Monday, December 11, 2017

ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെ  അനുഷ്ഠിക്കേണ്ട ചില ആചാരങ്ങൾ ഉണ്ട്.   ശരീരത്തിന്റെ ആരംഭം ഗർഭാധാനത്താലും, അന്ത്യം ഭസ്മീകരണത്താലും ആകുന്നു.  ഷോഡശഃ കർമ്മങ്ങൾ  എന്നറിയപ്പെടുന്ന  പതിനാറ് സംസ്കാരവിധികൾ ജീവിതത്തിൽ അനുഷ്ഠിക്കുവാൻ  നമുക്ക് നിയോഗമുണ്ട്.      ഇത്തരത്തിലുള്ള സംസ്കാരത്തിലൂടെയാണ് മാനവൻ സംസ്കാരസമ്പന്നനാകുന്നത്‌. 
മരിച്ചു കഴിഞ്ഞാൽ മൃതദേഹം   സംസ്കരിക്കുന്നതിൽ നമുക്ക്  പലതരം അഭിപ്രായങ്ങളാണ്.  കുട്ടികളായാൽ കുഴിച്ചിടുന്നത് നല്ലത്.  പ്രായമായവരെങ്കിൽ ചിതയിൽ വെയ്ക്കുന്നത് നല്ലത്.   മൂത്തവർ നിൽക്കുമ്പോൾ ഇളയവർ മരിച്ചാൽ   കുഴിച്ചിടണം എന്നാണ് വിധി .
 മറ്റുള്ളവയ്ക്കൊന്നിനും ദോഷം വരാത്തവിധം  അടക്കം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യുന്നതിനെയാണ്  സംസ്കരിക്കുക എന്നു പറയുന്നത്.  ദോഷം പ്രകൃതിക്കുപോലും ഉണ്ടാകരുത് എന്നതാണ്  ധർമ്മം.  അന്തരീക്ഷവും ഭൂമിയും ദുഷിക്കാതിരിക്കാൻ  ഭസ്മാന്തം ശരീരം എന്ന വേദാനുശാസനം പിന്തുടരുകയാണ് .  വിശേഷബുദ്ധിയുള്ള മനുഷ്യൻ ഇതറിയണം.  ഹിന്ദുക്കളാണ് എന്നഭിമാനിക്കുന്നവർ വേദത്തെ പ്രമാണമാക്കുകതന്നെവേണം.   വേദാനുസാരമല്ലാത്ത  സമാധിയും സംസ്കരണവും കാരണം ഗംഗയും പ്രയാഗയും കാശിയും യമുനയും പമ്പയും നിളയും വിഷപൂരിതമാക്കുകയാണ്  ചെയ്യുന്നത്.  മറ്റു മതക്കാരുടെ ഗ്രന്ഥങ്ങൾ അവർക്ക് പ്രാമാണികമായതുപോലെ  ഹിന്ദുക്കളും വേദത്തെ പ്രമാണമാക്കണം.  വേദനിന്ദകൻ നാസ്തികനാണ്, എന്ന് സ്മൃതി വചനം ഉണ്ട്.

കുഞ്ഞുങ്ങൾ  അന്നപ്രാശന സംസ്കാരം (ചോറൂണ്) കഴിയുന്നതിനുമുമ്പുവരെയുള്ള  സമയത്ത്  മരിച്ചാൽ മറവു ചെയ്യാം.  കാരണം, ശിശുവിന്റെ ശരീരം അല്പമാത്രമാകയാൽ മണ്ണിനെ ദുഷിപ്പിക്കുന്നതിന് പരിധിയുണ്ട്.  ആ ദൂഷ്യം പരിഹരിക്കാൻ  പ്രകൃതി സമർത്ഥയുമാണ്.   അന്നപ്രാശനത്തിനുശേഷമുള്ള ഏതു ജഡവും  ഇഷ്ടികർമ്മം (ദഹനം) നടത്തണം എന്നാണ്  വേദവിധി.      ശവശരീരം അടക്കം ചെയ്യുന്ന സെമിത്തേരികളുള്ള  സ്ഥലങ്ങളിൽ  കുറെകഴിയുമ്പോൾ  കടുത്ത മാലിന്യ സമസ്യയുണ്ടാകും.  അന്ന് പരിസ്ഥിതിവാദികൾ ഉപവസിച്ചതുകൊണ്ടോ  ആക്രോശിച്ചതുകൊണ്ടോ പ്രയോജനമൊന്നും  ഉണ്ടാവില്ല.   ഭൂമിയിൽ ജനിക്കുന്ന ജനങ്ങൾക്കെല്ലാം  കല്ലറയുണ്ടാക്കിയാൽ ഭാവിയിൽ  ശവസംസ്കാരത്തിന്   അന്യഗ്രഹങ്ങളെ  ആശ്രയിക്കേണ്ടിവന്നേക്കാം. 

നെയ്യും ഹോമദ്രവ്യങ്ങളും ഉപയോഗിച്ചുള്ള അന്ത്യേഷ്ടിയാണ്  വേദവിധി.   ചാരമായിത്തീരലാണ് ശരീരത്തിന്റെ അന്ത്യമെന്ന് യജുർവേദം  അറിയിക്കുന്നു.  “വായുരനിലമമൃതമഥേദം ഭസ്മാന്തം ശരീരം”.   ശരീരം മൂത്തവരുടെയോ ഇളയവരുടെയോ എന്നു നോക്കേണ്ടതില്ല.   ‘ഉച്ചി വച്ച കൈകൊണ്ട് ഉദകക്രിയ‘ എന്നുണ്ട്.  ഉദകക്രിയ ദാഹകർമ്മത്തിലേ ഉള്ളൂ.  മരണാനന്തരം ആർക്കും കല്ലറയും സമാധിയും ഉണ്ടാക്കരുതെന്ന നിഷ്കർഷയും കൂടി  സന്ദർഭം നിമിത്തം സ്മരിക്കാൻ ഇടവരുത്തുന്നു ഭസ്മാന്തം ശരീരമെന്ന വേദവാണി. 

സംഗമില്ലാതെ നിഷ്കാമകർമ്മം ചെയ്ത് സാക്ഷാത്കാരം നേടിയ ആൾ ജീവന്മുക്തനായിട്ടാണ് ശിഷ്ടകാലം  ജീവിക്കുന്നത്.  ശരീരം വിട്ട ജീവന്മുക്തന്റെ ശവ്യം (ശവസംസ്കാരം) ചെയ്യണം.  ശരീരത്തിന്റെ അന്ത്യം  ഭസ്മാത്കരണത്തിലാകണം.   അന്തിമ  സംസ്കാരമൊന്നും ജീവന്മുക്തനു ചെയ്തില്ലെങ്കിലും ആ ആത്മാവിനെ അതൊന്നും ബാധിക്കുകയില്ല.  ജീവന്മുക്തനല്ലെങ്കിൽ അയാൾ ലൌകികനാണ്.   അതിനാൽ  സംസ്കാരം കൂടിയേ കഴിയൂ.  ലോകത്തിന് ഹാനി വരുത്തുന്ന, മണ്ണിൽ മറവു ചെയ്യൽ,  വെള്ളത്തിലൊഴുക്കൽ, കല്ലറകൾ കെട്ടി സമാധിയിരുത്തൽ ഇവയൊന്നും വിട്ടുപോയ ജീവന്മുക്തനു വേണ്ടിയല്ല ചെയ്യുന്നത്.  സമാധിയിരുത്തുകയും മറ്റും ചെയ്താൽ വേദവിരുദ്ധക്രിയ നിമിത്തം ഉണ്ടാകുന്ന അന്ധവിശ്വാസജന്യമായ സമാധിപൂജാദികൾ ലൌകികരുടെ ധ്യേയമായ ജീവന്മുക്തി പ്രാ‍പ്തിക്കു  വിഘാതമായിത്തീരും.  അവർ ജീവന്മുക്തന്റെ അനുഗ്രഹം കൊണ്ട് ആ പദവി ലഭിക്കുമെന്ന മൌഢ്യത്തിലായിപ്പോകും.  ശവ്യം പരേതനുവേണ്ടി ചെയ്യുന്നതല്ല.  ലൌകികനുവേണ്ടിയാണ് അതെല്ലാം ചെയ്യുന്നത്. 

അന്ത്യേഷ്ടി  (ദഹനം) കഴിഞ്ഞ മണ്ണ്‌ വീണ്ടെടുത്ത് കൃഷിഭൂമിയാക്കുന്ന പ്രക്രിയയാണ്  ‘സഞ്ചയനം’.   തെങ്ങും വാഴയും  ധാന്യങ്ങളും ആ മണ്ണിൽ നടുകയും വിതയ്ക്കുകയും ചെയ്യുന്നത് വളരെ ശാസ്ത്രീയമായ ഭൂസംരക്ഷണമാണ്.  അങ്ങിനെ  അന്ത്യേഷ്ടി കഴിഞ്ഞ സ്ഥലം  ഉപയോഗയോഗ്യമാക്കുന്നു.

  പുല അസ്പൃശ്യതയാണ്.  രക്ഷസ്സുകളാണ് രോഗാണുക്കൾ.  അവ ആക്രമിച്ച് ചോരകുടിക്കാതെ സൂക്ഷിക്കണം.  അതിന് പുല ആചരിക്കുന്നത് നല്ലതാണ്.  പത്തു ദിവസം ശുദ്ധി ആചരിക്കാൻ  സ്മൃതികൾ  പറയുന്നു.   16 ദിവസം  പുലയുള്ളവർ പണ്ട് പടയാളികളും വാല്യക്കാരുമായിരുന്നു. ജോലി ചെയ്യാതിരിക്കാൻ ആറു ദിവസംകൂടി നേടിയെടുത്തതാവാം.    നല്ല അണു-കുമിൾ നാശിനികൾ എല്ലായിടത്തും   ലഭ്യമാണ്.  സുഗന്ധവസ്തുക്കൾ ഉപയോഗിച്ചു  പുകയ്ക്കുമ്പോൾ അന്തരീക്ഷം ശുദ്ധമാകും.  വായുവും  ജലവും ഭൂമിയും ശുദ്ധമായാൽ അഗ്ന്യാകാശങ്ങളും ശുദ്ധമാകും.  അങ്ങനെ പുല ഇല്ലാതെയാകും.  പിന്നെ ആർക്കു പുല.  സുഗന്ധങ്ങളുടെ പുക പുലയകറ്റും.  പിന്നെ   പത്തോ, പതിനാറോ, നല്പത്തിയൊന്നോ ദിവസം ബലിയിട്ട് ഉണ്ടിരിക്കാൻ വിരോധമില്ല.  “അമൃതം പരിത്യജ്യ വിഷം പിബന്തി”.  അമൃതം കളഞ്ഞ് വിഷം കുടിക്കുന്ന ലോകമാണ്.   parthans

No comments: