Sunday, February 18, 2018

എല്ലാ മതങ്ങളിലും ഒന്നുപോലെയുള്ള നന്മ എന്താണ്?
പ്രാര്‍ത്ഥന.
അത് ചിന്തകളെയടക്കി മനസ്സിനെ ധ്യാനത്തിലേയ്ക്ക് വഴിനടത്തുന്നു. ചിന്തിച്ചുണ്ടാക്കുന്ന പ്രശ്നങ്ങളാണ് നമുക്ക് അധികവുമുള്ളത്. അതിനാല്‍ ചിന്തകള്‍ അടങ്ങുമ്പോള്‍ പരസ്പരവിദ്വേഷം അവസാനിക്കുകയും ഒന്നാകുകയും ചെയ്യുന്നു. വാക്കുകള്‍ നമ്മെ പരസ്പരം ഭിന്നിച്ചുനിര്‍ത്തുമ്പോള്‍ വാക്കുകള്‍ അടങ്ങിയ ധ്യാനത്തില്‍ നമ്മള്‍ എല്ലാം ഒന്നാണ്. ആകാശവും ഭൂമിയും അവിടെ ഒന്നായിത്തീരുന്നു. ചിന്തകളെ അടക്കി ധ്യാനിക്കുന്ന അവസ്ഥയിലല്ലാതെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും മറ്റൊരു ശാസ്ത്രത്തിലൂടെയും നമുക്ക് ഏകത്വദര്‍ശനം ഉണ്ടാകുന്നില്ല. മനുഷ്യന്‍റെ യുക്തിയും ശാസ്ത്രവും എത്രമാത്രം വികസിച്ചാലും അതെല്ലാം ബാഹ്യമായ ആവശ്യങ്ങളെ മാത്രമേ സാധിക്കുന്നുള്ളു. ആന്തരികമായ പ്രശ്നങ്ങളെ അടക്കുവാന്‍ പഠിപ്പിക്കുവാന്‍ നമ്മുടെ സിലബസില്‍ വിഷയങ്ങളില്ല! അതുംകൂടി പഠിപ്പിക്കാത്തതുകൊണ്ടാണ് കാലം ചെല്ലുന്തോറും ലോകം മേല്‍ക്കുമേല്‍ സ്വാര്‍ത്ഥമായിക്കൊണ്ടിരിക്കുന്നത്, അക്രമങ്ങളിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. അന്തര്‍ലോകത്തെ അറിയുവാനും നിയന്ത്രിക്കുവാനും കൂടി പഠിപ്പിക്കണം. `അതിനുള്ള ശാസ്ത്രമാണ് ഭരതീയഋഷിമാര്‍ പല ഗ്രന്ഥങ്ങളിലായി ലോകത്തിനു നല്‍കിയത്. കാര്യം അനുഭവിച്ചറിഞ്ഞിട്ടുള്ളവരെല്ലാം അവയെ സ്വീകരിക്കുകയും നിര്‍ദ്ദേശിക്കുകയും ലോകക്ഷേമത്തിനായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ധ്യാനിച്ച് ഏകത്വം അനുഭവിച്ചറിയുന്നൊരാള്‍ക്കു മാത്രമേ സ്നേഹിച്ച് സകലതിനെയും ഒന്നായി മുന്നോട്ടു നയിക്കാന്‍ കഴിയു. ബാഹ്യലോകത്തെ നയിക്കുവാന്‍ അതിന്‍റെ ശാസ്ത്രവും ആന്തരികലോകത്തെ നയിക്കുവാന്‍ അതിന്‍റെ ശാസ്ത്രവും അറിഞ്ഞു ഉപയോഗപ്പെടുത്തുകതന്നെവേണം. കാര്യം അറിയാതെ ഒന്നിനെയും നിഷേധിക്കരുത് എന്നത് ഒരാള്‍ നിര്‍ബന്ധമായും പാലിക്കേണ്ടുന്ന ധര്‍മ്മമാണ്.
പ്രാര്‍ത്ഥന ധ്യാനത്തിലേയ്ക്കു വഴിനടത്തുന്നു എങ്കില്‍ ഏതൊരു മതത്തിന്‍റെയും നന്മയതാണ്. പരസ്പരവിദ്വേഷമല്ല പരസ്പരലയമാണ് ജ്ഞാനത്തിന്‍റെയും ഭക്തിയുടെയും ലക്ഷണം. ഓം.
krishnakumar

No comments: