വിവേകചൂഡാമണി - 4
- സ്വാമി അഭയാനന്ദ
*******************
ദുർലഭം മൂന്ന് 'മ'
മനുഷ്യ ജന്മത്തിന്റെ ദുര്‍ലഭതയും പരമപദത്തിലെത്തിച്ചേരുന്നവരുടെ വിരളതയും രണ്ടാം ശ്ലോകത്തില്‍ വര്‍ണ്ണിച്ചു. ഇതേക്കുറിച്ച് ആലോചിച്ചാല്‍ നാമെല്ലാവരും ഈ ജന്മം ശരിയ്ക്കും പ്രയോജനപ്പെടുത്തും.
ദുര്‍ലഭം ത്രയമേവൈതദ്
ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷ സംശ്രയഃ
മൂന്ന് കാര്യങ്ങള്‍ വളരെ ദുര്‍ലഭമാണ്; മനുഷ്യത്വം, മുമുക്ഷുത്വം, മഹാ പുരുഷന്‍മാരെ ആശ്രയിക്കല്‍ എന്നിവയാണത്. ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ അവ ലഭിക്കൂ. മനുഷ്യജന്മം ലഭിക്കുക എത്രയോ പാടാണെന്ന് നേരത്തേ പറഞ്ഞിരുന്നു. എത്രയോ ജന്മങ്ങള്‍ പുഴുവായും പുല്ലായും കൃമി കീടങ്ങളായും വൃക്ഷലതകളും പക്ഷിമൃഗങ്ങളുമൊക്കെ ആയതിനു ശേഷമായിരിക്കും ഒരു മനുഷ്യ ജന്മം കിട്ടിയിരിക്കുക. അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താതെ കളഞ്ഞു കുളിക്കരുത്.
മനുഷ്യനാവുക എന്നതാണ് ആദ്യമായി വേണ്ടത്. രൂപം കൊണ്ട് മാത്രമല്ല, സ്വഭാവത്തിലും പെരുമാറ്റത്തിലും വികാര വിചാര തലങ്ങളിലൊക്കെയും അത് വേണം. അതാണ് മനുഷ്യത്വം.
പലപ്പോഴും നാം കല്ല് മനുഷ്യന്റയും വൃക്ഷ മനുഷ്യന്റെയും മൃഗമനുഷ്യന്റെയുമൊക്കെ നിലവാരത്തിലാണ്. എത്രകണ്ട് താഴേയ്ക്ക് അധഃപതിക്കാമോ അത്രകണ്ട് താഴേക്ക് വീണു കിടക്കുകയാണ്. മനുഷ്യരുടെ പല ചെയ്തികളും 'മൃഗീയം' എന്ന് വിശേഷിപ്പിക്കുന്നത് മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കത്തക്ക തരത്തിലുള്ളവയാണ്. ധാര്‍മ്മികരായി ജീവിതം നയിക്കാന്‍ കഴിയുക എന്നത് തന്നെ വലിയ കാര്യമാണ്; വിശേഷിച്ചും ഇക്കാലത്ത്. മനുഷ്യന്‍ തന്റെ സ്വഭാവ ഗുണങ്ങളായ ദയ, സേവനം, സഹാനുഭൂതി തുടങ്ങിയവയൊക്കെ കാണിച്ചാല്‍ അത് വാര്‍ത്തയാകുന്ന കാലമാണ്. മനുഷ്യത്വം പ്രകടമായാല്‍ ഇന്ന് അതൊരു സംഭവമാണ്. അപകടത്തില്‍ പെട്ടവരെ രക്ഷിച്ചാല്‍... വണ്ടിയില്‍ മറന്ന് വെച്ച സാധനം തിരിച്ചേല്‍പ്പിച്ചാല്‍... എന്നിങ്ങനെയൊക്കെ. അതൊരു വലിയ വാര്‍ത്തയാകും. അത്ഭുതം! കഷ്ടം തന്നെ!
ഭൗതിക ലോകത്തില്‍ മനുഷ്യത്വപരമായി പെരുമാറുന്നവരുടെ എണ്ണം കുറയുന്നു എന്ന് പറഞ്ഞതിന് ശേഷം അതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യമായ 'മുമുക്ഷുത്വ'ത്തിലേക്കാണ് ആചാര്യ സ്വാമികള്‍ നമ്മുടെ ശ്രദ്ധ തിരിക്കുന്നത്. ലൗകിക ജീവിതത്തിന്റെ നിസ്സാരതയും അര്‍ത്ഥമില്ലായ്മയും മനസ്സിലാകണമെങ്കില്‍ ബുദ്ധിപരമായി ചിന്തിക്കാനാകണം. മനസ്സിന്റെ വികാരതലങ്ങളിലും ഇക്കിളിപ്പെടുത്തലുകളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇതേക്കുറിച്ച് അറിയുക പോലുമുണ്ടാകില്ല. ബന്ധനത്തില്‍ പെട്ട് കിടക്കുകയാണെന്ന് അറിഞ്ഞാലല്ലേ അതില്‍ നിന്ന് മോചനം വേണമെന്ന് തോന്നൂ, വിവേക വിചാരത്തോടെ ജീവിതത്തെ വിശകലനം ചെയ്യണം. എങ്കില്‍ മാത്രമേ അതിനേക്കാള്‍ ഉത്കൃഷ്ടമായ അദ്ധ്യാത്മിക ജീവിതം നയിക്കാനും അതുവഴി ഈ സംസാരത്തിന്റെ ബന്ധനങ്ങളില്‍ നിന്ന് മോചനം നേടാനും സാധിക്കൂ.
മോക്ഷം നേടാനുള്ള തീവ്രമായ ഇച്ഛയാണ് മുമുക്ഷുത്വം. മോക്ഷേച്ഛ എത്രകണ്ട് തീവ്രമാണോ അത്രകണ്ട് മുമുക്ഷുത്വം വളര്‍ന്ന് മോക്ഷമടയാനാകും. അത് തന്റെ യഥാര്‍ത്ഥസ്വരൂപത്തെ തിരിച്ചറിയലാണ്. തന്നെ ബന്ധിച്ചിരിക്കുന്ന സുഖദുഃഖങ്ങളുടേയും രാഗദ്വേഷങ്ങളുടേയും ജനന-മരണങ്ങളുടേയുമൊക്കെ ബന്ധനത്തെ പൊട്ടിച്ചെറിയും.
മഹാപുരുഷന്‍മാരെ ആശ്രയിക്കാനാവുക എന്നതാണ് മൂന്നാമത്തെ ദുര്‍ലഭമായ കാര്യം. ശ്രോത്രിയനും ബ്രഹ്മനിഷ്ഠനുമായ സദ്ഗുരുവിനെ ശരണം പ്രാപിക്കണം. അതിനും ഒരു യോഗം വേണം. ഈ ലോകത്തെ പരീക്ഷിച്ചറിഞ്ഞ് അതില്‍ കഴമ്പൊന്നുമില്ലെന്ന് ബോധ്യമായ ഒരാളാകും ഗുരുവിനെ അന്വേഷിച്ചു പോകുക. മഹാത്മാക്കളെ ആശ്രയിക്കണമെന്ന തോന്നലുണ്ടായാല്‍ തന്നെ നാം രക്ഷപ്പെട്ടു. മൃഗമനുഷ്യന്റെ നിലയില്‍ നിന്ന് മനുഷ്യമനുഷ്യനിലേക്കും ദേവമനുഷ്യനിലേക്കും മോക്ഷത്തിലേക്കും നമ്മെ നയിക്കാന്‍ മഹാത്മാക്കള്‍ക്ക് കഴിയും.
മനുഷ്യത്വവും മുമുക്ഷുത്വവും മഹാപുരുഷന്മാരെ ആശ്രയിക്കലുമൊക്കെ ഈശ്വരാനുഗ്രഹം കൊണ്ടേ സാധിക്കൂ. മുന്‍ ജന്മങ്ങളിലൂടെ നാം ആര്‍ജ്ജിച്ച ഉത്തമ സംസ്‌കാരങ്ങള്‍ തന്നെയാണ് ഒരു തരത്തില്‍ നമുക്ക് ഈശ്വര അനുഗ്രഹമാകുന്നത്. നമ്മുടെ ഇന്നലെകളാണ് ഇന്നിനെ നിശ്ചയിക്കുന്നത്. ഇന്നത്തേത് നാളെയേയും. അതിനാല്‍ അവയെല്ലാം ഈശ്വരോന്മുഖമാക്കാം. ഈശ്വരാനുഗ്രഹം നമ്മിലേക്കൊഴുകാന്‍ നാം തയ്യാറായാലേ പറ്റൂ.

No comments:
Post a Comment