Friday, February 16, 2018

 പരീക്ഷപ്പേടി തീര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളുമായി സംവദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിദ്യാര്‍ത്ഥികളോട് നടത്തിയ 'പരീക്ഷാ പേ ചര്‍ച്ച' തത്സമയ സംപ്രേഷണത്തിലൂടെ നാടെമ്പാടും കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കണ്ടു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടും നയവും നിലപാടും ഉപദേശവും ടെലിവിഷനും ഇന്റര്‍നെറ്റ് സംവിധാനവും വിനിയോഗിച്ച് നാടെമ്പാടും രക്ഷിതാക്കളും അദ്ധ്യാപകരും കേട്ടു, കണ്ടു. തികച്ചും മനശ്ശാസ്ത്രപരമായ ഇടപെടലായെന്ന് പലരും അഭിപ്രായപ്പെട്ടു. യുപി തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതായി 'പരീക്ഷ പേ ചര്‍ച്ച.' കേന്ദ്ര മാനവ വിഭവവകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ ചര്‍ച്ചയ്ക്ക് ആമുഖം പറഞ്ഞു. 
ദല്‍ഹി തല്‍ക്കത്തോറ സ്‌റ്റേഡിയത്തിലായിരുന്നു തത്സമയ പരിപാടി. പരീക്ഷാ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പരീക്ഷയോടുള്ള സമീപനം മാറ്റാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. 
മോദി പറഞ്ഞു, '' ആദ്യം പഠിപ്പിക്കുന്ന ഗുരുക്കന്മാരെ ബഹുമാനിക്കുക.'' '' വിവേകാന്ദന്‍ പറഞ്ഞിട്ടുണ്ട്, അഹം ബ്രഹ്മാസ്മി, അതായത് ഞാന്‍ ചെറുതാണെന്ന് ഒരിക്കലും ചിന്തിക്കാതിരിക്കുക, അത് നമുക്ക് ആത്മവിശ്വാസമുണ്ടാക്കും.''
ആത്മവിശ്വാസം:
മോദി പറഞ്ഞു: പരീക്ഷയ്ക്കിരിക്കുമ്പോള്‍ ഓര്‍മ്മിക്കുക, ഞാനാണ് മറ്റുള്ളവരല്ല എന്റെ ഭാവി നിശ്ചയിക്കുന്നതെന്ന്. കഠിനാധ്വാനത്തിലൂടെയും സ്വയം വെല്ലുവിളിക്കുകയും ചെയ്യുമ്പോഴാണ് ആത്മവിശ്വാസമേറുന്നത്. ശരിയായ അറിവും നൈപുണ്യവും അതിനുപരി ആത്മ വിശ്വാസവുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടത്.
ഏകാഗ്രത:
ദിവസവും ചിലത് നമ്മള്‍ ഏകാഗ്രതയോടെ ചെയ്യും. എന്താണതിനു നിങ്ങളെ പ്രേരിപ്പിക്കുന്നത്. സ്വയം ചോദിക്കുക. എന്തുകൊണ്ട് അതിഷ്ടപ്പെടുന്നുവെന്നും ചിന്തിക്കുക. കാരണം കണ്ടെത്തി അത് മറ്റെല്ലാ പ്രവര്‍ത്തനങ്ങളിലും സ്വീകരിക്കുക. ഏകാഗ്രത പ്രത്യേകം പഠിച്ചെടുക്കേണ്ട വിദ്യയല്ല. കൂട്ടുകാരോട് സംസാരിക്കുമ്പോള്‍, പാട്ടു കേള്‍ക്കുമ്പോള്‍, വായിക്കുമ്പോള്‍ അങ്ങനെ എപ്പോഴെങ്കിലുമൊക്കെ പലരും ദിവസവും ഏകാഗ്രത കാട്ടുന്നു. യോഗ ഏകാഗ്രത കൂട്ടാനുള്ള നല്ല വിദ്യയാണെന്ന് ഞാന്‍ പറയും. ചിലര്‍ പറയും അത് ജീവിതരീതിയാണെന്ന്, ചിലര്‍ കായികാഭ്യാസമാണെന്നും. ഞാന്‍ അതിനെല്ലാം മേലേയാണത് എന്നു പറയും. കായികാഭ്യാസം മാത്രമാണെങ്കില്‍ അവര്‍ക്ക് സര്‍ക്കസാണ് കൂടുതല്‍ വഴങ്ങുക.
സച്ചിന്‍ തെണ്ടുല്‍ക്കര്‍
എന്റെ ഒരു മന്‍ കീ ബാത് പരിപാടിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, 'ഞാന്‍ കളിക്കുമ്പോള്‍ സിക്‌സ് അടിക്കുമോ എന്ന കാര്യങ്ങളിലൊന്നും എനിക്ക് ചിന്താവ്യഥയില്ല. ഞാന്‍ മറ്റെല്ലാം മറക്കുന്നു,' എന്ന്. അതാണ് ശരിയായ വഴി. അപ്പോഴത്തെ പ്രവൃത്തിയില്‍ മുഴുകി ജീവിക്കുക.
സമ്മര്‍ദ്ദം: 
കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കി. നരേന്ദ്ര മോദി പറഞ്ഞു: മറ്റുള്ളവരുമായി മത്സരിക്കാന്‍ പോകണ്ട. തന്നോടുതന്നെ മത്സരിക്കുക. പക്ഷേ നിങ്ങള്‍ നിങ്ങളോട് മത്സരിക്കണമെങ്കില്‍ നിങ്ങളുടെ പ്രതിയോഗിയെ ആദ്യം സൂക്ഷ്മമായി തിരഞ്ഞെടുക്കണം. നിങ്ങളുടെ ചങ്ങാതി എത്രനേരം പഠിക്കുന്നുവെന്ന് വ്യാകുലപ്പെടേണ്ട. ഒരു ദിവസം നിങ്ങള്‍ നിശ്ചിത സമയം പഠിച്ചുവെന്ന് കരുതുക. അടുത്ത ദിവസം കൂടുതല്‍ സമയം പഠിക്കുക. 
രക്ഷിതാക്കള്‍: 
പരീക്ഷയില്‍ രക്ഷിതാക്കളുടെ പ്രതീക്ഷകളാണ് കുട്ടികളുടെ സമ്മര്‍ദ്ദം കൂട്ടുന്നത്. എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളുടെ മികവിനുവേണ്ടി പലതും ബലികഴിക്കുന്നുണ്ട്. രക്ഷിതാക്കളും സമ്മര്‍ദ്ദത്തിലാണ്. അവര്‍ക്ക് ഫീസിന് പണം പാഴാക്കാനില്ല. അവര്‍ കുട്ടികളെക്കുറിച്ച് ഒട്ടേറെ സ്വപനം കാണുന്നു. അവരുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കരുത്. രക്ഷിതാക്കള്‍ അവരുടെ പോരായ്മകള്‍ കുട്ടികളലേക്ക് തള്ളുന്നു.
രക്ഷിതാക്കള്‍ സ്വന്തം കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു. അതൊരു സാമൂഹ്യമാന്യതയുടെ മാനദണ്ഡമായി രക്ഷിതാക്കള്‍ കാണരുത്. ഓരോരോ പ്രത്യേകതകളുമായി ഓരോ കുട്ടിയും പ്രതിഭകളാണ്. സ്വന്തം കുട്ടികളുടെ നേട്ടം തന്റെ സാമൂഹ്യ മാന്യതയ്ക്ക് മാനദണ്ഡമായി മാറ്റരുതെന്ന് രക്ഷിതാക്കളോട് അപേക്ഷിക്കുന്നു. 18 വയസെത്തുന്ന കുട്ടിയെ രക്ഷിതാക്കള്‍ ചങ്ങാതിമാരായി കാണണം.
പരീക്ഷാ ഫോക്കസ്: 
പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആദ്യം വേണ്ടത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പഠിക്കലാണെന്ന് പറഞ്ഞ പ്രധാനമന്ത്രി വിചാര ശേഷി (ഇന്റലിജന്റ് കോഷ്യന്റ്-ഐക്യൂ) യും വികാര ശേഷിയും (ഇമോഷണല്‍ കോഷ്യന്റ്-ഇക്യൂ) വിവരിച്ചു. സ്വയം ഉത്തേജിതരാകാന്‍ ഇത് രണ്ടും വേണം. രണ്ടും തമ്മില്‍ സംതുലനവും വേണം. വിചാര ശേഷിയുള്ളവര്‍ക്കും ശരിയായി ജീവിക്കാന്‍ വികാര ശേഷി കൂടിയേ തീരൂ.
ഏകാഗ്രത വര്‍ദ്ധിപ്പിക്കാനുതകുന്ന വിവിധ യോഗാസനങ്ങളെക്കുറിച്ച് മോദി പറഞ്ഞു. ഗാഢനിദ്രയുടെയും സുഖനിദ്രയുടെയും ആവശ്യകത അദ്ദേഹം വിവരിച്ചു. ആരോഗ്യമുള്ള മനസിനും ശരീരത്തിനും അവ രണ്ടും വേണം. പരീക്ഷക്കാലത്ത് ഉറക്കം പ്രധാനമാണ്, പക്ഷേ സുഖ നിദ്രയാണ് വേണ്ടത്. 
അദ്ധ്യാപകര്‍: 
വിദ്യാര്‍ത്ഥി- അദ്ധ്യാപക ബന്ധത്തെക്കുറിച്ച് പറയവേ, സമൂഹത്തില്‍ അദ്ധ്യാപകര്‍ കുടുംബാംഗത്തെപ്പോലെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പണ്ടെല്ലാം ഇതായിരുന്നു വികാരം. ഇക്കാലത്ത് അത് പുനരാര്‍ജ്ജിക്കേണ്ടതുണ്ട്. സ്വാനുഭവം പറയവേ, അദ്ധ്യാപകര്‍ ജീവിതഗുരുക്കന്മാരാണെന്ന് പറഞ്ഞു. ഇക്കാലത്ത് ചില രക്ഷിതാകള്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ആരാണെന്നുപോലും അറിയുന്നില്ല. അദ്ധ്യാപകര്‍ കുട്ടികളുമായും അവരുടെ സാഹചര്യങ്ങളുമായും മാത്രമല്ല, കുട്ടിയുടെ കുടുംബവുമായും സമ്പര്‍ക്കത്തിലായിരിക്കണം.
പരീക്ഷക്ക് സമയം പ്രധാനമാണെന്നും അത് മാനേജ് ചെയ്യാന്‍ പഠിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. തൊഴില്‍ കിട്ടാന്‍ മാത്രമാകരുത് പഠിപ്പ്. തൊഴിലുകളെ നിങ്ങളുടെ കഴിവുകള്‍ അറിഞ്ഞ് തിരഞ്ഞെടുക്കുക, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. സംഘര്‍ഷമില്ലാത്ത, സമ്മര്‍ദ്ദമില്ലാത്ത, എല്ലാവരും വിജയിക്കുന്ന പരീക്ഷക്കാലം ആശംസിച്ചാണ് പ്രധാനമന്ത്രി പിരിഞ്ഞത്. 
സ്‌റ്റേഡിയം വിട്ടിറങ്ങിയ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു, ഹാവൂ ആശ്വാസമായി. ചിലര്‍ക്ക് പ്രധാനമന്ത്രിയുടെ ആത്മ വിശ്വാസത്തില്‍ അത്ഭുതവും ആദരവുമായിരുന്നു. govt. of india news.

No comments: