Sunday, December 10, 2017

ഇന്ദ്രോത്സവത്തെ ഗോപോത്സവമാക്കാനുള്ള കൃഷ്ണന്റെ നിര്‍ദ്ദേശത്തെ എതിര്‍ക്കാനും അന്ന് പലരും മുതിര്‍ന്നു. ആയിരക്കണക്കിനു ഗോപന്മാരുള്ളപ്പോള്‍, വെറുമൊരു കുമാരനായ കൃഷ്ണനാണോ ഇതൊക്കെ തീരുമാനിക്കാന്‍? ഒരു വൃദ്ധഗോപന്‍ അരിശംപൂണ്ടു. അന്നേരം ഒരു ചെറുപ്പക്കാരന്‍ ചൊടിച്ചു. ‘ആയിരക്കണക്കിനു ഗോപന്മാര്‍ ഇവിടെ ഉണ്ടായിരുന്നപ്പോള്‍ത്തന്നെയല്ലേ യമുനയുടെ ഹ്രദത്തില്‍ വര്‍ഷങ്ങളായി ഒരു കാളിയന്‍ വസിച്ചുപോന്നത്? അവന്‍ നമ്മുടെ കാളിന്ദി ജലത്തില്‍ വിഷം കലര്‍ത്തി.
വെറുമൊരു കുമാരനായ കൃഷ്ണന്‍ വേണ്ടിവന്നില്ലേ ആ കാളിയനെ അവിടെനിന്നു തുരത്താന്‍? ഇന്ന് കാളിന്ദി വിഷയമല്ലാ; അങ്ങനെ ഒരു ഖ്യാതി അതിന് കൈവന്നത് കൃഷ്ണന്‍ മൂലമല്ലേ?
വൃദ്ധഗോപന്‍ ഒന്നും മിണ്ടിയില്ല. ചെറുപ്പക്കാരന്‍ തുടര്‍ന്നു: ‘കൃഷ്ണന്‍ പറയുന്നതു കണ്ണടച്ചു വിശ്വസിക്കാനൊന്നും ആരും പറഞ്ഞില്ല. പക്ഷേ, ഒന്നുണ്ട്. നൂറ്റാണ്ടുകളായി നാം ആചരിച്ചുപോന്ന പല ധര്‍മ്മാനുഷ്ഠാനങ്ങളും കംസഭരണത്തില്‍ കാറ്റില്‍ പറന്നുപോയിട്ടില്ലേ? അതിനെപ്പറ്റിയൊന്നും നമുക്ക് പരാതിയില്ലല്ലൊ. ഇന്ദ്രോത്സവം മുടങ്ങുന്നു എന്നു കേള്‍ക്കുമ്പോള്‍ കോപംകൊള്ളുന്നവര്‍ ഇതിനു മറുപടി പറയണം.
‘വാദിക്കാനൊന്നും ഞാനില്ല’- വൃദ്ധഗോപന്‍ സ്വരം താഴ്ത്തി മൊഴിഞ്ഞു: ‘അടുത്തതാണ് കലിയുഗം എന്നാണ് കേട്ടിരിക്കുന്നത്. അത് ഈ യുഗത്തില്‍ത്തന്നെ ആരംഭിച്ചിരിക്കുന്നു എന്നുതോന്നുന്നു. എല്ലാം അനുഭവിക്കാം. അല്ലാത്തതെന്തു ചെയ്യും? വൃദ്ധഗോപന്‍ പിന്മാറി.
അതേ വയോവൃദ്ധന്‍ തന്നെയാണ്, ഗോവര്‍ധനത്തെ കുടയാക്കി ഏഴു ദിവസം ഗോകുലത്തെ രക്ഷിച്ചു നിര്‍ത്തിയ കൃഷ്ണനെക്കുറിച്ച് അഭിമാനംകൊണ്ടതും.
നന്ദര്‍രാജനോട് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു: ‘നമ്മുടെയിടയില്‍ ഒരു പര്‍വതം കടപുഴക്കിയെടുക്കാന്‍ കെല്‍പ്പുള്ള ആരെങ്കിലും ഇതിന് മുന്‍പ് ജനിച്ചിട്ടുണ്ടോ? ഇപ്പോഴിതാ, അങ്ങയുടെ പുത്രന്‍. ആ കുമാരനെപ്പറ്റി മതിപ്പില്ലാതെ ഞാന്‍ അങ്ങയോട് മുന്നേ സംസാരിച്ചിരുന്നു. എന്റെ അജ്ഞത പൊറുക്കുക. ഇപ്പോള്‍ ഞാന്‍ അദ്ഭുതം പൂണ്ടുനില്‍ക്കുന്നു. ആരാണ് ഈ കുമാരന്‍? ദേവനാണോ? അസുരനാണോ? യക്ഷനാണോ? ഗന്ധര്‍വനാണോ? ഇവ്വിധം അസാമാന്യ സിദ്ധിയുള്ള ഒരാള്‍ എന്തിനിങ്ങനെ നമ്മുടെ ഈ നീചകുലത്തില്‍ വന്നു ജനിച്ചു?’
നന്ദന്‍ മറുപടിയൊന്നും പറഞ്ഞില്ല. വൃദ്ധഗോപന്‍ തുടര്‍ന്നു: ‘അങ്ങും യശോദയും നന്നേ വെളുത്താണിരിക്കുന്നത്. നിങ്ങള്‍ക്കെങ്ങനെ കാര്‍വര്‍ണനായ ഒരു പുത്രന്‍ പിറന്നു? അങ്ങനേയും സംഭവിക്കുമോ?’
എല്ലാം കേട്ടിരുന്ന ഗര്‍ഗാചാര്യന്‍ ഒരു നറുംചിരിയോടെ വൃദ്ധഗോപനോട് പറഞ്ഞു: ‘അങ്ങയുടെ എല്ലാ സംശയങ്ങള്‍ക്കും കാലം മറുപടി നല്‍കും. കാത്തിരിക്കുക. ദേവപ്രഭാവനാണ് കൃഷ്ണന്‍ എന്നു നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, കൂടുതലെന്തറിയാന്‍? തല്‍ക്കാലം ഇത്രമാത്രം ധരിക്കൂ: കൃഷ്ണന്‍ നിങ്ങളുടെ ബന്ധുവാണ്. അദ്ദേഹം കുറച്ചുകാലംകൂടി നിങ്ങള്‍ക്കൊപ്പമുണ്ടാവും. അദ്ദേഹം നിമിത്തം നമുക്ക് പല ക്ലേശങ്ങളും മറികടക്കാനാവും…..
അനേന സര്‍വ ദുര്‍ഗാണി
യുവമഞ്ജസ്തരിഷ്യഥ…
ഗര്‍ഗാചാര്യന്‍ പറയുന്നത് ഗോകുലവാസികള്‍ക്ക് വേദവാക്യമാണ്; അതിന്റെ സുഖത്തില്‍ അല്ലലറിയാതെ കഴിഞ്ഞു. ആ സമയത്തും, ദേവപ്രഭാവനായ കൃഷ്ണന്റെ നാശം നോറ്റുകൊണ്ട് കംസന്റെ കിങ്കരന്മാര്‍ ഗോകുലത്തില്‍ തക്കം പാര്‍ത്തിരുന്നു. കേശി എന്ന അസുരന്‍ ഒരു കുതിരയുടെ രൂപംകൈക്കൊണ്ട് ഗോകുലത്തിലെത്തി. തന്റെ ഘോരശബ്ദത്താല്‍ ഗോകുലത്തെ മുഴുവന്‍ ഭയത്തിനടിപ്പെടുത്തിയ കേശി, കൃഷ്ണന്റെ മുന്നിലെത്തി, ആക്രമിക്കാന്‍ മുതിര്‍ന്നു. ആകാശത്തെ ഗ്രസിക്കുമോ എന്നു തോന്നത്തക്കവിധം വായ് പിളര്‍ന്നാണ് വരവ്. ആര്‍ക്കും അടുക്കുവാനും അതിക്രമിക്കാനും കഴിയാത്തവനും അതിവേഗമുള്ളവനുമായ അവന്‍ അരവിന്ദലോചനനെ കാലുകൊണ്ടു ചവിട്ടി.
ജഘാന പദ്ഭ്യാമരവിന്ദലോചനം
ദുരാസദശ്ചണ്ഡജവോ ദുരത്യയഃ
കൃഷ്ണന്‍ ആ ചവിട്ടില്‍നിന്ന് ബുദ്ധിപൂര്‍വം ഒഴിഞ്ഞുമാറി; കോപപൂര്‍വം അവന്റെ കാലുകളില്‍ പിടിച്ചുചുറ്റിച്ച്, ഗരുഡന്‍ സര്‍പ്പത്തെയെന്നപോലെ നൂറുവില്‍പ്പാട് ദൂരത്തേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയില്‍ അവന് നഷ്ടപ്പെട്ട ബോധം തിരിച്ചുകിട്ടിയനേരം അവന്‍ അതിവേഗം ഓടിവന്നു.
ഗാഥയില്‍ ആ സന്ദര്‍ഭം വിവരിക്കുന്നതിങ്ങനെ-
കേശിയായുള്ളോരു ദാനവന്‍ ഹാജിയായ്
കേശവനുള്ളേടം വന്നണഞ്ഞാന്‍
കേശവന്താനപ്പോള്‍ കൂസാതെ വന്നൊരു
കേശിയോടേശിക്കൊണ്ടാശുചെന്നു
വാശി പൂണ്ടുള്ളൊരുകേശിയുമന്നേരം
കേശവന്തന്നോടു മേശി നിന്നാന്‍
കിളിപ്പാട്ടില്‍ ആ രംഗം ഇങ്ങനെ കാണാം-
കേശിയാം ഘോരനസുരന്‍ പുറപ്പെട്ടു
കൂസാതെ ചെന്നു വ്രജം പുക്കിതശ്വമായ്
വായും പിളര്‍ന്നു ലോകം വിഴുങ്ങീടുവാ-
നായ്‌വരും ദൈത്യനോടേശിനാന്‍ കേശവന്‍
മായാവി മായാമയനെ വിഴുങ്ങുവാ-
നായിത്തുടങ്ങിയനേരം മുകുന്ദനും
വായില്‍ കരം കടത്തീടിനാന്‍ കൃഷ്ണനു-
മായാവി നന്നായ് മുറുകെ കടിച്ചിതു
കേശിതന്‍ ദന്തങ്ങളൊക്കെക്കൊഴിഞ്ഞതി-
ക്ലേശിതനായിപ്പിണങ്ങിനാന്‍ പിന്നെയോ
കണ്ണുതുറിച്ചവന്‍ ഘോരകരങ്ങള്‍ വാല്‍
മണ്ണിലടിച്ചുടന്‍ വിണ്ണിലകം പുക്കാന്‍
ഒന്നും സംഭവിക്കാത്തമട്ടില്‍ കൃഷ്ണന്‍ സ്ഥലംവിട്ടു. ഈ രംഗം ബ്രഹ്മലോകത്തിരുന്നു വീക്ഷിക്കയായിരുന്നു ബ്രഹ്മദേവനും ദേവര്‍ഷി നാരദരും. നാന്മുഖന്‍ ആത്മഗതം കൊണ്ടു: ഇനിയിത് ഏറെ നീട്ടിക്കൊണ്ടുപേവേണ്ടതില്ല എന്നുതോന്നു.
‘കംസനെ ഈ വിവരം ധരിപ്പിച്ചേക്കട്ടെ?’ നാരദര്‍ ആരാഞ്ഞു. ആവാം-എന്നു നാന്മുഖന്‍ തലകുലുക്കി. ആ അനുമതി കിട്ടേണ്ട താമസം-ദേവര്‍ഷി കംസന്റെ സന്നിധിയിലെത്തി. ഗാഥയില്‍ ഇങ്ങനെ കാണാം-
നാരദനന്നേരം ഭോജഗൃഹം തന്നില്‍
പാരാതെ പോയ്‌ച്ചെന്നു കംസനോട്
ചൊല്ലിത്തുടങ്ങിനാന്‍ മെല്ലെമെല്ലുള്ളതില്‍
അല്ലലും കോപവും പൊങ്ങുംവണ്ണം
നിന്നുടെ വൈരിയായുള്ളൊരു കാര്‍വര്‍ണന്‍
നിന്നുവിളങ്ങുന്നോനമ്പാടിയില്‍
ദേവകിതന്നുടെ യഷ്ടമഗര്‍ഭത്തില്‍
മേവിപ്പിറന്നതിവന്താനത്രേ
പേടിച്ചുനിന്നെയന്നാനകദുന്ദുഭി
കേടറ്റ ഗോകുലം തന്നെയാക്കി.
അങ്ങനേയോ? കംസനില്‍ കോപം കത്തിയാളി: ‘ആ വസുദേവന്‍. അവനെനിക്ക് വാക്ക് തന്നിരുന്നു- ദേവകി പ്രസവിക്കുന്ന കുഞ്ഞുങ്ങളെ എന്നെ ഏല്‍പ്പിക്കാമെന്ന്. അവനെന്നെ ചതിച്ചു. എന്നെ ചതിച്ച അവനെ കൊന്നിട്ടേ ഇനികാര്യമുള്ളൂ.
ക്രോധംപൂണ്ട കംസനോട് ദേവര്‍ഷി സാമം പറഞ്ഞു:
‘അങ്ങയുടെ ശത്രു വസുദേവരല്ലാ; കൃഷ്ണനാണ്. ആവുമെങ്കില്‍ ആ ആളെ കാലപുരിയ്ക്കയക്കുക.’
‘കിളിപ്പാട്ടില്‍ അങ്ങനെയല്ലല്ലോ-‘ മുത്തശ്ശി ആരാഞ്ഞു: കേശിവധം നടത്തിയ കൃഷ്ണനെ അഭിനന്ദിക്കാന്‍ നാരദര്‍ വൃന്ദാവനത്തിലേക്ക് ചെല്ലുന്നു എന്നല്ലേ?’
‘ഭാഗവതത്തിലും അങ്ങനെത്തന്നെയാണ്-‘ മുത്തശ്ശി ആരാഞ്ഞു: കേശിവധം നടത്തിയ കൃഷ്ണനെ അഭിനന്ദിക്കാന്‍ നാരദര്‍ വൃന്ദാവനത്തിലേക്ക് ചെല്ലുന്നു എന്നല്ലേ?’
‘ഭാഗവതത്തിലും അങ്ങനെത്തന്നെയാണ്’- മുത്തശ്ശന്‍ പറഞ്ഞു:
‘അവതാരകാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മ പുതുക്കിക്കൊണ്ട് ദേവര്‍ഷി കൃഷ്ണനോട് വിട പറയുന്നു.’


ജന്മഭൂമി: http://www.janmabhumidaily.com/news750642#ixzz50tpkehvx

No comments: