സരസ്വതീ കവചം
( ശ്രീമദ് ദേവീഭാഗവതം 9.4)
****************************
"ശ്രുതം സർവ്വം മയാപൂർവ്വം ത്വത്പ്രസാദാത് സുധോപമം
അധുനാ പ്രകൃതീനാം ച വ്യസ്തം വർണയപൂജനം
കസ്യാ: പൂജാ കൃതാ കേന കഥം മർത്യേ പ്രചാരിതാ
കേന വാ പൂജിതാ കാ വാ കേന കാ വാ സ്തുതാ പ്രഭോ"
( ശ്രീമദ് ദേവീഭാഗവതം 9.4)
****************************
"ശ്രുതം സർവ്വം മയാപൂർവ്വം ത്വത്പ്രസാദാത് സുധോപമം
അധുനാ പ്രകൃതീനാം ച വ്യസ്തം വർണയപൂജനം
കസ്യാ: പൂജാ കൃതാ കേന കഥം മർത്യേ പ്രചാരിതാ
കേന വാ പൂജിതാ കാ വാ കേന കാ വാ സ്തുതാ പ്രഭോ"
നാരദൻ പറഞ്ഞു: അവിടുത്തെ കൃപയാൽ അമൃതോപമമായ അപൂർവ്വകഥകൾ കേൾക്കാൻ എനിക്കു ഭാഗ്യമുണ്ടായി. ഇനി ഓരോരോ ദേവിമാരെ പൂജിക്കേണ്ട വിധിക്രമങ്ങളും എനിക്ക് പറഞ്ഞു തന്നാലും. ഏതെല്ലാം ദേവിമാരെ, എപ്പോൾ ഏതുവിധത്തിലാണ് ഇതിനു മുൻപ് ഈ മർത്യലോകത്ത് പൂജിച്ചത്? അവർ എങ്ങിനെയുള്ള സ്തോത്രങ്ങളാണ് ദേവീസ്തുതിക്കായി ഉപയോഗിച്ചത്? ആ ദേവിമാരെ പ്രീതരാക്കുവാനുള്ള ധ്യാനശ്ലോകങ്ങളും അവയുടെ മാഹാത്മ്യവും അവർ നല്കിയ വരങ്ങളുടെ കഥകളും വിശദമായി പറഞ്ഞാലും.
ശ്രീ നാരായണൻ പറഞ്ഞു: ഗണേശ ജനനിയായ ദുർഗ്ഗ, രാധ, ലക്ഷ്മി, സരസ്വതി, സാവിത്രി, എന്നീ അഞ്ചു ദേവിമാരാണ് മൂലപ്രകൃതിയിലെ പ്രധാന സൃഷ്ടിസ്ഥിതികൾ. ഈ ദേവിമാർക്കുള്ള പൂജാക്രമങ്ങൾ സുപ്രസിദ്ധങ്ങളാണ്. മാഹാത്മ്യമേറിയതും മംഗളകാരിയുമായ അവയുടെ പ്രഭാവം അമൃതതുല്യമത്രേ. ശുഭപ്രദമാണവ. പ്രകൃതിയുടെ അംശകലകളായ ദേവിമാരുടെ ചരിത്രം അങ്ങ് സാവധാനം ശ്രദ്ധിച്ചു കേട്ടാലും. ആ അഞ്ചുദേവിമാരെ കൂടാതെ കാളി, ജാഹ്നവി, ഗംഗാ, ഭൂദേവി, ഷഷ്ഠി, മംഗളചണ്ഡിക, തുളസി, മനസാ, നിദ്രാ, സ്വധാ, സ്വാഹാ, ദക്ഷിണാ എന്നീ ദേവിമാരുടെ ചരിതവും ജീവകർമ്മവിപാകവും ഞാൻ ചുരുക്കിപ്പറയാം.
അവയിൽ ദുർഗ്ഗയുടെയും രാധയുടെയും ചരിതങ്ങൾ അതിവിസ്തൃതമാകയാൽ അവ പിന്നീട് വിശദമാക്കാം. ആദ്യമായി സരസ്വതീപൂജ നടത്തിയത് സാക്ഷാൽ ശ്രീകൃഷ്ണനാണ്. സരസ്വതിയുടെ പ്രസാദമുണ്ടെങ്കിൽ ഏതു മൂർഖനും പണ്ഡിതനാകാം. കൃഷ്ണപത്നി രാധയുടെ ജിഹ്വാഗ്രത്തിൽ നിന്നും ഉണ്ടായ കാമരൂപിണിയായ സരസ്വതി കൃഷ്ണനെ പതിയായിക്കിട്ടാൻ മോഹിച്ചു. എന്നാൽ ആ സർവ്വലോകമാതാവിന് ഹിതവും സത്യവും പറഞ്ഞുകൊടുത്ത് എന്താണ് ശുഭപ്രദമെന്ന് ഭഗവാന് ഉപദേശിച്ചു.
ശ്രീ കൃഷ്ണൻ പറഞ്ഞു: “ദേവീ അവിടുന്ന് എന്റെതന്നെ അംശമായ ചതുർഭുജനായ നാരായണനെ വരിച്ചാലും. എന്നെ വരിച്ച് ഭർത്താവാക്കി ഇവിടെക്കഴിയാൻ നിനക്കാവില്ല. കാരണം രാധ നിന്നേക്കാൾ സമർത്ഥയാണ്. വാസ്തവത്തിൽ ഞാനും അവളെക്കാൾ ബലവാനല്ല. ഞാൻ സർവ്വേശ്വരനാണെന്നു പറയാമെങ്കിലും രാധ തേജസ്സിലും രൂപഗുണങ്ങളിലും എനിക്കു തുല്യയാണ്. എനിക്ക് പ്രാണനാണവൾ. പ്രാണനെ ആരും ഉപേക്ഷിക്കുകയില്ലല്ലോ. വാസ്തവത്തിൽ സ്വന്തം മക്കൾ പോലും പ്രാണനു സമമാവില്ല.
അപ്പോൾ നിന്നെ ഞാനെങ്ങിനെ ഏറ്റെടുത്ത് രക്ഷിക്കും? നാരായണൻ കാമിനീകാമത്തെ അറിയുന്നവനും അവരുടെ ഇംഗിതങ്ങൾ സാധിപ്പിക്കുവാൻ സമർത്ഥനുമാണ്. ലീലാലോലനും കോടി കാമദേവൻമാർക്ക് സമനുമാണവൻ. നീ വൈകുണ്ഡത്തിൽ ചെന്ന് മഹാവിഷ്ണുവിനെ പതിയാക്കുക. എന്നിട്ടവിടെ സുഖമായി വാണാലും. തേജസ്സിലും രൂപഗുണത്തിലും വിഷ്ണുപത്നിയായ ലക്ഷ്മീദേവി നിനക്ക് തുല്യയാണ്. അവൾക്ക് കാമം, ക്രോധം, ലോഭം, മോഹം, അഭിമാനം, ഹിംസ എന്നിവയൊന്നുമില്ല. അതു കൊണ്ട് അവളുമായി രമ്യതയിൽ ചിരകാലം ജീവിക്കാം. വിഷ്ണു നിങ്ങൾക്ക് രണ്ടാൾക്കും തുല്യപരിഗണന നല്കുകയും ചെയ്യും.
സുന്ദരീ, വിദ്യാരംഭദിനത്തിലും മാഘശുക്ളപഞ്ചമിയിലും ലോകർ നിന്നെ പൂജിക്കും. മനുഷ്യരും മനുക്കളും ദേവൻമാരും ഗന്ധർവ്വൻമാരും മുനികളും യക്ഷൻമാരും യോഗികളും സിദ്ധരും നാഗങ്ങളുമെല്ലാം സരസ്വതീ പൂജ ചെയ്യും. ഓരോ കല്പങ്ങളും അവസാനിക്കുന്നതുവരെ ഷോഡശാചാരങ്ങളോടെ നിന്നെയവർ പൂജിക്കാൻ ഇടവരട്ടെ. അവർ കണ്വശാഖയിൽ പറഞ്ഞിട്ടുള്ള വിധത്തിൽ നിന്നെ ഘടത്തിലോ ഗ്രന്ഥത്തിലോ ആവാഹിച്ച് പൂജിക്കും. അവർ സ്വർണ്ണംകൊണ്ട് രക്ഷയുണ്ടാക്കി അതിൽ നിന്റെ കവചമെഴുതി വലംകൈയിലോ കഴുത്തിലോ ധരിക്കും. പൂജാവേളയിൽ അവരാ കവചം ജപിക്കുകയും ചെയ്യും.”
ഇത്രയും പറഞ്ഞ് ഭഗവാൻ സ്വയം സരസ്വതീപൂജ ചെയ്തു. പിന്നീട് ബ്രഹ്മാവും വിഷ്ണുവും രുദ്രനും ദേവിയെ പൂജിച്ചു. പിന്നെ ശേഷനും ധർമ്മനും സനകാദികളും ദേവൻമാരും മുനികളും മനുഷ്യരും സരസ്വതിയെ പൂജിച്ചു. അങ്ങിനെയാണ് ലോകത്ത് വാണീപൂജ ആരംഭിച്ചത്.
നാരദൻ പറഞ്ഞു: ‘വാണീ പൂജാവിധികളും ക്രമവും കവചവും എല്ലാം കാതിനിമ്പമുണ്ടാക്കുന്നവയാണ് എന്നതിൽ സംശയമില്ല. ദേവീ പൂജയ്ക്ക് ഉത്തമങ്ങളായ വസ്തുക്കൾ, പുഷ്പങ്ങൾ, നൈവേദ്യങ്ങൾ, ചന്ദനങ്ങൾ എന്നിവയെപ്പറ്റിയെല്ലാം കൂടി എനിക്ക് പറഞ്ഞുതന്നാലും.’
ശ്രീ നാരായണൻ തുടർന്നു: ‘കണ്വശാഖാ സമ്പ്രദായപ്രകാരം ജഗന്മാതാവായ സരസ്വതിയെ പൂജിക്കുന്നവിധം എന്തെന്നു ഞാൻ പറയാം. മാഘമാസത്തിലെ ശുക്ളപഞ്ചമിയിലും വിദ്യാരംഭദിനത്തിലും സരസ്വതീപൂജ ചെയ്യാം. പൂജയുടെ തലേദിവസം സങ്കല്പം ചെയ്ത് ഇന്ദ്രിയ സംയമത്തോടെ ശുദ്ധമനസ്സും ശരീരവും തയ്യാറാക്കി പൂജയ്ക്കായി ഒരുങ്ങണം.
പ്രഭാതത്തിൽ സ്നാനാദികൾക്കുശേഷം ഭക്തിപൂർവ്വം തന്ത്രശാസ്ത്രങ്ങൾക്കനുസരിച്ച് ഒരു കലശം സ്ഥാപിക്കുക. ആദ്യം ഗണേശപൂജ. പിന്നെ ഇഷ്ടദേവതാ ധ്യാനം. തയ്യാറാക്കി വച്ച കലശത്തിൽ ആവാഹനം നടത്തി വ്രതനിഷ്ഠയോടെ ഷോഡശാചാര പൂജ ചെയ്യണം. പുതുവെണ്ണ, തൈര്, പാൽ, മോര്, എള്ളുണ്ട, കരിമ്പ്, കരിമ്പുനീര്, വെല്ലം, കൽക്കണ്ടം, തേൻ, സ്വസ്തികം, ധാന്യാക്ഷതം, അവിൽ, കൊഴുക്കട്ട, നെയ്പൊങ്കൽ, ഗോതമ്പ്മാവ്, യവം, അപ്പം, വാഴപ്പഴം കൊണ്ടുണ്ടാക്കുന്ന അപ്പം, നെയ്പായസം, നാളികേരം, ഇളനീര്, മുത്തങ്ങ, ഇഞ്ചി, വാഴപ്പഴം, കൂവളക്കായ, ഇലന്തക്കായ, കാലദേശോചിതങ്ങളായ മറ്റ് വെളുത്ത പഴങ്ങൾ, എന്നിവയെല്ലാം നിവേദ്യത്തിനുപയോഗിക്കാം.
സുഗന്ധമുള്ള വെള്ളപ്പൂക്കൾ, വെള്ളചന്ദനം, നല്ല വെള്ളക്കോടി വസ്ത്രം, വെൺശംഖ്, വെള്ളപ്പൂമാല, വെള്ള മുത്തുമാല എന്നിവയെല്ലാം പൂജയ്ക്ക് ഉത്തമമത്രേ.
ഇനി വേദത്തിലുള്ള ശ്രുതിസുന്ദരമായ ധ്യാനം എന്തെന്നു നോക്കാം. ദേവിയെ പ്രകീർത്തിക്കുന്ന ആ ധ്യാനസ്തോത്രം അജ്ഞാനനാശകമാണ്. സുസ്മിതയും ശുഭ്രവർണ്ണയും സുമനോഹരിയുമാണ് സരസ്വതി. 'കോടിചന്ദ്രപ്രഭാകാന്തിയുള്ള കോമളവിഗ്രഹേ, ദേവീ, അഗ്നിപോലെ വിശുദ്ധമായ പട്ടുടുത്തവളേ, വീണാപുസ്തകധാരിണീ, ശ്രേഷ്ഠരത്നങ്ങൾ അണിഞ്ഞു പ്രശോഭിതയായി നിലകൊള്ളുന്നവളേ, ബ്രഹ്മാവിഷ്ണുമഹേശ്വരൻമാരാൽ പൂജിതയായവളേ, മുനിമാരാലും മനുക്കളാലും മനുഷ്യരാലും വന്ദിക്കപ്പെടുന്നവളേ, ഞാനിതാ അവിടുത്തെ കാലടികളിൽ നമിക്കുന്നു. ഇങ്ങിനെയുള്ള ധ്യാനത്തോടെ മൂലമന്ത്രസഹിതം എല്ലാമെല്ലാം ദേവിക്കായി സമർപ്പിക്കുക. പിന്നെ കവചം ചൊല്ലി ദണ്ഡനമസ്കാരം ചെയ്യണം.
വാണീദേവി ഇഷ്ടദേവതയായുള്ളവർ മുടങ്ങാതെ നിത്യവും ഈ പൂജ ചെയ്യണം. മറ്റുള്ളവർക്ക് മാഘപഞ്ചമിക്കും വിദ്യാരംഭത്തിനും ഇതാവാം. വേദോക്തമായ മൂലമന്ത്രം ചൊല്ലാൻ എല്ലാവർക്കും അധികാരമുണ്ടു്. എന്നാൽ ഗുരുക്കന്മാര് മറ്റ് മന്ത്രങ്ങൾ ഉപദേശിച്ചു തന്നിട്ടുണ്ടെങ്കിൽ അതാണ് സാധകൻ മൂലമന്ത്രമായി ഉപയോഗിക്കേണ്ടത്. ഈ പൂജയ്ക്കായി മന്ത്രങ്ങള് മറ്റേണ്ടതില്ല.
“ശ്രീം ഹ്രീം സരസ്വതൈ സ്വാഹാം” എന്നതാണ് സരസ്വതീ മൂലമന്ത്രം. ലക്ഷ്മി, മായാ സരസ്വതി, വഹ്നി എന്നിവർ ചേർന്നതാണ് ഈ മന്ത്രത്തിന്റെ സ്വരൂപം. കൽപവൃക്ഷസമമായ ഈ മന്ത്രം ആദ്യമായി ഉപദേശിച്ചത് പുണ്യനദിയായ ഗംഗാതീരത്തുവച്ച് സാക്ഷാൽ നാരായണൻ വാല്മീകിക്കായാണ്. പുഷ്കരതീർത്ഥത്തിൽ വച്ച് അമാവാസി ദിവസം ഭൃഗുമഹർഷി അത് കലിക്കുപദേശിച്ചു. വെളുത്തവാവിന്റെയന്ന് മരീചിമഹർഷി ദേവഗുരുവായ ബൃഹസ്പതിക്ക് ഈ സരസ്വതീ മന്ത്രം ഉപദേശിച്ചു. ബദരികാശ്രമത്തിൽ വച്ച് ബ്രഹ്മദേവൻ ഭൃഗുവിന് ഈ മന്ത്രം നൽകി. പാൽക്കടലോരത്ത് വച്ച് ജരത്കാരു ആസ്തീകനു വേണ്ടിയും, സുമേരുവിൽ വച്ച് വിഭാണ്ഡകൻ ഋശ്യശൃംഗനുവേണ്ടിയും ഈ മന്ത്രം ഉപദേശിച്ചു. ശിവൻ കണാദനും സൂര്യൻ യാജ്ഞവല്ക്യനും കാത്യായനനും ഈ മന്ത്രം നല്കി. സുതലത്തിൽ മഹാബലിയുടെ സന്നിധിയിൽ വച്ച് ശേഷൻ ശാകടായനും പാണിനിക്കും ഭരദ്വാജനും ഈ മന്ത്രം നല്കി. ഈ മന്ത്രം നാലുലക്ഷം തവണ ആവർത്തിച്ചു ജപിച്ചാൽ മന്ത്രസിദ്ധിയുണ്ടാവും. അത് സാധകനെ ബൃഹസ്പതിക്ക് തുല്യനാക്കും.
ഇനി ഗന്ധമാദനത്തിൽ വച്ച് ബ്രഹ്മാവ് ഭൃഗുവിനായി ഉപദേശിച്ച വിശ്വജയം എന്ന കവചം കേട്ടാലും.
ഭൃഗു ചോദിച്ചു: “അല്ലയോ ബ്രഹ്മാവേ, ബ്രഹ്മജ്ഞരിൽ ശ്രേഷ്ഠനായുള്ള ഭഗവാനേ, സർവ്വജ്ഞ, സർവ്വേശ, സർവ്വപൂജിതനേ, സർവ്വോത്കൃഷ്ടങ്ങളായ അനേകം മന്ത്രങ്ങൾ കോർത്തിണക്കിയ വിശ്വജയമെന്ന സരസ്വതീകവചം എനിക്കായി ഉപദേശിച്ചാലും.”
ബ്രഹ്മാവ് പറഞ്ഞു: “സർവ്വകാമങ്ങളെയും നിവൃത്തിക്കുന്ന ശ്രുതിസാരവും ശ്രുതിമുഖവുമായ സരസ്വതീകവചം ശ്രുതികളിൽ ഏറ്റവും ഉത്തമമാണ്. ശ്രുത്യുക്തവും ശ്രുതിപൂജിതവുമാണത്. രാസേശ്വരനായ ഭഗവാൻ കൃഷ്ണൻ വൃന്ദാവനത്തിലെ രാസമണ്ഡലത്തിൽ വച്ച് എനിക്കുപദേശിച്ച ഈ രക്ഷാകവചം അതിരഹസ്യവും കല്പപാദമെന്നപോലെ പവിത്രവുമാണ്. അത്യദ്ഭുതമന്ത്രങ്ങൾ അടങ്ങിയ ഈ കവചം ധരിച്ചാണ് ശുക്രൻ അസുരൻമാരുടെ ഗൂരുവായത്, ബൃഹസ്പതി ബുദ്ധിമാനായത്, വാല്മീകി കവീന്ദ്രനായത്, സ്വായംഭുവമനു സർവ്വപൂജിതനായത്. ഈ കവചം ധരിച്ചാണ് ശാകടായനൻ, കണാദൻ, ദക്ഷൻ, പാണിനി, ഗൗതമൻ, കാത്യായനൻ, കണ്വൻ, എന്നിവർ ഗ്രന്ഥരചനയ്ക്ക് സമർത്ഥരായത്. വേദവ്യാസൻ ഒരു ലീല പോലെ അനായാസം വേദങ്ങളെ വിഭജിച്ചതും വ്യാഖ്യാനിച്ചതും വാണീകവചസിദ്ധിയാലാണ്.
ശതാതപൻ, യാജ്ഞവൽക്യൻ, സംവർത്തൻ, വസിഷ്ഠൻ, പരാശരൻ, എന്നിവരെല്ലാം ഈ മന്ത്രത്തിന്റെ സിദ്ധിയാലാണ് ദിവ്യഗ്രന്ഥങ്ങൾ രചിച്ചത്. ഋശ്യശൃംഗൻ, ഭരദ്വാജൻ, ജൈഗീഷവ്യൻ, യയാതി,ആസ്തികന്, ദേവലൻ മുതലായവർക്ക് കീർത്തിയുണ്ടായത് ഈ കവചത്തിനാലാണ്. ഈ കവചത്തിന്റെ ഋഷി സാക്ഷാൽ പ്രജാപതിയും, ഛന്ദസ്സ് ബൃഹതിയും, ദേവത ശാരദാംബികയുമാണ്. സർവ്വസിദ്ധികൾ ഉണ്ടാകാനും കവിത്വം ലഭിക്കാനും ഈ കവചം അതിവിശേഷമാണ്,
‘ശ്രീം ഹ്രീം മായാ’ ബീജസ്വരൂപിണിയായ സരസ്വതീദേവി എന്റെ ശിരസ്സിനെയും
‘ശ്രീ’ സ്വരൂപിണിയായ വാഗ്ദേവത എന്റെ ഫാലദേശത്തെയും രക്ഷിക്കട്ടെ.
‘ശ്രീ’ സ്വരൂപിണിയായ വാഗ്ദേവത എന്റെ ഫാലദേശത്തെയും രക്ഷിക്കട്ടെ.
‘ശ്രീം ഹ്രീം’ സ്വരൂപിണിയായ സരസ്വതീദേവി എന്റെ കാതുകളെ സംരക്ഷിക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ സ്വാഹാദേവി എന്റെ കണ്ണുകളെ രക്ഷിക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ സ്വാഹാദേവി എന്റെ കണ്ണുകളെ രക്ഷിക്കട്ടെ.
‘ഐം ഹ്രീം’ സ്വരൂപിണിയായ വാഗ്വാദിനി എന്റെ നാസികകളെ കാത്താലും.
‘ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാസ്വരൂപിണി എന്റെ ഓഷ്ഠപുടങ്ങളെ സംരക്ഷിക്കട്ടെ.
‘ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാസ്വരൂപിണി എന്റെ ഓഷ്ഠപുടങ്ങളെ സംരക്ഷിക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ബ്രാഹ്മീദേവി എന്റെ പല്ലുകൾക്ക് സംരക്ഷയേകട്ടെ. ‘ഐം’ എന്ന ഏകാക്ഷര മന്ത്രം എന്റെ കണ്ഠത്തെ കാക്കട്ടെ.
‘ഓം ശ്രീം ഹ്രീം’ സ്വരൂപിണിയായ ലക്ഷ്മീദേവി എന്റെ കഴുത്തും ചുമലും രക്ഷിക്കട്ടെ. ‘ഓം ഹ്രീം’ സ്വരൂപിണിയായ വിദ്യാധിഷ്ഠാതൃദേവത എന്റെ വക്ഷസ്സിനെ കാക്കട്ടെ.
‘ഓം’ സ്വരൂപിണിയായ വിദ്യാധിരൂപിണി സ്വാഹാദേവി എന്റെ നാഭിയെ രക്ഷിക്കട്ടെ. ‘ഓം ഹ്രീം ക്ളീം’ സ്വരൂപിണിയായ വാണീദേവി എന്റെ കൈളെ രക്ഷിക്കട്ടെ.
‘ഓം’ സർവ്വവർണാത്മികേ ദേവീ എന്റെ കാലുകളെ സംരക്ഷിച്ചാലും.
‘ഓം’കാരസ്വരൂപിണീ വാഗധിഷ്ഠാദേവീ, എല്ലാം എപ്പോഴും രക്ഷിച്ചാലും.
‘ഓം’കാരസ്വരൂപിണീ വാഗധിഷ്ഠാദേവീ, എല്ലാം എപ്പോഴും രക്ഷിച്ചാലും.
‘ഓം’ സ്വരൂപിണിയായി എല്ലാ കണ്ഠങ്ങളിലും കുടികൊള്ളുന്ന ദേവി എന്റെ കിഴക്കു ഭാഗവും സർവ്വജിഹ്വകളിലും ‘ഓം’കാരരൂപിണിയായി നിലകൊള്ളുന്ന ദേവി എന്റെ അഗ്നികോണും സംരക്ഷിക്കട്ടെ.
‘ഓം ഐം ഹ്രീം ക്ളീം സരസ്വത്യൈ ബുധജനന്യൈ സ്വാഹാ’ എന്ന മന്ത്രം എന്റെ തെക്കുവശത്ത് എനിക്ക് രക്ഷയേകട്ടെ.
‘ഓം ഹ്രീം ശ്രീം’ എന്ന ത്രൈക്ഷരം എന്റെ തെക്കുപടിഞ്ഞാറ് ദിക്കിലും
‘ഓം ഐം’ സ്വരൂപിണിയായി നാവിൻതുമ്പിൽ വിളങ്ങുന്ന ദേവി എന്റെ പശ്ചിമ ദിക്കിലും രക്ഷയായിരിക്കട്ടെ.
‘ഓം ഐം’ സ്വരൂപിണിയായി നാവിൻതുമ്പിൽ വിളങ്ങുന്ന ദേവി എന്റെ പശ്ചിമ ദിക്കിലും രക്ഷയായിരിക്കട്ടെ.
‘ഓം’ സ്വരൂപിണിയായ സർവ്വാംബികാദേവി വായുകോണിലും ഗദ്യവാസിനിയായ ദേവി വടക്കുവശത്തും എനിക്ക് രക്ഷയായിരിക്കട്ടെ.
‘ഐം’കാര സ്വരൂപിണിയായ സർവ്വശാസ്ത്രവാസിനി ഈശാനകോണിലും
‘ഓം ഹ്രീം’ സ്വരൂപിണിയായ സർവ്വപൂജിത മുകളിലും എനിക്ക് രക്ഷയാകട്ടെ.
‘ഓം ഹ്രീം’ സ്വരൂപിണിയായ സർവ്വപൂജിത മുകളിലും എനിക്ക് രക്ഷയാകട്ടെ.
‘ഹ്രീം’ സ്വരൂപിണിയായ പുസ്തകവാസിനി കീഴ്ഭാഗത്തിനും ഓങ്കാരരൂപിണിയായ ഗ്രന്ഥബീജസ്വരൂപ എല്ലാടവും എനിക്ക് രക്ഷയാകട്ടെ.
ബ്രഹ്മസ്വരൂപം തന്നെയായ സരസ്വതീകവചം അനേകം ബ്രഹ്മമന്ത്രങ്ങളുടെ കീർത്തിസ്വരൂപമാണ്. വിശ്വജയം എന്നുമിതിനു പേരുണ്ടു്. ഗന്ധമാദനത്തിൽ വെച്ച് ധർമ്മന്റെയടുക്കൽ നിന്നും നേരിട്ടുകേട്ട ഈ ദിവ്യമന്ത്രം അങ്ങയോടുള്ള പ്രിയംമൂലം ഞാന് പറഞ്ഞു തന്നതാണ്. മറ്റാര്ക്കും ഇത് പറഞ്ഞ് കൊടുക്കരുത്.
ആചാര്യനെ വസ്ത്രാലങ്കാരങ്ങൾ നല്കി സന്തുഷ്ടനാക്കി നമസ്ക്കരിച്ചശേഷം മാത്രമേ ഈ കവചം ധരിക്കാവൂ. അഞ്ചുലക്ഷംതവണ ജപിച്ചാൽ ഈ കവചം സാധകനു സിദ്ധമാകും. അത് ഒരുവനെ ബൃഹസ്പതിക്ക് തുല്യനാക്കും. അവൻ കവിയും വാഗ്മിയും ത്രൈലോക്യ വിജയിയുമാകും. ഇതിനാല് സകലനേട്ടങ്ങളും അവനു സ്വായത്തമാക്കാം. കണ്വശാഖയിലെ സുപ്രധാനമായ ഒരു കവചമാണിത്.
No comments:
Post a Comment