Wednesday, December 04, 2019


കലശത്തിന്റെ പ്രാധാന്യം
പവിത്രമായ എല്ലാ കര്‍മ്മങ്ങള്‍ക്കും അലങ്കരിച്ച ഒരു കലശം സാക്ഷിയായിട്ടുണ്ടാകും. മണ്ണുകൊണ്ടോ ചെമ്പുകൊണ്ടോ നിര്‍മ്മിച്ച കുടത്തിനുള്ളില്‍ ജലം നിറച്ചിരിക്കും. ഇതിന്റെ മുകള്‍ ഭാഗം മാവിലകൊണ്ട് അലങ്കരിച്ചിരിക്കും. കുടത്തിന്റെ വായ് ഭാഗത്ത് നാളികേരം വയ്ക്കും. ചുവപ്പ് അല്ലെങ്കില്‍ വെള്ള നൂല്‍ ഉപയോഗിച്ച് കുടം മുഴുവന്‍ ചുറ്റും. ഈ കുടത്തെയാണ് കലശം എന്ന് വിളിക്കുക. ജലമോ അരിയോ നിറച്ച കലശമാണ് പൂര്‍ണ്ണകുംഭം എന്ന് അറിയപ്പെടുന്നത്. ജീവിത വിജയം കൈവരിക്കുന്നതിനാവശ്യനായ ദേവചൈതന്യം ദേഹത്തില്‍ നിറയുന്നതിനെയാണ് പൂര്‍ണ്ണബിംബം പ്രതിനിധീകരിക്കുന്നത്. ഗൃഹപ്രവേശം, വിവാഹം, പൂജകള്‍ എന്നിങ്ങനെ ശുഭകാര്യങ്ങള്‍ നടക്കുന്ന ഇടങ്ങളിലെല്ലാം കലശത്തിന് പ്രാധാന്യമുണ്ട്. കലശത്തെ ആരാധിക്കുന്നതിന് പിന്നില്‍ നിരവധി തത്ത്വങ്ങളുണ്ട്.  ക്ഷീരസാഗരത്തില്‍ അനന്തനുമേല്‍ ശയനം നടത്തുന്ന ഭഗവാന്‍ വിഷ്ണുവിന്റെ നാഭിയില്‍ വിരിഞ്ഞ താമരയില്‍ നിന്നാണ് ബ്രഹ്മാവിന്റെ ജനനം. അതിനുശേഷമാണ് ബ്രഹ്മാവിന്റെ പ്രപഞ്ച സൃഷ്ടി. എല്ലാ സൃഷ്ടിയുടേയും ആവിര്‍ഭാവത്തിന് കാരണമായ ജലത്തിന്റെ പ്രതീകമാണ് കലശത്തിലെ ജലം. മാവിലയും നാളികേരവും സൃഷ്ടിയെ പ്രതിനിധീകരിക്കുന്നു. സൃഷ്ടികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമത്രെ കലശത്തെ ചുറ്റിയിരിക്കുന്ന നൂല്‍. അതുകൊണ്ടാണ് കലശത്തെ പവിത്രമായി കരുതി ആരാധിക്കുന്നത്. എല്ലാ പുണ്യനദികളില്‍ നിന്നുള്ള ജലവും എല്ലാ വേദങ്ങളിലേയും ജ്ഞാനവും എല്ലാ ദേവതകളുടേയും അനുഗ്രഹവും കലശത്തിലേക്ക് ആവാഹിക്കുക്കും. പിന്നീട് ഈ ജലം അഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഉപയോഗിക്കും. ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞ നേരം ഉയര്‍ന്നുവന്നതാണ് അമൃതകുംഭം. അതുകൊണ്ടുതന്നെ കലശം അമരത്വത്തിന്റേയും പ്രതീകമാണ്.

No comments: