മലപ്പുറം ജില്ലയില്‍, നിളയുടെ തീരത്ത് തിരുനാവായയില്‍ നിന്നും മൂന്നരനാഴിക വടക്കുള്ള 'ഉപരിനവഗ്രാമ'ത്തിലെ നാരായണന്‍ കേരള ചരിത്രത്തിലെ പുരാണ പുരുഷനാകുന്നു. മാതൃദത്തന്‍ സ്വപുത്രന് നാരായണന്‍ എന്ന് പേരിട്ടപ്പോള്‍ 'ദ്വേധാ നാരായണീയം' എന്നൊരു പില്‍ക്കാല പ്രസിദ്ധി പ്രതീക്ഷിച്ചിരിക്കുമോ? ഉപരിനവഗ്രാമം 'മേല്‍പ്പുത്തൂരാ'വുകയും നാരായണന്‍ നാരായണഭട്ടതിരിയാവുകയും ചെയ്തപ്പോള്‍ അധ്യാത്മ കേരളത്തിന്റെ വരേണ്യബോധത്തിന് ലഭിച്ച പ്രക്രിയാസര്‍വസ്വമാണ് 'നാരായണീയം'. ഇതുപോലെ ഇതൊന്നുമാത്രമേയുള്ളു, ഇവിടെ. ഭാരതത്തിലെ ക്ഷേത്രങ്ങള്‍ കേവലം ആരാധനാലയങ്ങള്‍ മാത്രമല്ല, സംസ്‌കാരത്തിന്റെയും കലകളുടെയും സംഗമസ്ഥാനങ്ങള്‍ കൂടിയാണ്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം. കോകസന്ദേശത്തില്‍ 'കുരുവായൂര്‍' എന്ന് സൂചിപ്പിച്ചിരിക്കുന്ന പ്രദേശം ഗുരുവായൂര്‍ എന്നായത് നാരായണീയ കാലത്താവാനാണ് സാധ്യത. ഗുരുവും വായുവും ചേര്‍ന്ന് വിഗ്രഹപ്രതിഷ്ഠ നടത്തിയെന്ന് ഐതിഹ്യം. രണ്ടുകവികളെയും ഒരു ദൃശ്യകലാരൂപത്തെയും ഈ ക്ഷേത്രം സംസ്‌കാര കേരളത്തിന് സംഭാവന ചെയ്തിരിക്കുന്നു.
പ്രാചീനകവികളില്‍ പലരെയും ചുറ്റിപ്പറ്റി പല ദിവ്യകഥകളും പ്രചരിച്ചിട്ടുണ്ട്. മേല്‍പ്പുത്തൂരിന്റെ വാതകഥയ്ക്ക് ഒരു വിശുദ്ധ പരിവേഷം ലഭിച്ചിരിക്കുന്നു. പണ്ട്പണ്ട് പുരു, പിതാവായ യയാതിയുടെ ജരയെന്നപോലെ ഭട്ടതിരി സ്വഗുരുവായ പിഷാരടിയുടെ വാതരോഗം മന്ത്രപൂര്‍വം ആവാഹിച്ചുവെന്നും അതിന്റെ ഉപശാന്തിക്കായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് നാരായണീയം രചിച്ചുവെന്നും ഒരുകഥ. ശുശ്രൂഷയുടെ കാഠിന്യത്താല്‍ രോഗം ഗുരുവില്‍നിന്നും ശിഷ്യനിലേക്ക് പകര്‍ന്നുവെന്നും ആയിരം സുസംസ്‌കൃത ശ്ലോകപുഷ്പങ്ങളാല്‍ ഗുരുവായുമന്ദിരേശനെ പൂജിച്ച് ആയുരാരോഗ്യ സൗഖ്യം നേടിയെന്നും കഥയ്ക്ക് ഒരനുബന്ധം. വാതരോഗശാന്തിക്ക് എന്തുചെയ്യണമെന്ന് ഭട്ടതിരി എഴുത്തച്ഛനോട് ചോദിച്ചുവത്രെ. എഴുത്തച്ഛന്‍ മീന്‍ തൊട്ടുകൂട്ടാന്‍ ഉപദേശിച്ചുപോലും. അതനുസരിച്ച് നാരായണീയം രചിച്ചുവെന്നും ഒരു ചിന്നക്കഥ. മത്സ്യാവതാരകഥ നാരായണീയത്തിലില്ലെന്നിരിക്കെ ഏതോ സഹൃദയനായ മദ്യപാനി എറിഞ്ഞിട്ടുപോയ എല്ലില്ലാക്കഥയാവാമിത്.
നാരായണീയത്തിന്റെ ഇതിവൃത്തം വിഖ്യാതമാണ്. രചനാസാമഗ്രികള്‍ ഭാഗവതത്തില്‍നിന്നാണ് കവി സ്വീകരിച്ചിട്ടുള്ളത്. പന്ത്രണ്ട് സ്‌കന്ധങ്ങളുള്ള ശ്രീമഹാഭാഗവതം സാഗരോപമം തന്നെ. നൂറുകണക്കിന് ദശകങ്ങളുള്ള മുന്നൂറ്റമ്പതോളം അധ്യായങ്ങള്‍ പന്ത്രണ്ട് സ്‌കന്ധങ്ങളില്‍ പരന്നുകിടക്കുന്നു. അതിബൃഹത്തായ ഭാഗവതപുരാണത്തെ ആയിരത്തിമുപ്പത്തിനാല് ശ്ലോകങ്ങളില്‍ സംഗ്രഹിച്ചിരിക്കയാണ് മേല്‍പ്പുത്തൂര്‍. കവിതയുടെ ദിവ്യഭാവങ്ങളെ ഹോമിക്കാതെ സംക്ഷേപണം നിര്‍വഹിക്കുവാന്‍ ഭാവയിത്രിയായ പ്രതിഭയ്ക്ക് മാത്രമേ കഴിയു. ഒരു മഹാപുരാണത്തെ കേവലവിവര്‍ത്തനത്തിലൂടെ കൈരളിക്ക് കാഴ്ചവയ്ക്കുകയല്ല മേല്‍പ്പുത്തൂര്‍ ചെയ്തിരിക്കുന്നത്. ഏറെ ശിഖരങ്ങളുള്ള ഒരു മഹാപര്‍വതത്തെ, അതിന്റെ രൂപഭദ്രത നഷ്ടപ്പെടുത്താതെ, ഗരിമചോരാതെ മറ്റൊരു പര്‍വതമാക്കിമാറ്റുക. രണ്ട് പര്‍വതവും തലയുയര്‍ത്തി അങ്ങനെയങ്ങ് നില്‍ക്കുക. ഒരസാധാരണത്വമാണിത്.
(തുടരും)
9446442081
No comments:
Post a Comment