Friday, February 16, 2018

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ വിഷ്ണുക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലുള്ള സിംഹാചലം വരാഹനരസിംഹ ക്ഷേത്രം . 
തിരുപ്പതി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ ക്ഷേത്രമാണ് ഇത്. നരസിംഹമൂര്‍ത്തീ പ്രതിഷ്ഠയുള്ള പതിനെട്ട് ക്ഷേത്രങ്ങളില്‍ ഒന്ന് ..
മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സിംഹാചലമെന്ന കുന്നിന്റെ മുകളില്‍ വടക്കുഭാഗത്തായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തന്റെ ഭക്തനായ പ്രഹ്ലാദനെ ആപത്തില്‍നിന്നും രക്ഷിയ്ക്കാനായി വിഷ്ണു നരസിംഹമായി അവതരിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം . പ്രഹ്ലാദനാണ് ഈ ക്ഷേത്രം പണിതതെന്നും പറയപ്പെടുന്നു. പിന്നീട് കൃതയുഗത്തിന്ശേഷം ക്ഷേത്രം വേണ്ടവിധം പരിപാലിക്കപ്പെട്ടില്ലെന്നും നാശോന്മുഖമായ ക്ഷേത്രം പിന്നീട് ചന്ദ്രവംശത്തിലെ പുരൂരവസ്സ് പുനര്‍നിര്‍മ്മിച്ചുവെന്നും ഐതിഹ്യം .
ഒരിക്കല്‍, ഭാര്യയായ ഉര്‍വശിയോടൊപ്പം ആകാശമാര്‍ഗം സഞ്ചാരത്തിനിറങ്ങിയ പുരൂരവസ്സ് സിംഹാചലത്തില്‍ ഇറങ്ങി. മണ്ണുമൂടിക്കിടക്കുന്ന നരസിംഹമൂര്‍ത്തീ വിഗ്രഹം കണ്ട പുരൂരവസ്സ് വിഗ്രഹം മണ്ണുമാറ്റി വൃത്തിയാക്കി . ആ സമയത്ത്, വിഗ്രഹം ചന്ദനം കൊണ്ട് മൂടണമെന്നും ആ രൂപത്തിലായിരിക്കണം ഭക്തര്‍ ഭഗവാനെ കാണേണ്ടതെന്നും അശരീരിയുണ്ടായി. അങ്ങനെ പുരൂരവസ്സ് ചന്ദനം കൊണ്ട് വിഗ്രഹം പൊതിഞ്ഞ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചുവത്രേ.
അങ്ങിനെ ഭക്തപ്രഹ്ലാദനാണ് ക്ഷേത്രത്തില്‍ ആദ്യം പ്രതിഷ്ഠനടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ഹിരണ്യകശിപുവിനെ വധിച്ച്‌ കോപം ശമിക്കാതെ വിറകൊള്ളുന്നഉഗ്രനരസിംഹമാണ് പ്രധാനമൂര്‍ത്തി. ക്രോധഭാവം കുറയ്ക്കാന്‍ വിഗ്രഹത്തില്‍ കട്ടികുറഞ്ഞ സില്‍ക്ക് അണിയിച്ച്‌ അതിനുമുകളില്‍ ചന്ദനംകൊണ്ട് മൂടിയിരിക്കും. അശരീരിയിലുണ്ടായിരുന്നതുപ്രകാരം ഇന്നും ചന്ദനംമൂടിയ രൂപത്തിലാണ് ഇന്നും ഇവിടുത്തെ ഭഗവല്‍ദര്‍ശനം.
വിഗ്രഹത്തിന്റെ മുഖം പന്നിയുടേതാണ്. ഉടല്‍ മനുഷ്യന്റെയും വാല്‍ സിംഹത്തിന്റെയും.ത്രിഭംഗാസനത്തിലാണ് നരസിംഹമൂര്‍ത്തിയുടെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്.. വൈശാഖ മാസത്തിലെ മൂന്നാം ദിവസം മാത്രമേ ഭഗവാന്റെ ശരിയായ രൂപം ഭക്തര്‍ക്ക് കാണാന്‍ സാധിയ്ക്കുകയുള്ളു..
ഒറീസ, ദ്രാവിഡ വാസ്തുവിദ്യാ ശൈലികള്‍ കോര്‍ത്തിണക്കിയാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേയ്ക്ക് കയറിച്ചെല്ലാനുള്ള റോഡിന് ചുറ്റുമുള്ള കാഴ്ചകള്‍ മനോഹരമാണ്, പ്രകൃതിരമണീയമാണ് ഇവിടം. ആയിരത്തോളം പടികള്‍ കയറിവേണം ക്ഷേത്രത്തിലെത്താന്‍, പടികള്‍ക്കിരുവശവും മരങ്ങളുടെ തണലുള്ളതിനാല്‍ കയറുന്നതിന്റെ ക്ഷീണം അറിയുകതന്നെയില്ല.
ഏപ്രില്‍, ജൂണ്‍ മാസങ്ങളിലാണ് ഇവിടെ കൂടുതല്‍ ഭക്തര്‍ എത്താറുള്ളത്. ശനിയാഴ്ചയും, ഞായറാഴ്ചയും വിശേഷ ദിവസങ്ങളായിട്ടാണ് കണക്കാക്കുന്നത്, ഈ ദിവസങ്ങളില്‍ തിരക്കു കൂടും.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന വാര്‍ഷിക കല്യാണമെന്ന ഉത്സവവും, ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുന്ന ചന്ദനയാത്ര ഉത്സവവുമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.
അക്ഷയ തൃതീയനാളില്‍ യഥാര്‍ത്ഥവിഗ്രഹം കാണാന്‍ വന്‍ തിരക്കാണ്. ശത്രുനാശം, യുദ്ധവിജയം, രോഗശമനം എന്നിവയ്ക്ക് നരസിംഹദര്‍ശനവും ഭജനയും ഉത്തമമാണെന്ന് വിശ്വാസം.
വിശാഖപട്ടണത്തുനിന്ന് 23 കിലോമീറ്റര്‍ ദൂരമുണ്ട് സിംഹാചലത്തേക്ക്..

No comments: