Friday, December 15, 2017

രാമനും കൃഷ്ണനും കയറിയ തേര് വളരെ വേഗം തെളിച്ചുകൊണ്ട് അക്രൂരന്‍, മധ്യാഹ്നമായപ്പോഴേക്കും കാളിന്ദീ തീരത്തെത്തി. തേര് തണലത്തു നിറുത്തിയ നേരം, കൃഷ്ണനും രാമനും ഇറങ്ങി; നേരെ നദിക്കരയിലെത്തി. നിര്‍മലമായ ജലത്തില്‍ കാലും മുഖവും കഴുകി; രണ്ടോ മൂന്നോ കവിള്‍ വെള്ളം കുടിച്ചു; ദാഹം തീര്‍ത്തു; തേരില്‍ വന്നിരുന്നു.
അക്രൂരനപ്പോള്‍ സാരഥിയുടെ ഇരിപ്പിടത്തില്‍ ചാരിയിരുന്ന് വിശ്രമംകൊള്ളുകയായിരുന്നു. വേര്‍പിരിയലിന്റെ രംഗങ്ങള്‍ പാകത വന്ന അക്രൂരന്റെ ഹൃദയത്തെപ്പോലും ഉലച്ചുകളഞ്ഞിരുന്നു; അതിന്റെ ആലസ്യം അപ്പോഴും നേര്‍മയില്‍ ചിന്തകളെ ആര്‍ദ്രതയണിയിക്കാന്‍ മുതിര്‍ന്നിരുന്നു. ഒപ്പം ഒരു സംശയം മനസ്സില്‍ മുളപൊട്ടി: മൃദുലഭാവങ്ങള്‍ മാത്രം കാത്തുസൂക്ഷിക്കുന്ന ഈയൊരു കുമാരനോ യദുകുലം ഇത്രയുംകാലം കാത്തിരുന്ന രക്ഷകന്‍? ഈ രക്ഷകന്‍ നടത്തിയതായി കേള്‍ക്കുന്ന ധീരകൃത്യങ്ങള്‍ക്കു മുഴുവന്‍ കര്‍ത്തൃത്വവും ഈ കുമാരനുതന്നെയാണോ? അതൊ,
അതെല്ലാം മേദുര ദീര്‍ഘകായനായ ബലരാമന്റെ കഴിവുകൊണ്ടാണോ? അതുമല്ലെങ്കില്‍, ആ കഥകളെല്ലാം ഗോകുലവും വൃന്ദാവനവും കേന്ദ്രമാക്കി മാഗധര്‍ പാടി പ്രചരിപ്പിച്ച നാടന്‍ശീലുകളോ? അങ്ങനെയാവാനല്ലേ ഏറെ സാധ്യത? വൃന്ദാവനത്തിലെ ഗോപികമാരുടെ ഹൃദയം കവര്‍ന്നവനാണ് ഈ നീര്‍മേഘ ശ്യാമള വര്‍ണന്‍. രാസകേളിയ്ക്കു പൊന്നോടക്കുഴലൂതുന്നവന്‍. ഗോപകന്യയായ രാധയെ പ്രണയിച്ചവന്‍. അംഗനമാര്‍ ബലഹീനതയായുള്ള ഈ ഗോപബാലനെങ്ങനെയാണ് ദേവര്‍ഷിയുടെ പ്രവചനം സാര്‍ഥകമാക്കുന്നത്? പ്രപഞ്ചത്തിലുള്ള എല്ലാ ശക്തിയും സ്വന്തമാക്കിയിട്ടുള്ള കംസനെ കാലപുരിയ്‌ക്കെത്തിക്കാന്‍ ഈ കിസലയസുന്ദരമേനിയുടെ ഉടമയ്ക്കാവുമോ? ഇവനില്‍ ദൈവീകാംശമെന്നും പ്രത്യക്ഷത്തിലല്ലോ…
‘ഉവ്വോ? ഈയളവില്‍ അക്രൂരന്‍ ഭഗവാനെ സംശയിക്കുകയുണ്ടായോ?’ മുത്തശ്ശി അമ്പരന്നു തിരക്കി.’ഉവ്വെന്നു പറയുന്നതു ഞാനല്ലാ; ഗര്‍ഗാചാര്യനാണ്’- മുത്തശ്ശന്റെ ചുണ്ടില്‍ നേര്‍ത്ത ചിരി പൊടിഞ്ഞു: ഗര്‍ഗഭാഗവതത്തില്‍ കഥാഗാത്രത്തിനു അവ്വിധം ഒരു വ്യത്യസ്തഭാവം ആചാര്യന്‍ കല്‍പ്പിച്ചു നല്‍കന്നു.
‘കേള്‍ക്കട്ടെ’- മുത്തശ്ശി കാതു കൂര്‍പ്പിച്ചു.
‘വേറിട്ട ചിന്തകളില്‍ ജാഗരംകൊണ്ടിരുന്ന അക്രൂരന്റെ മനസ്സ് ഭഗവാന്‍ വായിച്ചെടുത്തു; ഒന്നുമറിയാത്ത മട്ടില്‍ തിരക്കി: ‘അമ്മാവന്‍ ഇത്ര വേഗത്തില്‍ രഥമോടിച്ചതെന്തിനായിരുന്നു? നമുക്ക് സന്ധ്യയോടെ മാത്രം മഥുരയിലെത്തിയാല്‍പ്പോരേ? കാളവണ്ടികളില്‍ വരുന്ന അച്ഛനും ഗോപമുഖ്യരുമെല്ലാം അപ്പോഴല്ലേ എത്തുകയുള്ളൂ? അമ്മാവന്‍ താല്‍പ്പര്യപ്പെട്ടതുകൊണ്ടുമാത്രമാണ് ഞാന്‍ തേരില്‍ വന്നത്. ഇല്ലെങ്കില്‍, ഞാന്‍ അച്ഛന്റെ കൂടെ കാളവണ്ടിയിലേ വരുമായിരുന്നുള്ളൂ.
‘മഥുര മുഴുവന്‍ നിങ്ങളെ കാണാന്‍ കാത്തിരിക്കയല്ലേ കുമാരന്മാരേ? വസുദേവര്‍ക്കും ദേവകിയ്ക്കും നിങ്ങളെ കാണാന്‍ എത്രമാത്രം തിടുക്കമുണ്ടെന്നറിയാമോ? വര്‍ഷങ്ങളെത്രയായി അവര്‍ ആ കാത്തിരിപ്പു തുടങ്ങിയിട്ട്!’
‘അതുതന്നെയാണ് ഞാനും പറയുന്നത്. അവര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായില്ലേ? ഒന്നും രണ്ടും വര്‍ഷമല്ല; പതിനാലുവര്‍ഷമായി, അല്ലേ? ഇത്രയുംകാലം കാത്തിരുന്ന അവര്‍ക്ക് ഏതാനും ഘടികകള്‍ കൂടി കാത്തിരിക്കാനാവില്ലേ?’
‘ഉണ്ണീ. നീയിപ്പോള്‍ നന്ദരാജന്റെ മകനായ ഗോപബാലകനല്ലാ. ദേവകീനന്ദനനായ വാസുദേവനാണ്. കാലിക്കോല്‍ കൊണ്ടുനടന്നിരുന്ന നിന്റെ കളിലിനി ഭദ്രമാവാന്‍ ഇരിക്കുന്നത് രാജ്യഭാരത്തിന്റെ ചെങ്കോലാണ്.’
‘ഒരു സംശയം’- കൃഷ്ണന്റെ ചുണ്ടില്‍ നിഷ്‌കളങ്കത മുറ്റിയ ഒരു നറുംചിരി വിടര്‍ന്നു: ‘അമ്മാവന്‍ പറഞ്ഞ ആ വാസുദേവന് ഒരു ഗോപകുമാരനായിക്കൂടേ?’
‘മഥുരയ്ക്കാവശ്യം ഗോപകുമാരനെയല്ലാ; രാജകുമാരനായ വാസുദേവനെയാണ്-കുലദ്രോഹിയായ കംസനൊരുക്കിയ കെണികളില്‍നിന്നു യാദവകുലത്തെ രക്ഷിക്കാന്‍ പോന്ന വാസുദേവനെ. അതെ-സാക്ഷാല്‍ വാസുദേവന്റെ ഗുണങ്ങള്‍ തികഞ്ഞ ഒരു യദുകുലനാഥനെ.’
‘വാളെടുത്തവന്‍ വാളാലെന്നു പറയുമ്പോലെ, കെണിയൊരുക്കിയവന്‍ തന്നെ കെണിയില്‍പ്പെട്ടു കൂടാ എന്നുണ്ടോ?’
‘അതിന് സാധ്യതയുണ്ടോ?’
‘ആചാര്യന്‍ പറഞ്ഞതു സത്യമെങ്കില്‍, അതിനു സാധ്യതയുണ്ട്. അദ്ദേഹം ഒരടയാളത്തിലൂടെ അതെനിക്കു വ്യക്തമായിത്തന്നു.’
‘അടയാളമോ?’
‘അതെ, അമ്മാവാ. എന്റെ ശക്തിയുടെ ആഴമളന്നെടുക്കാനുള്ള ഒരു അടയാളം. ആ അടയാളം എന്റെ വിരല്‍ത്തുമ്പിലെത്തി; ഞാനതിനെ തൊട്ടറിഞ്ഞു. ആ അറിവിന്റെ അടയാളത്തെ സാക്ഷിയാക്കി ഞാനൊന്നു തൊട്ടപ്പോള്‍, ഗോവര്‍ധനം ഇരിപ്പിടത്തില്‍നിന്നു പൊന്തിവന്നു; എല്ലാവര്‍ക്കുമായി കുട നിവര്‍ത്തിത്തന്നു.’
അക്രൂരന്റെ ബുദ്ധിയില്‍ ഏതോ വിഭ്രാന്തി അരിച്ചുകയറി. സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും തന്നെ വലംവയ്ക്കുന്നതായി തോന്നി. അതിന്നിടയില്‍, ആയിരം ശിരസ്സുള്ളവനും നീലവസ്ത്രം ധരിച്ചവനും ആകാശത്തേയ്ക്ക് തലയെത്തിക്കുന്നവനുമായ ഒരാള്‍രൂപം മിന്നിമറഞ്ഞു. അതിനു പിറകെ, നീലമേഘശ്യാമളനും മഞ്ഞപ്പട്ടുടുത്തവനും നാലുകൈകളോടുകൂടിയവനും ശാന്തനുമായ മറ്റൊരാള്‍രൂപം കണ്‍വെട്ടത്തെത്തി. എങ്ങും നിറയുന്ന, ഏക കാരണമായിരിക്കുന്ന ആ കാലപുരുഷന്റെ കാലില്‍ ശിരസ്സണയ്ക്കാന്‍ കൊതിപൂണ്ടു നില്‍ക്കേ, ആരുടെയോ കൈകള്‍ അരുതെന്നു തന്നെ വിലക്കുന്നതായി തോന്നി.
‘അമ്മാവാ’- കൃഷ്ണന്റെ ശബ്ദം അക്രൂരന്റെ ബോധത്തെ തൊട്ടുണര്‍ത്തി: ‘ഉറക്കം വരുന്നുണ്ടോ?
ഉവ്വോ? താന്‍ ഉറക്കത്തിന്റെ മടിയിലായിരുന്നോ? അക്രൂരന്‍ മനസ്സിനോടു തിരക്കി. മനസ്സ് മൗഢ്യം പൂണ്ടുനിന്നു.
‘അല്‍പം നീന്താം. ഒരു ഉണര്‍വ് കിട്ടും’- കൃഷ്ണന്റെ വാക്കുകള്‍ കല്‍പനയായി തോന്നി. അതു നിരസിക്കാനായില്ല. ആ രംഗം ഗാഥയില്‍ വര്‍ണിക്കുന്നുണ്ട്.
മുത്തശ്ശി ചൊല്ലി-
സ്‌നാനത്തിനായിട്ടു ഗാന്ദിനീനന്ദനന്‍
മാനിച്ചു ചെന്നങ്ങിറങ്ങി തന്നില്‍
മുങ്ങിനനേരത്തു ധന്യമായുള്ളൊരു
തന്നുടെ വൈഭവം കാട്ടിനിന്നാന്‍
പാവനമായൊരു പാലാഴി കാണായി
പാരാതെ തന്നിലനന്ദനേയും
തന്മേല്‍ വിളങ്ങിന ദേവനെത്തന്നെയും
ചിന്മയയാകിന ദേവിയേയും
കണ്ടൊരു നേരത്തുഗാന്ധിനീ നന്ദനന്‍ഇണ്ടല്‍ കളഞ്ഞു പൂകണ്ണു പിന്നെ
എന്തെന്നു ചോദിച്ചു പുഞ്ചിരിതൂകിനാന്‍
പങ്കജലോചനനാര്‍ദ്രനായി
‘ഇവിടെ ഗാഥാകാരന്‍ ഏറെ ചുരുക്കി, അല്ലേ?’ മുത്തശ്ശി ചോദിച്ചു: ‘ഭാഗവതത്തില്‍ ദര്‍ശനസുഖം ഏറെ വിശദമാക്കുന്നുണ്ട്, ഇല്ലേ?’
‘ഉവ്വ്-‘ മുത്തശ്ശന്‍ തുടര്‍ന്നു: ‘അക്രൂരന്റെ സ്തുതി ഒരധ്യായം തന്നെ ഉള്‍ക്കൊള്ളുന്നു. അക്രൂരന്‍ സ്തുതിച്ചുകൊണ്ടിരിക്കേ, നടന്‍ തന്റെ നാട്യത്തെയെന്നപോലെ, കൃഷ്ണന്‍ സ്വന്തം വിഷ്ണുരൂപത്തെ മറച്ചുകളയുന്നു.
സ്തുതവതസ്തസ്യ ഭഗവാന്‍ ദര്‍ശയിത്വാ ജലേ വപുഃ
ഭുയഃ സമാഹരത് കൃഷ്‌ണോ നടോ നാട്യമിവാത്മനഃ


ജന്മഭൂമി: http://www.janmabhumidaily.com/news753558#ixzz51NQABxw2

No comments: