Wednesday, December 13, 2017

" ഞാൻ മുക്തനാണ് എന്ന ഉറപ്പുണ്ടെങ്കിൽ മുക്തൻ തന്നെയാണ്. താൻ ബദ്ധനാണ് എന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇപ്പോൾ ബദ്ധനായി അനുഭവപ്പെടുന്നത്. മനസ്സിലെ സങ്കല്പങ്ങൾ പോലെയാണ് അനുഭവങ്ങൾ ഉണ്ടാകുന്നത്. "
ഏകനായ ബോധം മാത്രമാണ് സത്യം. മറ്റെല്ലാം ബോധത്തിലുണ്ടാകുന്ന പ്രതീതികൾ മാത്രം. ഏകവും അദ്വൈതീയവുമായ ബോധത്തിൽ പലത് സങ്കല്പിക്കുമ്പോൾ അത് ലോകം. പലത് കാണപ്പെടുന്നത് ഒരു ബോധത്തിലാണെന്നും അതുകൊണ്ട് ബോധം മാത്രമെ ഉള്ളൂ എന്നും അറിഞ്ഞാൽ എല്ലാമറിഞ്ഞു. സത്യമറിഞ്ഞാൽ മുക്തൻ. പലതു കാണുമ്പോൾ ബദ്ധൻ.
അപ്പോൾ ലോകം തന്നിൽ നിന്നും വേർപെട്ടതല്ലെന്ന് തിരിച്ചറിയുന്നതാണ് മുക്തി. മുക്തനാകാൻ പുതിയതായി എന്തെങ്കിലും നേടിയെടുക്കേണ്ടതില്ല .ഞാൻ, ശരീരവും മനസ്സും മറ്റുമാണെന്ന തെറ്റിദ്ധാരണ നീങ്ങി ഞാൻ ശരീരത്തേയും മനസ്സിനേയും അറിയുന്ന ബോധമാണെന്ന ധാരണ വരുന്നതാണു മുക്തി. അത് അറിയാത്തപ്പോഴും സത്യത്തിൽ ഞാൻ ബോധം തന്നെയാണ്.
ഏതുപോലെ?
മങ്ങിയ വെളിച്ചത്തിൽ കയറിനെ പാമ്പായി തെറ്റിദ്ധരിക്കുന്നു. പാമ്പാണെന്ന ധാരണ ഭയം ജനിപ്പിക്കുന്നു. നല്ല വെളിച്ചം വന്നപ്പോൾ കയറാണെന്ന് മനസ്സിലാക്കുന്നു. അപ്പോൾ ഭയം നീങ്ങുന്നു, പാമ്പാണെന്ന് തെറ്റിദ്ധരിച്ച സമയത്തും സത്യത്തിൽ കയർ മാത്രമെ ഉണ്ടായിരുന്നൊളു. നല്ല വെളിച്ചം വന്നപ്പോൾ തെറ്റിദ്ധാരണ മാറി എന്നു മാത്രം. അപ്പോൾ മാത്രമെ ഭയം നീങ്ങുകയൊള്ളു.
ഇതു പോലെ അറിഞ്ഞാലും ഇല്ലെങ്കിലും ഞാൻ എപ്പോഴും മുക്തനാണ്. ബദ്ധനാണെന്ന് മനസ്സു സങ്കല്പിക്കുന്നു. അപ്പോൾ ബദ്ധനായി തോന്നുന്നുവെന്നു മാത്രം. അപ്പോൾ മനസ്സിലെ സങ്കല്പം മാത്രമാണ് ബന്ധമുണ്ടാക്കുന്നത്. അതു കൊണ്ടു മുക്തനാണെന്നു സങ്കല്പം ദൃഢമായാൽ ആനന്ദം അനുഭവപ്പെട്ടു തുടങ്ങും.
ഞാൻ അഥവ ആത്മാവു നിത്യ മുക്തനായ ബോധമാണെന്ന് നാം കണ്ടു. മുക്തൻ എന്നാൽ ദേഹത്തിന്റേയോ മനസ്സിന്റേയോ വ്യവഹാരങ്ങളിൽ ഞാൻ പങ്കാളിയല്ലായെന്നർത്ഥം. ശാന്തിയാണ് എന്റെ സ്വരൂപം. ദേഹത്തിന്റേയും മനസ്സിന്റേയും വ്യവഹാരങ്ങളിൽ ഞാൻ സാക്ഷി മാത്രമാണ്. എന്നിൽ സ്വപ്ന സമാനമായി നടക്കുന്ന കാര്യങ്ങൾ ഞാൻ അറിയുന്നു. എന്നാൽ എന്നിൽ നിന്നും വേറിട്ട് ഒന്നും ഇല്ലെന്നു അറിയാവുന്നതു കൊണ്ട് ഞാൻ നിസ്സംഗനാണ്. എനിക്ക് കാലവും ദേശവുമൊന്നും ബാധകമല്ല. കാരണം അത്തരം സങ്കല്പങ്ങളെല്ലാം എന്നിൽ പ്രത്യക്ഷപ്പെട്ട് ഇല്ലാതാവുന്നവയാണ്.
ഇങ്ങനെ നിത്യ ശുദ്ധനും ഏകനും ശാന്തനുമായ ഞാൻ ദേഹമാണെന്ന് തെറ്റിദ്ധരിക്കുമ്പോൾ വ്യവഹാരിയും ബദ്ധനും അശാന്തനും ആയി കാണപ്പെടുന്നുവെന്ന് മാത്രമെയൊള്ളു....boda

No comments: