Friday, December 15, 2017

മനസ്സെന്ന മഹാത്ഭുതം
ഏതാനും കുട്ടികള്‍ അടുത്തിടെ എന്നോട് ചേദിച്ചു എല്ലാ മതങ്ങളും ഒന്നല്ലേ, അതിന്റെ ആശയവും ലക്ഷ്യവും ഒന്നല്ലേ?. അതുകൊണ്ട് മതംമാറ്റത്തിനെതിരെ എന്തിനാണിത്ര കോലാഹലം. യഥാര്‍ത്ഥത്തില്‍ മതം എന്ന വിഷയത്തില്‍ ഇന്നത്തെ തലമുറ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാര്‍ക്ക് മതേതരത്വം എന്നവാക്കുകൊണ്ട് ഇവരെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കുന്നുമുണ്ട്. എന്നാല്‍ പാശ്ചാത്യ നാടുകളില്‍ നിന്ന് ഇന്ത്യയില്‍ വന്ന സെമറ്റിക് മതങ്ങളും ഭാരതത്തിന്റെ സനാതന സംസ്‌കാരവും വ്യത്യസ്തമാണ്.
ക്രിസ്തുമതവും ഇസ്ലാം മതവും മനുഷ്യനെ ദൈവത്തിന്റെ സൃഷ്ടിയായോ അടിമയായോ പുത്രനായോ ആണ് കാണുന്നത്. അവര്‍ക്ക് ദൈവം സ്രഷ്ടാവാണ്. മനുഷ്യനും മറ്റ് ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടതും. മനുഷ്യനില്‍ നിന്ന് വ്യത്യസ്തനായ സ്രഷ്ടാവും ആ സ്രഷ്ടാവിന് ഇരിക്കാന്‍ സ്വര്‍ഗ്ഗവും അദ്ദേഹത്തിന്റെ കല്‍പനകളായ മതഗ്രന്ഥവും മനുഷ്യന്റെ ലക്ഷ്യമായ സ്വര്‍ഗ്ഗവും ഒക്കെയാണ് സെമറ്റിക് മതങ്ങളുടെ യഥാര്‍ത്ഥ ആശയങ്ങള്‍.
കേവലം വാദഗതികള്‍ക്കൊണ്ട് സ്ഥാപിക്കാനുള്ളതല്ല മതം. അത് യുക്തിനിഷ്ഠവും ശാസ്ത്രീയവും ഇവിടത്തന്നെ നമുക്ക് തെളിയിക്കുവാനും കാണുവാനും സാധിക്കുന്നതാവണം. അതിലേക്ക് എല്ലാ വായനക്കാരേയും സ്വാഗതം ചെയ്യുന്നു. ഇതില്‍ പങ്കുവയ്ക്കുന്ന കാര്യങ്ങള്‍ പ്രിയ വായനക്കാര്‍ വായിച്ച് മറക്കരുത്. ഈ ആശയങ്ങള്‍ നമ്മുടെ തലമുറകളിലേക്കും പകര്‍ന്നു നല്‍കാം. നിങ്ങളുടെ ഓരോ ചോദ്യത്തിനും ശാസ്ത്രീയമായി ഉത്തരം നല്‍കാന്‍ ശ്രമിക്കാം.
യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ?. ദൈവമാണോ മനുഷ്യനെയും പ്രപഞ്ചത്തേയും സൃഷ്ടിച്ചത്. ആ െൈദവം എവിടെയാണ്. മനുഷ്യന് കാണാന്‍ സാധിക്കുമോ. സ്വര്‍ഗ്ഗ നരകങ്ങള്‍ ഉണ്ട് എന്നത് സത്യമാണോ. ദൈവത്തിന് മനുഷ്യനെ രക്ഷിക്കുവാനും ശിക്ഷിക്കുവാനും സാധിക്കുമോ?. ഇതിനെക്കുറിച്ച് ശാസ്ത്രീയമായി ചിന്തിക്കാം. ആദ്യമായി സൃഷ്ടിയെക്കുറിച്ച് ചിന്തിക്കാം. മതഗ്രന്ഥങ്ങളില്‍ സൃഷ്ടിയെക്കുറിച്ച് എന്തുപറയുന്നു എന്നതിന് മുമ്പ് ഊര്‍ജ്ജതന്ത്രത്തില്‍ എന്ത് പറയുന്നു എന്ന് നോക്കാം. അനവധി ശാസ്ത്രജ്ഞന്മാര്‍ അവരുടെ ജീവിതത്തിലെ നല്ലൊരു സമയം നിരന്തരമായ ഗവേഷണത്തിലൂടെ അവര്‍ക്ക് അനുഭവപ്പെട്ട സത്യങ്ങള്‍ കാണിച്ചു തരുന്നതാണ് ഇത്തരം ശാസ്ത്ര ശാഖകളിലൂടെ.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന ശാസ്ത്രജ്ഞന്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സൃഷ്ടി വര്‍ണ്ണനയില്‍ നിന്ന് വ്യത്യസ്തമായി ഒരു സത്യം കണ്ടെത്തി. അത് അദ്ദേഹം ശാസ്ത്രീയമായി തെളിയിച്ചു. സൃഷ്ടി എന്നത് സംബന്ധിച്ച് മതഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്നും സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ദൈവമല്ല പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് മനസ്സിലായി. ഈ പ്രപഞ്ചം രൂപപ്പെടുന്നതിന് മുമ്പ് ചെറുകണികകളായി ഇവിടത്തന്നെ നിലനിന്നിരുന്ന അണുകണങ്ങളാണ് പല പല കാരണങ്ങളാല്‍ ഉരുത്തിരിഞ്ഞ് പ്രപഞ്ചമായത്.
ഇതൊരു സൃഷ്ടി അല്ലെന്നും നേരത്തെ ഉള്ളത് പരിണാമം സംഭവിച്ച് വികസിച്ചതാണെന്നും ഐന്‍സ്റ്റീന്‍ ശാസ്ത്രീയമായി തെളിയിച്ചു. ഋ=ാര2 എന്ന പ്രസിദ്ധമായ ഗണിത സമവാക്യം കൊണ്ട് ഇന്ന് നാം കാണുന്ന പ്രപഞ്ചം നേരത്തെ തന്നെ പല കണങ്ങളായി ഇവിടെ ഉണ്ടായിരുന്നുവെന്നും അതാണ് പരിണാമം സംഭവിച്ച് പലതായി തീര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കണ്ടെത്തി. ബൈബിളില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് നേര്‍വിപരീതമായ ഒരു സത്യമാണ് അദ്ദേഹം കണ്ടെത്തിയത്.
ഇന്ന് ഇസ്ലാം-ക്രിസ്ത്യന്‍ മതങ്ങളുടെ അവസ്ഥ അതിശയകരമാണ്. ഒരുവശത്ത് അവരുടെ മതഗ്രന്ഥത്തില്‍ അവര്‍ അവരെ ദൈവസൃഷ്ടികള്‍ എന്ന് വിളിക്കുമ്പോള്‍ സ്‌കൂളുകളില്‍ സയന്‍സ് വിഷയങ്ങളിലൂടെ പ്രകൃതിയില്‍ നിന്ന് വികസിച്ചുവന്നവരാണ് തങ്ങളെന്ന് പഠിക്കേണ്ടിയും വരുന്നു. മതഗ്രന്ഥങ്ങളില്‍ പറഞ്ഞതില്‍ നിന്നും വിരുദ്ധമായി മറ്റൊരു ശാസ്ത്രം പഠിക്കാന്‍ വിധിക്കപ്പെട്ടവരാണ് അവര്‍.
ഇനി നമുക്ക് ഭാരതീയ ആശയങ്ങളിലേക്ക് കടക്കാം. ഭഗവദ് ഗീതയിലെ രണ്ടാം അധ്യായത്തിലെ 28 -ാം ശ്ലോകം ( അവ്യക്താദീനി ഭൂതാനി…തത്ര കാ പരിദേവനാ) എടുത്തുനോക്കിയാല്‍ പാശ്ചാത്യ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച ശാസ്ത്രീയ സത്യങ്ങള്‍ മറ്റ് മതങ്ങള്‍ രൂപപ്പെടുന്നതിനും 5000 വര്‍ഷം മുമ്പ് ഭാരതത്തില്‍ ഋഷി പരമ്പരകളാല്‍ രൂപപ്പെട്ടതാണെന്ന് കാണാം. സംസ്‌കാരത്തിന്റെ അതിമഹത് ഗ്രന്ഥമെന്ന് പറയുന്ന ഭഗവദ്ഗീതയിലെ ഈ ശ്ലോകത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് പറയുന്നത് ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ രൂപം കൊള്ളും മുന്നേ ഇവിടെ സൂക്ഷ്മമായി നിലനിന്നിരുന്നുവെന്നാണ്. ആ സത്യം തന്നെയാണ് ഐന്‍സ്റ്റീനെ പോലുള്ള ശാസ്ത്രജ്ഞര്‍ അനവധി നിരവധി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത്.
ഇവിടെ ഉള്ളതെല്ലാം പരിണമിച്ച് വികസിച്ച് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോകുമ്പോള്‍,’ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല, ഒന്നും നശിപ്പിക്കപ്പെടുന്നില്ല’ എന്ന് സയന്‍സ് കണ്ടെത്തിയ യാഥാര്‍ത്ഥ്യം 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മനസ്സിലാക്കിയവരാണ് ഭാരതീയ ഋഷിമാര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും. അപ്പോള്‍ സ്വാഭാവികമായി ഒരു ചോദ്യം ഉയരാം. ഇവിടെയുണ്ടായിരുന്നതെല്ലാം നേരത്തെ ഉണ്ടായിരുന്നതാണ് എങ്കില്‍ എന്തെല്ലാമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ ചോദ്യം വളരെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ വിശദമായി ചിന്തിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത് നമുക്ക് അടുത്ത അദ്ധ്യായത്തില്‍ പരിശോധിക്കാം.


ജന്മഭൂമി: http://www.janmabhumidaily.com/news753543#ixzz51NPkuVio

No comments: