വേദജ്ഞാനമാണ് ഒറ്റമൂലി
Monday 2 December 2019 3:09 am IST
ദുഃഖങ്ങള്‍ പലതാണ്. ഓരോ ദുഃഖത്തിനും പരിഹാരവും ഓരോന്നാണ്. എന്നാല്‍ സര്‍വദുഃഖങ്ങള്‍ക്കും പരിഹാരമായ ഒരു 'ഒറ്റമൂലി' ഉണ്ട്. അറിവാണത്. അറിവ്, ജ്ഞാനം എന്നെല്ലാം പറയുമ്പോള്‍ പുസ്തകം വായിച്ചോ ചിന്തിച്ചോ മാത്രം നേടുന്നതല്ല. അതിനും പരമായ അറിവുണ്ട്, ജ്ഞാനമുണ്ട്. ഒരു ഋഗ്വേദ മന്ത്രം കാണുക:
ഓം വേത്ഥാ ഹി നിര്ഋതീനാം
വജ്രഹസ്ത പരിവൃജമ്.
അഹരഹഃ ശുന്ധ്യുഃ
പരിപദാമിവ. (ഋഗ്വേദ 8.24.24)
അര്‍ഥം: (വജ്രഹസ്ത=) വജ്രധാരിയായ ഹേ പരമേശ്വരാ, അവിടുന്ന് (ഹി=) നിശ്ചയമായും (നിര്ഋതീനാമ്=) നാശത്തിന് കാരണമായ, ഞങ്ങളിലെ പാപചിന്തകളെയും ക്ലേശങ്ങളെയും (പരിവൃജമ്=) ഞങ്ങളില്‍നിന്നും വേര്‍പെടുത്തുന്നതിനുള്ള ഉപായത്തെ (വേത്ഥ=) അറിയുന്നവനാകുന്നു. (അഹരഹഃ=) പ്രതിദിനവും (പരിപദാമ്=) ഭൂമിയെ ആകമാനം വീക്ഷിച്ച് ചരിക്കുകയും (ശുന്ധ്യുഃ ഇവ=) അന്ധകാരത്തെ അകറ്റുകയും ചെയ്യുന്ന സൂര്യനെപ്പോലെ.
നമ്മുടെയെല്ലാം ഉള്ളില്‍, നമുക്ക് അറിവുള്ളതും അറിവില്ലാത്തതുമായ പല വിധം നിര്‍ഋതികള്‍ കുടിയിരിക്കുന്നുണ്ടായിരിക്കും. നമ്മെ നാശത്തിലേക്ക് നയിക്കുന്ന പാപചിന്തകളും ക്ലേശങ്ങളുമാണ് ഈ നിര്ഋതികള്‍. ഇവയില്‍ ചിലതെല്ലാം നമുക്കുതന്നെ അറിവുള്ളതായിരിക്കും അവയെ നമുക്കുതന്നെ ഇല്ലാതാക്കാനും പ്രയാസമുണ്ടാകില്ല. എന്നാല്‍ മറ്റു ചിലത്, വിശേഷിച്ചും ക്ലേശങ്ങള്‍ അവയുടെ വേരുകളിരിക്കുന്നത് നമ്മുടെ ചിന്താമണ്ഡലത്തിനും അപ്പുറത്തായിരിക്കും. അവയെ ഇല്ലാതാക്കണമെങ്കില്‍ പരമേശ്വരന്റെ സഹായം കൂടിയേ തീരൂ.
ക്ലേശങ്ങള്‍ അഞ്ചാണെന്ന് യോഗദര്‍ശനത്തില്‍ പറയുന്നു. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണ് ഈ പഞ്ചക്ലേശങ്ങള്‍. അനിത്യമോ അശുദ്ധമോ ദുഃഖദായകമോ ജഡമോ ആയ വസ്തുക്കളില്‍, കാര്യങ്ങളില്‍ നേര്‍വിപരീതമായി, നിത്യമോ, ശുദ്ധമോ, സുഖമോ, ചൈതന്യമോ ദര്‍ശിക്കുന്നതിനെയാണ് അവിദ്യ എന്ന് പറയുന്നത്. വസ്തുക്കളെ ദര്‍ശിക്കുന്ന, അനുഭവിക്കുന്ന ജീവാത്മാവും ദര്‍ശനശക്തിയായ ബുദ്ധിയും തമ്മിലുള്ള ഭിന്നതയെ തിരിച്ചറിയാതിരിക്കുന്നതിനെയാണ് സ്മിത എന്ന് പറയുന്നത്. സുഖമനുഭവിച്ചു കഴിയുമ്പോള്‍ സുഖത്തെ പ്രതിയും സുഖസാധനങ്ങളെപ്രതിയും നമ്മുടെ ഉള്ളിലുണ്ടാകുന്ന തൃഷ്ണയാണ് രാഗം. ദുഃഖമനുഭവിച്ചു കഴിയുമ്പോള്‍ ദുഃഖത്തെ പ്രതിയും ദുഃഖസാധനങ്ങളെപ്രതിയും നമ്മുടെ ഉള്ളിലുണ്ടാകുന്ന വിനാശത്തിനുള്ള ഇച്ഛയാണ് ദ്വേഷം. മരണത്തെ പ്രതിയുള്ള ഭയത്തെയും ദുഃഖത്തെയും ഉളവാക്കുന്ന ക്ലേശമാണ് അഭിനിവേശം. ഈ അഞ്ചില്‍വെച്ച് മുഖ്യവും അവസാനം പറഞ്ഞ നാലെണ്ണത്തിന്റെ വിളഭൂമിയുമായത് അവിദ്യയാണ്, അജ്ഞാനമാണ്.
ഈ അജ്ഞാനത്തെ പുസ്തക ജ്ഞാനത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല. കാരണം അത് ബുദ്ധിക്കും അതീതമായി നില്‍ക്കുന്നതാണ്. ഈ ലോകത്തിലെ സര്‍വ ദുരിതങ്ങളുടെയും മൂലമിരിക്കുന്നത് ഈ അവിദ്യയിലാണ്. ധ്യാനത്തിലൂടെയാണ് ഇതിനെ ഇല്ലാതാക്കേണ്ടത് എന്ന് പതഞ്ജലിമുനി പറയുന്നു. സന്ധ്യോപാസനാദികളാണ് അതിനായി അനുഷ്ഠിക്കേണ്ടത്. ആ ജ്ഞാനം നല്‍കുന്നതാകട്ടെ സാക്ഷാല്‍ പരമേശ്വരനും. പ്രതിദിനം സൂര്യന്‍ ഉദിച്ച് അന്ധകാരത്തെ നീക്കുംപോലെ സന്ധ്യോപാസനയില്‍ ആ പരമേശ്വരന്‍ ഉദിച്ചുയര്‍ന്ന് ജ്ഞാനമാകുന്ന വജ്രമുപയോഗിച്ച് നമ്മുടെ ഉള്ളിലെ എല്ലാ നിര്ഋതികളെയും മുറിച്ചു വേര്‍പെടുത്തുന്നു.
സനാതന ധര്‍മത്തിന്റെ നിത്യ ആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങളില്‍വെച്ച് ഏറ്റവും മുഖ്യമായത് ബ്രഹ്മയജ്ഞമാണ് എന്ന് മനുസ്മൃതിയില്‍ കാണാം. എന്നാല്‍, വേദാദിശാസ്ത്രങ്ങള്‍ ചൊല്ലിയോ വായിച്ചോ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനെ മാത്രമാണ് ബ്രഹ്മയജ്ഞം എന്ന് പറയുന്നത് എന്നൊരു തെറ്റിദ്ധാരണ പലരിലും ഉണ്ട്. വാസ്തവത്തില്‍ ഇവയോടൊപ്പം സന്ധ്യോപാസന എന്ന മുഖ്യ അങ്ഗം ചേരുമ്പോഴാണ് അത് ബ്രഹ്മയജ്ഞമാകുന്നത്. കാരണം ബുദ്ധിക്കതീതമായ ജ്ഞാനം അതിലൂടെയാണ് ലഭിക്കുന്നത്. ജ്ഞന്‍ അഥവാ അറിവുള്ളവന്‍ എന്നതിന്റെ അര്‍ഥം വളരെ വിപുലമാണെന്നര്‍ഥം. ഉദാഹരണമായി, വേദജ്ഞന്‍ എന്നാല്‍ കുറേ മന്ത്രങ്ങളെ മനഃ
പാഠമാക്കിയവനോ, അവയെ പദം പിരിച്ച് അര്‍ഥം പറയാന്‍ അറിയുന്നവനോ അല്ല, മറിച്ച് വേദങ്ങളെ സ്വജീവിതത്തില്‍ അനുശീലിക്കുകയും വൈദിക സന്ധ്യോപാസനാദികളിലൂടെ അലൗകികജ്ഞാനത്തെ നേടി സര്‍വക്ലേശങ്ങളെയും നശിപ്പിച്ച് പവിത്രനായി മാറുന്നവനുമായ ഉപാസകനാണ്.
No comments:
Post a Comment