശിപ്പിക്കുന്നവളും പുണ്യദാത്രിയുമാണ്.
തുളസീദേവി
വിഷ്ണുവിന്റെ കാമിനിയും വിഷ്ണുവിന്റെ പാദസേവിനിയുമാണ്. ഈ ദേവിയും മനുഷ്യന്റെ പാപം നശിപ്പിച്ച് പുണ്യം കൊടുക്കുന്നു.
മനസാദേവി
കശ്യപ പുത്രിയും ശങ്കരന്റെ പ്രിയശിഷ്യയും മഹാജ്ഞാന വിശാരദയും നാഗരാജാവായ അനന്തന്റെ സഹോദരിയും നാഗവാഹിനിയും തപോധനന്മാര്‍ക്കു ഫലം കൊടുക്കുന്നവളും മന്ത്രങ്ങളുടെ അധിദേവതയും ജരല്‍ക്കാരുമുനിയുടെ പത്നിയും ആസ്തികമുനിയുടെ മാതാവുമായ തപസ്വിനിയാണ്.
ദേവസേനാദേവി
മഹാമായയുടെ ആറില്‍ ഒരു ഭാഗംകൊണ്ട് ജനിച്ചവളാകയാല്‍ ഷഷ്ഠീദേവി എന്ന പേരും പറഞ്ഞുകാണുന്നു. ജീവികള്‍ക്ക് പുത്രപുത്രിമാരെ കൊടുക്കുന്നതും അവരെ രക്ഷിക്കുന്നതും ഈ ദേവിയാണ്.
മംഗള ചണ്ഡിക
മൂലപ്രകൃതിയുടെ മുഖത്തുനിന്നു ജനിച്ചവളാണ്. ഈ ദേവി പ്രസാദിച്ചാല്‍ പുത്രന്‍, പൌത്രന്‍, ധനം, ഐശ്വര്യം, കീര്‍ത്തി തുടങ്ങിയ സകല മംഗളങ്ങളും ലഭിക്കും
. ഭൂമിദേവി
സര്‍വത്തിനും ആധാരഭൂതയും സര്‍വസസ്യങ്ങള്‍ക്കും ഉത്പത്തിസ്ഥാനവും സര്‍വരത്നങ്ങളുടെയും ഭണ്ഡാഗാരവും കരുണാമൂര്‍ത്തിയുമാകുന്നു.
മഹാമായയുടെ അംശങ്ങളുടെ അംശങ്ങള്‍കൊണ്ട് ജനിച്ചവരാണ് അംശകലാദേവികള്‍.
അഗ്നിഭഗവാന്റെ ഭാര്യയായ സ്വാഹാദേവി,
യജ്ഞദേവന്റെ ഭാര്യ ദക്ഷിണാദേവി,
പിതൃക്കളുടെ പത്നി സ്വധാദേവി,
വായുപത്നി സ്വസ്തിദേവി,
ഗണപതിയുടെ ഭാര്യ പുഷ്ടിദേവി,
അനന്തപത്നി തുഷ്ടിദേവി,
ഈശാനപത്നി സമ്പത്തി,
കപിലപത്നി ധൃതി,
സത്യപത്നി സതീദേവി,
മോഹപത്നി ദയാദേവി,
പുണ്യപത്നി പ്രതിഷ്ഠാദേവി,
സുകര്‍മപത്നികളായ സിദ്ധാദേവിയും കീര്‍ത്തിദേവിയും, ഉദ്യോഗപത്നി ക്രിയാദേവി
തുടങ്ങിയവരാണ് അംശകലാദേവികള്‍...rajeev kunnekkat

No comments: