Monday, September 11, 2017

ജന്മാഷ്ടമി പ്രാര്‍ത്ഥന

മഹത്തായ അനേകം സന്ദേശങ്ങളും ഉല്‍ബോധനങ്ങളും ആയിട്ട് വീണ്ടും ശ്രീകൃഷ്ണജയന്തി എന്ന സുദിനം വന്നു. പ്രണാമം അര്‍പ്പിച്ചുകൊണ്ട് നമുക്ക് അതിനെപ്പറ്റി ഒന്ന് ആലോചിക്കാം, സ്മരിക്കാം.
ഭഗവാന്‍ എന്തിനുവേണ്ടിയാവും ഈ അനന്തമായ ഭൂമിയേയും അതിലെ കോടാനുകോടി ജീവിവര്‍ഗ്ഗങ്ങളേയും സൃഷ്ടിച്ചിട്ട് എല്ലാറ്റിനും സാക്ഷിയായിക്കൊണ്ട് അകന്നു മാറിനിന്ന് വീക്ഷിക്കുന്നത്? ഈ മറ ഒന്ന് നീക്കിത്തന്നുകൂടേ ഭഗവാനേ, എന്ന് ചോദിക്കുവാന്‍ തോന്നുകയാണ്. അപ്പോള്‍, ഭക്തപ്രഹ്‌ളാദന്റെ വാക്കുകള്‍ ഓര്‍മ്മവരും-
”രൂപം, കുലം, ധന, തപോബല യോഗവിദ്യാ
തേജഃ പ്രഭാവ മതികാന്തികള്‍ തൊട്ടതൊന്നും
നിന്‍ തോഷണത്തിനു, പരാല്‍പരപോര ഭക്ത്യാ
നീതുഷ്ടനായിതു ഗജേന്ദ്രനിലെന്നു സിദ്ധം.”
ഒരു കാട്ടാനയ്ക്കുപോലും മോക്ഷം കൊടുക്കുവാന്‍ മടിക്കാത്ത നിഷ്പക്ഷമായ വാല്‍സല്യം! ജീവികള്‍ക്ക് ഇത്തരം ജനന-മരണങ്ങള്‍ നിശ്ചയിച്ചത് ഭഗവാന്‍ ബോധപൂര്‍വംതന്നെയാവും. ആ അപാരമായ ഭാവനാവൈഭവത്തെപ്പറ്റി ചിലപ്പോള്‍ വളരെ നേരം ഇരുന്ന് ഓര്‍ത്തുനോക്കുവാന്‍ തോന്നും.
കോടാനുകോടിജനങ്ങള്‍ ദിവസേന ഭൂമിയില്‍ വരുന്നു, പോവുന്നു. എന്നാല്‍, ഒന്നുംതന്നെ പരിപൂര്‍ണമായിട്ട് മറ്റൊന്നുപോലെയാവുകയുമില്ല. എവിടെയെങ്കിലും ഒരു വ്യത്യാസമുണ്ടാവും. അപ്പോള്‍ തന്നത്താന്‍ വിളിച്ചുപോവും- ”എന്റെ ഭഗവാനേ…” എന്ന്.
പൂര്‍ണ്ണമായിത്തന്നെ കൃഷ്ണഭക്തയായിത്തീര്‍ന്ന കുറൂരമ്മയോട് ഒരു ഭക്തന്‍ ഗോസായി ചോദിച്ചുവത്രെ-
”മനുഷ്യജീവിതത്തില്‍ നേടേണ്ടത് എന്താണ്?”
വിനയപൂര്‍വ്വം കുറൂരമ്മയുടെ മറുപടി- ”ഹൃദയശുദ്ധി.”
സ്വീകരിക്കേണ്ടത്?- ”സമഭാവന. വിശ്വപ്രേമം.”
അനുഭവിക്കേണ്ടത്?- ”ഭഗവല്‍കൃപ, സാന്നിധ്യം…”
അതു പറഞ്ഞ് തീര്‍ന്നപ്പോഴേക്കും കുറൂരമ്മ ആനന്ദലഹരിയോടെ പാടി- ”കൃഷ്ണാ കൃഷ്ണാ ഗോവിന്ദ കൃഷ്ണാ…..”
ഭക്തകവി പൂന്താനത്തിനെപ്പറ്റിയാണെങ്കിലോ?
കൃഷ്ണഭക്തിയുടെ അടിവേര് ആ മഹാത്മാവില്‍ ആദ്യംതന്നെ ഉണ്ടായിരുന്നിരിക്കാം. ജ്ഞാനപ്പാന എഴുതിയത് അദ്ദേഹത്തിന് കഠിനമായ ഒരു ദുഃഖാനുഭവം വന്നപ്പോഴാണ് എന്നും കേട്ടിട്ടുണ്ട്. എന്നാല്‍ ആ മഹത്തായ സൃഷ്ടിയാവട്ടെ മനുഷ്യമനസ്സിന്റെ രോഗബാധ അകറ്റുന്ന ഔഷധവും ആയി. ഈ കലികാലത്തിന്റെ ഓളത്തില്‍ നമുക്ക് അനുവര്‍ത്തിക്കാവുന്നതും ഇതാണെന്നുതോന്നുന്നു.
”പരസ്പരം സ്‌നേഹിക്കുക”. അന്യന്റെ തെറ്റുകുറ്റങ്ങളെ പറഞ്ഞ് പെരുപ്പിച്ച് സമയവും ആരോഗ്യവും കളഞ്ഞ് ആഹ്‌ളാദിക്കുന്നതിനേക്കാള്‍ എത്രയോ ആശ്വാസവും സമാധാനവും തരുന്നതാണ് പരസ്പരം സ്‌നേഹിക്കലും സഹായിക്കലും എന്ന് നമ്മള്‍ മനസ്സിലിട്ട് ഉറപ്പിക്കാന്‍ വൈകിയിരിക്കുന്നു.
പുരാണഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ എന്നെ സാധാരണ ആകര്‍ഷിക്കാറുള്ള സന്ദര്‍ഭങ്ങളാണ് മഹര്‍ഷിമാരുടെയും മഹര്‍ഷിണിമാരുടെയും സംന്ന്യാസങ്ങള്‍. ഏകാഗ്രമായ ധ്യാനത്തിന് അവര്‍ വലിയ വിലകല്‍പ്പിച്ചിരുന്നു. വേദവാദിനികളായ എത്രയോ വിദഗ്ധരായ മഹിളകള്‍ നമുക്കുണ്ടായിരുന്നു. അവരെ പരിശോധിക്കുമ്പോള്‍ ഒരു കാര്യത്തില്‍ രസം തോന്നും- അവര്‍ ധനമോഹികളായിരുന്നില്ല. ജ്ഞാനതൃഷ്ണയാണവര്‍ക്കുണ്ടായിരുന്നത് കൂടുതലായിട്ട്. ആഴത്തിലാഴത്തിലേക്കുള്ള ധ്യാനംകൊണ്ട് അവര്‍ പല പ്രപഞ്ചസത്യങ്ങളും കണ്ടെത്തി.
അഗസ്ത്യപത്‌നിയായ ലോപാമുദ്ര സഹ്യപര്‍വ്വതത്തിന്റെ താഴ്‌വരയില്‍ എണ്ണം തികഞ്ഞ ഒരു വേദപാഠശാല സ്ഥാപിച്ചിരുന്നുവെന്നും വേദവാദിനികളായ പല മഹിളകളും അവിടെ വിദഗ്ധമായിത്തന്നെ ക്ലാസ്സെടുത്ത് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിച്ചിരുന്നുവെന്നും ഒരു ഗ്രന്ഥത്തില്‍ കണ്ടു (താളിയോലഗ്രന്ഥത്തില്‍).
ഇപ്പോള്‍, ജന്മാഷ്ടമിയുടെ മാഹാത്മ്യത്തേയും ഭഗവല്‍കൃപയെയും ഓര്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത് ഭഗവാന്‍ നമുക്കായിട്ട് മനുഷ്യവര്‍ഗത്തിനായിട്ട് (ജന്തുവര്‍ഗത്തിനും) തന്ന ആ ദിവ്യവചസ്സുകളെ യഥാവിധി അനുസരിക്കുവാന്‍ അനുഗ്രഹിക്കണേ എന്ന് പ്രാര്‍ത്ഥിയ്ക്കുവാനാണ്.



ജന്മഭൂമി: http://www.janmabhumidaily.com/news702709#ixzz4sQ0wLada

No comments: