Tuesday, February 06, 2018

ശാരീരികാസ്വസ്ഥതകളും രോഗങ്ങളും ഇപ്പോള്‍ നമുക്ക് എണ്ണിയെണ്ണി പറയുവാനുണ്ടാകും ഡോക്ടറോട്. എന്നാല്‍ ഡോക്ടറെ കാണുന്നതിനു മുമ്പ് ജീവിതചര്യകളില്‍ കുറച്ചു ക്രമപ്പെടുത്തലുകള്‍ നടത്തി നോക്കുന്നത് നല്ലതായിരിക്കും. ഒരു പക്ഷേ അതിനു ശേഷം നമുക്ക് ഡോക്ടറോട് പറയുവാന്‍ ഒന്നും തന്നെ ഉണ്ടായി എന്നുവരില്ല. അല്ലെങ്കില്‍ നേരത്തെ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും രോഗങ്ങളും എണ്ണത്തില്‍ ഒരുപാട് കുറഞ്ഞിട്ടെങ്കിലുമുണ്ടാകും.
രാവിലെ നേരത്തെ ഉണരണം, രാത്രി അധികം ഉണര്‍ന്നിരിക്കരുത്, സമയത്തിന് ആഹാരം, ആവശ്യത്തിന് വെള്ളം, എന്നും അല്പനേരമെങ്കിലും കായികാദ്ധ്വാനമോ യോഗയോ ശീലിക്കണം, ഒരു നേരമെങ്കിലും പ്രാര്‍ത്ഥന, പുറത്തുനിന്നുള്ള ഭക്ഷണം സോഫ്റ്റ് ഡ്രിംഗ്സ്, പഴകിയ ആഹാരം, ലഹരിപദാര്‍ത്ഥങ്ങള്‍ ഇവ കഴിവതും ഒഴിവാക്കുക എന്നിങ്ങനെ ജീവിതചര്യകളില്‍ കുറച്ചു ക്രമപ്പെടുത്തലുകള്‍ നടത്തിനോക്കുക. നമ്മുടെ പല രോഗങ്ങളും അസ്വസ്ഥതകളും അപ്രത്യക്ഷമാകുന്നതുകാണാം. എന്തിനാണ് നമ്മള്‍ തന്നെ സൃഷ്ടിക്കുന്ന അസുഖങ്ങള്‍ക്ക് വെറുതേ മരുന്നുകള്‍ കഴിച്ച് വേറെ അസുഖങ്ങള്‍കൂടി വരുത്തിവയ്ക്കുന്നത്?
ശരീരമാണ് ഞാന്‍ എന്ന താദാത്മ്യത്തില്‍ ജീവിക്കുന്ന നമ്മുടെ കുഴപ്പം എന്താണെന്നോ? മനസ്സിന് എന്തെങ്കിലും കുഴപ്പം വന്നാല്‍ അത് ശരീരത്തെയും, ശരീരത്തിന് എന്തെങ്കിലും കുഴപ്പം വന്നാല്‍ അത് മനസ്സിനെയും ബാധിക്കും. അതിനാല്‍ ചിന്തകള്‍ കൊണ്ടും ഭക്ഷണം കൊണ്ടും മനസ്സിനെയും ശരീരത്തെയും ദ്രോഹിക്കാതിരിക്കണം. സാത്വികമായ ആഹാരവും സാത്വികമായ ചിന്തകളും സ്വീകരിക്കുന്നതാണ് സുഖപ്രദം. ജന്മനാതന്നെ നമ്മുടെ ശരീരക്കൂറ് അനുസരിച്ചുള്ള ഏതെങ്കിലും ഒരു രോഗത്തിനുള്ള സാദ്ധ്യത എപ്പോഴും എല്ലാപേരിലും കാണും. അതിന് ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കുക അല്ല വേണ്ടത്. ഏതു സാഹചര്യത്തിലാണ് അസുഖം കഠിനമാകുന്നത് എന്നു നിരീക്ഷിച്ച് അറിയുകയും അത്തരം സാഹചര്യങ്ങളെ ഒഴിവാക്കുകയുമാണ് വേണ്ടത്. 
krishnakumar

No comments: