Wednesday, December 11, 2019

വ്രതാനുഷ്ഠാനം

Wednesday 11 December 2019 5:02 am IST
വ്രതം തുടങ്ങുന്നതിന് വൃശ്ചികം ഒന്നിനാണ്. വ്രതാനുഷ്ഠാനത്തിന്റെ അടയാളമായി കഴുത്തില്‍ മാലയും വേണം. മാലകള്‍ രുദ്രാക്ഷമോ തുളസിയോ ആകാം. അതില്‍ അയ്യപ്പമുദ്രയും വേണം. അതില്‍ അയ്യപ്പമുദ്രയും വേണം.
ഗുരുസ്വാമിയോ ക്ഷേത്രമേല്‍ശാന്തിയോ പൂജിച്ചുവേണം മാലധരിക്കാന്‍. ജ്ഞാനം, ഗുരു, ശാസ്താവ് എന്നിവയുടെ ചിഹ്നത്തെ നമസ്‌കരിച്ചാണ് മാല ധരിക്കുന്നത്. 
ശാന്തിയുടെയും സത്യത്തിന്റെയും ചിഹ്നമാണ് മുദ്ര. ഗുരുസ്വാമിക്കോ മേല്‍ശാന്തിക്കോ ദക്ഷിണ നല്‍കിവേണം മാല അണിയാന്‍. മാല അണിഞ്ഞാല്‍ പിന്നെ സ്വാമിയായി. പെണ്‍കുട്ടികള്‍ മാളികപ്പുറങ്ങളും. തീര്‍ത്ഥാടകന്‍ പരിശുദ്ധി പാലിക്കണം. മനസ്സ്, വാക്ക്, കര്‍മം എന്നീ മൂന്ന് ഉപാധികളിലും അശുദ്ധി ഉണ്ടാകാതെ നോക്കണം. മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനെയും വേദനിപ്പിക്കരുത്. വ്രതാനുഷ്ഠാനം തുടങ്ങിയാല്‍ പണ്ട് സ്ത്രീകള്‍ വയ്ക്കുന്ന ഭക്ഷണം അയ്യപ്പന്മാര്‍ കഴിക്കില്ലായിരുന്നു. വീടിന്റെ മുറ്റത്ത് പന്തലിട്ട് അതിനുസമീപത്തായി അടുപ്പ് കൂട്ടി സ്വയം ഭക്ഷണം പാകംചെയ്തായിരുന്നു കഴിച്ചുവന്നത്.
വ്രതാനുഷ്ഠാനത്തിനുമുണ്ട് ചിട്ടകള്‍- പുലരുംമുന്‍പേ ഉണരണം. കുളിച്ച ശേഷമേ ജലപാനം പാടുള്ളു. ബ്രഹ്മചര്യം അനുഷ്ഠിക്കണം, സസ്യാഹാരമേ പാടുള്ളു. നിലത്ത് പായ് വിരിച്ചുവേണം കിടന്നുറങ്ങാന്‍. വനത്തിലെ കടുംതറയില്‍ കിടന്നുറങ്ങന്നതിനുള്ള പരിശീലനം കൂടിയാണിത്. സദാ ഈശ്വരചിന്തയും ഈശ്വരാശ്രയ ബോധവുമാണ് വേണ്ടത്. 
ഏതൊരു സംഭാഷണത്തിന്റെയും തുടക്കത്തില്‍ സ്വാമിശരണം എന്ന് വാക്കുകള്‍ ഉപയോഗിക്കണം. ശബരിമല ദര്‍ശനത്തിന് പോകുംമുന്‍പ് കഴിവുള്ളിടത്തോളം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ഗുരുപൂജ, അന്നദാനം, മുതലായവ നടത്തുന്നതിനും നല്ലതുതന്നെ.
ഒരുവന്‍ ശബരിമല തീര്‍ത്ഥാടനത്തിന് മുദ്ര ധരിച്ചുകഴിഞ്ഞാല്‍ ആ വ്യക്തിയുടെ ഭവനവും ആ ഭവനത്തിലുള്ള മറ്റംഗങ്ങളും ആ ആളിന്റെ വ്രതത്തില്‍ പങ്കുകൊണ്ട് ഭവനം ക്ഷേത്രംപോലെ ആചരിക്കണം.

No comments: