Sunday, February 04, 2018

ഹോമോസാപ്പിയനുകളും ഗ്രേറ്റ് ഏപ്‌സ് എന്ന വലിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിമ്പാന്‍സി, ഗൊറില്ല, ഒറാങ്ങ്-ഉട്ടാന്‍ എന്നിവ നമ്മുടെ ഇപ്പോഴും ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കളാണ്. ചിമ്പാന്‍സികള്‍ക്കാണത്രെ ഏറ്റവും അടുപ്പം. ആറു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന ഒരു ഏപ്പ് സ്ത്രീക്ക് രണ്ടു പുത്രിമാരുണ്ടായിരുന്നു. അതിലൊരുവള്‍ ചിമ്പാന്‍സികളുടെയും മറ്റവള്‍ നമ്മുടെയും യഥാക്രമം മാതാമഹികള്‍ ആയെന്നു കരുതപ്പെടുന്നു.
ഏതാണ്ട് രണ്ടര മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കിഴക്കേ ആഫ്രിക്കയിലാണത്രേ ആസ്റ്റ്രലോപിത്തേക്കസ് (സതേണ്‍ ഏപ്പ്) എന്ന ജെനുസ്സിലുള്ള ഏപ്പില്‍ നിന്നും മനുഷ്യന്‍ ആദ്യം പരിണമിച്ചത്. രണ്ടു മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പുരാതനമനുഷ്യരില്‍ ചില പുരുഷന്മാരും സ്ത്രീകളും അവരുടെ ജന്മസ്ഥലത്തു നിന്നും പുറപ്പെട്ട് തെക്കേ ആഫ്രിക്കാ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിശാലഭൂപ്രദേശങ്ങളില്‍ കുടിയേറി. പടിഞ്ഞാറന്‍ യൂറോപ്പിലെ കൊടും തണുപ്പിനേയും ഇന്‍ഡൊനേഷ്യന്‍ കാടുകളിലെ നീരാവി നിറഞ്ഞ സാഹചര്യത്തേയും അതിജീവിക്കാന്‍ ശാരീരികവും മറ്റുമായ വേറെ വേറെ സവിശേഷതകള്‍ കൂടിയേ തീരൂ എന്നതുകൊണ്ട് ഈ മനുഷ്യസമൂഹങ്ങളുടെ പരിണാമം വ്യത്യസ്തദിശകളിലൂടെയായി. അതിന്റെ ഫലമായി പലതരം മനുഷ്യ ഇന (സ്പീഷീസ്)ങ്ങള്‍ ഉരുത്തിരിഞ്ഞു.
യൂറോപ്പിലേയും പടിഞ്ഞാറന്‍ ഏഷ്യയിലേയും മനുഷ്യസമൂഹങ്ങള്‍ ഹോമോ നിയാന്‍ഡര്‍ത്താല്‍നെസിസ് (നിയാന്‍ഡര്‍താല്‍വാലിയില്‍ ഉണ്ടായ മനുഷ്യന്‍) ആയി പരിണമിച്ചു. നിയാന്‍ഡര്‍താലുകള്‍ എന്ന് ഈ വിഭാഗത്തെ വിളിച്ചുവരുന്നു. ഏഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഹോമോ ഇറക്റ്റസ് (നിവര്‍ന്നു നില്‍ക്കുന്ന മനുഷ്യന്‍) എന്ന ഇനം രൂപം കൊണ്ട് പെരുകി. ഇവരാണ് ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ കാലം (ഏതാണ്ട് രണ്ടു മില്യണ്‍ വര്‍ഷം) ജീവിച്ച മനുഷ്യയിനം. ഇന്‍ഡൊനേഷ്യയിലെ ജാവാ ദ്വീപില്‍ ഹോമോ സോളോ എന്‍സിസ് ഉടലെടുത്തു. അവിടുത്തെ തന്നെ ഫ്‌ളോറെസ് എന്ന ചെറിയ ദ്വീപില്‍ ഹോമോ ഫ്‌ളോറെസി എന്‍സിസ് എന്ന വിഭാഗം ഉണ്ടായി. ഇക്കൂട്ടര്‍ക്ക് മൂന്നര അടിയില്‍ കൂടുതല്‍ പൊക്കവും അന്‍പത്തഞ്ചു പൗണ്ടില്‍ കൂടുതല്‍ തൂക്കവും ഉണ്ടാകാത്ത കുറിയവരായിരുന്നത്രെ. അവിടുത്തെ ആനകളും കുറിയവയായിരുന്നു. 2010-ല്‍ ഹോമോ ഡെനിസോവാ എന്ന ഇനത്തിന്റെ ഭൗതികാവശിഷ്ടം സൈബീരിയയില്‍ നിന്നും കണ്ടെത്തുകയുണ്ടായി. യൂറോപ്പിലും ഏഷ്യയിലും ഇത്തരത്തില്‍ പരിണാമങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ കിഴക്കേ ആഫ്രിക്കയിലും ഇത് തുടര്‍ന്നു. അവിടെ ഹോമോ റുഡോള്‍ഫെന്‍സിസ്, ഹോമോ എര്‍ഗാസ്റ്റര്‍, ഹോമോ സാപ്പിയന്‍ എന്നിവ രൂപം കൊണ്ടു.
ഈ മനുഷ്യയിനങ്ങളില്‍ ചിലത് വളരെ വലിപ്പമുള്ളവരും ചിലത് കുള്ളന്‍മാരും ആയിരുന്നു. ചിലര്‍ ഭീകരവേട്ടക്കാരും ചിലര്‍ സസ്യഭുക്കുകളും ആയിരുന്നു. ചിലര്‍ ദ്വീപുകളില്‍ തന്നെ കഴിഞ്ഞുകൂടി. മറ്റുചിലര്‍ ഭൂഖണ്ഡങ്ങള്‍ ചുറ്റിനടക്കുന്നവരായിരുന്നു. എല്ലാവരും ഹോമോ എന്ന ജനുസ്സില്‍പെട്ട മനുഷ്യരായിരുന്നു. ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പു വരെ ഇവരെല്ലാവരും ഈ ഭൂമിയില്‍ വാണിരുന്നു. തുടര്‍ന്നും നിലനിന്നത് ഹോമോ സാപ്പിയന്‍ എന്ന ആധുനിക മനുഷ്യവിഭാഗം മാത്രമാണ്.
ആര്‍ക്കിയോളജി പാലിയോലിത്തിക് (ആദിമ ശിലായുഗം- തുടക്കം ഏതാണ്ട് 7,50,000 വര്‍ഷങ്ങള്‍ക്കു മുമ്പ്), മെസോലിത്തിക് (മധ്യശിലായുഗം) , നിയോലിത്തിക് (നവീനശിലായുഗം), ബ്രോണ്‍സ് (വെങ്കലം) യുഗം (3000-1000 ബി.സി.ഇ), ഇരുമ്പ് യുഗം എന്നിങ്ങനെയുള്ള പല ഘട്ടങ്ങളായി കാലത്തെ വിഭജിച്ചിട്ടുള്ളതായി നാം കണ്ടു. ഈ കാലഘട്ടങ്ങളില്‍ ഇന്ത്യയിലെ സ്ഥിതി എന്തായിരുന്നു എന്ന് ആര്‍ക്കിയോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ഉത്ഖനനങ്ങളും 1930- മുതല്‍ നടത്തിയ പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്.
പാലിയോലിത്തിക് കാലഘട്ടത്തിലെ മനുഷ്യവിഭാഗങ്ങള്‍ ഉപയോഗിച്ചിരുന്ന എല്ല്, കല്ല് എന്നിവ കൊണ്ടുള്ള ഉപകരണങ്ങളും അവ വന്‍തോതില്‍ നിര്‍മ്മിച്ചിരുന്ന സ്ഥലങ്ങളും മറ്റും ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഉത്ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അവയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ആഫ്രിക്ക, യൂറോപ്പ്, ഏഷ്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഈ കാലഘട്ടത്തിലേതായി കണ്ടെത്തിയ ഉപകരണങ്ങളുമായി ഇവയ്ക്ക് സാദൃശ്യമുണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് ഈ കാലഘട്ടത്തിന്റെ തുടക്കം മുതല്‍ മുന്നോട്ട് എന്ന നിലയ്ക്ക് ഈ ഉപകരണങ്ങളെ വിലയിരുത്തിയാല്‍ ഇവയില്‍ അടിയ്ക്കടി പരിഷ്‌കാരങ്ങള്‍ വന്നതായി കാണുന്നു എന്നതാണ്- ഉദാഹരണത്തിന് മഴുവില്‍ കാണപ്പെട്ട നവീകരണങ്ങള്‍. ചൈനയിലും യൂറോപ്പിലുമാണ് തീ കൂട്ടാനുള്ള അടുപ്പുകള്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ആന്ധ്രയിലെ കര്‍ണൂലിലെ ഗുഹകളില്‍ അത്തരത്തിലൊന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പര്‍ പാലിയോലിത്തിക് കാലത്തെ (9000-8000 ബി.സി) ഇന്ത്യയില്‍ ശക്തിപൂജ നടന്നിരുന്നു എന്നതിനുള്ള തെളിവും ഇന്നത്തെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നടന്നു വരുന്ന ദേവീ( അമ്മ, മായി)പൂജകളുമായി അതിനു കാണുന്ന ആശ്ചര്യകരമായ സാദൃശ്യവും ചക്രബര്‍ത്തി എടുത്തുപറയുന്നു. ത്രികോണാകൃതിയിലും അണ്ഡാകൃതിയിലുമുള്ള ശിലകള്‍ ഇതിനുപയോഗിച്ചിരുന്നത്രെ!
ഈ ചരിത്രാതീത മാനവരുടെ കൂടെക്കഴിഞ്ഞ പലതരം ജന്തുജാലങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കന്നുകാലികള്‍, ആന, കുതിര, പോത്ത്, വിവിധതരം മാനുകള്‍, കാട്ടുപൂച്ചകള്‍, സിംഹം, കടുവ, പുലി, കാണ്ടാമൃഗം, ഒട്ടകപ്പക്ഷി എന്നിവയുടെ ആദിമരൂപങ്ങള്‍ അവയില്‍ ചിലതാണ്. അതുപോലെ 21,000-ത്തിലധികം (ലോകത്താകെ ഉള്ളതിന്റെ പത്തിലൊന്ന്) തരം സസ്യമാതൃകകളും അന്ന് ഇവിടെ ഉണ്ടായിരുന്നത്രെ. ഈ ജന്തു-സസ്യവൈവിദ്ധ്യവും ഈ മണ്ണിന്റെ സവിശേഷതയാണെന്നു ചക്രബര്‍ത്തി പറയുന്നു. ആ കാലഘട്ടത്തിലേതെന്നു കരുതുന്ന ചില രൂപങ്ങള്‍ നമ്മുടെ ആ പൂര്‍വികരില്‍ ബൗദ്ധികമായ തിരിച്ചറിവിന്റെ വികാസം നാമ്പിട്ടിരുന്നതായി തെളിയിക്കുന്നു എന്ന് ചക്രബര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. പറ്റിയ നിര്‍മ്മാണസാമഗ്രികള്‍, ഭക്ഷണം, ജലസ്രോതസ്സുകള്‍ എന്നിവ എവിടെല്ലാം ഉണ്ട് എന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നു. അതായത് ഈ വാസഭൂമി അവര്‍ക്ക് കരതലാമലകം (ഉള്ളം കൈയ്യിലെ നെല്ലിക്ക പോലെ സുപരിചിതം) ആയിരുന്നു.

No comments: