പാണികൊട്ട്
ക്ഷേത്രാടിയന്തിരങ്ങളെ സംബന്ധിച്ചിടത്തോളം പാണിയെപ്പോലെ ഇത്രയധികം പഠിച്ചും മനസ്സിരുത്തിയും പ്രയോഗിക്കേണ്ട മറ്റൊരു വാദ്യം വേറെയില്ല. തന്ത്രിയുടെ ഹസ്തമുദ്രകള്‍ക്കും പാണിയുമായി അഭേദ്യബന്ധമുണ്ട്. പാണികൊട്ടുന്നതു പിഴയ്ക്കുകയോ കൊട്ടുന്നതില്‍ പിഴകാണിക്കുകയോ ചെയ്യുന്നത് ജീവനാശഹേതു കൂടിയാണെന്ന് കരുതപ്പെടുന്നു. 'പാണിയില്‍ പിഴച്ചാല്‍ കോണിയില്‍' എന്നാണ് പഴമൊഴി. ഓരോ ദേവനുമുള്ള ശ്രീഭൂതബലിക്കും പാണികൊട്ടലിനും വ്യത്യാസമുണ്ട്.
മരമെന്നുകൂടി പേരുള്ള ഈ പാണിവാദ്യത്തിന്റെ കുറ്റിമൃദംഗരൂപത്തിലാണ്. കര്‍ണമധുരമായ ശബ്ദമൊന്നും ഇതില്‍ നിന്നു പുറപ്പെടാറില്ല. ഇടന്തലയും വലന്തലയും വ്യത്യാസമില്ലാതെ വാറിട്ടുമുറുക്കുന്ന വാദ്യമാണിത്. അധികവും കൊട്ടുന്ന ഭാവത്തില്‍ കൈകള്‍ അതിന്മേല്‍ വയ്ക്കുകയാണ് ചെയ്യുന്നത്.
സംഹാരപാണി, തത്ത്വോം പാണി എന്ന രണ്ടു തരം പാണി വാദനമുണ്ട്. പല ക്ഷേത്രങ്ങളിലും പല മട്ടിലാണ് പാണിവാദനത്തിന്റെ ചടങ്ങുകള്‍. ചിലേടത്തു ശംഖ്, ചേങ്ങില, തിമില ഇവ മൂന്നും വേണം പാണിക്ക്; ചിലേടത്തു ചേങ്ങില മാത്രം. മറ്റു ചിലേടത്ത് ശംഖും തിമിലയും സഹായത്തിനു മറ്റൊരു മരവും വേണം. തൃശൂര്‍ പ്രദേശങ്ങളില്‍ പാണി തുടങ്ങുന്നതിനു മുമ്പ് കൊട്ടിയിറക്കുക എന്നൊരു ഏര്‍പ്പാടുകൂടിയുണ്ട്. നിത്യശ്ശീവേലി, ശ്രീഭൂതബലി, ഉത്സവബലി, ജയബലി, കൌമാരബലി, കലശം തുടങ്ങിയ ചടങ്ങുകള്‍ക്ക് പ്രത്യേകം പ്രത്യേകം പാണികള്‍ വിധിക്കപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment