Wednesday, February 14, 2018

ആത്മജ്ഞാനികള്‍ സര്‍വ്വാത്മാഭാവത്തെ പ്രാപിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്നു
സംപ്രാപൈ്യനമുഷയോ ജ്ഞാനതൃപ്താഃ
കൃതാത്മനോ 
വീതരാഗാഃപ്രശാന്താഃ
തേസര്‍വ്വഗം സര്‍വ്വമതഃ 
പ്രാപ്യധീരാഃ
യുക്താത്മാനഃ 
സര്‍വ്വമേവാവിശന്തിഃ
ആത്മസാക്ഷാത്കാരം നേടിയ ഋഷികള്‍ ജ്ഞാനംകൊണ്ട് പരമാത്മസ്വരൂപമായിത്തീര്‍ന്നതിന് കൃതാര്‍ത്ഥരും രാഗം മുതലായ ദോഷങ്ങളകന്നവരും പ്രശാന്തന്മാരുമാകുന്നു. ആ ധീരന്മാര്‍ എങ്ങും നിറഞ്ഞ ചൈതന്യത്തെ എല്ലായിടത്തും കണ്ട് തൃപ്തരാകുന്നു. എല്ലാം അറിവിലും വച്ച് ഏറ്റവും വലിയ അറിവ്. വേറൊ ന്നും ഇനി അറിയാനില്ല, അപ്രകാരമുള്ള ജ്ഞാനത്താല്‍ ആത്മജ്ഞാനികള്‍ തൃപ്തരാകുന്നു. അവരുടെ തൃപ്തിയ്ക്ക് പുറമെയുള്ളതൊന്നും വേണ്ട. പരമാത്മാസ്വരൂപമായിത്തീര്‍ന്നതിനാല്‍ അവര്‍ കൃതാത്മാക്കളാണ്. തന്നില്‍ നിന്ന് വേറെയായി മറ്റൊന്നും കാണാത്തതിനാല്‍ അവര്‍ക്ക് രാഗദ്വേഷമോ ഒന്നുമില്ല. ഇന്ദ്രിയങ്ങളും മനസ്സും അടങ്ങിയവരായതിനാല്‍ പ്രശാന്തരുമാണ്. ആകാശംപോലെ സര്‍വ്വവ്യാപിയായ ആത്മചൈതന്യത്തെ എല്ലായിടത്തും കാണാന്‍ വിവേകികളായ ആത്മജ്ഞാനികള്‍ക്ക് കഴിയും. ആത്മസായുജ്യത്തെ കൈവരിച്ച അവര്‍ ശരീരം പതിക്കുമ്പോള്‍ എല്ലാറ്റിലും പ്രവേശിക്കുന്നു. കുടംപൊട്ടുമ്പോല്‍ അതിനകത്ത് ഉണ്ടായിരുന്ന ആകാശം പുറമെയുള്ള മഹാകാശത്തിനോട് ചേര്‍ന്ന് ഒന്നാകുന്നതുപോലെയാണിത്. ബ്രഹ്മജ്ഞാനി സര്‍വാത്മഭാവത്തെ പ്രാപിക്കുമ്പോള്‍ പിന്നെ രണ്ടാമതൊന്നില്ല. എല്ലാമായി നിറഞ്ഞുനില്‍ക്കുന്നത് ആ ഒന്നുമാത്രം-ബ്രഹ്മം.
വേദാന്ത വിജ്ഞാന 
സുനിശ്ചിതാര്‍ത്ഥാഃ
സന്ന്യാസയോഗാദ്‌യതയഃ 
ശുദ്ധസത്ത്വാഃ
തേ ബ്രഹ്മലോകേഷു പരാന്തകാലേ
പരാമൃതാഃ പരിമുച്യന്തി സര്‍വ്വേ
വേദാന്തവിജ്ഞാനത്താല്‍ അര്‍ത്ഥനിശ്ചയത്തെ വരുത്തിയവരും സര്‍വ്വകര്‍മ്മപരിത്യാഗമാകുന്ന സന്ന്യാസയോഗം കൊണ്ട് പരിശുദ്ധമായ ഉള്ളത്തോടുകൂടിയവരുമായ യതികള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തരായി ദേഹം വെടിയുമ്പോള്‍ ബ്രഹ്മത്തില്‍ ചെന്ന് ചേര്‍ന്ന് പൂര്‍ണ മുക്തരാകുന്നു.
വേദാന്ത പഠനത്താല്‍ നേടിയ വിജ്ഞാനംകൊണ്ട് വേദാന്താര്‍ത്ഥമായ ബ്രഹ്മത്തെപ്പറ്റി നല്ല നിശ്ചയം ഉണ്ടാകുകയാണ് വേണ്ടത്. വേദാന്തംകൊണ്ട് പരമാത്മാസ്വരൂപത്തെ അറിയണം. ആത്മജ്ഞാനമാണിത്. ആത്മതത്വത്തെ വേണ്ടപോലെ അറിഞ്ഞവര്‍ക്ക് ആന്തരികമായ സന്ന്യാസവും എല്ലാ കര്‍മ്മങ്ങളില്‍നിന്നുള്ള വിടുതലും ഉണ്ടാകും. പുറമെ കാണുന്നതായ സന്ന്യാസചിഹ്നങ്ങളേക്കാള്‍ പ്രധാനം ഉള്ളിലാണ്. ഉള്ളം ശുദ്ധമാകുമ്പോള്‍ അവിടെ അറിവില്ലായ്മയും കാമനകളുമൊന്നും ഉണ്ടാകില്ല.
തന്മൂലം കര്‍മ്മങ്ങളും ഇല്ലാതാകും. ഈ സന്ന്യാസയോഗത്താല്‍ ബ്രഹ്മപ്രാപ്തിക്കായി യത്‌നം ചെയ്യുന്നവരാണ് യതികള്‍. അവര്‍ക്ക് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തിയെ നേടാനാകും. പരാന്തകാലമെന്നത് സംസാരത്തിലുള്ള ഓരോരുത്തരുടേയും മരണകാലമാണ്. അപ്പോള്‍ യതികള്‍ ഈ ശരീരം ഉപേക്ഷിക്കുകയും ബ്രഹ്മലോകത്ത് ചെന്ന് ലയിക്കുകയും ചെയ്യുന്നു. സാധകന്മാര്‍ ഏറെയുള്ളതിനാല്‍ ബ്രഹ്മം പലതുപോലെ കാണപ്പെടുന്നതിനാല്‍ 'ബ്രഹ്മലോകേഷു' എന്ന് ബഹുവചനം ഉപയോഗിച്ചിരിക്കുന്നു. ജീവന്‍ മുക്തരായവര്‍ വേറെ ഏതെങ്കിലും ദിക്കിലേക്ക് പോകുന്നുവെന്ന് കരുതരുത്. മരിക്കുമ്പോള്‍ ശരീരത്തിന്റെ പരിമിതികള്‍ക്കപ്പുറത്ത് എങ്ങും നിറഞ്ഞ ബ്രഹ്മമായിത്തീരുന്നു. ബ്രഹ്മജ്ഞന്മാര്‍ ഇച്ഛിക്കുന്ന മോക്ഷം അവിദ്യ തുടങ്ങിയ സംസാരബന്ധനങ്ങളില്‍നിന്നുള്ള മോചനമാണ്.
അപ്പോള്‍ ആത്മജ്ഞാനിയുടെ ദേഹത്തിനും മറ്റും എന്തുസംഭവിക്കുന്നു.
ഗതാഃ കാലാഃ പഞ്ചദശപ്രതിഷ്ഠാ
ദേവാശ്ച സര്‍വേ പ്രതിദേവതാസു
കര്‍മ്മാണി വിജ്ഞാനമയശ്ച ആത്മാ
പരേളവ്യയേ സര്‍വ്വ ഏകീഭവന്തി
ആത്മജ്ഞാനി ശരീരം വെടിയുമ്പോള്‍ ദേഹഘടകങ്ങളിലെ 15 കലകള്‍ അഥവാ പ്രാണന്‍ മുതലായവ ഓരോന്നിന്റേയും കാരണത്തില്‍ ചെന്ന് ചേരുന്നു. കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ അവയുടെ അധിഷ്ഠാനമായ ആദിത്യന്‍ മുതലായ ദേവതകളില്‍ ലയിക്കുന്നു. കര്‍മ്മങ്ങളും ജീവാത്മാവും എല്ലാം അവ്യനായ പരമാത്മാവില്‍ ഒന്നായിത്തീരുന്നു.
ആത്മജ്ഞാനിയുടെ ശരീരത്തിനും ആത്മാവിനും മരണശേഷം എന്തുസംഭവിക്കുന്നു എന്ന് ഈ മന്ത്രം പറയുന്നു. പ്രാണന്‍, ശ്രദ്ധ, ആകാശം, വായു, അഗ്നി, ജലം, പൃഥ്വി, ഇന്ദ്രിയങ്ങള്‍, മനസ്സ്, അന്നം, വീര്യം, തപസ്സ്, മന്ത്രങ്ങള്‍, കര്‍മ്മം, ലോകങ്ങള്‍, നാമം എന്നിവയാണ് 16 കലകള്‍. ഇവിടെ വേറെ പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ള 15 കലകളും ജ്ഞാനി ദേഹം വിടുമ്പോള്‍ അതതിന്റെ കാരണങ്ങളില്‍ ചെന്നെത്തുന്നു. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും അവയുടെ അധിഷ്ഠാനദേവതകളെ പ്രാപിക്കും. ഇവയ്‌ക്കൊന്നും പുതിയ ദേഹത്തെ ഇനി ഉണ്ടാക്കാനാവില്ല. ഇദ്ദേഹത്തിന്റെ പ്രാരബ്ധ കര്‍മ്മമൊഴികെയുള്ള എല്ലാകര്‍മ്മങ്ങളും ദേഹമെന്ന ഉപാധി നീങ്ങുമ്പോള്‍ പരമാത്മാവില്‍  ചെന്നു ചേരും. വിജ്ഞാനമയനായ ജീവാത്മാവ് അവ്യയനായ പരമാത്മാവുമായി ഒന്നാകും. വെള്ളം മുതലായ പ്രതിബിംബിക്കാനുള്ള ഉപാധികള്‍ ഇല്ലാതാകുമ്പോള്‍ സൂര്യപ്രതിബിംബം യഥാര്‍ത്ഥ സൂര്യനില്‍ ചേരുന്നതുപോലെ ജീവത്വം പോയി പരമാത്മസ്വരൂപം തന്നെയാകുന്നു. ജീവത്വം ഇല്ലാതാകുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന കര്‍മ്മങ്ങളും വിലയം പ്രാപിക്കും. എല്ലാം ഒന്നുതന്നെയായ ആത്മാവായിത്തീരുന്നു.

No comments: