Saturday, September 23, 2017

സര്‍വ്വേശ്വരനെ മാതൃരൂപത്തില്‍ ആരാധിക്കുന്ന രീതി ഹിന്ദുധര്‍മ്മത്തിന്റെ പ്രത്യേകതയാണ്. പ്രപഞ്ചമാതാവ് എന്ന അര്‍ത്ഥത്തില്‍തന്നെ ‘ദയ’ എന്ന ആ മഹാഗര്‍ഭത്തില്‍നിന്നുമാണ് പ്രപഞ്ചത്തിന്റെ ഉദ്ഭവം. എല്ലാറ്റിനും മായാരൂപത്തില്‍ പ്രാണശക്തിയായി നിലകൊള്ളുന്നതുമായ ‘ശക്തി’ ഭാവത്തെയാണ് പരാശക്തിയായി ഉപാസിക്കുന്നത്. സൗന്ദര്യലഹരിയില്‍ ശങ്കരാചാര്യര്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു.
ശിവ ശക്ത്യായുക്തോ
യദി ഭവതി ശക്തഃ പ്രഭവിതും
നചേദേവം ദേവോ ന
ഖലുകുശലഃ സ്പന്ദിതുമതി.
ശിവന്‍ ശക്തിയുടെ ചേര്‍ച്ച കൊണ്ടു മാത്രമാണ് സൃഷ്ടി ലീല നടത്തുന്നത്. ശക്തിയുടെ ആവിര്‍ഭാവത്തിനു മുന്‍പ് ബ്രഹ്മമായ ശിവന്‍ (നിഷ്‌സ്പന്ദനായി) നിശ്‌ചേഷ്ഠനായിരുന്നു. ശക്തിയില്ലെങ്കില്‍ ശിവനുപോലും ചലിക്കാനാവില്ല എന്നു വരുമ്പോള്‍, ശക്തിസ്വരൂപിണിയായ ദേവിയുടെ പ്രാമാണ്യത്വം വ്യക്തമാകുന്നതാണ്.
പരമേശ്വരനും പരാശക്തിയും ഒരേ ബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളാണ്. അഗ്‌നിയും അതിന്റെ ചൂടും ദാഹകശക്തിയും പോലെ, പാലും അതിന്റെ വെളുപ്പുനിറവും പോലെ അഭേദ്യമാണ്. ‘പരമം’ അതിനപ്പുറം മറ്റൊന്നില്ലാത്തത്, എന്നര്‍ത്ഥമാക്കുന്ന ‘പരാ’ പദവി പരമേശ്വരനും പരാശക്തിയായ ദേവിക്കും മാത്രമേ കല്‍പ്പിക്കപ്പെട്ടിട്ടുള്ളൂ എന്നതുകൊണ്ട് ഈശ്വരീയ പദവിയിലെ സര്‍വ്വോത്കൃഷ്ട സ്ഥാനം ശിവ-ശക്തിക്കു മാത്രമാണുള്ളത് എന്നു കാണാം.
നിര്‍ഗുണ, നിരാകാര, നിഷ്‌സ്പന്ദ, നിരാധാരമായ ബ്രഹ്മമായ ശിവത്വം (സദാശിവത്വം) ആയി കരുതപ്പെടുന്നു. ഈ നിലവാരത്തില്‍ ബ്രഹ്മമായ ഈശ്വരന്‍ ‘സത്താമാത്ര’മാണ്. സൃഷ്ടിക്കുള്ള ഇച്ഛയുണ്ടാകുന്നതോടെ, ഭാവമാത്ര ശിവത്വമായ ബ്രഹ്മം ചലനാത്മകമായി, സ്വയംശക്തിയായി രൂപാന്തരപ്പെടുന്നു. അതു മറ്റൊന്നല്ല, ഒന്നിന്റെ തന്നെ രണ്ട് ഭാവങ്ങള്‍ (വികാരങ്ങള്‍) മാത്രം. ”ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവു മാത്രം.” ഈ അവസ്ഥയില്‍ സാംബശിവനായി (അംബയോടൊത്തുള്ള ശിവന്‍) അര്‍ധനാരീശ്വരത്വം സ്വീകരിക്കപ്പെടുന്നു. ഇങ്ങനെയൊരു ഭാവം മറ്റൊരു ദേവന്മാര്‍ക്കുമില്ലതന്നെ. ഈ ഭാവത്തില്‍ ഈശ്വരീയതയുടെ പൂര്‍ണത പ്രകടിതമാകുന്നു. അന്ത്യപ്രളയത്തിലെ ശിവന്റെ മഹാതാണ്ഡവസാക്ഷിണിയായി ദേവി ശുദ്ധ ചൈതന്യത്തില്‍ ലയിക്കുന്നു.
മാതാച പാര്‍വ്വതീദേവി
പിതാദേവോ മഹേശ്വര. അഥവാ,
ജഗത പിതരൗ വന്ദേ
പാര്‍വ്വതീ പരമേശ്വരൗ.
ഇതാണ് ഹൈന്ദവ ഈശ്വരീയ സങ്കല്‍പത്തിന്റെ മൂലാധാരതത്വം.
ഉണ്‍മയായുണ്ടായിട്ടുള്ളതിന്റെയെല്ലാം പിതൃത്വം പരമേശ്വരനും മാതൃത്വം പരാശക്തിയായ ദേവിക്കും കല്‍പിക്കപ്പെട്ടിരിക്കുന്നു. ഋഗ്വേദം മുതല്‍തന്നെ ശക്തിസ്വരൂപിണിയായ ദേവിയെ പ്രകീര്‍ത്തിക്കപ്പെടുന്നു. ശിവ-ശക്ത്യുപാസന തന്ത്രശാസ്ത്രത്തിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ദേവീ ഉപാസനയെ ‘കാദി’വിദ്യയെന്നും കൗളമാര്‍ഗമെന്നും അറിയപ്പെടുന്നു. ഇതില്‍ കൗളമാര്‍ഗത്തെ ദുഷ്ടശക്തിയായി പലരും ഭയപ്പെടുന്നു. ഈ മാര്‍ഗത്തിലൂടെ, ക്രിയാകര്‍മ്മാദി ഉപാസനയിലൂടെ തങ്ങള്‍ ആര്‍ജിച്ച ശക്തിയെ ആഭിചാര-ഗൂഢതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാലാകാം ഇപ്രകാരമൊരു ധാരണ സാമാന്യമായി ഉണ്ടായിരിക്കുന്നത്.
പരാശക്തി-പരമേശ്വര ഏകീഭാവത്തെ ദ്യോതിപ്പിക്കുന്നതാണ്, ദേവീ ഉപാസനയിലെ പരമപ്രധാനമായ, ലിഖിതരൂപമായ ശ്രീചക്രം. ശ്രീചക്രോപാസന ദേവി പ്രീതികരം മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ശ്രീചക്രത്തിലെ രണ്ടുതരത്തിലുള്ള ത്രികോണ രചനയില്‍ താഴേക്കു തള്ളിനില്‍ക്കുന്ന ത്രികോണം ദേവിയും മുകളിലേക്കു ചൂണ്ടിനില്‍ക്കുന്ന ത്രികോണം സൂക്ഷ്മതലത്തില്‍, പ്രതീകാത്മകമായി ശിവനെയും പ്രതിനിധീകരിക്കുന്നു. ഈരണ്ടുവിധ ത്രികോണങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് ആ ശക്തിയുടെ ആധിക്യത്തെ സൂചിപ്പിക്കുന്നു.
ദേവി ‘അ’ കാരാദി ‘ക്ഷ’ കാരാന്തമുള്ള അക്ഷരങ്ങളുടെ ദേവതയാണ്. അക്ഷരങ്ങളും അവയിലൂടെ പ്രകടിതമാകുന്ന ശബ്ദവും പ്രപഞ്ചോല്‍പ്പത്തി സ്രോതസ്സാണ്. അതിനാലാണ് അക്ഷരബ്രഹ്മമെന്നും ശബ്ദപ്രപഞ്ചമെന്നും വിവക്ഷിക്കപ്പെടുന്നത്. ശബ്ദവൈഖരി ശക്തിയാണ്, എനര്‍ജിയാണ്, അത് അനശ്വരമാണ്. ദേവിയുടെ മായാവിലാസങ്ങളാണ് കാണപ്പെടുന്ന പ്രപഞ്ചം. എല്ലാറ്റിലും മായാരൂപത്തില്‍ ദേവി അധിവസിച്ച്, പ്രത്യേക തോന്നലുകളുണ്ടാക്കി, മോഹിപ്പിച്ച് പ്രവര്‍ത്തിക്കുന്നു. വേദാന്തതത്വപ്രകാരം എല്ലാ ഭൗതികരൂപങ്ങള്‍ക്കും പിന്നില്‍ ശബ്ദസങ്കല്‍പങ്ങളുണ്ട്. സ്ഥൂലസങ്കല്‍പ രൂപത്തില്‍നിന്നും മനസ്സിനെ സൂക്ഷ്മശബ്ദസങ്കല്‍പത്തിലേക്കു ഉയര്‍ത്താന്‍ ഉപാസനാ രീതികള്‍ ഇടയാക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news709955#ixzz4tXtYfPKx

No comments: