Monday, December 11, 2017

ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ എഴുമറ്റൂരില്‍ വിശ്രമിക്കുന്ന ഒരവസരത്തില്‍ നടന്ന വേദാന്തചര്‍ച്ചയിലെ ഒരു പ്രസക്തഭാഗം. (അവലംബം: സ്വാമികളുടെ ജീവചരിത്രം)
തീര്‍ത്ഥപാദസ്വാമികള്‍: ബ്രഹ്മസ്വരൂപമായ ജീവന്‍ അനാദിമായയില്‍ മയങ്ങി താന്‍ ദേഹമാണെന്നുള്ള അഭിമാനത്തോടുകൂടി ഇരിക്കുകയാണ്. ആ ദേഹാഭിമാനംനിമിത്തം, രാഗദ്വേഷമോഹാദി ദോഷങ്ങളും തജ്ജന്യങ്ങളായ ധര്‍മ്മാധര്‍മ്മാദിരൂപപ്രവൃത്തികളും ജീവനിലുണ്ടാകുന്നു. ആ പ്രവൃത്തികളുടെ ഫലമായി ഉത്തമമദ്ധ്യമാധമാദി ദേഹമെടുത്ത് ജീവന്‍ ജനിക്കുന്നു. ആ ജനനംനിമിത്തം ജീവന്, സുഖദുഃഖാദ്യനുഭവങ്ങളുണ്ടാകുന്നു. അജ്ഞാനംനിമിത്തം തന്റെ ബ്രഹ്മസ്വരൂപത്തെ അറിയാത്ത ജീവന്മാര്‍ പുറമേയുള്ള വിഷയങ്ങളില്‍ മാത്രം സക്തന്മാരായിട്ടാണു കാണപ്പെടുന്നത്. അതുകൊണ്ട്, സുഖത്തെ ജനിപ്പിക്കുന്ന വിഷയങ്ങള്‍ സമ്പാദിപ്പാന്‍മാത്രം ഓരോ കര്‍മ്മങ്ങള്‍ ചെയ്യുന്നു. ആ കര്‍മ്മങ്ങള്‍ക്ക് അനു കൂലങ്ങളായ ഫലങ്ങളും അനുഭവിക്കുന്നു. ഇങ്ങനെ, കര്‍മ്മചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ജീവന്മാര്‍, നദിയിലെ പുഴുക്കള്‍ ഒരു ചുഴിയില്‍നിന്നു മറ്റൊരു ചുഴിയില്‍പ്പെട്ടു കറങ്ങുന്നതുപോലെ, ഒരു ജന്മത്തില്‍നിന്നും മറ്റൊരു ജന്മമെടുത്ത് ജനനമരണാദ്യവസ്ഥകളില്‍ക്കൂടി ചുറ്റിത്തിരിഞ്ഞ് സുഖദുഃഖാദികള്‍ അനുഭവിക്കുന്നു.
നാരായണിയമ്മ: ഈ കര്‍മ്മചക്രഭ്രമത്തില്‍നിന്ന് ജീവന്മാര്‍ക്ക് എപ്പോഴാണു മോചനംലഭിക്കുക?
സ്വാമിജി: (പഞ്ചദശിയിലെ രണ്ടുശ്ലോകങ്ങള്‍ ഉദ്ധരിച്ചിട്ട്) നദിയിലുള്ള ചുഴികളില്‍ക്കൂടി കറങ്ങുന്ന പുഴുക്കളെ കൃപാലുവായ ഒരുവന്‍ എടുത്തു കരയ്ക്കിടുമ്പോള്‍ ആ പുഴുക്കള്‍ നദീതീരത്തിലുള്ള വൃക്ഷത്തണലില്‍കിടന്ന് സുഖമായി വിശ്രമിക്കും. അതുപോലെ, പൂര്‍വ്വജന്മങ്ങളില്‍, ചെയ്തിട്ടുള്ള പുണ്യകര്‍മ്മങ്ങളുടെ, പരിപാകതയില്‍ ജീവനെ, ബ്രഹ്മസാക്ഷാല്‍ക്കാരം സിദ്ധിച്ചിട്ടുള്ള ആചാര്യന്‍ വേദാന്തവാക്യോപദേശംകൊണ്ട്, ഈ സംസാരസാഗരത്തില്‍ നിന്ന് ഉദ്ധരിക്കും. അപ്പോള്‍ ആ ജീവന്‍ അവിദ്യയെയും അതില്‍നിന്നുണ്ടായ ജനനമരണരൂപമായ സംസാരത്തേയും തരണംചെയ്തു ബ്രഹ്മസ്വരൂപമായ തന്നില്‍തന്നെ നിത്യവിശ്രമരൂപമായ മോക്ഷസുഖം അനുഭവിക്കും. ദേഹവും, ഇന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും, ചിത്തവും, അഹങ്കാരവും, പ്രാണനും അവിദ്യയില്‍നിന്നും ഉണ്ടായവയാണ്. ബ്രഹ്മനിഷ്ഠനായ ഗുരുവില്‍നിന്ന് ''തത്ത്വമസ്യാദി മഹാവാക്യങ്ങള്‍ ശ്രവിച്ച്, പഞ്ചകോശങ്ങളുടെ വിവേകംകൊണ്ടും അവസ്ഥാത്രയപരിശോധനകൊണ്ടും, അന്വയവ്യതിരേകയുക്തികള്‍കൊണ്ടും, തത്ത്വനിര്‍ണ്ണയംവരുത്തിയാല്‍, ''സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മമാണ് താന്‍'' എന്നുള്ള അനുഭവം ആ ജീവനുണ്ടായി, മുക്തനായിത്തീരുന്നതാണ്.''

No comments: