Saturday, December 02, 2017

വൃന്ദാവനത്തിന്റെ മണ്‍പരപ്പിനെ വര്‍ഷം പച്ചപുതപ്പിച്ചു കിടത്തി. ആ പുല്‍പ്പുതപ്പിനുള്ളില്‍ ഇളം ചൂടേറ്റു കിടന്ന വനഭൂവിന്റെ വിരിമാറിലൂടെ കൃഷ്ണനും ബലരാമനും നേതൃത്വം നല്‍കുന്ന ഗോപാലകസംഘം ഗോക്കളെ കാടുകാട്ടാന്‍വേണ്ടി തെളിച്ചുകൊണ്ടുപോയി. കാടിന്റെ ഇരുള്‍പ്പടര്‍പ്പ് മെല്ലെ മെല്ലെ മേടിന്റെ തെളിവെളിച്ചത്തിലേക്ക് കണ്‍തുറന്നു. ഒട്ടുദൂരം ചെന്നപ്പോള്‍, വിശാലമായൊരു മേച്ചില്‍പുറം കണ്ണില്‍പ്പെട്ടു. തളിരിളം പുല്ലുകള്‍ വളര്‍ന്നുനില്‍ക്കുന്ന പുല്‍മേടിനു കാവലെന്നോണം അവിടവിടെ തണല്‍മരങ്ങള്‍ കുട നിവര്‍ത്തി നിന്നിരുന്നു. ഗോക്കളെ മേയാന്‍ വിട്ട്, മേടിന്റെ മധ്യേ തണല്‍പരത്തി നിന്ന ഒരു ഏഴിലംപാലച്ചോട്ടില്‍ ഗോപാലവൃന്ദം വിശ്രമിക്കാനിരുന്നു.
മേയുന്ന ഗോക്കളെ സശ്രദ്ധം വീക്ഷിച്ചിരുന്ന കൃഷ്ണന്റെ കണ്ണുകള്‍, പശുക്കിടാങ്ങളുടെ കൂട്ടത്തിലെ ഒരിളക്കത്തിലേക്ക് ചെന്നെത്തി. കൃഷ്ണന്‍ ബലരാമനോട് പറഞ്ഞു: ഏട്ടാ, കണ്ടില്ലേ? കൂട്ടത്തിലൊരുത്തന്‍ വെകിളി പിടിച്ച് പാഞ്ഞു നടക്കുന്നുണ്ടല്ലോ; കൂട്ടങ്ങളെ കുത്തിയോടിക്കുന്നു.
തംവത്സരൂപിണം വീക്ഷ്യ വത്സയൂഥഗതം ഹരിഃ
ദര്‍ശയന്‍ ബലദേവായ ശനൈര്‍ മുഗ്ധ ഇവാസദത്
കിടാങ്ങളുടെ കൂട്ടത്തിലേക്ക് ചെന്ന കൃഷ്ണന്റെ നേരെ ആ പ്രശ്‌നക്കാരനായ മുതിര്‍ന്ന പശുക്കിടാവ് മുക്കറയിട്ടു ചെല്ലുന്നത് ബലരാമന്‍ ശ്രദ്ധിച്ചു. കൃഷ്ണാ, മാറിപ്പോവൂ-ബലരാമന്‍ വിളിച്ചുപറഞ്ഞു. അപ്പോഴേക്കും അവന്‍ കൃഷ്ണന്റെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു. നിന്നനിലയില്‍ അവന്‍ ഒരുപടുകൂറ്റനായി വളര്‍ന്നുമുറ്റി; ഇടതുകാല്‍കൊണ്ട് കൃഷ്ണനെ തൊഴിച്ചു. ഓര്‍ക്കാപ്പുറത്തേറ്റ ആ തൊഴിയില്‍ കൃഷ്ണന്‍ ദൂരേയ്ക്ക് തെറിച്ചുവീണു. പിടഞ്ഞെണീറ്റ കൃഷ്ണന്‍, ആക്രമിക്കാനെന്നപോലെ മുന്നോട്ടാഞ്ഞു. കുതിക്കാന്‍ നിന്ന കൃഷ്ണനെ ഇടിച്ചുവീഴ്ത്താന്‍ ആ കുറ്റന്‍ മുതിര്‍ന്നനേരം, മിന്നലിന്റെ വേഗത്തില്‍ കൃഷ്ണന്‍ വശത്തേക്ക് മാറി. കൃഷ്ണന്‍ നിന്നയിടത്തേക്ക് കുതിച്ചെത്തിയ കൂറ്റന്‍, മൂക്കുകുത്തി, നെറ്റിയിടിച്ച് നിലംപതിച്ചു.
കൃഷ്ണന്‍ മടിച്ചുനിന്നില്ല, അവന്റെ അരികിലേയ്ക്ക് കുതിച്ചെത്തി; വീണുകിടന്ന അവന്റെ പിന്‍കാലില്‍പ്പിടിച്ച് പൊക്കി, അടുത്തുനിന്നിരുന്ന വിളാര്‍മരത്തില്‍ ആഞ്ഞടിച്ചു. അടിയേറ്റ ഊക്കത്തില്‍ മരം കുലുങ്ങി; മരത്തിലിരുന്നിരുന്ന മരഞ്ചാടികള്‍ ചറുപിറുന്നനെ നിലംപൊത്തി; നിലംപറ്റിയ അവ പ്രാണനും കൊണ്ടോടിപ്പോയി. ഈ കഥാസന്ദര്‍ഭം കിളിപ്പാട്ടില്‍ വിവരിക്കുന്നതു ചൊല്ലിത്തരൂ..
മുത്തശ്ശന്‍ പറഞ്ഞതുകേട്ട് മുത്തശ്ശി ചൊല്ലി-
രാമനുമംബുജനേത്രനും ഗോക്കളെ-
സ്സാമോദമൊന്നിച്ചു മേച്ചുനില്‍ക്കുംവിധൗ
വന്നാനവിടേക്കുടന്നൊരു ദാനവ-
നന്നുഭോജേന്ദ്ര നയിച്ചു മുകുന്ദനെ-
ക്കൊന്നുകളവതിനധ്യവസിച്ചതു
മുന്നേതുനിഞ്ഞുപോരുന്നതു ദേവകള്‍
തങ്ങളറിഞ്ഞു വിമാനമാരുഹ്യ വ-
ന്നങ്ങു വിഹായസി നിന്നാരടുക്കവേ
ദാനവനും പശുവേഷം ധരിച്ചു ത-
ദ്ധേനുസമൂഹത്തിലൊന്നിച്ചു കൂടിനാന്‍
നാരായണനതു സൂക്ഷ്മം ഗ്രഹിച്ചുകൊ-
ണ്ടാരൂഢമോദം ബലഭദ്രരോടുടന്‍
മന്ത്രിച്ചറിയിച്ചു ചിന്തിച്ചിരിക്കയെ-
ന്നന്തര്‍മനസി നന്നായുറപ്പിച്ചുടന്‍
പിന്നുടെചെന്നു വാലുംചരണങ്ങളു
മൊന്നിച്ചു കൂട്ടിയിടിച്ചു കൊണ്ടശ്രമം
പൊങ്ങിച്ചു തൂക്കിച്ചുഴറ്റിത്തലകുനി-
ച്ചങ്ങുമുമ്പില്‍ പ്രതി കാണായ മന്മഥ-
വൃക്ഷത്തിനോടെറിഞ്ഞീടിനാന്‍ മാധവന്‍
ഒരലര്‍ച്ച വിളാര്‍മരത്തില്‍ തലതല്ലിച്ചാവുന്ന ഒരു കൂറ്റന്‍ പശുക്കിടാവിന്റെ അലര്‍ച്ചയല്ലാ. കൃഷ്ണനെ കാലപുരിക്കയക്കാന്‍ കംസനയച്ച വത്സാസുരന്റെ മരണവിളിയായിരുന്നു.
‘വത്സാസുരന്‍ ആരാണ്?’ മുത്തശ്ശി തിരക്കി.
‘വസിഷ്ഠാശ്രമത്തിലെ നന്ദിനിയെ മോഷ്ടിക്കാന്‍ കാത്തവീര്യാര്‍ജ്ജുനന്‍ പ്രമീളന്‍ എന്ന തന്റെ പ്രതിപുരുഷനെ അയച്ചു. പ്രമീളന്‍ ബലമായി നന്ദിനിയെ കൊണ്ടുപോവാന്‍ ശ്രമിച്ചനേരം, നന്ദിനി അയാളെ ശപിച്ചു; അയാളങ്ങനെ വത്സാസുരനായി. വസിഷ്ഠമുനി അയാള്‍ക്ക് ശാപമോക്ഷം നല്‍കി: കൃഷ്ണനായി അവതരിക്കുന്ന ഭഗവാന്‍ നിന്നെ മോക്ഷലോകത്തെത്തിക്കും.
‘എന്താ കഥ! ഭഗവാനെ കൊല്ലാന്‍ നിയോഗിക്കപ്പെടുന്നവന്‍ ചെന്നെത്തുന്നത് നേരെ മോക്ഷലോകത്ത്!’
പശുക്കൂട്ടം നിര്‍ബാധം മേഞ്ഞുനടന്നു. വേണ്ടുവോളം പുല്ലുതിന്ന അവയുടെ ദാഹം തീര്‍ക്കാന്‍വേണ്ടി ബലരാമനും കൃഷ്ണനും മറ്റു ഗോപബാലകരും ഗോവൃന്ദത്തെ നദീതീരത്തേയ്ക്കുകൊണ്ടുപോയി. ദാഹം തീര്‍ത്ത് തിരിച്ചുപോരുംവഴിയാണ്-
രോതത്ര ദദൃശുര്‍ബാലാ മഹാസത്വമവന്നിതം
തത്രസുര്‍വജൂനിര്‍ഭിന്നം ഗിരേഃ
ശൃംഗമിവ ച്യുതം
സവൈ ബകോ നാമ മഹാസുരോ
ബകരൂപധൃക്
ആഗത്യസഹസാകൃഷ്ണം
തീക്ഷ്ണതുണ്ഡോളസദ്ബലി
വജ്രായുധത്താല്‍ ഛേദിക്കപ്പെട്ടു കിടക്കുന്ന പര്‍വതശിഖരമെന്നപോലെ അവിടെ ഒരു മഹാസത്വം. ബകത്തിന്റെ രൂപമെടുത്ത ബകാസുരനാണ്. കാല്‍ മണലില്‍ പൂഴ്ത്തി, തലയും കൊക്കും തൂക്കിയിട്ട്, കണ്ണടച്ചു നില്‍പ്പാണ്. കാല്‍പ്പെരുമാറ്റം കേട്ടാവണം-അതു കണ്ണുതുറന്നു. പടപടെയെന്നു ചിറകടിച്ചു. കൊക്കു പിളര്‍ത്തി അത് അവരുടെ നേരെ പാഞ്ഞെത്തി. എല്ലാവരും ജീവനും കൊണ്ടാടി- കൃഷ്ണനൊഴികെ.
‘കൃഷ്ണാ, ഓടിപ്പോവൂ’-ബലരാമന്‍ വിളിച്ചു പറഞ്ഞു. പക്ഷേ, കൃഷ്ണന്‍ പിന്‍വാങ്ങിയില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഒറ്റചാട്ടം നടത്തി കൃഷ്ണന്‍; കൈപ്പടം ആ ബകത്തിന്റെ കഴുത്തില്‍ ഇറുക്കി.
ഒരു പിടച്ചില്‍. ആ പിടച്ചിലില്‍ നദീതീരത്തെ കറുത്തമണല്‍ ആകാശത്തോളം ഉയര്‍ന്നുപൊങ്ങി. കൃഷ്ണന്‍ പിടിവിട്ടില്ല. അവസാനം, ചിറകടിയൊച്ചകള്‍ നേര്‍ത്തുവന്നു; നീണ്ട കഴുത്ത് തളര്‍ന്നുവലഞ്ഞു; കാരിരുമ്പിന്റെ കാലുകള്‍ നിലത്തുറക്കാതായപ്പോള്‍ ബകം നിലംപറ്റി.
കൃഷ്ണന്‍ പിടിവിട്ടു. അന്നേരം അത് പുതുജീവനേറ്റപോലെ പിടഞ്ഞെണീറ്റു; ഉടലോടെ കൃഷ്ണനെ വിങ്ങോല്‍ വേണ്ടി കൊക്കു പിളര്‍ത്തിയെത്തി; ക്ഷണമാത്രയില്‍ കൊക്കുകൊണ്ട് കൃഷ്ണനെ കോരിയെടുത്തു.
അതിനു പക്ഷേ, കൃഷ്ണനെ വിഴുങ്ങാനായില്ല. കീഴ്‌കൊക്കില്‍ കാലുറപ്പിച്ച കൃഷ്ണന്‍, കൈരണ്ടും പൊക്കി, മേല്‍ക്കൊക്ക് പിടിച്ചുയര്‍ത്തി. ആന പനമ്പട്ട ചീന്തുംപോലെ, കൊക്ക് പിളര്‍ത്തിയെടുത്തു. കൊക്കിനൊപ്പം കഴുത്തും ഉടലും രണ്ടായി പിളര്‍ന്നു. ബകം അന്ത്യശ്വാസം വലിക്കേ, അത് ബകാസുരന്റെ രൂപമേറ്റു.
കൃഷ്ണനെച്ചെന്നാശു കൊത്തി വിഴുങ്ങുവാന്‍
തൃഷ്ണയാ വക്രതുണ്ഡങ്ങളകറ്റിനാന്‍
തല്‍ക്ഷണമങ്ങതു കണ്ടവന്‍ തന്നുടെ
കൊക്കുകള്‍ രണ്ടും പിടിച്ചകറ്റീ ദ്രുതം
വിച്ചയായങ്ങു വലിച്ചകറ്റീടിനാന്‍
നിര്‍ഗുണന്‍ താനൊരു ചെങ്ങണം പുല്‍ക്കൊടി-
ക്കഗ്രം പിടിച്ചുപറിച്ചു പൊളിച്ചുടന്‍
കീറിമുറിച്ചെറിഞ്ഞേറെ ദൂരത്തിരു-
കൂറായ് മറിഞ്ഞുവീഴുന്നപോലെ മഹാ-
ദാനവന്‍ തന്നുടല്‍ രണ്ടായ് പൊളിഞ്ഞഹോ
വാനിലോട്ടങ്ങയുര്‍ന്നിങ്ങു പതിച്ചുതേ…
മുത്തശ്ശന്‍ പറഞ്ഞു: പൂതനയുടെ സഹോദരന്‍ ബകാസുരന്‍ ബകരൂപത്തിലെത്തിയതാണ്. കംസന്‍ നിയോഗിച്ചതാണവനെ-കൃഷ്ണനെ കാലപുരിയിലെത്തിക്കാന്‍.


ജന്മഭൂമി: http://www.janmabhumidaily.com/news746803#ixzz5090zLWFP

No comments: