ശ്രദ്ധാന്വിതസ്തത്ത്വമസീതി വാക്യതോ ഗുരോഃ പ്രസാദാദപി ശുദ്ധമാനസഃ വിജ്ഞായചൈകാത്മ്യമഥാത്മജീവയോഃ സുഖീഭവേത് മേരുരിവാപ്രകമ്പനഃ വേദാന്തസമ്പ്രദായമനുസരിച്ച്, ഒരുത്തമാചാര്യന്‍ എന്ന നിലയില്‍ ശ്രീരാമചന്ദ്രന്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലെ വിവിധ താവളങ്ങളെ ശിഷ്യനായ ലക്ഷ്മണന് കാട്ടിക്കൊടുക്കുന്നു. നിഷ്‌കാമകര്‍മ്മങ്ങളിലൂടെ അന്തഃകരണം ശുദ്ധമാക്കിയ, സമാഹിതചിത്തനായ സാധകന് ശ്രദ്ധ-ആസ്തിക്യബുദ്ധിയും ശാസ്ത്രാര്‍ത്ഥം ഗ്രഹിക്കാനുള്ള കഴിവും വര്‍ധിച്ചുവരും. ഈ നില കൈവരിച്ച സാധകന്‍ ഗുരുമുഖത്തുനിന്ന് തത്ത്വമസി മഹാവാക്യം ശ്രവണം ചെയ്ത് അതിന്റെ അര്‍ത്ഥം മനനം ചെയ്യണം. തത്ത്വമസി മഹാവാക്യം ഗാഢമായി വിചാരം ചെയ്ത് പൊരുളറിയുമ്പോള്‍ സാധകന് അവാച്യമായ ആനന്ദം അനുഭവപ്പെടും. ഏതു സാഹചര്യത്തിലും എന്തു സംഭവിച്ചാലും പതറാതെ മഹാമേരുവെപ്പോലെ അയാള്‍ നിശ്ചലനായി നിലകൊള്ളും. ഏകനായ പരംപൊരുള്‍തന്നെയാണ് ജീവനും ജഗത്തും ഈശ്വരനുമായി പ്രതിഭാസിക്കുന്നത്. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നുതന്നെയെന്ന സത്യം സാക്ഷാത്കരിക്കലാണ്, അതായത് ജീവപരയോരൈക്യാനുഭൂതി നേടലാണ് ആദ്ധ്യാത്മിക സാധനയുടെ അന്തിമലക്ഷ്യം. ഈ പരമപദം പ്രാപിക്കുന്ന ജ്ഞാനി നിരതിശയമായ ബ്രഹ്മാനന്ദരസാനുഭൂതിയിലാറാടുന്നു. മനസ്സ് പരിശുദ്ധമായാലേ ഈ അവസ്ഥ സിദ്ധിക്കുകയുള്ളൂ. ആദൗ പദാര്‍ത്ഥാവഗതിര്‍ ഹി കാരണം വാക്യാര്‍ത്ഥവിജ്ഞാനവിധൗ വിധാനതഃ തത്ത്വം പദാര്‍ത്ഥൗ പരമാത്മജീവകൗ അസീതി ചൈകാത്മ്യമഥാനയോര്‍ഭവേത്. തത്ത്വമസി മഹാവാക്യത്തെ വേണ്ടപോലെ ശോധന ചെയ്ത് ലക്ഷ്യാര്‍ത്ഥം ഗ്രഹിക്കേണ്ടതെങ്ങനെയെന്ന് ഇവിടെ വിവരിക്കുന്നു. പറയപ്പെട്ട മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം ഗ്രഹിക്കുന്നതിന് ആദ്യമായി അതിലെ അവയവപദങ്ങളെ വേര്‍തിരിച്ച് പൂര്‍വ്വീകാചാര്യന്മാര്‍ അവലംബിച്ച ശാസ്ത്രസമ്മതമായ രീതിയില്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ താല്‍പര്യം മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു വാക്യത്തിലെ ആശയം വ്യക്തമാവണമെങ്കില്‍ അതിലെ അവയവപദങ്ങളുടെ അര്‍ത്ഥം ശരിക്കറിയണമല്ലോ. ഗണിതശാസ്ത്രമോ അതുപോലുള്ള മറ്റു ശാസ്ത്രങ്ങളോ പഠിക്കുന്ന വിദ്യാര്‍ത്ഥി തന്റെ ബുദ്ധിക്ക് യുക്തമെന്ന് തോന്നുന്ന അര്‍ത്ഥം ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് കൊടുക്കുന്നത് ശരിയാവില്ല. ഗണിതശാസ്ത്രത്തിലെ ഓരോ 'തിയറ'ത്തിനും അതിന്റേതായ നിശ്ചിതമാനമുണ്ട്. ഗണിതാദ്ധ്യാപകന്റെ സഹായത്തോടെ മാത്രമേ അതിന്റെ ശരിയായ അര്‍ത്ഥം അദ്ധ്യേതാവിന് ഗ്രഹിക്കാനാവൂ. മായയാകുന്ന ഉപാധിയില്‍ സ്വേച്ഛയാ വര്‍ത്തിക്കുന്ന സര്‍വശക്തനും സര്‍വജ്ഞനും സര്‍വതന്ത്രസ്വതന്ത്രനുമായ ഈശ്വരന്‍ എന്നാണ് ''തത്'' പദത്തിന്റെ വാച്യാര്‍ത്ഥം. ''ത്വം'' പദത്തിന്റെ വാച്യാര്‍ത്ഥമാവട്ടെ, അവിദ്യയാകുന്ന ഉപാധിയില്‍ കുടുങ്ങിയ അല്‍പ്പശക്തനും അല്‍പ്പജ്ഞനും അസ്വന്ത്രനുമായ ജീവനെന്നും. ഇങ്ങനെ വിരുദ്ധധര്‍മ്മങ്ങളോടുകൂടിയ ഈശ്വരനും ജീവനും ഒന്നാണെന്ന് പറയുന്നത് അസംബന്ധമല്ലേ? ഈ മഹാവാക്യം സൂചിപ്പിക്കുന്ന ജീവാത്മപരമാത്മാക്കളുടെ ഐക്യം ബോധിക്കുന്നതിനു തത്, ത്വം പദങ്ങളുടെ വാച്യാര്‍ത്ഥം സ്വീകരിച്ചാല്‍ പോര. ലക്ഷണാവൃത്തികൊണ്ടുവേണം അത് ബോധിക്കാന്‍ എന്ന്, അര്‍ത്ഥഗര്‍ഭമായ ''അഥ'' ശബ്ദംകൊണ്ട് ശ്രീരാമചന്ദ്രന്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു...swami chinmayanandaji
No comments:
Post a Comment