സാധാരണയായി നമ്മുടെ മനസ്സ് വര്‍ത്തമാന നിമിഷത്തില്‍ നില്‍ക്കാറില്ല. മിക്കപ്പോഴും കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചും, ഭാവിയെക്കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുക മനസിന്റെ സ്വഭാവമാണ്. വാസ്തവത്തില്‍ ഈ നിമിഷം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. അതു നമ്മുടെ കയ്യിലിരിക്കുന്ന പണംപോലെയാണ്. അത് അശ്രദ്ധയോടെ ചെലവഴിക്കാം. വിവേകപൂര്‍വ്വം ചെലവഴിക്കുകയും ചെയ്യാം.
ഭൂതകാലത്തിലെ വേദനകളും ദുഃഖങ്ങളും, കുറ്റബോധവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും നമ്മളെ സദാ അസ്വസ്ഥരാക്കുന്നു. ഇങ്ങനെ ചിന്തിച്ചിരുന്നാല്‍ വര്‍ത്തമാന നിമിഷത്തിലെ സമാധാനമാണ് നമുക്ക് നഷ്ടമാകുന്നത്. അത്, മൂര്‍ഖന്‍ പാമ്പിന്റെ മാളത്തിനു തൊട്ടടുത്ത് കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുന്നതുപോലെയാണ്. അങ്ങനെ ചെയ്യുന്നയാള്‍ക്ക് ഒരു നിമിഷംപോലും സമാധാനമായി കണ്ണടയ്ക്കാനാവില്ല. എന്നെ പാമ്പു കൊത്തുമോ, ഞാന്‍ മരിച്ചുപോകുമോ, എന്നു ചിന്തിച്ച് മനസ്സ് അസ്വസ്ഥമായിരിക്കും. കൈവിട്ടുപോയ ഭൂതകാലത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുന്നത്, ചീഞ്ഞളിഞ്ഞ മൃതശരീരത്തെ കെട്ടിപ്പിടിച്ചുകിടക്കുന്നതുപോലെയാണ്. അല്ലെങ്കില്‍ പോക്കറ്റടിച്ചുപോയ പണത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും പോക്കറ്റടിക്കു വിധേയനാകുന്നതുപോലെയാണ്. അതുപോലെ ഭാവിയെക്കുറിച്ചുള്ള ഭയവും ആകാംക്ഷയും മനസ്സില്‍ നിറയുന്നതു കാരണം നമ്മുടെ മനസ്സിന് അല്‍പം പോലും ശാന്തിയില്ല.
നാളെയെക്കുറിച്ചുള്ള ഭയവും ആശങ്കയും നമുക്ക് ഇപ്പോള്‍ ഉള്ള കഴിവുകളെപ്പോലും നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചില കുട്ടികള്‍ക്ക് വീട്ടില്‍ കുടുംബാംഗങ്ങളുടെ മുന്നില്‍ നല്ല തന്‍മയത്ത്വത്തോടെ നൃത്തം ചെയ്യാന്‍ കഴിയും. എന്നാല്‍ സ്‌റ്റേജില്‍ കയറിയാല്‍ അപരിചിതരായ കാണികളെ കാണുന്നതോടെ മനസ്സിലാകെ ഭയമായി. കുലുങ്ങുന്ന സ്‌റ്റേജില്‍ നൃത്തം ചെയ്യുന്നപോലൊരു അവസ്ഥ. മുഖത്ത് യാതൊരു ഭാവവും വരില്ല. ഉള്ളിലെ ഭയം നൃത്തത്തിന്റെ ഭാവത്തെ നഷ്ടപ്പെടുത്തുന്നു. അതുപോലെ നമ്മള്‍ ജീവിതത്തില്‍ വിജയിക്കുമോ അതോ പരാജയപ്പെടുമോ എന്നുള്ള ഭയം കാരണം ഈ നിമിഷത്തില്‍ ചെയ്യുന്ന കര്‍മ്മത്തില്‍ വേണ്ടപോലെ നമുക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
ഈ നിമിഷത്തില്‍ ജീവിക്കുക എന്നാല്‍, കഴിഞ്ഞുപോയതിനെക്കുറിച്ചോ, വരാന്‍ പോകുന്നതിനെക്കുറിച്ചോ വേവലാതിപ്പെടാതെ, ഓരോ നിമിഷവും വിവേകത്തോടുകൂടി ചെയ്യാനുള്ളത് ചെയ്യുക എന്നതാണ്. ഈ നിമിഷം ചെയ്യുന്ന കര്‍മ്മത്തില്‍ നമ്മള്‍ കാണിക്കുന്ന ശ്രദ്ധയാണ് നല്ലൊരു നാളെയെ നമുക്ക് പ്രദാനം ചെയ്യുന്നത്. അതിനാല്‍ നമ്മുടെ ഓരോ നിമിഷവും വിലയേറിയതാണ്.
ഒരു യുവാവ് എപ്പോഴും ടിവി കണ്ടുകൊണ്ടിരിക്കുമായിരുന്നു. പരീക്ഷ അടുത്തുവന്നിട്ടും അവന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നില്ല. അച്ഛനോ അമ്മയോ പഠിക്കാന്‍ പറഞ്ഞാല്‍ അവന്‍ പറയും, ''പരീക്ഷ ഭാവിയല്ലെ. അതുകൊണ്ട് അതിനെക്കുറിച്ച് എനിക്ക് ചിന്തയില്ല. ഭാവിയെ പറ്റി ചിന്തിക്കരുത്, ഈ നിമിഷത്തില്‍ സന്തോഷമായിരിക്കണം എന്നാണ് അറിവുള്ളവര്‍ പറയുന്നത്. എനിക്ക് ടിവി കാണുമ്പോഴാണ് സന്തോഷം കിട്ടുന്നത്. പരീക്ഷയ്ക്കു പഠിക്കുന്നത് എനിക്ക് വെറുപ്പാണ്. അതുകൊണ്ട് ഈ നിമിഷത്തില്‍ സന്തോഷമായിരിക്കാന്‍ ഞാന്‍ ടിവി കാണുന്നു.'' മാതാപിതാക്കള്‍ അവനെ ഒരു ഗുരുവിന്റെയടുത്തുകൊണ്ടുപോയി. ഗുരു പറഞ്ഞു, ''മോനെ, ഈ നിമിഷത്തില്‍ ജീവിക്കുക എന്നുപറഞ്ഞാല്‍ ഈ നിമിഷം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്നാണ്. ഈ നിമിഷം ശ്രദ്ധിച്ചു നീങ്ങിയാല്‍ നിനക്ക് എന്നും ആഹ്ലാദത്തോടെ ജീവിക്കാന്‍ സാധിക്കും. മറിച്ച് താത്ക്കാലികമായ സന്തോഷത്തിനുവേണ്ടി ഈ നിമിഷം പാഴാക്കിയാല്‍ പിന്നീട് ദുഃഖിക്കേണ്ടതായി വരും. അശ്രദ്ധയോടെ കര്‍മ്മം ചെയ്യണമെന്ന് ആരും പറയുന്നില്ല. ഭാവിയെക്കുറിച്ചും കഴിഞ്ഞതിനെക്കുറിച്ചും ചിന്തിച്ച് ഈ നിമിഷം നഷ്ടമാക്കരുതെന്നാണ് പറഞ്ഞത്. അതുകൊണ്ട് ഈ നിമിഷം നീ ശ്രദ്ധയോടെ ഉപയോഗിക്കണം. നമ്മുടെ കര്‍മ്മം ധര്‍മ്മനിഷ്ഠമായിരിക്കണം. പഠിക്കുമ്പോള്‍ ശ്രദ്ധിച്ച് പഠിക്കുക. കളിക്കുമ്പോള്‍ അത് ആസ്വദിച്ച് കളിക്കുക, പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. ഓരോ കര്‍മ്മം ചെയ്യുമ്പോഴും ശ്രദ്ധ അതിലായിരിക്കണം.
കര്‍മ്മം ശ്രദ്ധയോടെ ചെയ്താല്‍ മാത്രം പോര. അതിന്റെ ഫലത്തെക്കുറിച്ചും ബോധമുണ്ടായിരിക്കണം. ഏതായാലും, ജീവിതകാലം മുഴുവനും നിനക്ക് ടിവി കണ്ടുകൊണ്ടിരിക്കാന്‍ പറ്റില്ല. എപ്പോഴും ടിവി കണ്ടുകൊണ്ടിരുന്നാല്‍ സ്വന്തമായി ഒരു ടിവി വാങ്ങാനുള്ള പൈസപോലും നിനക്ക് സമ്പാദിക്കാന്‍ സാധിക്കില്ല. ഭാവിയില്‍ നിനക്ക് ഒരു കുട്ടി ഉണ്ടായാല്‍, ആ കുട്ടിയെ നല്ലൊരു സ്‌കൂളില്‍ വിടാന്‍ പറ്റുന്നില്ലല്ലോ, എനിക്ക് നല്ലൊരു ബിസിനസ്സുകാരനാകാന്‍ പറ്റിയില്ലല്ലോ, നന്നായി പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാന്‍ പറ്റിയില്ലല്ലോ, എന്നൊക്കെയോര്‍ത്ത് നീ വിഷമിക്കും. അതുകൊണ്ട് ശ്രദ്ധയോടെ ഈ വര്‍ത്തമാന നിമിഷം വിനിയോഗിക്കാനുള്ള ഒരു മനസ്സ് നീ വളര്‍ത്തി എടുക്കണം''
മറവിയിലെ ഓര്‍മ്മയാണ് ജീവിതം. ഈ നിമിഷത്തില്‍ മറക്കേണ്ടത് മറന്ന് ഓര്‍ക്കേണ്ടത് മാത്രം ഓര്‍ക്കാന്‍ കഴിയണം. ഒരു ഡോക്ടര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ വീട്ടിലെ ഭാര്യയേയും കുട്ടികളെയും കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നാല്‍ അയാള്‍ക്ക് ഡോക്ടറുടെ ധര്‍മ്മം ശരിയായി നിര്‍വ്വഹിക്കാന്‍ കഴിയില്ല. അതുപോലെതന്നെ ഡോക്ടര്‍ തന്റെ വീട്ടിലെത്തിയശേഷം ആശുപത്രികാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാല്‍ അച്ഛനെന്ന നിലയ്ക്കും ഭര്‍ത്താവെന്ന നിലയ്ക്കും തന്റെ ധര്‍മ്മം നന്നായി നിര്‍വ്വഹിക്കാന്‍ കഴിയില്ല. ആ സമയം ആശുപത്രിക്കാര്യങ്ങള്‍ മറന്ന് ഭാര്യയോടും മക്കളോടും സ്‌നേഹപൂര്‍വ്വം പെരുമാറണം.
ഒരു ഗൃഹനാഥന്റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കണം. ഈ നിമിഷം എന്നത് ഈശ്വരന്‍ നമുക്കു നല്‍കിയ അമൂല്യമായ വരമാണ്. ഈ നിമിഷത്തില്‍ നമ്മള്‍ ശ്രദ്ധയോടെ വര്‍ത്തിച്ചാല്‍ നമ്മുടെ ഭാവി ശോഭനമായിത്തീരും.
No comments:
Post a Comment