ശബ്ദം ആകാശത്തിന്റെ സൂക്ഷ്മരൂപം
Wednesday 11 December 2019 5:03 am IST
കര്‍ണൗ പിധായ
ഹസ്താഭ്യാം
യം ശൃണോതി ധ്വനിം മുനിഃ
തത്ര ചിത്തം സ്ഥിരീകുര്യാദ്
യാവത് സ്ഥിരപദം വ്രജേത് 4 82
കൈകള്‍ കൊണ്ട് കാതുകളടച്ച് നാദം കേട്ട് അതില്‍ മനസ്സുറപ്പിക്കുന്ന മുനി സ്ഥിരപദം
പ്രാപിക്കും.
മനനശീലനാണ് മുനി, യോഗി. കൈകള്‍ കൊണ്ട് (ഹസ്താഭ്യാം) എന്നാല്‍ കൈവിരല്‍ കൊണ്ട് എന്നര്‍ഥമെടുക്കണം. കൈയിലെ പെരുവിരലുകള്‍ കൊണ്ട് ചെവിയടക്കണം. ധ്വനി അനാഹതധ്വനി തന്നെ. തനിയെ ഉണ്ടായ ശബ്ദവിശേഷം. സ്ഥിര പദമെന്നാല്‍ തുര്യാവസ്ഥ തന്നെ.
'തുര്യാവസ്ഥാ (നാലാം അവസ്ഥ) ചിദഭിവ്യഞ്ജക നാദസ്യ (മനസ്സില്‍ അറിയുന്ന നാദത്തിന്റെ ) വേദനം പ്രോക്തം' (തിരിച്ചറിയലാണ് ). എന്ന് സ്വാത്മാരാമന്‍ ഭാഷ്യത്തില്‍ പറയുന്നു.
ഇങ്ങനെ നാദാനുസന്ധാനം കൊണ്ട് പ്രാണന് സ്ഥിരതയും അണിമാദി സിദ്ധികളും കിട്ടും. ത്രിപുരാ സമുച്ചയത്തില്‍ പറയുന്നു : ''സഹജോ യസ്യ സമുത്ഥിതഃ പ്രണാദഃ (സഹജമായിത്തന്നെ നാദം ഉണര്‍ന്നവന്) വിജിതോ ഭവതീഹ തേന വായുഃ(പ്രാണന്‍ സ്വാധീനത്തിലായി ത്തീരും). അണിമാദി ഗുണാ ഭവന്തി തസ്യ (അവന് അണിമ, മഹിമ മുതലായ സിദ്ധികള്‍ലഭിക്കുന്നു) മഹാഗുണോദയസ്യ അമിത പുണ്യം ച (ധാരാളം പുണ്യവും കിട്ടുന്നു). സുരരാജ തനൂജ (ഇന്ദ്രന്റെ മകന്റെ, അര്‍ജ്ജുനന്റെ ) വൈരി രന്ധ്രേ (ശത്രുവിന്റെ (കര്‍ണ്ണ) ദ്വാരങ്ങള്‍) സ്വകരാങ്ഗുലിദ്വയേന (രണ്ട് വിരലുകള്‍ കൊണ്ട്) വിനിരുദ്ധ്യ (അടച്ച്, ചെവികള്‍ അടച്ച്) അന്തഃ പ്രസരന്തം (ഉള്ളില്‍ നിറയുന്ന) ജലധേരിവ ധീരനാദം (കടലിന്റെ ഇരമ്പല്‍ പോലുള്ള ശബ്ദം) മര്‍ത്യഃ ശൃണോതി (സാധകന്‍ കേള്‍ക്കും). ഗഹനമായ തത്വം പറയുമ്പോഴും കാതിനെ 'സുരരാജ തനൂജ വൈരിരന്ധ്രം' ആക്കുന്ന നര്‍മബോധത്തിനു നമസ്‌കാരം പറയാതെ വയ്യ.
ശങ്കരാചാര്യര്‍ യോഗരത്‌നാവലിയില്‍ പറയുന്നു : സദാശിവ ഉക്താനി (പരമശിവന്‍ ഉപദേശിച്ച) സപാദ ലക്ഷ(ഒന്നേകാല്‍ ലക്ഷം) ലയാവധാനാനി (ലയ സമാധി രീതികള്‍) വസന്തി ലോകേ (ലോകത്തില്‍ പ്രചരിച്ചിട്ടുണ്ട്). നാദാനുസന്ധാന സമാധിമേകം (അവയില്‍ നാദാനുസന്ധാനസമാധി ഒന്നു മാത്രം) മാന്യതമം ലയാനാം (ഏറ്റവും യോജിച്ചതായി) മന്യാമഹേ (ഞാന്‍ കണക്കാക്കുന്നു.). പ്രപഞ്ചസാര തന്ത്രത്തിലും ഇതേ കാര്യം അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്.
ശിവ സംഹിത പറയുന്നു: ( 5 47,48)
നാദത്തില്‍ മനസ്സു ലയിച്ച യോഗി, ബാഹ്യമായ സകലതും മറക്കുന്നു. നാദത്തില്‍ ലയിക്കുന്നു. അനേക ഗുണങ്ങള്‍ നേടുന്നു. ചിദാകാശത്തില്‍ ലയം പ്രാപിക്കുന്നു. 'നാസനം സിദ്ധസദൃശം ( സിദ്ധാസനം പോലൊരാസനം ഇല്ല ) ന കുംഭസദൃശം ബലം ( കുംഭകം പോലൊരു ബലമില്ല) ന ഖേചരീ സമാ മുദ്രാ (ഖേചരി പോലൊരു മുദ്രയില്ല) ന നാദ സദൃശോ ലയഃ'' (നാദം പോലെ മറ്റൊരു ലയവുമില്ല). എന്നിങ്ങനെ ശിവസംഹിത അടിവരയിട്ടു പറയുന്നു.
അഭ്യസ്യമാനോ നാദോ ള യം
ബാഹ്യമാവൃണുതേ ധ്വനിം
പക്ഷാദ് വിക്ഷേപമഖിലം
ജിത്വാ യോഗീ സുഖീ ഭവേത് 4 83
ഇങ്ങനെ നാദാനുസന്ധാനം ചെയ്യുന്നവനെ ബാഹ്യശബ്ദങ്ങള്‍ ബാധിക്കില്ല. ഒരു പക്ഷം (15 ദിവസം) കൊണ്ട് മനസ്സിന്റെ ഇളക്കങ്ങളെല്ലാം മാറും. സുഖം ലഭിക്കും.
ഇന്ദ്രിയങ്ങള്‍ പ്രേരണകളുടെ പിന്നാലെ പോവും. ബലവത്തായ പ്രേരണയാണ് ശബ്ദം. ആദ്യമായുണ്ടായ ഭൂതമാണല്ലൊ ആകാശം. അതിന്റെ സൂക്ഷ്മരൂപമത്രെ ശബ്ദം. അതു കൊണ്ട് പഞ്ചഭൂതങ്ങളിലും വെച്ച് സൂക്ഷ്മതമമാണ് ശബ്ദം. സ്വാഭാവികമായും ശബ്ദത്തില്‍ സ്പര്‍ശ രൂപ രസഗന്ധങ്ങള്‍ പ്രഭാവ ശൂന്യമാവും. എന്നാല്‍ ബാഹ്യമായ ശബ്ദം അന്തര്‍നാദത്തിനു മുന്നില്‍ ദുര്‍ബലമാവും. അന്തര്‍നാദത്തില്‍ ലയിച്ചാല്‍ പിന്നെ മനസ്സിനെ ഇളക്കാന്‍ മറ്റൊന്നിനും സാധ്യമല്ല. ഹ്രസ്വകാലത്തെ അഭ്യാസം കൊണ്ടു തന്നെ സിദ്ധി നേടാന്‍ കഴിയും.
No comments:
Post a Comment