Tuesday, December 19, 2017

ഹിരണ്യഗര്‍ഭ ദര്‍ശനം ബ്രഹ്മദര്‍ശനം

പ്രിന്റ്‌ എഡിഷന്‍  ·  December 20, 2017
ഉപനിഷത്തിലൂടെ - 28
ആത്മതത്വം വളരെയേറെ സൂക്ഷ്മമായ വിഷയമായതിനാല്‍ അറിയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വീണ്ടും വിവരിക്കുന്നു.
സ്വപ്‌നാന്തം ജാഗരിതാന്തം
ചോഭൗ യേനാനുപശ്യന്തി
മഹാന്തം വിഭുമാത്മാനം
മത്വാ ധീരോ ന ശോചതി
സ്വപ്‌നത്തിലും ജാഗ്രത്തിലുമുള്ള വിഷയങ്ങളെ അറിയുന്ന മഹാനും സര്‍വവ്യാപിയുമായ ആത്മാവിനെ സാക്ഷാത്കരിച്ച ധീരന്‍ ദുഃഖിക്കുന്നില്ല. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നത്തിലും ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളേയും അറിയുന്നതാണ് ആത്മാവ്. ഉണര്‍വും സ്വപ്‌നവും ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും ലയിക്കുന്നതും ഉപാധിയില്‍പ്പെട്ട് കിടക്കുന്ന ജീവാത്മാവാണ്. ജീവനും പരമാത്മാവും തമ്മില്‍ ഭേദമില്ലെന്നറിയലാണ് വേണ്ടത്.ആത്മാവിനെക്കുറിച്ച് അറിഞ്ഞാല്‍ പിന്നെ ദുഃഖത്തിന് സ്ഥാനമില്ല.
രണ്ട് അനുഭവങ്ങളും അവസ്ഥകളുടേതാണ് ജീവന്റെയല്ല. എന്നാലും താദാത്മ്യം കാരണം തന്റെ ധര്‍മ്മങ്ങളെന്ന് ജീവന് തോന്നും. താന്‍ പരമാത്മാവാണെന്ന് ബോധ്യമായാല്‍ ഈ തെറ്റിദ്ധാരണകളെല്ലാം നീങ്ങും.അതോടെ സകല ദുഃഖങ്ങളും മാറും.അത്യന്തികമായ ആ പരമാത്മാവിന്റെ കാരുണ്യം തന്നെ ഇങ്ങനെയൊരു തിരിച്ചറിവിന് പിന്നെ മനനം ചെയ്തുറപ്പിച്ചാല്‍ മതി. തുടര്‍ന്ന് ശോകങ്ങള്‍ നീങ്ങുന്നുണ്ടെന്ന് മാത്രമല്ല എല്ലാം താന്‍ തന്നെയെന്ന ബോധ്യത്താല്‍ ഒന്നിനേയും വെറുക്കുന്നുമില്ല.
യം ഇമം മധ്വദം വേദ ആത്മാനം ജീവമന്തികാത്
ഈശാനം ഭൂതഭവ്യസ്യ ന തതോ വിജുഗുപ്‌സതേ ഏതദ് വൈ തത്്
കര്‍മഫലത്തെ അനുഭവിക്കുന്ന ജീവാത്മാവിനെ ഭൂതത്തിന്റേയും ഭാവിയുടേയും ഈശ്വരനായി അടുത്തറിയുന്നയാള്‍ പിന്നീട് ആത്മരക്ഷയ്ക്ക് നില്‍ക്കില്ല; ഒന്നിനേയും വെറുക്കുകയുമില്ല. അങ്ങനെയുള്ളതാണ് നീ ചോദിച്ച ആത്മാവ്.
കര്‍മ്മഫലമനുഭവിക്കുന്ന ജീവാത്മാവും സര്‍വ്വവ്യാപിയായ പരമാത്മാവും ഒന്നെന്നറിയുന്നയാള്‍ അഭയത്തെ നേടുന്നു. ആത്മാവില്‍നിന്ന് അന്യമായി എന്തെങ്കിലും കാണുകയോ ആത്മാവ് അനിത്യമാണെന്ന് തോന്നുകയോ ചെയ്യുമ്പോഴാണ് ഭയമുണ്ടാകുന്നത്. ആത്മാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അറിഞ്ഞവന് അതിന്റെ ആവശ്യമില്ല. അയാള്‍ ഒന്നിനേയും വെറുക്കുകയോ നിന്ദിക്കുകയോ ചെയ്യില്ല. അജ്ഞാനമില്ലാത്തതിനാല്‍ അയാള്‍ ഒരു തരത്തിലുമുള്ള ഭയമോ ദുഃഖമോ ഉണ്ടാകില്ല. നചികേതസ്സ് ചോദിച്ചതും ദേവന്മാരും മറ്റും സംശയിക്കുകയും ചെയ്ത ആ ആത്മതത്വത്തെയാണ് ഇപ്പറഞ്ഞത് എന്ന് യമന്‍ ആവര്‍ത്തിക്കുന്നു.
ഈശ്വരനെന്ന അന്തര്യാമിയായ ആ ആത്മാവ് എല്ലാറ്റിന്റെയും ആത്മാവാണെന്ന് ഇനി പറയുന്നു.
ആദ്യമായി തപസ്സില്‍നിന്ന് ജനിച്ചവനും ജലം ഉള്‍പ്പെടെയുള്ള പഞ്ചഭൂതങ്ങളേക്കാള്‍ മുമ്പുണ്ടായവനും എല്ലാ ജീവികളുടെയും ഹൃദയാകാശത്തില്‍ പ്രവേശിച്ച് കാര്യകാരണ രൂപങ്ങളായ ഭൂതങ്ങളോടെ സ്ഥിതിചെയ്യുന്നവനുമായ ഹിരണ്യഗര്‍ഭനെ ആരാണോ വേണ്ടപോലെ കാണുന്നത് അയാള്‍ ബ്രഹ്മത്തെ തന്നെയാണ് കാണുന്നത്. അഥവാ ആത്മസാക്ഷാത്കാരം നേടും. സ്വര്‍ണംകൊണ്ട് ഉണ്ടാക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണംതന്നെ എന്നതുപോലെ ബ്രഹ്മത്തില്‍ നിന്നുണ്ടായ ഹിരണ്യഗര്‍ഭന്‍ ബ്രഹ്മംതന്നെയാണ്. അതിനാല്‍ ഹിരണ്യഗര്‍ഭ ദര്‍ശനം ബ്രഹ്മദര്‍ശനമെന്നതില്‍ സംശയമില്ല.
സര്‍വ്വദേവതാ സ്വരൂപിണിയായ അദിതിയായി പ്രാണരൂപത്തില്‍ ഭൂതങ്ങളോടുകൂടി ഉണ്ടായ അതേ അദിതി തന്നെയാണ് എല്ലാ ജീവജാലങ്ങളുടേയും ഉള്ളിലിരിക്കുന്നതെന്ന് അറിയുന്നയാള്‍ ബ്രഹ്മതത്ത്വത്തെ മനസ്സിലാക്കുന്നു. ശബ്ദം തുടങ്ങിയതായ വിഷയങ്ങളെ അനുഭവിക്കുന്നതിനാലാണ് അദിതി എന്ന് വിളിക്കുന്നത്. അദിക്കുക എന്നാല്‍ ഭക്ഷിക്കുക, അനുഭവിക്കുക. വിഷയങ്ങളെല്ലാം അനുഭവിക്കുന്ന ഹിരണ്യഗര്‍ഭനെയാണ് അദിതി എന്ന് വിളിക്കുന്നത്. പ്രാണനായും ചൈതന്യമായും ഇരിക്കുന്നത് ഇതുതന്നെയാണ്. കാര്യവും കാരണവും വേറെയല്ലാത്തതിനാല്‍ കാര്യമായ ഹിരണ്യഗര്‍ഭനും കാരണമായ ബ്രഹ്മനം ഒന്നുതന്നെയാണ്.
ഗര്‍ഭിണികള്‍ ഗര്‍ഭത്തെ ശ്രദ്ധയോടെ സംരക്ഷിക്കുന്നതുപോലെ അരണികളില്‍ ഇരിക്കുന്ന ജാതവേദസ്സ് എന്ന അഗ്നിയെ യോഗികളും കര്‍മ്മികളും വളരെ ശ്രദ്ധയോടെ സംരക്ഷിക്കുന്നു. സ്തുതിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. ആ അഗ്നി ഈ ബ്രഹ്മം തന്നെയാണ്. പണ്ടുകാലം മുതലേ ഗൃഹസ്ഥര്‍ അഗ്നിയെ ദേവനായിക്കണ്ട് ആരാധിച്ച് ശ്രദ്ധയോടെ സംരക്ഷിച്ചിരുന്നു. ഇതേ അഗ്നിയെയാണ് യോഗികള്‍ ധ്യാനത്തില്‍ ഈശ്വരനായി കല്‍പ്പിച്ച് ആരാധിക്കുന്നതും. എങ്ങനെയായാലും ഒരേ ബ്രഹ്മത്തെ തന്നെയാണ് ആരാധിക്കുന്നത്. ജാഗൃവദ്ഭിഃ എന്നതിന് ജാഗണശീലര്‍ എന്നര്‍ത്ഥം. യോഗികള്‍, സന്ന്യാസിമാര്‍ എന്ന് അറിയണം. വഹവിഷ്മദ്ഭിഃ എന്നാല്‍ ഹവിസ്സര്‍പ്പിക്കുന്നവര്‍-കര്‍മ്മികള്‍, ഗൃഹസ്ഥര്‍ എന്നിവര്‍.
സൂര്യന്‍ ഏതില്‍നിന്നാണോ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് അതിനെ ആശ്രയിച്ചാണ് എല്ലാ ദേവന്മാരും നിലനില്‍ക്കുന്നത്. അതിനെ അതിക്രമിക്കാന്‍ ആര്‍ക്കുമാകില്ല. ഈ ബ്രഹ്മം തന്നെയാണത്. പ്രാണസ്വരൂപനായ ആത്മാവിനെ ആശ്രയിച്ചാണ് ലോകത്തെ എല്ലാറ്റിന്റേയും നിലനില്‍പ്പ്. ആത്മാവിലാണ് അഗ്നി മുതലായ ദേവന്മാരും വാക് തുടങ്ങിയ ഇന്ദ്രിയങ്ങളും ചക്രത്തിന്റെ അച്ചുതണ്ടിലെ ആരക്കാലുകള്‍ പോലെ നില്‍ക്കുന്നത്. സര്‍വാത്മസ്വരൂപനായ ബ്രഹ്മത്തെ വിട്ട് ആര്‍ക്കും നിലനില്‍പ്പില്ല. ഇതോടെ ബ്രഹ്മത്തെക്കുറിച്ച് പറഞ്ഞ് അവസാനിപ്പിച്ചു.


ജന്മഭൂമി: http://www.janmabhumidaily.com/news755659#ixzz51kYzylak

No comments: