Friday, February 16, 2018

ചിലര്‍ എഴുതുമ്പോള്‍ ചിലര്‍ പറയുമ്പോള്‍ സമൂഹത്തില്‍ കലഹം ഉണ്ടാകുന്നു. എന്നാല്‍ ചിലരുടെ തൂലികയും നാവും ചലിക്കുമ്പോള്‍ അവ സമൂഹത്തിലെ കലഹം ഇല്ലാതാക്കുന്നു. ഇതില്‍ നിന്നും നാം ഉള്‍ക്കൊള്ളേണ്ടുന്ന പാഠമെന്താണ്? സ്വന്തം ഉള്ളിലെ കലഹമാണ് ഒരാള്‍ ആദ്യം പരിഹരിക്കേണ്ടത്. ഉള്ളിലുള്ളതേ പുറത്തുവരൂ. മാത്രമല്ല സമൂഹമനസ്സില്‍ നമ്മുടെ വാക്കുകള്‍ സൃഷ്ടിക്കുന്ന വിക്ഷേപത്തെ അടക്കുവാന്‍ പിന്നീട് നമുക്ക് ആകുന്നുമില്ലല്ലോ! അതിനാല്‍ സമൂഹത്തിലേയ്ക്കു വരുന്ന വാക്കുകള്‍ ശാന്തിയും സ്നേഹവും നിറഞ്ഞതാകണം. ആരും അന്യരല്ല, ആരും ശത്രുവല്ല. ആന്തരിക ശുദ്ധിയും ശക്തിയും ഉള്ള ആചാര്യനെ നാം തിരിച്ചറിയേണ്ടത് ഇങ്ങനെയാണ്. അവരിലൂടെ വരുന്ന വാക്കുകള്‍ സമൂഹത്തിലെ ഒരു വിഭാഗക്കാരെയും പ്രകോപിതരാക്കില്ല. ഭിന്നിച്ചു നില്‍ക്കുന്നവരെ പോലും ഒന്നിപ്പിക്കുവാന്‍ ശക്തിയുള്ള സ്നേഹവും ജ്ഞാനവും മാതൃദേവിയില്‍ നിന്നെന്നപോലെ അവരിലൂടെ ലോകത്തിനു ലഭിക്കുന്നു. അത്തരം വാക്കുകള്‍ ദേവിയുടെ വാക്കുകള്‍, അത്തരം ഗ്രന്ഥങ്ങള്‍ ദേവിയുടെ ഗ്രന്ഥങ്ങള്‍. ആചാര്യന്മാര്‍ വാണിമാതാവിനെ ഉപാസിച്ചു വണങ്ങി സര്‍വ്വവും അവിടെ സമര്‍പ്പിച്ചാണ് കാവ്യങ്ങള്‍ രചിക്കുന്നത്. അവരുടെ വാക്കുകളോട് നമുക്ക് ഭക്തിയും ശ്രദ്ധയും ആകര്‍ഷണവും തോന്നുന്നത് ആ വാക്കുകളില്‍ അഹങ്കാരം ഇല്ലാത്തതുകൊണ്ടാണ്. ആചാര്യന്മാര്‍ ഓരോരുത്തരും എന്തു പറയുമ്പോഴും അത് ദേവതാഭാവത്തിലാണ് പറയുക. അതിനാല്‍ നമുക്ക് അതു കേട്ട് വിദ്വേഷം ഉണ്ടാകില്ല. ഭക്തിയും ജ്ഞാനവും ആകും ഉണ്ടാകുക. കാരണം ആ വാക്കുകളില്‍ ഉള്ളത് വ്യക്തിയുടെ അഹംഭാവമല്ല, ദേവീഭാവമാണ്.
ഉള്ളിലെ ഭക്തിയും ജ്ഞാനവും കൊണ്ട് സമൂഹത്തില്‍ സാംസ്കാരികവും പ്രബോധനാത്മകവുമായ മാറ്റം സൃഷ്ടിച്ച രണ്ട് ആചാര്യന്മാരുടെ വരികളിലെ ഭാവം ഉദാഹരണമായി നോക്കാം.
''വാണീടുകനാരതമെന്നുടെ നാവുതന്മേല്‍
വാണിമാതാവേ! വര്‍ണ്ണവിഗ്രഹേ! വേദാത്മികേ!'' (എഴുത്തച്ഛന്‍- അദ്ധ്യാത്മരാമായണം കിളിപ്പാട്ട്)
''നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!
നമോ നാരദാദീഡ്യപാദാരവിന്ദേ!
നമോ നാന്മറയ്ക്കും മണിപ്പുംവിളക്കേ!
നമോ നാന്മുഖാദി പ്രിയാംബാ, നമസ്തേ!'' (കാളിനാടകം-ശ്രീനാരായണഗുരു)
കണ്ടില്ലേ സാമൂഹികപരിഷ്കരണം സാധിച്ച ആചാര്യന്മാരുടെ വാക്കുകള്‍ എല്ലാം വാണിമാതാവില്‍ സമര്‍പ്പിതമാണ്. എല്ലാം വിദ്യാദേവതയുടെ അരുള്‍. ആ വാക്കുകള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ പരിവര്‍ത്തനം സാധിച്ചത് അവയിലെ ഭക്തിയും ജ്ഞാനവും കൊണ്ട് മാത്രമാണ് എന്ന് നാം തിരിച്ചറിയണം. നാം ഈ രഹസ്യം മനസ്സിലാക്കി വാക്കുകളെ ദേവീഭാവത്തില്‍ ഉപാസിക്കണം. നമുക്ക് അത്തരം കവികളെ കിട്ടട്ടെ. അവരിലൂടെ വിദ്യാദേവത സമൂഹത്തില്‍ അറിവിന്‍റെയും ശാന്തിയുടെയും പ്രകാശം ചൊരിയട്ടെ. അകന്നുനില്‍ക്കേണ്ടത് അഹങ്കാരമാണ്. ഭക്തിയും ജ്ഞാനവും ഒന്നുചേര്‍ന്നാലേ അത് സാധിക്കു.
ഓം..krishnakumar

No comments: