Sunday, February 11, 2018

യസ്മാല്‍ ലോകഃ ന ഉദ്വിജതേ
എന്റെ ഭക്തന്‍ സര്‍വ്വപ്രാണികള്‍ക്കും അഭയംകൊടുക്കുന്നവനാണ്. അതിനാല്‍ മറ്റൊരുപ്രാണികള്‍ക്കും സന്താപമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുകയില്ല. ഭക്തനെപ്പറ്റി കേള്‍ക്കുമ്പോഴോ, കാണുമ്പോഴോ ഒരുവനുപോലും മനസ്സില്‍ ക്ഷോഭം ഉണ്ടാകുകയില്ല.
(14) യഃ ലോകാല്‍ ന ഉദ്വിജതേച
ദുര്‍ജനങ്ങളുടെ ദ്രോഹപ്രവൃത്തികള്‍ക്കോ, കള്ളന്മാര്‍, പുലി, സിംഹം ഇവരുടെ ഉപദ്രവങ്ങള്‍ക്കോ ഭക്തന്റെ മനസ്സില്‍ പ്രക്ഷോഭം ഉണ്ടാക്കാന്‍ കഴിയുകയില്ല. അവരുടെ അട്ടഹാസങ്ങളോ ചേഷ്ടകളോ ഭക്തനെ കീഴടക്കുകയില്ല. ഭക്തര്‍ ആരെയും ഉപദ്രവിക്കുകയില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ട് സാധാരണക്കാര്‍ ഭക്തനെ ദ്രോഹിക്കുകയില്ല എന്ന് പറയേണ്ടതില്ലല്ലോ.
(15) ഹര്‍ഷാ,മര്‍ഷ,ഭയോ,ദ്വേഗൈഃ മുക്തഃ
ഭക്തന്റെ ഹൃദയത്തില്‍ ഇനി പറയുന്ന നാലുഭാവങ്ങള്‍ മുന്‍പേ തന്നെ ഇല്ലാതായിരിക്കുന്നു.
ഹര്‍ഷ(=ഇഷ്ടപ്പെട്ട വസ്തുക്കള്‍ കിട്ടിയാലുണ്ടാവുന്ന സന്തോഷം)അമര്‍ഷം (=മറ്റുള്ളവര്‍ക്ക് ഉത്കര്‍ഷം ലഭിച്ചാലുണ്ടാവുന്ന അസഹിഷ്ണുത)
ഭയം (=പുലി, സിംഹം മുതലായവയെ കണ്ടാല്‍ ഉണ്ടാവുന്ന പേടി- ഞാന്‍ എങ്ങനെ ഇവരുടെ ഉപദ്രവം കൂടാതെ ജീവിക്കും? എന്ന തോന്നല്‍) ഉദ്വേഗം (=ദുഷ്ടജനങ്ങള്‍, കള്ളന്മാര്‍, ക്രൂരമൃഗങ്ങള്‍-ഇവയെ കാണുമ്പോഴും അടുത്തുവരുമ്പോഴും സ്പര്‍ശിക്കുമ്പോഴും ഉണ്ടാവുന്ന വ്യാകുലത-വേവലാതി)
ഭക്തന്‍ മേല്‍പ്പറഞ്ഞ മനോവ്യാകുലതകളില്‍നിന്ന് മുക്തനാകയാല്‍ എനിക്ക് പ്രിയപ്പെട്ടവനാണ്.
ഭക്തന്റെ ലക്ഷണങ്ങള്‍ പറയുന്നു ( 12-16)
(16) അനപേക്ഷ:- കൃഷ്ണ സന്തോഷിക്കണം എന്ന ഒരേ ഒരു അപേക്ഷ മാത്രമേ എന്റെ ഭക്തന് ഉണ്ടാവുകയുള്ളൂ. ജനനമരണാത്മകമായ ഭൗതികപ്രപഞ്ചത്തില്‍നിന്ന് മോക്ഷം കിട്ടണമെന്ന ആഗ്രഹം പോലും എന്റെ ഭക്തന്റെ ഹൃദയത്തില്‍ മുളയ്ക്കുകയേ ഇല്ല. എത്ര ജന്മങ്ങള്‍ എടുക്കാനും എന്റെ ഭക്തനു മടിയില്ല. ഒരേ ഒരു ആഗ്രഹം-ഭക്തിക്കുവേണ്ടിയുള്ള ആഗ്രഹം മാത്രം-ഇതാണ് പ്രാര്‍ത്ഥന-
''ഭവേ ഭവേയഥാ ഭക്തിഃ
പാദയോസ്തവജായതേ
തഥാകുരുഷ്വദേവേശ
നാഥസ്ത്വം നോ യതഃ പ്രഭോ!'' (ഭാഗവതം 12-13-22)
(=എത്രജന്മങ്ങള്‍ സ്വീകരിക്കുന്നതിലും ഞങ്ങള്‍ക്കുമടിയില്ല. ഓരോ ജന്മത്തിലും അങ്ങയുടെ തൃപ്പാദങ്ങളില്‍ ഭക്തിയുണ്ടാവണം. അതിനു സഹായകമായ പരിതഃസ്ഥിതിയുള്ള സ്ഥലങ്ങളില്‍തന്നെ ജനിക്കണം എന്നുമാത്രം. അങ്ങ് ഞങ്ങളുടെ രക്ഷകനാണല്ലോ. അങ്ങയ്ക്ക് അതിനുള്ള കഴിവും ഉണ്ടല്ലോ-പ്രഭാവാണല്ലോ.)
(17) ശുചിഃ -എന്റെ ഭക്തന്‍ ബാഹ്യവും ആഭ്യന്തരവുമായ ശുദ്ധി-പുറത്തും, അകത്തുമുള്ള ശുദ്ധി നിലനിര്‍ത്തും. ഗംഗാദി തീര്‍ത്ഥങ്ങളില്‍ തന്നെ സ്‌നാനം ചെയ്യാന്‍ ശ്രദ്ധിക്കും. കഴിവില്ലെങ്കില്‍ മറ്റു നദികളില്‍ കുളിക്കും. അങ്ങനെ കുളിക്കുമ്പോഴും കൈക്കുമ്പിളില്‍-
''ഗംഗേച യമുനേ ചൈവ
ഗോദാവരി, സരസ്വതി!
നര്‍മ്മദേ, സിന്ധു, കാവേരി
ജലേസ്മിന്‍ സന്നിധിം കുരു '' എന്ന മന്ത്രം ചൊല്ലി വെള്ളംകോരി  തലയില്‍ മൂന്നുവട്ടം ഒഴിക്കും. അപ്പോള്‍ സപ്തതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്തു കഴിഞ്ഞു. ഇങ്ങനെ ബാഹ്യമായി ശുദ്ധി നേടും.
പിന്നെ ''ഹരേ കൃഷ്ണ'' നാമം ജപിച്ചുകൊണ്ട് വെള്ളം കോരിയെടുത്തു തലയില്‍ ഒഴിക്കും. നാമം ജപിക്കുമ്പോള്‍ മനസ്സ് ശുദ്ധമാവും. പിന്നെ നിവേദ്യപ്രസാദം കഴിച്ച് വയറും ശുദ്ധമാക്കുന്നു. ഇങ്ങനെ ആഭ്യന്തര ശുദ്ധിയും നേടുന്നു.
(18) ദക്ഷഃ-
ഭക്തി ശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിച്ച് പഠിക്കാനും, അതനുസരിച്ച് തന്നെ ഭക്തിക്ക് അനുകൂലമായ കര്‍മങ്ങള്‍ ചെയ്യാനും സമര്‍ത്ഥനായിരിക്കും.
(19) ഉദാസീനഃ-
ഭക്തിയുണ്ടാവാനും വളരാനുംവേണ്ടി സഹായകമായ കര്‍മ്മങ്ങളില്‍ മാത്രം ശ്രദ്ധിക്കുക. മറ്റു ലൗകികവൈദികാധ്യാത്മിക പ്രവൃത്തികള്‍ ഒന്നും ചെയ്യുകയേ ഇല്ല. ഒരു താല്‍പ്പര്യവും കാണിക്കില്ല.
(20) ഗതവ്യഥഃ
മറ്റുള്ളവര്‍ അപമാനിക്കുകയോ ദ്രോഹിക്കുകയോ ചെയ്താല്‍ പോലും മനസ്സില്‍ വ്യഥയും ദുഃഖവും ഭക്തന് തോന്നുകയേ ഇല്ല. രോഗംകൊണ്ടോ മറ്റോ ഒരു വ്യസനവും ഉണ്ടാകുകയില്ല.

No comments: