ഉദ്ധവര്‍ വീണ്ടും കൃഷ്ണനോടാരാഞ്ഞു. രാധയുടെ അദ്ധ്യായം അങ്ങു വൃന്ദാവനത്തില്‍ വെച്ചു തന്നെ പൂര്‍ണ്ണമാക്കിയോ ? കൃഷ്ണന്‍ ഏറെ വിഷമത്തോടെ, തന്റെ മാറിടത്തിലെ വസ്ത്രം അല്പം വകഞ്ഞു മാറ്റി. ഉദ്ധവരെ ! നീ ഇങ്ങോട്ട് നോക്കു. നിനയ്ക്ക് വേണ്ട മറുപടി എന്റെ ഹൃദയത്തിലുണ്ട്. ഉദ്ധവര്‍ നോക്കി, രക്ത കണങ്ങള്‍ ഇറ്റിറ്റുവീഴുന്ന ഭഗവാന്റെ മാറിടത്തിനുളളില്‍ അതാ, രാധ ! യാത്രയാകുമ്പോള്‍ കൃഷ്ണന്‍ സമ്മാനിച്ച ഓടക്കുഴലുമായി യമുനയുടെതീരത്ത് നിര്‍വൃതിയിലിരിയ്ക്കുന്നു. യമുനയിലെ ഓളങ്ങള്‍ തന്റെ പാദങ്ങളിലൂടെ കയറി ഇറങ്ങുത് രാധ അറിയുന്നില്ല. നിറകണ്ണുകളോടെ ഉദ്ധവര്‍ കൃഷ്ണനോടപേക്ഷിച്ചു. " ഭഗവാനെ, എന്റെ അജ്ഞതയ്ക്ക് മാപ്പു നല്‍കിയാലും. ഈ കാഴ്ച കാണാന്‍ എനിയ്ക്ക് ശക്തിയില്ല ". കൃഷ്ണന്‍ കഞ്ചുകം വലിച്ചിട്ടു. ദൃഷ്ടി താഴ്ത്തി വിനമ്രനായി നിന്ന തന്റെ സതീര്‍ത്ഥ്യനോടു കൃഷ്ണന്‍ പറഞ്ഞു. ഉദ്ധവരെ നീ എന്റെ മാറില്‍ കണ്ട രക്ത കണങ്ങള്‍ രാധ എന്നെക്കുറിച്ച് ഓര്‍ത്തപ്പോഴെല്ലാം ഞാനനുഭവിച്ച വിങ്ങലില്‍ നിന്നുണ്ടായതാണ്. അവള്‍ക്കുചുറ്റും എന്നും എന്റെ രക്ഷാകവചം ഉണ്ടാകും. രാധ കൃഷ്ണനായിമാത്രം ജനിച്ചവളാണ്.
No comments:
Post a Comment