Thursday, December 14, 2017

സേവനം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ നമ്മുടെ മനോഭാവം എന്താണ്? സേവനത്തിനു നമ്മള്‍ പ്രശംസയും പ്രകീര്‍ത്തിയും പ്രതീക്ഷിക്കുന്നുണ്ടോ? കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ വളരെ കുറവാണ്. കഠിനാദ്ധ്വാനത്തിന്റെ ഫലം എടുക്കാന്‍ വരുന്നവര്‍ ധാരാളവും. മറ്റുള്ളവരുടെ നന്മയ്ക്കായി സേവന മനോഭാവത്തോടും ശുഭസങ്കല്‍പ്പത്തോടും സേവനം ചെയ്യാന്‍ എത്ര പേരുണ്ട്?
ഹനുമാന്‍ സേവനം ചെയ്യുമ്പോള്‍ ‘ഞാന്‍ചെയ്തത്’, എനിക്ക് മാത്രമേ കഴിയൂ. ”ഞാന്‍ ഇത്രത്തോളം ചെയ്തിരിക്കുന്നു” എന്ന വിചാരങ്ങള്‍ വരില്ല. ഇത്തരം ചിന്തകളും ഞാനെന്ന ഭാവവും മനസ്സിലേക്ക് വരില്ല. ഫലത്തെക്കുറിച്ചുള്ള വിചാരം നമ്മെ സ്പര്‍ശിക്കുകയില്ല. വാക്കുകളും പ്രവൃത്തികളും ചിന്തകളുടെ ബഹിര്‍സ്ഫുരണങ്ങളല്ലേ? ഞാന്‍ ഒത്തിരി സേവനം ചെയ്തല്ലോ, എന്നാല്‍ അനൗണ്‍സ്‌മെന്റില്‍, പത്രത്തില്‍ എന്റെ പേര് വന്നില്ലല്ലോ? എന്നു ചിന്തിക്കുന്നവരും ശണ്ഠ കൂടുന്നവരും ധാരാളം. നമ്മള്‍ ആര്‍ക്കുവേണ്ടിയാണ് സേവനം ചെയ്യുന്നത്? എന്തിനുവേണ്ടിയാണ്? സേവനം ചെയ്യുന്നതിന് രണ്ടു മാര്‍ഗമുണ്ട്.
ഒന്ന് പേരിനും പ്രശസ്തിക്കും. മറ്റൊന്ന് സ്വന്തം സന്തോഷത്തിനും. ഇവിടെ ഒരു സഹോദരന്‍ ധാരാളം വൃക്ഷത്തൈകള്‍ നട്ടു, എന്നാല്‍ ആരും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നില്ല. സ്വന്തം തൃപ്തിക്കും സന്തോഷത്തിനും വേണ്ടി അദ്ദേഹം അത് ചെയ്തു. പതിനായിരത്തോളം വൃക്ഷ തൈകള്‍ ആ സഹോദരന്‍ നട്ടു. സ്വന്തം സന്തോഷത്തിനായി സേവനം ചെയ്യുമ്പോള്‍ സന്തോഷം തന്നെ പ്രതിഫലമായി കിട്ടുന്നു. സേവനത്തിന്റെ ഫലത്തിലും സന്തോഷിക്കാനാവും. ഹനുമാന്റെ ഏറ്റവും നല്ല ഗുണം അദ്ദേഹം ഒരിക്കലും വലിയ കാര്യം ചെയ്‌തെന്ന മനോഭാവം വച്ചു പുലര്‍ത്തിയിരുന്നില്ല. അദ്ദേഹം രാമപാദങ്ങളോട് എപ്പോഴും ചേര്‍ന്നിരുന്നത് അതിനാലാണ്. അദ്ദേഹം വിനീതനും നിരഹങ്കാരിയുമായിരുന്നു. സേവനത്തിന്റെ മുഖമുദ്ര തന്നെ നിരഹങ്കാര മനോഭാവമാണ്.
സേവന കാര്യത്തില്‍ ഒരുപാട് തടസ്സങ്ങളും വിമര്‍ശനങ്ങളും വീണ്ടും സഹിക്കേണ്ടി വന്നേക്കാം. ചെറിയ മന്ദഹാസത്തോടെ ഇവയെല്ലാം തരണം ചെയ്യാന്‍ കഴിയണം. ധ്യാനത്തിന്റെയും യോഗീ ജീവിതത്തിന്റേയും പ്രാധാന്യം ഇവിടെയാണ്. ഹനുമാന്റെ ഹൃദയത്തില്‍ രാമനെ പ്രതിഷ്ഠിച്ചിരുന്നു. പരമാത്മാവിന്റെ ശക്തി എല്ലാ തടസ്സങ്ങളേയും തരണം ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചു.
ആദ്യം തടസ്സം ‘സുരസ’ ആയിരുന്നു. അവളുടെ ശരീരം ഹനുമാനെ വിഴുങ്ങാന്‍ തക്കവണ്ണം വലുതായി. എന്നാല്‍ തത്സമയം ഹനുമാനും സ്വന്തം ശരീരത്തെ വലുതാക്കാന്‍ തുടങ്ങി.
സുരസയ്ക്ക് ഒരു പരിധിയില്‍ കവിഞ്ഞ് ശരീരത്തെ വലുതാക്കാനായില്ല. ആ അവസരത്തില്‍ ഹനുമാന്‍ അവളുടെ വായിലൂടെ പ്രവേശിച്ചിട്ട് സ്വന്തം ശരീരത്തെ ചെറുതാക്കി സുരസയുടെ ചെവിയിലൂടെ പുറത്തേക്ക് വന്നു. നമ്മള്‍ സേവനങ്ങളില്‍ മുഴുകുമ്പോള്‍ തടസ്സങ്ങളെ ഇത്തരത്തില്‍ സമീപിക്കാവുന്നതാണ്. തടസ്സങ്ങള്‍ വലുതാവുക സ്വാഭാവികമാണ്. മനോഭാവത്തെ അതിലുപരി വലുതാക്കി തടസ്സങ്ങളെ ചെറുതാക്കാന്‍ കഴിയണം.
രണ്ടാമത്തെ അവസരത്തില്‍ നാം മറ്റുള്ളവരുടെ മുന്നില്‍ വിനയത്തോടെ തലകുനിച്ച് അവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടി വന്നേക്കാം. നമ്മളെ സ്വയം വിനീതരാക്കി അഭിമാനികളായവരെ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. നമ്മളുടെ വിനയം മാത്രമേ നമ്മെ അവിടെ സഹായിക്കുകയുള്ളൂ.
‘മൈനാക’ പര്‍വതമാണ് ഹനുമാന് വന്ന മറ്റൊരു തടസ്സം. പക്ഷേ മുന്നോട്ടു പോകുന്നതിനു മുന്‍പ് വിശ്രമിക്കാനുള്ള ധാരാളം അവസരം ‘മൈനാകം’ ഹനുമാന് കൊടുത്തു. ഹനുമാന് മറ്റൊരു പരീക്ഷണമായിരുന്നു അത്. നമ്മള്‍ വലിയ സേവനങ്ങള്‍ ചെയ്യുമ്പോള്‍ നമുക്കു പേരും പ്രശസ്തിയും വന്നുചേരും. പക്ഷേ ഇതെല്ലാം മൈനാക പര്‍വതം പോലെയാണ്. നമ്മള്‍ക്ക് വിശ്രമിക്കാനൊരിടം. എന്നാല്‍ നമ്മള്‍ പേരിലും പ്രശസ്തിയിലും കുടുങ്ങി അഭിമാനിയായി മാറിയാല്‍ ജീവിതം മുന്നോട്ടു പോവുകയില്ല. അഹങ്കാരം കാരണം പുരോഗതി തടസ്സപ്പെടും.
നമ്മളുടെ ജീവിതത്തില്‍ അനേകം കാര്യങ്ങള്‍ ചെയ്യാനും പുരോഗമിക്കാനുമുണ്ട്. പേരിലും പ്രശസ്തിയിലും അകപ്പെട്ടു പോകരുത്. പേരും പ്രശസ്തിയുമെല്ലാം സര്‍വ്വശക്തനു സമര്‍പ്പിക്കണം. കാരണം അവിടെ നിന്നാണ് എല്ലാ ശക്തിയും കിട്ടുന്നത്. അതിനാല്‍ ഹൃദയംകൊണ്ട് എല്ലാം ദൈവത്തിനു സമര്‍പ്പിക്കുക. അപമാനങ്ങള്‍പോലും അദ്ദേഹത്തിനു സമര്‍പ്പിക്കാം, എന്തെന്നാല്‍ സേവനത്തിന്റെ വഴിയില്‍ ആ വക ചിന്തകള്‍ നമ്മെ അലട്ടുകയില്ല. അഹങ്കാരത്തിനും നിരാശയ്ക്കും നമ്മള്‍ അടിമപ്പെടുകയില്ല. ഇവ രണ്ടും സേവനത്തിന്റെ വഴിയില്‍ നമ്മുടെ മുന്നില്‍ വരാനിടയുണ്ട്.
ഹനുമാന് നേരിട്ട മൂന്നാമത്തെ തടസം ‘ഛായ’ എന്ന അസുരനാണ്. ആ അസുരന്‍ ഒരു വ്യക്തിക്ക് തുല്യമായ അയാളുടെ നിഴലിനെ വിഴുങ്ങും. എന്നാല്‍ ഈ നിഴലുകള്‍ നമ്മുടെ ആന്തരികമായ ഭയം, സ്വഭാവങ്ങള്‍, മനോഭാവങ്ങള്‍ തുടങ്ങിയവരാണ്. ചിലനേരം കാമ, ക്രോധ, ലോഭ, മോഹ, സ്വാര്‍ത്ഥ വിചാരങ്ങള്‍ നമ്മുടെ മനസ്സില്‍ ഉണ്ടാവും. ഇവ പലപ്പോഴും പുറത്തുവന്ന് സേവനത്തിന്റെ വഴിയില്‍ നമ്മെ വിഴുങ്ങാന്‍ ശ്രമിക്കുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news752881#ixzz51HMI2hDG

No comments: