സാധകന്‍ പ്രാപിക്കുന്നത് കാരണബ്രഹ്മത്തെ
Monday 2 December 2019 3:15 am IST
നാലാം അദ്ധ്യായം മൂന്നാം പാദം.
കാര്യാധികരണം
ഇതില്‍ 8 സൂത്രങ്ങളുണ്ട്
സൂത്രം കാര്യം ബാദരിരസ്യ ഗത്യുപത്തേ
കാര്യബ്രഹ്മത്തെ അഥവാ ഹിരണ്യഗര്‍ഭനെ പ്രാപിക്കുന്നു എന്ന് ബാദരി എന്ന ആചാര്യന്‍ പറയുന്നു. എന്തെന്നാല്‍ ഗതി അഥവാ ഗമനം എന്നത് കാര്യബ്രഹ്മത്തിന് യോജിക്കുന്നതിനാല്‍.
'സ ഏനാന്‍ ബ്രഹ്മ ഗമയതി' എന്ന ശ്രുതി വാക്യത്തില്‍ പറയുന്ന ബ്രഹ്മ ശബ്ദം സഗുണമാണോ നിര്‍ഗുണമാണോ എന്ന് ഇവിടെ വിചാരം ചെയ്യുന്നു. കാരണമായ നിര്‍ഗുണബ്രഹ്മം സര്‍വവ്യാപിയായതിനാല്‍ അവിടെ ഗമനം യോജിക്കുകയില്ല. സഗുണമായ ഹിരണ്യഗര്‍ഭനെയാണ് ഇവിടെ കണക്കിലെടുക്കേണ്ടത്. അതിനാല്‍ ശ്രുതിയില്‍ ജീവന്റെ ലോകാന്തര ഗമനം പരബ്രഹ്മ പ്രാപ്തിയ്ക്ക് വേണ്ടിയുള്ളതായില്ലെന്നാണ് ബാദരിയുടെ അഭിപ്രായം.
സൂത്രം വിശേഷിതത്ത്വാച്ച
വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും കാര്യബ്രഹ്മം തന്നെയെന്ന് തെളിയുന്നു.
ബൃഹദാരണ്യക ത്തില്‍ 'ബ്രഹ്മലോകാന്‍ ഗമയതി, തേ തേഷു ബ്രഹ്മലോകേഷു പരാഃ പരാവതോ വസന്തി' എന്ന ശ്രുതിയില്‍ ബ്രഹ്മത്തെ ലോക ശബ്ദത്താല്‍ വിശേഷിപ്പിച്ചിരിക്കുന്നു.
ബ്രഹ്മലോകത്തെ പ്രാപിക്കുന്നുവെന്നല്ല ബ്രഹ്മലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നു എന്നാണ് പറഞ്ഞത്. അതിനാല്‍ സഗുണ ബ്രഹ്മമമായ ഹിരണ്യഗര്‍ഭ പ്രാപ്തി തന്നെയാണ് യുക്തമായത്. നിര്‍വിശേഷമായ കാരണ ബ്രഹ്മപ്രാപ്തിയെ പരിഗണിക്കേണ്ടതില്ല.
സൂത്രം സാമീപ്യാത്തു തദ് വ്യപദേശഃ
ആ പ്രതിപാദനം ബ്രഹ്മ സാമീപ്യത്താല്‍ ദോഷമുള്ളതായിത്തീരുന്നില്ല.
പരബ്രഹ്മത്തിന്റെ സാമീപ്യം മൂലം അപരബ്രഹ്മത്തിലും ബ്രഹ്മ ശബ്ദം വിരുദ്ധമാകുന്നില്ല. പരബ്രഹ്മം തന്നെ വിശുദ്ധമായ ഉപാധികളോട് കൂടുമ്പോള്‍ അപരബ്രഹ്മമായിത്തീരും. ഉപാധിരഹിതമായ ബ്രഹ്മമാണ് ഇവിടെ അറിയാന്‍ ആഗ്രഹിക്കുന്നത്.
സൂത്രം കാര്യാത്യയേ തദദ്ധ്യക്ഷേണ സഹാതഃ പരമഭിധാനാത്
കാര്യമായ ലോകത്തിന്റെ നാശത്തില്‍ അതാത് ലോകാദ്ധ്യക്ഷന്‍മാരോട് കൂടി ഇതിലും ശ്രേഷ്ഠമായ പദത്തെ പ്രാപിക്കുന്നു. അങ്ങനെ ശ്രുതി പറയുന്നുണ്ട്. അതിനാല്‍ പുനരാവര്‍ത്തിയുണ്ടാവില്ല.
ദേവയാന മാര്‍ഗ്ഗത്തിലൂടെ ഊര്‍ധ്വ ലോകങ്ങളിലെത്തിയ ജീവന്‍മാര്‍ അതാത് ലോകാധിപന്‍മാരോടു കൂടി പരബ്രഹ്മത്തില്‍ ലയിക്കുന്നവെന്ന് ശ്രുതിയില്‍ കാണാം. അതിനാല്‍ തന്നെ അവയ്ക്ക് പുനരാവൃത്തിയില്ല.
സൂത്രം സ്മൃതേശ്ച
സ്മൃതികളിലും ഇപ്രകാരം വിവരിക്കുന്നുണ്ട്. കൂര്‍മ്മപുരാണത്തില്‍ ' ബ്രഹ്മണാ സഹ തേ സര്‍വേ
സംപ്രാപ്‌തേ പ്രതിസഞ്ചരേ
പരസ്യാന്തേ കൃതാത്മാനഃ
പ്രവിശന്തി പരം പദം'
എന്ന ശ്ലോകത്തില്‍ കാര്യബ്രഹ്മ വിഷയത്തെയാണ് കാണിക്കുന്നത്.
സൂത്രം പരം ജൈമിനിര്‍ മുഖ്യത്വാത്
മുഖ്യാര്‍ത്ഥമായതിനാല്‍ പരബ്രഹ്മം തന്നെയെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു.ഛാന്ദോഗ്യത്തില്‍ 'സ ഏനാന്‍ ബ്രഹ്മ ഗമയതി' എന്ന ശ്രുതി വാക്യത്തിലെ ബ്രഹ്മ ശബ്ദം പരബ്രഹ്മം തന്നെയെന്ന് ജൈമിനി എന്ന ആചാര്യന്‍ പറയുന്നു. എന്തെന്നാല്‍ ബ്രഹ്മ ശബ്ദം പരബ്രഹ്മത്തില്‍ മുഖ്യവും അപര ബ്രഹ്മത്തില്‍ ഗൗണവുമാണ്. ഗൗണവും മുഖ്യവുമുണ്ടെങ്കില്‍ മുഖ്യാര്‍ത്ഥം തന്നെ സ്വീകരിക്കണം.
സൂത്രം ദര്‍ശനാച്ച
ശ്രുതിയിലും പറഞ്ഞിട്ടുള്ളതിനാല്‍ പരബ്രഹ്മത്തെ പ്രാപിക്കുന്നുവെന്ന് അറിയണം.
ഛാന്ദോഗ്യത്തിലെ 'തയോര്‍ധ്വമായന്നമൃതത്വ മേതി' എന്ന ശ്രുതി വാക്യത്തില്‍ ശ്രുതി സംബന്ധിയായ അമൃതത്വത്തെ പറയുന്നു. കാര്യ ബ്രഹ്മത്തിന്റെ അനിത്യം ഉറപ്പായതിനാല്‍ കാരണോപാസന തന്നെയാണ് യുക്തം. അത് തന്നെയാണ് ശ്രുതികളില്‍ പറയുന്നത്. സാധകന്‍ കാര്യബ്രഹ്മത്തെയല്ല കാരണ ബ്രഹ്മത്തെ തന്നെയാണ് പ്രാപിക്കുന്നതെന്ന് അറിയണം.
No comments:
Post a Comment