Saturday, February 10, 2018

മുണ്ഡകോപനിഷത്ത്-17
ആത്മസാക്ഷാത്കാരം നേടുമ്പോഴുണ്ടാകുന്ന അവസ്ഥയെ പറയുന്നു-
യദാ പശ്യഃ പശ്യതേ രുക്മവര്‍ണ്ണം
കര്‍ത്താരമീശം പുരുഷം ബ്രഹ്മയോനിം
തദാ വിദ്വാന്‍ പുണ്യപാപേ വിധൂയ
നിരഞ്ജനഃ പരമം സാമ്യമുപൈതി
സുവര്‍ണ്ണം പോലെ സ്വയം ജ്യോതിസ്വരൂപനായും എല്ലാ ലോകത്തിന്റെ സ്രഷ്ടാവും നിയാമകനുമായും അപരബ്രഹ്മത്തിന്റെ ഉല്‍പ്പത്തിസ്ഥാനമായും ഈശതായും ഉള്ള പുരുഷനെ കാണുമ്പോള്‍ വിദ്വാന്‍ പുണ്യപാപങ്ങളെ വെടിഞ്ഞ് യാതൊരു മാലിന്യവുമില്ലാത്തവനായി പരമവും സാമ്യവുമായതിനെ പ്രാപിക്കുന്നു.
രുക്മവര്‍ണ്ണമെന്നാല്‍ സ്വയം ജ്യോതി സ്വഭാവമുള്ളവന്‍. അല്ലെങ്കില്‍ സ്വര്‍ണ്ണത്തിന്റെ തിളക്കം പോലെ നാശമില്ലാത്ത ജ്യോതിസ്സോടുകൂടിയവന്‍. കര്‍ത്താ, ഈശന്‍, ബ്രഹ്മയോനി എന്നിവ പുരുഷന്റെ വിശേഷണങ്ങളാണ്. ഇപ്രകാരമുള്ള പുരുഷനെ കാണുന്നയുടനെ ജ്ഞാനിയായിത്തീര്‍ന്ന് പുണ്യപാപങ്ങളെ വിട്ട് പരമമായ സാമ്യത്തെ നേടുന്നു. പുരുഷദര്‍ശനം കിട്ടുന്ന വിദ്വാന്റെ കര്‍മ്മങ്ങളെല്ലാം ചുവടോടെ ദഹിച്ചുപോകും. ക്ലേശങ്ങളെല്ലാം നീങ്ങി രണ്ടില്ലെന്ന രൂപത്തിലുള്ള നിരതിശയമായ സാമ്യത്തെ പ്രാപിക്കുന്നു. ദ്വൈതവിഷയങ്ങളായ സാമ്യങ്ങളെല്ലാം ഈ പരമമായ സാമ്യത്തെക്കാള്‍ താഴ്ന്നവയാണ്. അദ്വയമായ സാമ്യമാണ് ഏറ്റവും ഉയര്‍ന്നത്. പരമവും നിത്യവുമായ ഇതുതന്നെയാണ് അത്യന്ത്യസാമ്യമായത്. ഒരു സാധകന്‍ എത്തിച്ചേരേണ്ടത് ഇവിടെയാണ്.
ബ്രഹ്മജ്ഞാനിയെങ്ങനെയിരിക്കും-
പ്രാണോ ഹ്വേഷ സര്‍വ്വഭൂതൈര്‍ വിഭാതി
വിജാനന്‍ വിദ്വാന്‍ ഭവതോ നാദിവാദീ
ആത്മക്രീഡ ആത്മന്തിഃ ക്രിയാവാന്‍
ഏഷം ബ്രഹ്മവിദം വരിഷ്ഠഃ
എല്ലാം ഭൂതജാലങ്ങളിലും പലവിധത്തില്‍ വിളങ്ങും പ്രാണന്‍ ഈ പുരുഷന്‍ തന്നെയെന്ന് അറിയുന്ന വിവേകി അധികം വാദിക്കുന്നവനാകില്ല. ആത്മാവില്‍ തന്നെ ക്രീഡിക്കുന്നവരും ആത്മരതിയോടുകൂടിയവനുമാകും ജ്ഞാനം, ധ്യാനം, വൈരാഗ്യം തുടങ്ങിയ ക്രിയകളോടുകൂടിയിരിക്കുന്ന ഈ ജ്ഞാനി ബ്രഹ്മവിത്തുകളില്‍വച്ച് ഏറ്റവും ശ്രേഷ്ഠനാകുന്നു.
താനും ആത്മാവും ഒന്നാണെന്ന് സാക്ഷാത്കരിച്ചയാള്‍ ആത്മാവല്ലാതെ ഒന്നിനേയും കാണുന്നില്ല. എല്ലാം ആത്മസ്വരൂപമാണ്.തന്നില്‍നിന്ന് അന്യമായിട്ടുള്ളവരെ കാണാത്തതിനാല്‍ അയാള്‍ക്ക് വാദമോ അതിവാദമോ ചെയ്യേണ്ടതില്ല. മറ്റുള്ളവരെ നിഷേധിച്ച് വാദിക്കുന്നതാണ് അതിവാദം. അയാള്‍ ക്രീഡിക്കുന്നതും രമിക്കുന്നതും ആത്മാവില്‍ മാത്രമായിരിക്കും. ബാഹ്യസാധനയോട് കൂടിയ പ്രീതിക്രീഡയും ആന്തരസാധനയോടുകൂടിയ പ്രീതി രതിയുമാണ്. ക്രിയകളെല്ലാം ആത്മസംബന്ധമായിരിക്കും. ബാഹ്യവിഷയങ്ങളുമായി ബന്ധമുണ്ടാകില്ല. ആത്മജ്ഞാനം നേടിയ മഹാത്മാക്കള്‍ ലോകനന്മക്കായി നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതും ക്രിയാവാന്‍ എന്നിങ്ങനെ സൂചിപ്പിക്കുന്നു. ജ്ഞാനി ഒരിക്കലും അലസനല്ല. ഗുണങ്ങളെയൊക്കെ ഉള്ളതിനാല്‍ ജ്ഞാനിയെ ബ്രഹ്മവിത്തുകളില്‍ വച്ച് ഏറ്റവും കേമനായി കരുതുന്നു.
യഥാര്‍ത്ഥജ്ഞാനത്തിനുവേണ്ട സാധനകളെ പറയുന്നു-
സത്യേന ലഭ്യസ്തപസാ ഹേ്യഷ ആത്മാ
സമ്യക്ക് ജ്ഞാനേന ബ്രഹമചര്യേണ നിത്യാ
അന്തഃ ശരീരരേ ജ്യോതിര്‍മ്മയോഹിശുഭോ
യം പശ്യന്തി യതയഃ ക്ഷീണദോഷാഃ
ഈ ആത്മാവ് നിത്യമായ സത്യംകൊണ്ടും തപസ്സുകൊണ്ടും വേണ്ടപോലെ ജ്ഞാനംകൊണ്ടും ബ്രഹ്മചര്യംകൊണ്ടും ലഭിക്കുന്നു. ജ്യോതിര്‍മയനും ശുദ്ധനുമായ ആത്മാവ് ശരീരത്തിന്റെ മധ്യത്തിലിരിക്കുന്നു. അവിദ്യ മുതലായ ദോഷങ്ങള്‍ നീങ്ങിയ യതികള്‍ ആത്മാവിനെ ദര്‍ശിക്കുന്നു.
ആത്മദര്‍ശനം നേടാന്‍ ഏറ്റവും ആദ്യം വേണ്ടത് സത്യം ആണ്. കള്ളം പറയാതിരിക്കലാണ് ഇത്. രണ്ടാമത് ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും ഏകാഗ്രതയാകുന്ന തപസ്സ് വേണം. ആത്മദര്‍ശന അഭിമുഖനാകണം. അതാണ് ശ്രേഷ്ഠതപസ്സ്. മൂന്നാമത് പരമാര്‍ത്ഥ ജ്ഞാനവും നാലാമത് ബ്രഹ്മചര്യവും വേണം. ഇവിടെ ബ്രഹ്മചര്യം എന്നത് മൈഥുനം ചെയ്യാതിരിക്കലാണ്. 'നിത്യം' എന്ന വാക്ക് എല്ലായിടത്തും ചേര്‍ത്ത് ഉപയോഗിക്കേണ്ടതാണ്. മുടങ്ങാതെ നിത്യേനെയുള്ള സത്യം, ജ്ഞാനം, തപസ്സ് എന്നിങ്ങനെ. ഈ സാധനങ്ങളെക്കൊണ്ട് കിട്ടുന്ന ആത്മാവ് ജ്യോതിര്‍മയനും ശുദ്ധനും ഹൃദയമാകുന്ന ശരീരമധ്യത്തില്‍ കുടികൊള്ളുന്നതാണ്. ചിത്തമാലിന്യങ്ങള്‍ ക്ഷയിച്ച പ്രയത്‌നശീലരായ സന്ന്യാസിമാര്‍ നിത്യേനെയുള്ള സാധനയോടെ ആത്മാവിനെ കാണുന്നു. സാധന വല്ലപ്പോഴും ഉണ്ടായാല്‍ പോരാ. നിരന്തരം തന്നെ വേണം.
ഒന്നുകൂടി സാധനകളെ വിവരിക്കുകയാണെങ്കില്‍ സത്യം എന്നത് മനസ്സിലും വാക്കിലും പ്രവൃത്തിയിലും ഒന്നുതന്നെയായിരിക്കലാണ്. മനസ്സ് ആധ്യാത്മിക വിഷയങ്ങളില്‍ ഏകാഗ്രമാക്കലാണ് തപസ്സ്. ലോകം വാസ്തവമല്ല എന്നും ഈശ്വരന്‍ മാത്രമാണ് സത്യമായത് എന്ന അറിവ് നേടലാണ് സമ്യക് ജ്ഞാനം. മനോനിയന്ത്രണത്തോടെ വീര്യസംരക്ഷണം ചെയ്യുന്നത് ബ്രഹ്മചര്യം. ഈ നാലു സാധനകളും വേണ്ടപോലെ കണിശതയോടെ ചെയ്യുന്നവര്‍ക്കേആത്മദര്‍ശനം ഉണ്ടാകൂ.
(തുടരും)
(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)

No comments: