ഭൗതികശാസ്ത്രം നേടിയെടുത്ത പ്രപഞ്ചാവബോധം വിപുലമാണ്. ഒരു പരീക്ഷണശാലയില്‍ പഠനം നടത്തുന്നതിനും വസ്തുതകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നതിനുമുള്ള സങ്കീര്‍ണ്ണ സംവിധാനം ആ ശാസ്ത്ര സമ്പ്രദായത്തിനുണ്ട്. എന്നാല്‍ ഋഷി വൃന്ദത്തിന്റെ ബോധ്യങ്ങള്‍ ഈ കാലത്തിന്റെ ശാസ്ത്രീയ കണ്ടെത്തലുകളോട് കിടപിടിക്കുന്നവയായിരുന്നു എന്ന വസ്തുത നമ്മെ അത്ഭുതപ്പെടുത്തും.
വേദേതിഹാസ പുരാണങ്ങളാകുന്ന ഋഷി പ്രസാദങ്ങളെ ആശ്രയിക്കണം. ഇവ കാരണമില്ലാത്ത കാരുണ്യക്കടല്‍ എന്ന് വിശേഷിപ്പിച്ച് നാം ആരാധിച്ചുപോരുന്ന ഗുരുപരമ്പരയുടെ അനുഗ്രഹങ്ങളാണ്. എന്തുകൊണ്ട് ഒരേ തത്ത്വം പല പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഒരേ സത്യം തന്നെയാണ് പല പ്രകാരത്തില്‍ പ്രകടിതമായത് എന്നതുകൊണ്ട് വ്യാഖ്യാനഭേദങ്ങളുണ്ടാവുന്നത് തെറ്റല്ല. സത്യസാക്ഷാത്ക്കാരത്തിന്റെ കാര്യത്തില്‍ പല പ്രകാരത്തില്‍ സമീപിക്കാന്‍ വ്യാഖ്യാന ഭേദങ്ങള്‍ സഹായകമാവുന്നു. സത്യപ്രഖ്യാപനത്തിന് രണ്ട് സമ്പ്രദായങ്ങളാണ് പരമ്പരാഗതമായി നിലവിലുള്ളത്. ഒന്ന് ശ്രൗതസമ്പ്രദായം, രണ്ടാമത്തേത് സ്മാര്‍ത്ത സമ്പ്രദായം. വേദങ്ങള്‍ (ഉപനിഷത്തുക്കളടക്കം) ശ്രൗതസമ്പ്രദായത്തില്‍ പെടും. ഇതിഹാസ പുരാണങ്ങളാകട്ടെ സ്മാര്‍ത്ത സമ്പ്രദായത്തില്‍ ഉള്‍പ്പെടുന്നു.
ഋഷി ജനം തപോ ധ്യാനങ്ങളിലൂടെ സാക്ഷാത്കരിച്ച തത്ത്വചിന്താ മഹത്വവും പ്രയോജനവും അവര്‍ സ്വശിഷ്യര്‍ക്ക് പറഞ്ഞു കൊടുത്തു. ഇത് ശ്രവിച്ച് ഹൃദിസ്ഥമാക്കിയ ശിഷ്യഗണം അക്കാര്യങ്ങള്‍ സാക്ഷാത്കരിച്ചതിനോടൊപ്പം വീണ്ടും അടുത്ത തലമുറയ്ക്ക് പങ്കുവച്ച് കൊടുക്കുകയും ചെയ്തു പോന്നു. ഈ നിലയില്‍ സംലഭ്യമായതാണ് ശ്രൗതപാരമ്പര്യം -വേദങ്ങള്‍. നാലു വേദങ്ങള്‍ സനാതന ധര്‍മ്മചിന്തയുടെ അടിസ്ഥാന ഗ്രന്ഥങ്ങളാകുന്നു. വേദങ്ങളില്‍ പ്രപഞ്ചത്തിന്റെ നാരായവേരിനെക്കുറിച്ചും, ബഹുപ്രകാരത്തില്‍ പടര്‍ന്നു പന്തലിച്ചു പരിലസിക്കുന്ന പ്രപഞ്ചവൃക്ഷത്തെക്കുറിച്ചും വിശദമായി അപഗ്രഥിച്ചിട്ടുണ്ട്, പ്രകീര്‍ത്തിച്ചിട്ടുണ്ട്. ആധാരസത്തയെക്കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്. വേദങ്ങളുടെ താല്‍പര്യവും സാരവും ഉപനിഷത്തുകളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഈ വൈദിക പാഠങ്ങള്‍ ചരിത്രത്തിന്റേയും കഥയുടേയും പശ്ചാത്തലത്തില്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലുമൊക്കെ പുനരാവിഷ്‌കരിച്ചിരിക്കുന്നു. രാമായണമെന്ന പ്രഥമ ഇതിഹാസം , വേദസാരമാകുന്ന ശ്രീരാമ പ്രഭുവിനെ പരിചയപ്പടുത്തുന്ന വേദമാകുന്നു എന്നൊരു പ്രയോഗം ഉണ്ട്.
'വേദ വേദ്യേ പരേ പുംസി
ജാതേ ദശരഥാത്മജേ
വേദഃ പ്രാചേതസാദാസീത്
സാക്ഷാത് രാമായണാത്മനാ'
രാമായണത്തെ സംബന്ധിക്കുന്ന ഒരു സ്തുതിയാണുദ്ധരിച്ചത്. (വേദവേദ്യനായ പരമപുരുഷന്‍ ശ്രീരാമചന്ദ്രപ്രഭുവായി അവതരിച്ചപ്പോള്‍ വേദം വാല്മീകി മഹര്‍ഷിയില്‍ നിന്ന് രാമായണമായും അവതരിച്ചു.) വാല്മീകി രാമായണം പോലെ മഹാഭാരതവും ധര്‍മ്മ വിഷയമായ പാഠങ്ങള്‍ പകര്‍ന്നു തരുന്നതു കൊണ്ട് ഉപനിഷദ്‌സാരം തന്നെ. ഋഷീശ്വരന്മാര്‍ അവരുടെ അനുകമ്പാര്‍ദ്രമായ അനുഗ്രഹത്തെ സര്‍ഗ്ഗാത്മകമായ ആവിഷ്‌കാരമായിട്ടാണ് ഇതിഹാസങ്ങളിലും, വിവിധ പുരാണങ്ങളിലും പ്രകാശിപ്പിച്ചത്. ഇങ്ങനെ നമുക്കു ലഭ്യമായ ശ്രൗതസ്മാര്‍ത്ത പാരമ്പര്യം സമ്പന്നമാണ്. വൈദിക പാരമ്പര്യത്തിന് ചരിത്രപരമായി പതിനായിരം വര്‍ഷങ്ങളോളം പഴക്കമുണ്ടെന്നു നിരീക്ഷിക്കപ്പെടുന്നു.
ഭൗതികശാസ്ത്രം നേടിയെടുത്ത പ്രപഞ്ചാവബോധം വിപുലമാണ്. ഒരു പരീക്ഷണശാലയില്‍ പഠനം നടത്തുന്നതിനും വസ്തുതകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നതിനുമുള്ള സങ്കീര്‍ണ്ണ സംവിധാനം ആ ശാസ്ത്ര സമ്പ്രദായത്തിനുണ്ട്. എന്നാല്‍ ഋഷിവൃന്ദത്തിന്റെ ബോധ്യങ്ങള്‍ ഈ കാലത്തിന്റെ ശാസ്ത്രീയ കണ്ടെത്തലുകളോട് കിടപിടിക്കുന്നവയായിരുന്നു എന്ന വസ്തുത നമ്മെ അത്ഭുതപ്പെടുത്തും. ഭൗതിക ശാസ്ത്രപുരോഗതി ശ്രൗതവും സ്മാര്‍ത്തവുമായ സത്യ സാക്ഷാത്കാരങ്ങള്‍ക്ക് അനുകൂലമാവുന്നുണ്ടെന്നത് നിഷ്പക്ഷ പഠിതാക്കളെ വിസ്മയിപ്പിക്കാതിരിക്കില്ല. ഒരാറ്റത്തിന്റെ അന്തര്‍രഹസ്യങ്ങള്‍ പരീക്ഷണശാലയില്‍ വിശകലനം ചെയ്തറിയാനുള്ള കഴിവ് ആര്‍ജ്ജിച്ചിട്ടില്ലാത്ത കാലത്തും അടിസ്ഥാനപരമായ തത്ത്വം സ്വയം മാറാതെ പ്രപഞ്ചമായി വിരിയുന്നു എന്ന് മുനിമാര്‍ കണ്ടെത്തി. നാരായണ ഗുരുദേവന്‍ ആത്മോപദേശ ശതകത്തില്‍ ഈ വസ്തുതയുടെ നേര്‍ ചിത്രം പങ്കുവെയ്ക്കുന്നത് ശ്രദ്ധിക്കാം:
'പരവെളി തന്നിലുയര്‍ന്ന
ഭാനുമാന്‍ തന്‍
തിരുവുരുവനു തിരഞ്ഞു
തേറിടേണം'
'വെളിയിലിരുന്നു
വിവര്‍ത്തമിങ്ങു കാണും
വെളി മുതലായ
വിഭൂതിയഞ്ചുമോര്‍ത്താല്‍'
പ്രപഞ്ചമായി, പഞ്ചഭൂത വിഭൂതിയായി പരിലസിക്കുന്നത് ഏതൊരു തത്ത്വമാണ് എന്ന ചോദ്യത്തിന് ഗുരുദേവന്‍ നല്‍കുന്ന ഉത്തരം നോക്കുക.
'പരവെളി തന്നിലുയര്‍ന്ന
ഭാനുമാന്‍ തന്‍
തിരുവുരുവനു തിരഞ്ഞു
തേറിടേണം'
ചിദാകാശത്തില്‍ ഉദിച്ചുയരുന്ന ആത്മസൂര്യന്റെ, ബോധസൂര്യന്റെ, സച്ചിദാനന്ദസൂര്യന്റെ തിരുവുരുവാണ് തിരുമേനിയാണ്.
ഓര്‍ത്താല്‍, തിരഞ്ഞു തേറിടേണം ഈ രണ്ടു പ്രയോഗങ്ങള്‍ ജന്മലക്ഷ്യം മറന്ന് ഭോഗ താല്‍്പര്യ തിരക്കുകളില്‍ അലയുന്ന നമ്മെ ജാഗ്രതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളവയാണ്.
ഇവിടെ തത്ത്വാന്വേഷകരുടെ ജോലി വളരെ ലളിതം. അന്വേഷണത്തിന്റെ പാതയില്‍ നിരങ്കുശം അന്വേഷണത്തിനു തയ്യാറാവണം. അങ്ങനെ പുറം ലോകത്തില്‍ അന്വേഷണം ആരംഭിച്ചാല്‍ അടിസ്ഥാനപരമായി ആകാശം തുടങ്ങി അഞ്ചു വിഭൂതികള്‍ തിരിച്ചറിയാന്‍ കഴിയും. മറ്റുള്ള പദാര്‍ത്ഥ ജാലങ്ങള്‍ പഞ്ചഭൂത വിസ്താരമാണല്ലോ.
'വെളിയിലിരുന്നു
വിവര്‍ത്തമിങ്ങു കാണും
വെളിമുതലായ വിഭൂതിയഞ്ചുമോര്‍ത്താല്‍'
(പുറത്ത് ആകാശം തുടങ്ങിയ
വിഭൂതികളുണ്ട്. ഇതൊക്കെ
വിശകലനം ചെയ്ത് പഠിച്ചാല്‍ )
വെളിയില്‍ കാണുന്നതൊക്കെ വിവര്‍ത്ത വിഭൂതിയാണ് എന്ന സൂചന ധ്യാനാത്മകമത്രെ. ഒരു തത്ത്വം സ്വയം മാറാതെ മറ്റൊന്നായി പ്രകാശിതമാകുന്ന പ്രതിഭാസത്തെ 'വിവര്‍ത്തം' എന്നു വിശേഷിപ്പിക്കുന്നു. വിഭൂതി എന്ന വിശേഷണവും ശ്രദ്ധേയമാകുന്നു. തത്ത്വത്തിന്റെ സവിശേഷ പ്രകടനമാണ് വിഭൂതി.
പര്‍വതങ്ങളായാലും, നദികളായാലും, വൃക്ഷങ്ങളായാലും, സൂര്യചന്ദ്രാദികളായാലും ശരി എല്ലാ പദാര്‍ത്ഥ ജാലങ്ങളും പരിലസിക്കുന്നത് ഭൂതാകാശത്തിലാണ്. ഈ ഭൂതകാശത്തിനപ്പുറത്ത് അതിനേക്കാള്‍ സൂക്ഷ്മമായ ചിത്താകാശം എല്ലാ ചിന്തകളും പരിലസിക്കുന്ന ചിത്താകാശം(മാനസികം) ഉണ്ട് .
വാസ്തവത്തില്‍ ഭൂതഭൗതിക പദാര്‍ത്ഥജാലം വര്‍ത്തിക്കുന്നത് എവിടെയാണ് എന്നത് ഭൗതിക ശാസ്ത്രത്തിന്റെ വലിയ ചോദ്യമാണ്. ചില ദാര്‍ശനികന്മാരുടെ നിരീക്ഷണമനുസരിച്ച്, നാം കാണുന്ന ഒരു പാറക്കല്ല്, അത് പുറത്ത് ഒരു പദാര്‍ത്ഥമായിട്ടില്ലത്രേ. അത് മനസ്സിലെ ഒരു ആശയമാണ് എന്നാകുന്നു.( പക്ഷേ പ്രായോഗികതലത്തില്‍ ഇതിനൊരു മറുവാദം ഉണ്ട്. നിങ്ങളുടെ മനസ്സിലുള്ളതല്ലേ കല്ല്. അത് പുറത്തില്ലല്ലോ. അങ്ങിനെയെങ്കില്‍ കല്ലിനെ ഒന്നു തൊഴിക്കൂ കാണട്ടെ! തൊഴിച്ചാല്‍ കല്ലില്‍ തട്ടി കാലിനു പരുക്കുണ്ടാകും). ഇത്തരം ദാര്‍ശനിക ചര്‍ച്ചകള്‍ അതിന്റെ പാട്ടിന് നടക്കട്ടെ. ശരിയായ അന്വേഷണത്തിന് തീര്‍ച്ചയായും ഭൂതാകാശത്തിന് അപ്പുറത്ത് ഒരു ചിത്താകാശം ഉണ്ടെന്ന വസ്തുത നിഷേധിക്കാന്‍ കഴിയില്ല. അതിനുമപ്പുറത്താണ് ചിദാകാശം. ഈ ചിദാകാശത്തില്‍ ഉദിച്ചുയര്‍ന്ന് പരിലസിക്കുന്ന സൂര്യന്റെ ആത്മസൂര്യന്റെ, ബോധസൂര്യന്റെ, സച്ചിദാനന്ദ സൂര്യന്റെ, തിരുദേഹമാണ് പ്രപഞ്ചമെന്ന് നാരായണ ഗുരുദേവന്‍ പറഞ്ഞു തരുന്നു.
വേദങ്ങളിലും (വിശേഷിച്ച് ഉപനിഷത്തുകളില്‍) ഇതിഹാസപുരാണങ്ങളിലും പങ്കുവച്ചിട്ടുള്ള ഇതേ വസ്തുതയെ പിന്നീട് വന്ന ശാസ്ത്ര സൗകര്യങ്ങളുടെ പശ്ചാത്തലത്തലം തെളിയിച്ചു കൊണ്ടിരിക്കുന്നു എന്നു പറയുന്നത് ഒരു അന്ധമായ അവകാശവാദമല്ല. അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ആചാര്യന്‍മാര്‍ പറയുന്നത് വിവര്‍ത്തമാറ്റത്തെ കുറിച്ചാണ്. വിവര്‍ത്തമാറ്റത്തിനനുസൃതമായ നിരീക്ഷണം ഭൗതിക ശാസ്ത്രത്തിലുമുണ്ട്. പദാര്‍ത്ഥലോകത്തിന് കാരണമായ ഊര്‍ജ്ജത്തെ നമുക്ക് ഉത്പാദിപ്പിക്കാനും, നശിപ്പിക്കാനും സാധിക്കില്ല. അത് പരിണതികള്‍ക്ക് വിധേയമായി പലതായി പരിലസിക്കുന്നു. ഇതാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ബോധ്യമായ ഭൗതിക ശാസ്ത്ര ചിന്ത. ഊര്‍ജ്ജത്തെ പദാര്‍ത്ഥമാക്കി മാറ്റാം. ഊര്‍ജ്ജം തന്നെയാണ് പദാര്‍ത്ഥ ജാലമായിട്ട് പരിലസിക്കുന്നത്. തിരിച്ച് പദാര്‍ത്ഥത്തെ ഊര്‍ജ്ജമാക്കിയും മാറ്റാം. ഈ തിരിച്ചറിവുകളെ നമുക്ക് ആദരവോടെ ആസ്വദിക്കാന്‍ സാധിക്കട്ടെ. അപ്പോള്‍ ജഡാത്മകമായ ഊര്‍ജ്ജത്തിനും കാരണമായ ഒരു തത്ത്വം - സച്ചിദാനന്ദം, ശുദ്ധ ബോധം, അതു തന്നെയാണ് എല്ലാമായി പരിലസിക്കുന്നത് എന്ന് നമുക്ക് സാധനാപാതയില്‍ ബോധ്യമാവും. ഈ പ്രകാരം ഋഷീശ്വരന്‍മാര്‍ പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച് പറഞ്ഞു തുടങ്ങുന്നതും, പറഞ്ഞവസാനിപ്പിക്കുന്നതും നമുക്ക് ധ്യാനപൂര്‍വം സാക്ഷാത്കരിക്കാന്‍ കഴിയും.
(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)
No comments:
Post a Comment