Sunday, February 04, 2018

ശ്രദ്ധാര്‍ഹം, മര്‍മസ്പൃക്കും. കയ്യില്‍ കാശില്ലാത്തവന്‍, ധര്‍മകാര്യങ്ങള്‍ ചെയ്യുന്നതിനുവേണ്ടി പണം സമ്പാദിക്കാന്‍ പുറപ്പെടരുതത്രെ. ഉള്ളതുകൊണ്ടേ എന്തും ചെയ്യേണ്ടൂ. അതിനാല്‍ ഇല്ലാത്തവന്‍ അതംഗീകരിച്ചുകൊണ്ട് മിണ്ടാതെയിരിയ്ക്കട്ടെ. എന്നുവെച്ചാല്‍ മലമ്പാമ്പുപോലെ കഴിയുകതന്നെ. 
അതു നിഷ്‌ക്രിയത്വം തന്നെ, സമ്മതിച്ചു; എന്നാല്‍ അതുപോലും ജീവിതത്തിനു വഴിതെളിയിക്കും. പലതുംചെയ്തു നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്നതും പരംപൊരുള്‍തന്നെ. അതേവൈഭവം ഒന്നുംചെയ്യാതിരിയ്ക്കുമ്പോഴും വേണ്ടതു തന്നുകൊള്ളും.
യാദൃച്ഛികതയെ ആശ്രയിച്ചുകഴിയുന്ന മനസ്സില്‍ നിസ്സംഗതയും  ആത്മാരാമത്വവുംവഴി ഉളവാകുന്ന ആന്തരസുഖം ആലപാഞ്ഞുനടക്കുന്നവന് എങ്ങനെ ലഭിക്കാനാണ്?
ഭാഗവതം  ഇനി വെളിപ്പെടുത്തുന്നതു സന്തോഷസൗഭാഗ്യത്തിന്റെ അടിസ്ഥാനത്തെപ്പറ്റിയാണ്. വയറുനിറഞ്ഞു വിശപ്പടങ്ങുന്നതു ദേഹതലത്തിലാണ്, അല്ലലലട്ടുകള്‍ നീങ്ങി സന്തോഷവും തൃപ്തിയും ഉളവാകുന്നതോ മനസ്തലത്തിലും. സന്തോഷം മന:സൃഷ്ടമായതിനാല്‍ അതു  കടഞ്ഞെടുക്കാന്‍ ആര്‍ക്കും കഴിയും. ഈ വസ്തുത ഗ്രഹിയ്ക്കാതെ വരുന്നതാണ് തെറ്റ്.
സന്തുഷ്ടന്‍ വെള്ളംമാത്രം കഴിച്ചും നാള്‍നീക്കാന്‍ ശക്തനാണെന്നിരി യ്‌ക്കേ, രസനജനനേന്ദ്രിയങ്ങളുടെ പിന്നാലെപോകുന്നതുവഴി സ്വന്തം ഉള്‍മഹിമയെ പണയംവെയ്ക്കുന്നതെന്തിനെന്നു ചോദിയ്ക്കുന്നു ഭാഗവതം. 
ഇത്തരം തെറ്റു ചെയ്യുന്നവന്‍ വീടുകാക്കുന്ന നായയായി മാറുകയാണത്രെ! ശ്രീമദ്ഭാഗവതം അതിന്റെ ചര്‍ച്ചാവിവരണങ്ങള്‍വഴി ജ്ഞാനവും വൈരാഗ്യവും ഊട്ടിത്തരുകയാണ്. ഈ പ്രതിബദ്ധതയില്‍ ഭാഗവതകര്‍ത്താവിന്റെ നാവും കയ്യും എത്ര ധൈര്യമായി, ലജ്ജയില്ലാതെ, ഓരോന്നും തുലനം ചെയ്യുന്നു! 
ശബ്ദത്തിനുള്ള ശക്തി അപ്രമേയമാണ്. ശബ്ദമഹിമകൊണ്ടല്ലേ പരീക്ഷിത്ത് പ്രായോപവേശത്തെത്തന്നെ നേരിടുകയും, മുക്തചിത്തനാകയും ചെയ്യുന്നത്!
മന:സന്തോഷം വളര്‍ത്തിയെടുക്കാന്‍ കഴിയാത്തവന്‍, ബ്രാഹ്മണനായാല്‍പ്പോലും എന്ത്, എല്ലാംകൊണ്ടും നശിച്ചവനത്രെ.  ഇന്ദ്രിയഭോഗങ്ങളില്‍ ചപലനായവന്റെ വിദ്യ, തപസ്സ്, കീര്‍ത്തി, തേജസ്സ,് എല്ലാംതന്നെ ഒറ്റടിയ്ക്കു പമ്പകടക്കുന്നു, വിവേകംകൂടി ഇളകിമറിഞ്ഞു ഭ്രംശിച്ചുപോകുന്നു!
മനസ്സ് ശുദ്ധിയും ബലവും നേടുന്നതെങ്ങനെ
കാമം, ക്രോധം, ലോഭം, ഭയം, ശോകം, മോഹം, ദംഭം, യോഗവിഘ്‌നങ്ങള്‍, ഹിംസ, ദു:ഖം, നിദ്ര, രജസ്തമോഗുണങ്ങള്‍, സത്ത്വഗുണം, ഇങ്ങനെ യുള്ളതൊക്കെ മനസ്സ് പിരിച്ചുണ്ടാക്കുന്ന ഭാവവേഗങ്ങളാണ്. ഇവയോരോന്നും ഫലപ്രദമായി ഇല്ലാതാകാന്‍, വ്യാധികള്‍ക്ക് ഔഷധങ്ങളെന്നപോലെ ഭാഗവതം നിര്‍ദേശിയ്ക്കുന്നതു വളരെ ശ്രദ്ധേയമാണ്. 
മനോവേഗങ്ങളിലകപ്പെട്ടു വിഷമമനുഭവിയ്ക്കുന്നവര്‍ ദുര്‍ബലതാഗാന വുമായി കഴിയുകയല്ല. മറിച്ച്, ബലിഷ്ഠരാകാനുള്ള വഴി ആരാഞ്ഞുനീങ്ങുകയാണ് വേണ്ടത്. ശാസ്ത്രമൊഴികള്‍ കേള്‍ക്കുക, ആദരിയ്ക്കുക, അനുസരിയ്ക്കുക എന്നുവെച്ചാല്‍ ഉള്‍ബലക്കോണി കയറുകയെന്നാണര്‍ഥം. 
കാമം അഥവാ ആഗ്രഹം സര്‍വസാധാരണമായ മനോവേഗമാണ്. കാമത്തില്‍നിന്നാണ് മറ്റെല്ലാ വികാരങ്ങളും ഉദ്ഭവിയ്ക്കുന്നത്. കാമത്തെ ജയിയ്ക്കാന്‍ മനസ്സില്‍ ഒരുതരത്തിലുള്ള സങ്കല്പങ്ങളും പുലര്‍ത്താതിരുന്നാല്‍ മതി. അസങ്കല്പന്ന്, സങ്കല്പരഹിതനായവന്ന്, കാമജയം സുഗമമത്രെ.
ആശകളും ആവശ്യങ്ങളും ഇല്ലാതായാല്‍ ക്രോധത്തിനും സ്ഥാനമുണ്ടാവില്ല. കാമവേഗം തടസ്സപ്പെടുമ്പോഴാണ് ക്രോധം ജനിയ്ക്കുന്നതുതന്നെ. ധനാപേക്ഷയില്ലാഞ്ഞാല്‍ ലോഭവും വിട്ടുപോകും. പണം വേണമെന്നു വരുമ്പോഴാണ് അതെത്ര ലഭിച്ചാലും പോരാ എന്നു തോന്നുക. ഇതറിഞ്ഞ്, മൂലകാരണത്തെത്തന്നെ നീക്കിക്കളയണം.
ഭയമാണ് സര്‍വസഹജമായ ഇനിയൊരു ഉദ്വേഗം. മനസ്സിനെ സ്ഥാനത്തും അസ്ഥാനത്തുംവെച്ച്, ഇല്ലാത്ത ഭവിഷ്യത്തുകള്‍ ആലോചിച്ചുണ്ടാക്കിപ്പോലും, ഭയം കീഴടക്കിയെന്നുവരാം. ഇത് ഒഴിവാക്കാനായി ആത്മതത്ത്വമനനമാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം.
ഭയം ദ്വിതീയാഭിനിവേശതഃ സ്യാത് (11.2.37) എന്നിങ്ങനെ പതിനൊന്നാം സ്‌കന്ധത്തിലെ നവയോഗിസന്ദേശത്തില്‍ പ്രസ്താവിയ്ക്കുന്നുമുണ്ട്. ഇതിനര്‍ഥം എത്രത്തോളം രണ്ടെന്ന കാഴ്ചയോ തോന്നലോ നില്ക്കുന്നുവോ, അത്രത്തോളം മനസ്സില്‍ ഭയവും പൊട്ടിമുളയ്ക്കയായി. നിര്‍ഭയനാകണമെങ്കില്‍, ഒന്നെന്ന ബോധം അഥവാ അദ്വൈതം ഉറച്ചേ മതിയാവു. ഇതിന് ആത്മവിചാരംമാത്രമേ ഉതകൂ.
ശോകവും മോഹവുമാണ് ഇനി രണ്ടുദ്വേഗങ്ങള്‍. ഇതു രണ്ടും തീരാനായി കൂലങ്കഷമായ തത്ത്വാന്വേഷണം നടത്തണം. ദു:ഖകാരണം കണ്ടെത്തി അതു നീക്കംചെയ്യുന്നതുവരെ, ദു:ഖം തള്ളിത്തള്ളിവന്നുകൊണ്ടിരിക്കും. വിചാരതീക്ഷ്ണതയാല്‍ ദു:ഖകാരണംതന്നെ അസ്തമിയ്ക്കും. മോഹഭ്രമങ്ങളും ഇതുപോലെയാണ്. തത്ത്വവിചാരമാണ് ഇവയ്ക്കുള്ള പ്രതിവിധി.
 ദംഭം തീര്‍ക്കാനുള്ള വഴി മഹത്സേവയാണ.് മഹാത്മാക്കളുടെ പക്കല്‍ സേവാനിരതരായി കഴിയുമ്പോള്‍,  മനസ്സ് ശുദ്ധമാകാനും മഹദ്ഗുണങ്ങള്‍ പകര്‍ന്നുവരാനും അവസരമുണ്ടാകും. അതോടെ കൂടുതല്‍ പ്രേരണയും ഉത്സാഹവും ജനി്ക്കയായി. മഹത്സേവ ആന്തരപവിത്രീകരണത്തെ  സുഗമമാക്കുന്നു. 
യോഗാഭ്യാസവിഘ്‌നങ്ങള്‍ക്കു പ്രതിവിധിയായി നാരദമഹര്‍ഷി നിര്‍ദേശി്ക്കുന്നതു മൗനപരിശീലനമാണ്. മൗനത്തിന് ഒരുവനെ അന്തര്‍മുഖനാക്കാനും, അതുവഴി ആത്മസ്പന്ദനങ്ങള്‍ ജനിപ്പിക്കാനും കഴിയും. 
ഹിംസനസ്വഭാവത്തെ ഇല്ലാതാക്കേണ്ടത്, ദേഹമടക്കം ലോകവസ്തുക്കളോടൊന്നിനോടും ആശവെയ്ക്കാതിരിക്കുന്നതുകൊണ്ടത്രെ. ആശയാണ്ആവശ്യമുളവാക്കി അതിനെ  പ്രബലമാക്കുന്നത്. അപ്പോഴാണ് ഇനിയൊന്നിനെ ഉപദ്രവിച്ചും ഹിംസിച്ചും സ്വന്തംകാര്യം നടത്താന്‍ തുനിയുന്നത്. മൂലകാരണമായ ആശ ഇല്ലാതായാല്‍ അക്രമപ്രവര്‍ത്തനങ്ങളെല്ലാംതന്നെ അസ്തമി്ക്കും.
മറ്റു ചില ജീവികളില്‍നിന്നും വിഷമങ്ങളും ദു:ഖങ്ങളും ഉണ്ടാവുന്നതു സഹജമാണ്.  അതു നീങ്ങിക്കിട്ടാനായി അവയോടു ദയവു പുലര്‍ത്തുന്നതാണ് ഫലവത്തായ മാര്‍ഗം. 
ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിശ്ചലമാക്കി, ആത്മമഗ്നമാക്കുന്ന സമാധിപരിശീലനംകൊണ്ടുവേണം, ദൈവേച്ഛയാലുണ്ടാകുന്ന ദു:ഖദുരിതങ്ങള്‍ തീരാന്‍. ദു:ഖാനുഭവം രചിക്കുന്നതു മനസ്സാണ്. മനസ്സ് ഉള്ളില്‍ മുങ്ങിലയിക്കുന്നതോടെ, എന്തു വിഷമവും ഇല്ലാതാകുന്നു.
ദേഹാസ്വാസ്ഥ്യങ്ങളെ നേരിടുന്നതിനാണ് യോഗാഭ്യാസമുറകള്‍. ഇവ അനുക്രമം ശീലിക്കുന്നതോടെ ദേഹപീഡകള്‍ക്കു ശമനംവരും.
കൂടുതല്‍ ഉറങ്ങുന്നതു പലരുടേയും പതിവാണ്. ഇതു ക്രമീകരിച്ചെടുക്കണമെങ്കില്‍, സത്ത്വാഹാരപരിശീലനമാണ് ഫലപ്രദമാവുക. സത്ത്വഗുണപുഷ്ടി ഉണ്ടാകുന്തോറും രജസ്തമോഗുണങ്ങള്‍ക്കു ക്ഷീണംവരും.
സത്ത്വഗുണത്തെ ജയിക്കാന്‍, തികഞ്ഞ വിവേകം അഥവാ വിശേഷ ബുദ്ധിയാണ് ആവശ്യം. സ്‌നേഹം, ദയവ്, ത്യാഗം എന്നീ മൂല്യങ്ങള്‍ മനസ്സിനു പവിത്രവും അലങ്കാരവുമാണ്. സത്ത്വഗുണം രചിയ്ക്കുന്നതാണ് ഇതെല്ലാമെന്നതു ശരിതന്നെ; എന്നാല്‍ അമിതമാവുമ്പോള്‍ ഇവ അനര്‍ഥകരമായേയ്ക്കും. അതിനെതിരെ ഭക്തന്‍ ജാഗരൂകനായിരിയ്ക്കണം. 
ഭരതമുനിയുടെ മാന്‍കുഞ്ഞുവാത്സല്യം ആ മഹദ്ഹൃദയത്തെ എവിടം വരെ കൊണ്ടെത്തിച്ചു? സ്വന്തം കുഞ്ഞുങ്ങളോടുള്ള വാത്സല്യം മാതൃപിതൃഹൃദയങ്ങളെ അന്ധമാക്കുന്നതു സാധാരണമാണ്. അതൊഴിവാക്കാന്‍, വിവേകബലംതന്നെ സഹായം. ഇതിനെയാണ് ഉപശമം, ഒതുങ്ങിയിരിക്കല്‍, എന്നു പറയുന്നത്. ഏല്ക്കാനും അഴക്കാനും ഒരുപോലെകഴിയണം മനസ്സിന്.
സ്വാമി ഭൂമാനന്ദതീര്‍ഥര്‍ 

No comments: