Tuesday, December 17, 2019

ജീവന്റെ രഹസ്യം
🎼🔆🎼🔆🎼🔆🎼🔆🎼
ജീവന്റെ രഹസ്യം
‘ക്ഷിതിർവാരി ഹവിർഭോക്താ വായുരാകാശ ഏവ ച സ്ഥൂല ഭൂതാ ഇമേ പ്രോക്താ പിണ്ഡോയം പാഞ്ചഭൗതികഃ
മനുഷ്യശരീരം ശാസ്ത്രലോകത്തിന് എന്നും കൗതുകം നിറഞ്ഞതാണ്. തിരിച്ചറിവ് ഉണ്ടായ കാലം മുതൽക്കേ അന്വേഷിക്കാനും കണ്ടെത്താനുമുള്ള ത്വ‌ര അവനെ മറ്റു ജീവികളിൽ നിന്നു വ്യത്യസ്തമാക്കുന്നു. മനുഷ്യജന്മം പുണ്യപ്രദമാണ്. അനേകം യോനികളിൽ പിറന്ന് സുഖദുഃഖനരകയാതനകൾക്കു ശേഷം ദുർലഭമായ ജീവൻ മനുഷ്യയോനിയിൽ പിറന്നാൽ അതു പരമാർഥപുണ്യം തന്നെ.
സ്ത്രീപുരുഷ സംഗമമായി ഗർഭപാത്രത്തിൽ പ്രവേശിച്ച ശുക്ലാണു സ്ത്രീരജസ്സുമായി കൂടിച്ചേർന്നു ഗർഭസ്ഥശരീരത്തിന്റെ ഉൽപത്തിക്കു കാരണമാകുന്നു. പ‍ഞ്ചഭൂതാത്മകമായ ആ ജീവന് ഒരു മാസം കൊണ്ടു തലയും രണ്ടു മാസം കൊണ്ടു കൈകൾ തുടങ്ങിയ പ്രധാന അവയവങ്ങളും മൂന്നാം മാസത്തിൽ നഖം, രോമം, അസ്ഥികൾ, തൊലി, സ്ത്രീപുരുഷ ലിംഗഭേദം, അസ്ഥിദ്വാരങ്ങളുള്ള അംഗങ്ങൾ എന്നിവയും ഉണ്ടാകുന്നു. നാലാം മാസത്തിൽ സപ്തധാതുക്കളും അഞ്ചാം മാസത്തിൽ വിശപ്പും ദാഹവും ഉണ്ടാകുന്നു. ആറാം മാസത്തിൽ ഗർഭസ്ഥശിശു മറുപിള്ളയാൽ മൂടപ്പെടുകയും വയറിന്റെ വലതുഭാഗത്തേക്കു തിരിയുകയും ചെയ്യുന്നു. ഏഴാം മാസത്തിൽ അവൻ തന്റെ ശിരസ്സും കുക്ഷിയിലൊതുക്കി പിറകും കഴുത്തും കുനിഞ്ഞ് കൈകാലുകൾ ഇളക്കാൻ കഴിയാതെ ബന്ധനസ്ഥനെപ്പോലെ കഴിയുന്നു.
അവിടെ അവന് ഈശ്വരഗത്യാ സ്മരണശക്തി ഉണ്ടാകുകയും പൂർ‌വജന്മകർമങ്ങൾ ഓർമിച്ചു നെടുവീർപ്പിടുകയും ചെയ്യുന്നു. ഇങ്ങനെ ഈശ്വരസ്മരണയിൽ മുഴുകിയവനും ഋഷിതുല്യനുമായ ആ ജീവൻ പത്താം മാസത്തിൽ പ്രസൂതിമാരുതനാൽ നയിക്കപ്പെട്ടവനായി ഭൂമിയിൽ ജനിക്കുന്നു.
പഞ്ചഭൂതമിശ്രണമാണല്ലോ ജീവന്റെ ഉൽപത്തിക്കു കാരണം. പൃഥ്വി, ജലം, അഗ്നി, വായു, ആകാശം ഇവയെ പഞ്ചഭൂതങ്ങളെന്നു പറയുന്നു. ത്വക്ക്‌, അസ്ഥികൾ, നാഡികൾ, രോമം, മാംസം എന്നീ പഞ്ചഗുണങ്ങൾ ഭൂമിയുടേതും ഉമിനീര്, മൂത്രം, ശുക്ലം, മജ്ജ, രക്തം എന്നീ പഞ്ചഗുണങ്ങൾ ജലത്തിന്റേതും വിശപ്പ്, ദാഹം, ആലസ്യം, നിദ്ര, കാന്തി എന്നീ പഞ്ചഗുണങ്ങൾ അഗ്നിയുടേതും ആകുഞ്ചനം, ധാവനം, ലംഘനം, പ്രസാരണം, ചേഷ്ടിതം എന്നീ പഞ്ചഗുണങ്ങൾ വായുവിന്റേതും ശബ്ദം, ഗാംഭീര്യം, ഛിദ്രം, ശ്രവണേന്ദ്രിയ സർ‌വസംശ്രയത എന്നീ പഞ്ചഗുണങ്ങൾ ആകാശത്തിന്റേതുമാകുന്നു. മനസ്സ്‌, ബുദ്ധി, അഹങ്കാരം, ചിത്തം എന്നീ ചതുർഗുണങ്ങൾ പൂർ‌വജന്മവാസനയാൽ അധിഷ്ഠിതമാകയാൽ അവയെ അന്തഃകരണമെന്നു വിളിക്കുന്നു.
ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക്, ഇവയഞ്ചും ജ്ഞാനേന്ദ്രിയങ്ങളും, വാക്ക്, കയ്യ്, കാല് , മലദ്വാരം, ലിംഗം ഇവയഞ്ചും കർമ ഇന്ദ്രിയങ്ങളുമാകുന്നു. ദിക്കുകൾ, വായു, സൂര്യൻ, വരുണൻ, അശ്വിനീദേവകൾ എന്നിവർ ക്രമേണ ജ്ഞാനേന്ദ്രിയങ്ങളുടെ ദേവതകളാകുന്നു. ഇഡ, പിംഗള, സുഷുമ്ന, ഗാന്ധാരി, ഗജ്ജിഹ്വ, പൂഷയശസ്വിനി, അലംബുഷ, കുഹു, ശംഖിനി ഇവ പ്രധാനപ്പെട്ട പത്തു നാഡ‍ികളാകുന്നു. പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ, നാഗം, കൂർ‌മം, കൃകലം, ദേവദത്തം, ധനഞ്ജയം എന്നീ പത്തു വായുക്കൾ ശരീരത്തിൽ കുടികൊള്ളുന്നു. പ്രാണവായു ഹൃദയത്തിലും അപാനൻ ഗുദത്തിലും സമാനൻ നാഭിസ്ഥലത്തും ഉദാനവായു കണ്ഠത്തിലും വ്യാനൻ സമസ്ത ശരീരത്തിലും വ്യാപിച്ചു കിടക്കുന്നു. നാഗവായു ഏമ്പക്കത്തിലും, കൂർമവായു കണ്ണടയ്ക്കുമ്പോഴും പ്രവർത്തിക്കുന്നു. കൃകലവായു വിശപ്പിനെ ഉദ്ദീപിപ്പിക്കുന്നു. ദേവദത്തവായു കോട്ടുവായ് വിടുമ്പോൾ പ്രവർത്തിക്കുന്നു. ശരീരത്തിൽ സർ‌വവ്യാപിയായി കിടക്കുന്ന ധനഞ്ജൻ ശരീരം നിർജ്ജീവമായാലും പ്രവർത്തിക്കുന്നു. അതു ശവദാഹം വരെ നീണ്ടുകിടക്കുന്നു.
മനുഷ്യശരീരത്തെ രണ്ടായി തിരിക്കുകയാണെങ്കിൽ ആദ്യത്തേതു വ്യാവഹാരിക ശരീരമെന്നും രണ്ടാമത്തേതു പരമാർഥിക ശരീരമെന്നും മനസ്സിലാക്കണം. വ്യാവഹാരിക ശരീരത്തിൽ മൂന്നരക്കോടി രോമങ്ങളാണുള്ളത്. ഇരുപതു നഖങ്ങളും മുപ്പത്തിരണ്ടു പല്ലുകളും ആയിരം പലം മാംസവും നൂറു പലം രക്തവുമുണ്ട്. പത്തു പലം മേദസ്സ്‌, എഴുപതു പലം തൊലി, പന്ത്രണ്ടു പലം മജ്ജ, മൂന്ന പലം മഹാരക്തം എന്നിവയുണ്ട്. പുരുഷശരീരത്തിൽ രണ്ടു നാഴി ശുക്ലവും സ്ത്രീശരീരത്തിൽ ഒരു നാഴി രജസ്സുമാണുള്ളത്. സ്ഥൂലസൂക്ഷ്മങ്ങളായ കോടിക്കണക്കിനു നാഡികളും അൻ‌പതു പലം പിത്തവും ഇരുപത്തഞ്ചു പലം കഫവുമുണ്ട്.
പരമാർഥിക ശരീരത്തിൽ മൂലാധാരചക്രം, സ്വാധിഷ്ഠാനചക്രം, മണിപൂരക ചക്രം, അനാഹത ചക്രം, വിശുദ്ധി ചക്രം, ആജ്ഞാ ചക്രം, എന്നീ ഷഡ്ചക്രങ്ങൾ സ്ഥിതിചെയ്യുന്നു. മൂലാധാരചക്രം ചതുർദളാകാരവും അഗ്നിസമാനവും ‘വ’ മുതൽ ‘സ’ വരെയുള്ള വർണങ്ങൾക്ക് ആശ്രയവുമാകുന്നു. സ്വാധിഷ്ഠാനചക്രം സൂര്യനു തുല്യം ദീപ്തമാണ്‌. വ മുതൽ ല വരെയുള്ള വർണങ്ങൾക്ക് ആശ്രയമാണ്. മണിപൂരകചക്രം രക്താഭമാകുന്നു. ദശദളാകാരമാണ്. ഡ മുതൽ ഫ വരെയുള്ള വർണങ്ങൾക്ക് ആധാരമാണ്. അനാഹതചക്രം ദ്വാദശദളാകാരമാണ്. ക മുതൽ ഠ വരെയുള്ള വർ‌ണങ്ങൾ ചേർന്നതാണ്. വിശുദ്ധിചക്രം ഷോഡശദളാകാരവും 16 അക്ഷരങ്ങൾ ചേർന്നതും ചന്ദ്രനു തുല്യം ദീപ്തവുമാണ്.
ആജ്ഞാചക്രം ഹംസ ഈ അക്ഷരങ്ങൾ ചേർന്നതും ദ്വിദളാകാരവും രക്തവർ‌ണമുള്ളതുമാണ്. ഇതിന്റെയെല്ലാം മുകളിൽ സഹസ്രാരചക്രം പ്രശോഭിക്കുന്നു. ഈ ചക്രങ്ങൾക്കു ഗണേശൻ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ, ജീവാത്മാവ്, ഗുരു, വ്യാപക പരബ്രഹ്മം എന്നിവർ ദേവതകളാകുന്നു. അതായത്‌, മൂലാധാരചക്രത്തിൽ വിഷ്ണുവിനെയും അനാഹതചക്രത്തിൽ ശിവനെയും വിശുദ്ധിചക്രത്തിൽ ജീവാത്മാവിനെയും ആജ്ഞാചക്രത്തിൽ ഗുരുവിനെയും സഹസ്രാരചക്രത്തിൽ സർ‌വവ്യാപിയായ പരബ്രഹ്മത്തെയും ധ്യാനിക്കണമെന്നു സാരം. ഒരു അഹോരാത്രത്തിൽ മനുഷ്യൻ സാമാന്യേന 21600 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നു. ഈ ശ്വാസം ഹും എന്ന ധ്വനിയോടെ പുറത്തേക്കും സഃ എന്ന ധ്വനിയോടെ അകത്തേക്കും പ്രവേശിക്കുന്നു. അതിനാൽ ജീവൻ ‘ ഹംസ്’ എന്ന പുണ്യമന്ത്രമാകുന്നു.
ബ്രഹ്മാണ്ഡത്തിലെ സമസ്തഗുണങ്ങളും ഈ ശരീരത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ശരീരത്തിലെ പാദങ്ങൾക്കു താഴെ അതലം, കാലുകൾക്കു മീതെ വിതലം, മുട്ടുകളിൽ സുതലം, ഇടയിൽ മഹാതലം എന്നിവയും നിതംബപ്രദേശത്തു തലാതലവും ഗുപ്താംഗത്തിൽ രസാതലവും കടി പ്രദേശത്ത് പാതാളവും സ്ഥിതി ചെയ്യുന്നു. ഇങ്ങനെ ഉള്ളംകാൽ തുടങ്ങി അര വരെ കീഴ്ഭാഗത്തെ ഏഴു ലോകങ്ങൾ ഭവിക്കുന്നു. നാഭിയുടെ മധ്യത്തിനു ഭൂലോകം, നാഭിക്കു മുകളിൽ ഭൂവർ‌ലോകം, ഹൃദയത്തിൽ സ്വർലോകം, കണ്ഠത്തിൽ മഹർലോകം എന്നിവ കുടികൊള്ളുന്നു. ഈ ലോകം മുഖത്തിലും തപോലോകം ലലാടത്തിലും സത്യലോകം ബ്രഹ്മരന്ധ്രത്തിലും നിലകൊള്ളുന്നു. ഇങ്ങനെ പതിനാലു ലോകങ്ങളും പരമാർഥിക ശരീരത്തിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു. അതിനാൽ സർ‌വ രഹസ്യങ്ങളുടെ യും ഇരിപ്പിടമായ ഈ ജീവൻ അഥവാ ശരീരം പവിത്രവും പുണ്യപ്രദവുമാകുന്നു.
ബാലേട്ടൻ
🎼🔆🎼🔆🎼🔆🎼🔆🎼 

No comments: