Saturday, February 17, 2018

(1) ബ്രിട്ടീഷുകാര്‍, അവരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി, നമ്മള്‍ ഹിന്ദുക്കള്‍ വംശപരമായും ഭാഷാപരമായും ആകൃതിപരമായും എല്ലാം തികച്ചും ഭിന്നരാണ് പാശ്ചാത്യരേക്കാള്‍ താഴ്ന്നവരുമാണ് എന്നു നമ്മെ പഠിപ്പിച്ചു. 
(2) എന്നാല്‍ നിഷ്പക്ഷമതികളായ പണ്ഡിതന്മാരുടെ പഠനങ്ങളും ബയോളജിക്കല്‍ ആന്ത്രോപ്പോളജി, ആര്‍ക്കിയോളജിക്കല്‍ ആന്ത്രോപ്പോളജി എന്നീ ആധുനിക ശാസ്ത്രശാഖകളുടെ നിഗമനങ്ങളും, ആ ആഗ്ലോ-ജര്‍മ്മന്‍ പണ്ഡിതന്മാരുടെ വാദങ്ങളെല്ലാം തന്നെ തികച്ചും അസത്യങ്ങളും ബാലിശങ്ങളുമാണെന്നു,  ചൂണ്ടിക്കാണിക്കുന്നു. 
 (3) മാത്രമല്ല, ഹിന്ദുക്കളുടെ പൂര്‍വികര്‍ ആഫ്രിക്കാ, ആസ്‌ട്രേലിയാ, യൂറോപ്പ് എന്നിവിടങ്ങളിലെ ജനങ്ങളെപ്പോലെ, പ്രാചീന ശിലായുഗകാലം തൊട്ടുതന്നെ ഈ ഉപഭൂഖണ്ഡത്തിന്റെ ഭൗതികസാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു സ്വതന്ത്രമായി പരിണമിച്ച ആദിമ മനുഷ്യര്‍ (നരവംശശാസ്ത്രത്തിലെ മള്‍ട്ടി റീജിയണ്‍ തിയറി) തന്നെയാണ്, അതായത് ഹിന്ദുക്കള്‍ സ്വദേശി കളാണ് എന്ന യാഥാര്‍ത്ഥ്യത്തിലേക്കും ആ പഠന-നിഗമനങ്ങള്‍ വെളിച്ചം വീശുന്നു.
 (4) പ്രാചീനശിലായുഗം തൊട്ട് ഇവിടെ ആ പൂര്‍വ്വികര്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് രൂപം കൊടുത്തു. അന്നു മുതലിന്നുവരെ ദേശമാസകലം അവയ്ക്ക് ഒരു തുടര്‍ച്ചയും കാണാന്‍ കഴിയുന്നു.
 (5) നാഗരികതകള്‍ രൂപപ്പെട്ട കാലം (വടക്ക് സൈന്ധവ നാഗരികത മുതല്‍ തെക്കേ അറ്റത്ത് തമിഴകത്തെ കീഴടി വരെ) ആയപ്പോഴെക്കും ഇന്നു നാം പറയുന്ന ആദ്ധ്യാത്മികതയിലൂന്നിയ ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനമാതൃകയ്ക്കു വ്യക്തത കൈവന്നു. 
 (6) ഈ വിശാല മാതൃകയില്‍ വൈദികം, താന്ത്രികം, യോഗം, ബൗദ്ധം, ജൈനം (ഇന്‍ഡസ്-ഹാരപ്പന്‍ ഉല്‍ഖനനത്തില്‍ ശ്രമണരൂപങ്ങള്‍ കണ്ടെത്തി- ചക്രബര്‍ത്തി) മുതലായവയുടെ എല്ലാം പ്രാഗ്‌രൂപങ്ങള്‍ (പ്രോട്ടോടൈപ്പ്) കാണപ്പെടുന്നു.
ഹിന്ദു പാരമ്പര്യം എന്നത് തത്ത്വചിന്ത, ആചാരാനുഷ്ഠാനങ്ങള്‍, ജീവിതരീതികള്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍, സൂക്ഷ്മമായി ഇഴ ചേര്‍ന്ന, ഒരു സത്തയാണ്. സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ വിശാല ദേശത്തിന്റെ നാനാകോണുകളില്‍ തലമുറകളായി കഴിഞ്ഞുവന്ന നമ്മുടെ പൂര്‍വികരുടെ സാമൂഹ്യവും പാരിസ്ഥിതികവുമായ പശ്ചാത്തലങ്ങളും ചരിത്രവും നിരവധി ആശയധാരകളും ഇതില്‍ അന്തര്‍ലീനങ്ങളാണ്. അത് നിര്‍വചനാതീതമാണ്. പക്ഷേ തീര്‍ത്തും അനുഭവവേദ്യമാണ്. ഈ പാരമ്പര്യത്തിന്റെ പരിണാമചരിത്രം ഈ ഉപഭൂഖണ്ഡത്തിന്റെ ബാഹ്യപ്രകൃതി പോലെ, ഹിന്ദുസമൂഹത്തിന്റെ ബാഹ്യപ്രകൃതി പോലെ, അതീവ വൈവിധ്യമാര്‍ന്നതാണ്. അതിനാല്‍ സങ്കീര്‍ണ്ണമാണ് എന്ന പ്രതീതി, ഉപരിപ്ലവമായി സമീപിക്കുന്ന ആരിലും, ഉളവാക്കും. അതിന്റെ ഉള്ളടക്കവും അതുപോലെ തന്നെ. അതിനാല്‍ അതിന്റെ ഘടകങ്ങളെ വേര്‍തിരിക്കുവാനും അവ ഒരോന്നിന്റെയും സ്ഥാനവും പ്രസക്തിയും മനസ്സിലാക്കി ജീവിതത്തില്‍ ഉള്‍ക്കൊള്ളുവാനും പ്രത്യേക സമീപനം ആവശ്യമാണ്.
സമീപനത്തിന്റെ രീതിശാസ്ത്രം (മെത്തഡോളജി) - ചുറ്റുപാടറിഞ്ഞ് തീരുമാനമെടുത്തു പ്രവര്‍ത്തിക്കാനോ, പ്രതികരിക്കാനോ കഴിവുള്ള, സ്വാതന്ത്ര്യമുള്ള, നിരവധി ചേതനമോ അചേതനമോ ആയ സത്തകളുടെ കൂട്ടായ്മയെ, കൂട്ടായ പ്രവര്‍ത്തനത്തെ, ശാസ്ത്രീയമായി സങ്കീര്‍ണം  എന്നു പറയുന്നു. ഒരേ ഇനത്തില്‍പ്പെട്ട എറുമ്പുകള്‍, ഷഡ്പദങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ കൂട്ടായ്മകള്‍, മനുഷ്യരുടെ പല തരം കൂട്ടായ്മകള്‍, അതുപോലെ മസ്തിഷ്‌കത്തിലെ സൂക്ഷ്മ കണങ്ങളായ ന്യൂറോണുകളുടെ സംയുക്ത പ്രവര്‍ത്തനം, പദാര്‍ത്ഥകണത്തിലെ ലഘുകണികകളുടെ സംയുക്ത പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ഇതിനുദാഹരണങ്ങളാണ്. എപ്പിജനറ്റിക്‌സ് എന്ന ശാസ്ത്രമനുസരിച്ച് മനുഷ്യനുള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ശരീരം പോലും കോടാനുകോടി, കോശങ്ങളെന്നു വിളിക്കുന്ന, മേല്‍പറഞ്ഞ തരം സ്വതന്ത്രസത്തകളുടെ സങ്കീര്‍ണ്ണ സംഘാതം ആണത്രേ (ദി ബയോളജി ഓഫ് ബിലീഫ്).
ഇത്തരം സങ്കീര്‍ണ്ണ സംഘാതങ്ങളുടെ മറ്റു ചില ഉദാഹരണങ്ങള്‍ ഗതാഗതക്കുരുക്ക്, ഓഹരിവിപണി, സൗരയൂഥം, ലോകജനസംഖ്യ, കാലാവസ്ഥാവ്യതിയാനം മുതലായവയാണ്. ഇവയും നിര്‍വചനാതീതങ്ങളും പ്രവചനാതീതങ്ങളുമാണല്ലോ. ഇത്തരം സംഘാതങ്ങളുടെ പ്രത്യേകതകളെ പഠിക്കാനും അളക്കാനും അവയിലുണ്ടാകാനിടയുള്ള മാറ്റങ്ങള്‍ പ്രവചിക്കാനും മറ്റും ശാസ്ത്രീയമായ പല സമീപനരീതികളും രീതിശാസ്ത്രങ്ങളും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. കാല്‍ക്കുലസ് (ഇത് കണ്ടുപിടിച്ചതു ഐസക് ന്യൂട്ടണ്‍ ആണെന്നാണു നമ്മെ പഠിപ്പിക്കുന്നത്. കേരളത്തിലെ ഇരിങ്ങാലക്കുടയിലെ സംഗമഗ്രാമ മാധവാചാര്യനും കൂട്ടരുമാണ് സത്യത്തില്‍ അതിന്റെ ഉപജ്ഞാതാക്കള്‍), ബെനോയ്റ്റ് മാന്‍ഡല്‍ബ്രോട്ടിന്റെ ഫ്രാക്റ്റല്‍ ജ്യോമെട്രി (ഒരു ഗ്‌ളാസ്സ് താഴെ വീണുടയുമ്പോള്‍ ഉണ്ടാകുന്ന ശകലങ്ങള്‍  ഫ്രാക്റ്റലുകള്‍ക്ക് ഉദാഹരണമാണ്. ഓരോ രാജ്യത്തിന്റെയും അതിരുകള്‍ മറ്റൊരു ഉദാഹരണം. ഇവയ്‌ക്കൊന്നും നിയതമായ ആകൃതി ഇല്ലല്ലോ. ഇവയെ ഈ ഗണിതം ഉപയോഗിച്ച് കൃത്യമായി അളക്കാന്‍ കഴിയും) എന്നിവ അത്തരം ഗണിതരീതികളാണ്. 
കോംപ്ലെക്‌സിറ്റി സയന്‍സ് (സങ്കീര്‍ണ്ണതാ ശാസ്ത്രം) എന്ന ഒരു ആധുനിക ശാസ്ത്രശാഖ തന്നെ ഈ വിഷയത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. മെലനി മിഷേല്‍ തന്റെ കോംപ്ലെക്‌സിറ്റി എ ഗൈഡഡ് ടൂര്‍ എന്ന പുസ്തകത്തില്‍ ഇതിനെ ഇങ്ങിനെ വിശദമാക്കുന്നു-''രണ്ടായാല്‍ മൈത്രി, മൂന്നായാല്‍ ആള്‍ക്കൂട്ടം'' എന്ന പഴംചൊല്ലില്‍ സങ്കീര്‍ണതയെ നമുക്ക് വിശദീകരിക്കാം. പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്ന വസ്തുക്കളുടെ കൂട്ടത്തില്‍ നിന്നുണ്ടാവുന്ന പ്രതിഭാസത്തെക്കുറിച്ചുള്ള പഠനമാണ് സങ്കീര്‍ണതാ ശാസ്ത്രമെന്നു പറയാം. 'ആള്‍ക്കൂട്ടം' അത്തരത്തില്‍ ഉരുത്തിരിയുന്ന പ്രതിഭാസത്തിനുള്ള നല്ല ഉദാഹരണമാണ്. പ്രതിപ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വ്യക്തികളില്‍ നിന്നാണ് ആള്‍ക്കൂട്ടം ഉടലെടുക്കുന്നത് എന്നതുതന്നെയാണ് ഇതിനു കാരണം. ആള്‍ക്കൂട്ടത്തിന്റെ പ്രവര്‍ത്തന, പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ചരിത്രസംഭവങ്ങള്‍.
യാത്രക്കാര്‍, ഓഹരി കമ്പോളത്തിലെ ഇടപാടുകാര്‍, മനുഷ്യകോശങ്ങള്‍, നുഴഞ്ഞുകയറ്റക്കാര്‍ ഇവയെല്ലാം ആള്‍ക്കൂട്ടത്തിന്റെ ദൈനംദിന ഉദാഹരണങ്ങളാണ്. ഗതാഗത കുരുക്ക്, കമ്പോള തകര്‍ച്ച, ക്യാന്‍സര്‍, ഗറില്ലാ യുദ്ധം, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ്, വരള്‍ച്ച, കൊടുങ്കാറ്റ് എന്നിവ ഇതുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ട സദൃശ പ്രതിഭാസങ്ങളുമാണ്. ജലത്തിന്റെയും, വായുവിന്റെയും സംഘാതങ്ങളുടെ-കൂട്ടായ പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇത്തരം അതിരൂക്ഷ കാലാവസ്ഥകള്‍. ഇവയോട് മനുഷ്യരുടെ സംഘടിത പ്രവര്‍ത്തനങ്ങള്‍ കൂടിച്ചേരുമ്പോള്‍, 'ആഗോളതാപനം' തുടങ്ങിയ പ്രതിഭാസങ്ങള്‍ സംഭവിക്കുന്നു. ഈ അവ്യവസ്ഥകള്‍ക്കെല്ലാം കീഴെ, ഇത്തരം സങ്കീര്‍ണ്ണതകള്‍ക്കെല്ലാം അടിയില്‍ ഒരു വ്യവസ്ഥയുടെ തലമുണ്ടെന്നും അതിലൂന്നി നിര്‍ദ്ധാരണം (ഉത്തരം കണ്ടെത്തല്‍) സാധിക്കുമെന്നുമാണ് ഈ ശാസ്ത്രം പഠിപ്പിക്കുന്നത് (നീല്‍ എഫ്. ജോണ്‍സണ്‍, സിംപ്‌ളി കോംപ്‌ളെക്‌സിറ്റി)...vamanan

No comments: